മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് പുരുഷ സിംഗിള്‍സില്‍ സെര്‍ബിയന്‍ ഇതിഹാസം നൊവാക് ജോക്കോവിച്ച് സെമി ഫൈനലില്‍. ക്വാര്‍ട്ടറില്‍ ജോക്കോയുടെ എതിരാളിയായ ഇറ്റാലിയന്‍ താരം ലോറെന്‍സോ മുസെറ്റി പരിക്കേറ്റു പുറത്തായി.
6-4, 6-3, 1-3 എന്ന നിലയില്‍ മുന്നിട്ടുനില്‍ക്കുമ്പോഴായിരുന്നു മുസെറ്റി പരിക്കേറ്റ് കോര്‍ട്ട് വിട്ടതും ജോക്കോവിച്ചിനെ സെമിയിലേക്കു ഭാഗ്യം കടാക്ഷിച്ചതും.
സിന്നര്‍ x ജോക്കോ
പുരുഷ സെമിയില്‍ ലോക രണ്ടാം നമ്പറായ ഇറ്റലിയുടെ യാനിക് സിന്നറാണ് നാലാം സീഡായ ജോക്കോവിച്ചിന്റെ എതിരാളി. അമേരിക്കയുടെ എട്ടാം സീഡായ ബെന്‍ ഷെല്ട്ടണിനെ നേരിട്ടുള്ള സെറ്റുകള്‍ക്കു കീഴടക്കിയാണ് സിന്നര്‍ സെമിയില്‍ പ്രവേശിച്ചത്.
സ്കോര്‍: 6-3, 6-4, 6-4. ഹാര്‍ഡ് കോര്‍ട്ട് ഗ്രാന്‍സ് ലാം മത്സരങ്ങളില്‍ സിന്നറിന്റെ 50-ാം ജയമാണ്. ഇവാന് ലെന്‍ഡല്‍, റോജര്‍ ഫെഡറര്‍, നൊവാക് ജോക്കോവിച്ച്, റാഫേല്‍ നദാല്‍ എന്നിവര്‍ക്കുശേഷം തുടര്‍ച്ചയായ ആറ് ഗ്രാന്‍സ് ലാം ഇവന്റുകളില്‍ സെമിയിലെത്തുന്ന പുരുഷ താരമെന്ന നേട്ടവും സിന്നര്‍ സ്വന്തമാക്കി.
ഇഗ ഔട്ട്
വനിതാ സിംഗിള്‍സില്‍ ലോക രണ്ടാം നമ്പറായ പോളണ്ടിന്റെ ഇഗ ഷ്യാങ്ടെക് ക്വാര്‍ട്ടറില്‍ പുറത്ത്. കസാക്കിസ്ഥാന്റെ എലെന റെബാകിനയാണ് ഇഗയെ അട്ടിമറിച്ചത്.
7-5, 6-1 എന്ന സ്കോറിന് എലെനയ്ക്കു മുന്നില്‍ ഇഗ ഷ്യാങ്ടെക് അടിയറവുപറഞ്ഞു. അമേരിക്കന്‍ താരങ്ങളുടെ പോരാട്ടത്തില്‍ നാലാം സീഡായ അമാന്‍ഡ അനിസിമോവയെ വീഴ്ത്തിയ ആറാം സീഡായ ജെസിക്ക പെഗുലയാണ് സെമിയില്‍ റെബാകിനയുടെ എതിരാളി.
103
ഓസ്ട്രേലിയന്‍ ഓപ്പണില്‍ ഏറ്റവും കൂടുതല്‍ ജയമെന്ന റിക്കാര്‍ഡ് നൊവാക് ജോക്കോവിച്ച് സ്വന്തമാക്കി, 103. റോജര്‍ ഫെഡററിന്റെ പേരിലെ 102 ജയമെന്ന റിക്കാര്‍ഡ് ജോക്കോവിച്ച് മറികടന്നു.ഓസ്ട്രേലിയന്‍ ഓപ്പണ്‍ സെമിയില്‍ പ്രവേശിക്കുന്ന ഏറ്റവും പ്രായമുള്ള രണ്ടാമന് എന്ന നേട്ടവും 38 വര്‍ഷവും 241 ദിനവുമുള്ള ജോക്കോവിച്ച് സ്വന്തമാക്കി.