യുഎസ് ഓപ്പൺ വനിതാ സിംഗിൾസ് കിരീടവുമായി എലീന റിബാകിന.
ന്യൂയോർക്ക്: യുഎസ് ഓപ്പൺ വനിതാ സിംഗിൾസ് കിരീടം എലീന റിബാകിനയ്ക്ക്. ആവേശകരമായ ഫൈനൽ പോരാട്ടത്തിൽ നിലവിലെ ചാമ്പ്യനും ലോക ഒന്നാം നമ്പർ താരവുമായ ബെലാറസിന്റെ അരീന സബാലങ്കയെ കീഴടക്കിയാണ് കസാഖ് താരം കിരീടത്തിൽ മുത്തമിട്ടത്. റിബാകിനയുടെ കരിയറിലെ ആദ്യ യുഎസ് ഓപ്പൺ കിരീടമാണിത്. ആർതർ ആഷെ സ്റ്റേഡിയത്തിൽ നടന്ന കലാശപ്പോരിൽ കസാഖ് താരം 6-4, 5-7, 6-2 എന്ന സ്കോറിനാണ് സബലങ്കയെ പരാജയപ്പെടുത്തിയത്.
ഈ വിജയത്തോടെ സബലങ്കയെ മറികടന്ന് താരം വനിതാ സിംഗിൾസ് റാങ്കിംഗിൽ ലോക ഒന്നാം നമ്പർ സ്ഥാനത്തേക്കും ഉയർന്നു. കരിയറിലെ മൂന്നാമത്തെ ഗ്രാൻഡ് സ്ലാം കിരീടം കൂടിയാണ് റിബാകിന സ്വന്തമാക്കിയത്.ആദ്യ സെറ്റിൽ തുടക്കം മുതൽ ആധിപത്യം പുലർത്തിയ റിബാകിന 6-4ന് സെറ്റ് സ്വന്തമാക്കി. എന്നാൽ രണ്ടാം സെറ്റിൽ ശക്തമായി തിരിച്ചെത്തിയ സബലങ്ക 7-5ന് സെറ്റ് പിടിച്ചെടുത്തതോടെ മത്സരം നിർണായകമായ മൂന്നാം സെറ്റിലേക്ക് നീണ്ടു.
മൂന്നാം സെറ്റിൽ തന്റെ ഏറ്റവും മികച്ച ഫോമിലേക്ക് തിരിച്ചെത്തിയ റിബാകിന സബലങ്കയ്ക്ക് തിരിച്ചുവരവിന് അവസരം നൽകാതെ മുന്നേറി. ശക്തമായ സർവീസുകളും കൃത്യതയാർന്ന ഗ്രൗണ്ട് സ്ട്രോക്കുകളുമായി കളം നിറഞ്ഞ താരം 6-2ന് സെറ്റും മത്സരവും കിരീടവും സ്വന്തമാക്കി. കഴിഞ്ഞ വർഷത്തെ യുഎസ് ഓപ്പൺ ജേതാവായ സബലങ്കയുടെ തുടർച്ചയായ മൂന്നാം കിരീടമെന്ന ചരിത്രനേട്ടത്തിനാണ് റിബാകിനയുടെ വിജയം തടയിട്ടത്.
ഈ വർഷം ജനുവരിയിൽ നടന്ന ഓസ്ട്രേലിയൻ ഓപ്പണിന് ശേഷം റിബാകിന നേടുന്ന രണ്ടാമത്തെ ഗ്രാൻഡ്സ്ലാം കിരീടമാണിത്. കിരീടനേട്ടത്തോടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുകയായ 5.5 മില്യൺ യുഎസ് ഡോളറാണ് (ഏകദേശം 46 കോടിയിലധികം ഇന്ത്യൻ രൂപ) റിബാകിനയ്ക്ക് സമ്മാനമായി ലഭിക്കുന്നത്. ഈ കിരീടത്തോടെ ഹാർഡ് കോർട്ടിലെ ഏറ്റവും മികച്ച താരമെന്ന പദവിയും റിബാകിന ഉറപ്പിച്ചു.
Tags : Elena Rybakina US Open Aryna Sabalenka Tennis Grand Slam Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash