National
ന്യൂഡൽഹി: ആന്ധ്രാപ്രദേശിന്റെ സ്ഥിരം തലസ്ഥാനമായി അമരാവതിയെ പ്രഖ്യാപിക്കുന്നതിനുള്ള സുപ്രധാന ബില്ല് ലോക്സഭ പാസാക്കി. കോൺഗ്രസ്, ബിജെപി, ടിഡിപി എന്നീ പാർട്ടികളുടെ പിന്തുണയോടെ ശബ്ദവോട്ടോടെയാണ് 2026-ലെ ആന്ധ്രാപ്രദേശ് പുനഃസംഘടന (ഭേദഗതി) ബില്ല് സഭ അംഗീകരിച്ചത്. അമരാവതിയെ തലസ്ഥാനമാക്കണമെന്ന് ആവശ്യപ്പെട്ട് മാർച്ച് 28-ന് ആന്ധ്ര നിയമസഭ പ്രമേയം പാസാക്കിയതിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ ഈ അതിവേഗ നടപടി.
ചർച്ചയിൽ പങ്കെടുത്ത കോൺഗ്രസ് അംഗം മാണിക്കം ടാഗോർ ബില്ലിനെ സ്വാഗതം ചെയ്തു. ബാംഗ്ലൂർ, ചെന്നൈ, ഹൈദരാബാദ് എന്നിവയെപ്പോലെ അമരാവതിയും ഒരു മെട്രോ സിറ്റിയായി വികസിക്കട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. ടിഡിപി അംഗവും കേന്ദ്രമന്ത്രിയുമായ ചന്ദ്രശേഖർ പെമ്മസാനിയും ബില്ലിന് പിന്തുണ തേടി.
അതേസമയം, പ്രധാന പ്രതിപക്ഷമായ വൈഎസ്ആർ കോൺഗ്രസ് ബില്ലിനെ ശക്തമായി എതിർത്തു. തലസ്ഥാന നിർമാണത്തിനായി ഭൂമി വിട്ടുനൽകിയ കർഷകർക്ക് അർഹമായ നഷ്ടപരിഹാരമോ പ്ലോട്ടുകളോ നൽകുന്നതിനെക്കുറിച്ച് ബില്ലിൽ വ്യക്തതയില്ലെന്ന് പി.വി. മിഥുൻ റെഡ്ഡി കുറ്റപ്പെടുത്തി. കർഷകരുടെ താത്പര്യങ്ങൾ സംരക്ഷിക്കാത്ത ബില്ല് പാസാക്കുന്നതിൽ അർത്ഥമില്ലെന്നും അദ്ദേഹം പറഞ്ഞു.
മുൻപ് അധികാരത്തിലിരുന്ന വൈഎസ്ആർ സർക്കാർ മുന്നോട്ടുവെച്ച 'മൂന്ന് തലസ്ഥാനങ്ങൾ' (വിശാഖപട്ടണം - ഭരണനിർവഹണം, കർണൂൽ - ജുഡീഷ്യൽ, അമരാവതി - നിയമനിർമാണം) എന്ന പദ്ധതി ഇതോടെ പൂർണമായും തള്ളപ്പെട്ടു. അമരാവതി തന്നെ ഏക തലസ്ഥാനമായി തുടരണമെന്ന ടിഡിപിയുടെ നിലപാടിനാണ് കേന്ദ്ര അംഗീകാരം ലഭിച്ചത്.
National
ന്യൂഡൽഹി: മത-സാമുദായിക സംഘടനകളുടെയും പ്രതിപക്ഷ കക്ഷികളുടെയും കടുത്ത എതിർപ്പിനിടയിലും വിദേശ സംഭാവന (നിയന്ത്രണ) നിയമത്തിൽ ഭേദഗതി വരുത്തുന്ന ബിൽ ബുധനാഴ്ച പാസാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. ഇതിനോടകം ലോക്സഭയിൽ അവതരിപ്പിക്കപ്പെട്ടിട്ടുള്ള ബിൽ നാളത്തെ റിവേഴ്സ്ഡ് ലിസ്റ്റ് ഓഫ് ബിസിനസിൽ ഉൾപ്പെടുത്തിയതോടെയാണ് വിവാദ ബിൽ ലോക്സഭ പാസാക്കുമെന്ന ആശങ്ക ശക്തമായത്.
വിദേശത്തുനിന്നുള്ള സഹായങ്ങൾ പൂർണമായി നിർത്തലാക്കാനോ മതന്യൂനപക്ഷങ്ങളുടെ സർക്കാർ ഇതര സംഘടനകളെ കേന്ദ്ര സർക്കാരിന്റെ വരുതിയിലാക്കാനോ ലക്ഷ്യമിട്ടുള്ളതാണ് ബില്ലിലെ വ്യവസ്ഥകളെന്ന് പ്രതിപക്ഷ കക്ഷികളടക്കം ചൂണ്ടിക്കാട്ടുന്നതിനിടെയാണ് ബിൽ ലോക്സഭയിൽ പാസാക്കാൻ എൻഡിഎ ശ്രമിക്കുന്നത്.
അതിനിടെ ബില്ലിനെതിരെ പാർലമെന്റിനകത്തും പുറത്തും ബില്ലിനെതിരെ ബുധനാഴ്ച പ്രതിഷേധിക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അറിയിച്ചിട്ടുണ്ട്. കേരളത്തിൽ നിയമസഭാ തെരഞ്ഞെുപ്പ് നടക്കുന്നതിനാൽ പല എംപിമാരും നാട്ടിലാണെങ്കിലും പ്രതിഷേധമറിയിക്കാൻ മാത്രം ഇവരിൽ പലരും ഡൽഹിയിലേയ്ക്ക് തിരിച്ചെത്തുമെന്നാണ് സൂചന.
National
ന്യൂഡൽഹി: ലോക്സഭാ സ്പീക്കർക്കെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിന്മേലുള്ള ചർച്ചയ്ക്ക് സ്പീക്കർ ഓം ബിർള മറുപടി നൽകി. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ മൂന്നാം തവണയാണ് ഒരു സ്പീക്കർക്കെതിരെയുള്ള പ്രമേയം സഭയിൽ ചർച്ച ചെയ്യപ്പെടുന്നത്. രണ്ട് ദിവസങ്ങളിലായി 12 മണിക്കൂറിലധികം നീണ്ട ചർച്ചകൾക്കൊടുവിലാണ് സ്പീക്കർ തന്റെ നിലപാട് വ്യക്തമാക്കിയത്.
പ്രതിപക്ഷ നേതാവിനോ മന്ത്രിമാർക്കോ സഭാ നിയമങ്ങൾക്ക് അതീതമായി പ്രവർത്തിക്കാൻ പ്രത്യേക അവകാശമില്ലെന്ന് സ്പീക്കർ വ്യക്തമാക്കി. സഭയിലെ ഓരോ അംഗവും ചട്ടങ്ങൾക്കും നടപടിക്രമങ്ങൾക്കും വിധേയമായി മാത്രമേ സംസാരിക്കാവൂ എന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. സഭയിൽ പ്രതിപക്ഷത്തിന്റെ മൈക്ക് ഓഫാക്കുന്നു എന്ന ആരോപണത്തെ അദ്ദേഹം പൂർണമായും തള്ളിക്കളഞ്ഞു. സ്പീക്കറുടെ ഇരിപ്പിടത്തിൽ മൈക്ക് ഓഫ് ചെയ്യാനോ ഓൺ ചെയ്യാനോ ഉള്ള സ്വിച്ചുകൾ ഇല്ലെന്നും, ആർക്കാണോ സംസാരിക്കാൻ അനുമതി നൽകുന്നത് അവരുടെ മൈക്ക് തനിയെ പ്രവർത്തനസജ്ജമാകുന്നതാണ് സഭയിലെ രീതിയെന്നും അദ്ദേഹം വിശദീകരിച്ചു.
സഭയുടെ മധ്യഭാഗത്തേക്ക് ഇറങ്ങുന്നതും, പ്ലക്കാർഡുകൾ ഉയർത്തുന്നതും, പേപ്പറുകൾ കീറിയെറിയുന്നതും സഭാ മര്യാദകൾക്ക് വിരുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. സഭയുടെ അന്തസ് കാത്തുസൂക്ഷിക്കാൻ അംഗങ്ങൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കേണ്ടി വരുന്നത് മാനസികമായി പ്രയാസമുണ്ടാക്കുന്ന കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സഭയിലെ വനിതാ അംഗങ്ങൾക്ക് സംസാരിക്കാൻ താൻ എപ്പോഴും മുൻഗണന നൽകാറുണ്ടെന്നും തന്റെ കാലയളവിലാണ് ഏറ്റവും കൂടുതൽ വനിതാ അംഗങ്ങൾ സഭയിൽ സംസാരിച്ചതെന്നും അദ്ദേഹം അവകാശപ്പെട്ടു. താൻ സ്പീക്കർ പദവിയിൽ ഇരിക്കുന്നത് വ്യക്തിപരമായ താത്പര്യങ്ങൾക്കല്ല, മറിച്ച് 140 കോടി ജനങ്ങളുടെ പ്രതീക്ഷകൾക്കനുസരിച്ച് ഭരണഘടനാപരമായ മൂല്യങ്ങൾ സംരക്ഷിക്കാനാണെന്നും അദ്ദേഹം മറുപടി പ്രസംഗത്തിൽ പറഞ്ഞു.
National
ന്യൂഡൽഹി: പാർലമെന്റ് ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടത്തിന് ഇന്ന് തുടക്കമായി. അന്തരിച്ച മുൻ അംഗങ്ങൾക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ടാണ് ലോക്സഭ നടപടികൾ ആരംഭിച്ചത്. അന്തരിച്ച എംപിമാരോടുള്ള ആദരസൂചകമായി ലോക്സഭ താത്കാലികമായി നിർത്തിവെച്ചു. ഉച്ചയ്ക്ക് 12 മണിയോടെ സഭ വീണ്ടും സമ്മേളിക്കും.
മേഘാലയയിൽ നിന്നുള്ള സിറ്റിംഗ് എംപി റിക്കി ആൻഡ്രൂ ജെ. സിംഗ്കോൺ, മുൻ എംപിമാരായ കെ.പി. ഉണ്ണികൃഷ്ണൻ, കുമാരി സുശീല തിരിയ, ദേവി ബക്സ് സിംഗ്, പൂർണ്ണമാസി റാം എന്നിവരുടെ നിര്യാണത്തിൽ സഭ അനുശോചനം രേഖപ്പെടുത്തി.
പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തെക്കുറിച്ച് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ ഇന്ന് രാ ജ്യസഭയിൽ പ്രത്യേക പ്രസ്താവന നടത്തും. ഇറാൻ-അമേരിക്ക-ഇസ്രയേൽ സംഘർഷം ഇന്ത്യൻ പ്രവാസികളെയും എണ്ണവിലയെയും എങ്ങനെ ബാധിക്കുമെന്ന കാര്യത്തിൽ മന്ത്രി വിശദീകരണം നൽകും. സ്പീക്കർ ഓം ബിർളയ്ക്കെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം ഇന്ന് ലോക്സഭയുടെ പരിഗണനയ്ക്ക് വന്നേക്കും. 118 എംപിമാരാണ് അവിശ്വാസ പ്രമേയത്തിൽ ഒപ്പിട്ടിരിക്കുന്നത്.
National
ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ കേസിൽ ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി കോടതിയിൽ ഹാജരായി. സുൽത്താൻപുർ കോടതിയിലാണ് ഹാജരായത്. 2018 ഒക്ടോബറിലാണ് ബിജെപി പ്രവർത്തകനായ വിജയ് മിശ്ര രാഹുൽ ഗാന്ധിക്കെതിരെ മാനനഷ്ട കേസ് ഫയൽ ചെയ്തത്.
കർണാടകയിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രാഹുൽ ഗാന്ധി അന്നത്തെ ബിജെപി അധ്യക്ഷന്‍ അമിത് ഷായ്ക്കെതിരെ നടത്തിയ കൊലയാളി പരാമര്‍ശത്തിലാണ് കേസ് കൊടുത്തത്. സമാന പരാമര്‍ശത്തില്‍ രാജ്യത്തെ വിവിധ കോടതികളില്‍ രാഹുല്‍ ഗാന്ധിക്കെതിരെ കേസ് ഫയല്‍ ചെയ്തിരുന്നു.
കേസിൽ 2024 ഫെബ്രുവരിയിൽ രാഹുലിന് സുല്‍ത്താന്‍പുര്‍ കോടതി ജാമ്യം അനുവദിച്ചിരുന്നു. വിചാരണ നടക്കുന്ന കേസിൽ മൊഴി രേഖപ്പെടുത്താൻ രാഹുൽ ഗാന്ധിയോട് നേരിട്ട് ഹാജരാകാൻ കോടതി നിർദേശിച്ചതിനെ തുടർന്നാണ് അദ്ദേഹം ഹാജരായത്.
National
ന്യൂഡൽഹി: ലോക്സഭയ്ക്ക് മുന്നില്‍ പ്രതിഷേധിച്ച് സസ്പെന്‍ഷനിലായ എംപിമാര്‍. സഭ ചേരുന്നതിന് മുന്‍പാണ് കഴിഞ്ഞ ദിവസം സസ്പെന്‍ഷനിലായ ഹൈബി ഈഡനും ഡീന്‍ കുര്യാക്കോസുമുള്‍പ്പെടെ എട്ട് എംപിമാര്‍ പ്രതിഷേധിച്ചത്.
ഹൈബി ഈഡൻ, ഡീൻ കുര്യാക്കോസ്, മണിക്കം ടാഗോർ, അമരീന്ദർ സിംഗ് രാജ വാറിംഗ്, ഗുർജത് ഔജ്ല, പ്രശാന്ത് പടോളെ, കിരൺ കുമാർ റെഡ്ഢി എന്നിവരെയും സിപിഎം എംപിയായ സു വെങ്കിടേഷിനെയുമാണ് സസ്പെൻഡ് ചെയ്തത്.
സഭാ നടപടികൾ തടസപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് സ്പീക്കർ നടപടി സ്വീകരിച്ചത്.
National
ന്യൂഡൽഹി: ലോക്സഭയിൽ പ്രതിഷേധിച്ചതിനാണ് തങ്ങളെ സസ്പെൻഡ് ചെയ്തതെന്ന് മാണിക്കം ടാഗോർ എംപി. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ സർക്കാർ സംസാരിക്കാൻ അനുവദിക്കാത്തതിനാലാണ് തങ്ങൾ പ്രതിഷേധിച്ചതെന്നും അദ്ദേഹം പറഞ്ഞു.
'സസ്പെൻഡ് ചെയ്ത നടപടി ജനാധിപത്യ വിരുദ്ധമാണ്. പ്രതിഷേധിക്കാനുള്ള അവകാശം ഞങ്ങൾക്കുണ്ട്. സർക്കാരിനെതിരെ ഗൗരവമുള്ള വിഷയങ്ങളാണ് രാഹുൽ ഉന്നയിക്കാൻ ഇരുന്നത്. അത് പറയാൻ പോലും അനുവദിക്കാത്തത് മര്യാദയല്ല.'-മാണിക്കെ ടാഗോർ കുറ്റപ്പെടുത്തി.
'കഴിഞ്ഞ ദിവസവും രാഹുലിനെ സംസാരിക്കാൻ അനുവദിച്ചില്ല. അതീവ ഗുരുതരമായ കാര്യം പറയാൻ കേന്ദ്രമന്ത്രിമാർ സമ്മതിച്ചില്ല. ചൈനീസ് കടന്നുകയറ്റത്തെക്കുറിച്ചുള്ള കരസേന മുൻ മേധാവിയുടെ ഓർമക്കുറിപ്പാണ് രാഹുൽ പറയാൻ തുടങ്ങിയത്. എന്നാൽ അവർ അത് തടഞ്ഞു.'-മാണിക്കം ടാഗോർ പറഞ്ഞു.
സസ്പെൻഷൻ കൊണ്ടൊന്നും ഞങ്ങളെ തളർത്താനാവില്ല. സർക്കാരിനെതിരെയുള്ള പ്രതിഷേധം തുടരും. രാഹുലിന് പറയാനുള്ളത് കേൾക്കാൻ രാജ്യത്തെ ജനങ്ങൾ കാത്തിരിക്കുകയാണെന്നും മാണിക്കം പറഞ്ഞു.
ലോക്സഭയിലെ ബഹളത്തിനിടെ സെക്രട്ടറി ജനറലിന്റെ മേശപ്പുറത്ത് കയറിയതിനും കടലാസുകൾ കീറിയെറിഞ്ഞതിനുമാണ് മാണിക്കം ടാഗോർ ഉൾപ്പെടെയുള്ള എട്ട് എംപിമാരെ സസ്പെൻഡ് ചെയ്തത്. ഈ സമ്മേളന കാലയളവിലേക്കാണ് സസ്പെൻഷൻ.
ഹൈബി ഈഡൻ, ഡീൻ കുര്യാക്കോസ്, അമരീന്ദർ സിംഗ്, രാജാ വാറിംഗ്, ഗുർജീത് സിംഗ് ഔജില, പ്രശാന്ത് യഡാറാവു പഡോലേ, കിരൺ കുമാർ റെഡ്ഡി, വെങ്കട്ട് രാമൻ തുടങ്ങിയവരാണ് നടപടി നേരിട്ട മറ്റു എംപിമാർ.
National
ഭോപ്പാൽ: മധ്യപ്രദേശിലെ ഇൻഡോറിലെത്തി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ജലമലിനീകരണത്തെ തുടർന്ന് ദുരിതമനുഭവിക്കുന്ന രോഗികളെയും അവരുടെ ബന്ധുകളെയും രാഹുൽ സന്ദർശിച്ചു.
ഇൻഡോറിലെ ബോംബെ ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയുന്ന നാല് രോഗികളെ രാഹുൽ കണ്ടു. തുടർന്ന് അവരുടെ ബന്ധുകളെയും കണ്ടതിന് ശേഷമാണ് മടങ്ങിയത്. മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ ജിതു പട്വാരിയും പാർട്ടി നേതാവ് ഉമംഗ് സിംഘറും രാഹുലിനൊപ്പമുണ്ടായിരുന്നു.
കഴിഞ്ഞ മാസം രോഗം റിപ്പോർട്ട് ചെയ്ത ഭാഗീരത്പുര എന്ന സ്ഥലവും രാഹുൽ സന്ദർശിച്ചു. മരിച്ചവരുടെ കുടുംബങ്ങളെ കാണുകയും അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു. രാഹുലിന്റെ സന്ദർശനത്തിനൊടനുബന്ധിച്ച് പ്രദേശത്ത് പോലീസ് വലിയ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നു
National
ന്യൂഡൽഹി: പാർലമെന്റിന്റെ ശീതകാല സമ്മേളനം അവസാനിച്ചു. ലോക്സഭ അനിശ്ചിതമായി പിരിഞ്ഞതായി സ്പീക്കർ ഓം ബിർള പ്രഖ്യാപിച്ചു. സമ്മേളനം ഈമാസം ഒന്നിനാണ് ആരംഭിച്ചത്.
സ്പീക്കറുടെ അധ്യക്ഷതയിൽ പാർലമെന്റ് ഹൗസിലെ ചേംബറിൽ രാഷ്ട്രീയ പാർട്ടികളുടെ നേതാക്കളും പാർലമെന്റ് അംഗങ്ങളും കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് എന്നിവരും പ്രതിപക്ഷ നേതാക്കളും പങ്കെടുത്തു.
19 ദിവസങ്ങൾ നീണ്ട ശീതകാല സമ്മേളനത്തിനിടയിൽ നിരവധി ബില്ലുകൾ പാസാക്കിയെന്ന് സ്പീക്കർ പറഞ്ഞു. വളരെ ബന്ധപ്പെട്ട ബില്ലായ വികസിത് ഭാരത് – റോസ്ഗാർ ആൻഡ് അജീവിക മിഷൻ (ഗ്രാമീൺ) എന്ന വിബി – ജി റാം ജി പദ്ധതി വ്യാഴാഴ്ച ലോക്സഭയിൽ പാസാക്കിയിരുന്നു. കൂടാതെ, ആണവോർജത്തിന്റെ സുസ്ഥിര ഉപയോഗവും വികസനവും സംബന്ധിച്ച ബില്ലും ലോക്സഭയിൽ പാസാക്കി.
National
ന്യൂഡൽഹി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് പകരമായി കേന്ദ്ര സർക്കാർ കൊണ്ടുവരുന്ന വികസിത് ഭാരത് റോസ്ഗാർ ആൻഡ് അജീവിക മിഷൻ ബിൽ പാസാക്കി ലോക്സഭ. പ്രതിപക്ഷത്തിന്റെ ശക്തമായ എതിര്‍പ്പ് മറികടന്ന് ശബ്ദ വോട്ടോടെയാണ് ബിൽ പാസാക്കിയത്.
മഹാത്മാഗാന്ധിയുടെ പേര് മാറ്റുകയല്ല ചെയ്തതെന്നും പുതിയ പദ്ധതിയാണെന്നും ബിൽ അവതരിപ്പിച്ചുകൊണ്ട് ഗ്രാമ വികസന മന്ത്രി ശിവരാജ്സിംഗ് ചൗഹാൻ സഭയില്‍ പറഞ്ഞു. ബിൽ പാസാക്കിയതിന് പിന്നാലെ പ്രതിഷേധ സൂചകമായി പ്രതിപക്ഷം സഭയിൽ ബില്ലിന്റെ കോപ്പി കീറിയെറിഞ്ഞു. പിന്നാലെ ബഹളത്തിന് കീഴടങ്ങില്ലെന്ന് ശിവരാജ്സിംഗ് ചൗഹാൻ വ്യക്തമാക്കി.
പദ്ധതിയിൽ നിന്നും മഹാത്മാഗാന്ധിയുടെ പേര് ഒഴിവാക്കിയതിൽ പ്രതിപക്ഷം സഭയിൽ ഗാന്ധി ചിത്രങ്ങൾ ഉയർത്തി പ്രതിഷേധിച്ചിരുന്നു.
കഴിഞ്ഞ ദിവസമാണ് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ (എംജിഎന്‍ആര്‍ഇജിഎ) പേരും ഘടനയും മാറ്റാനുള്ള ബില്‍ കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ചത്.
National
ന്യൂഡൽഹി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് പകരമായി കേന്ദ്ര സർക്കാർ കൊണ്ടുവരുന്ന വികസിത് ഭാരത് റോസ്ഗാർ ആൻഡ് അജീവിക മിഷൻ ബില്ല് ലോക്സഭയിൽ പരിഗണിക്കുന്നു.
രാത്രി 10 മണിവരെ ബില്ലിൽ ചർച്ച നടത്തും. വികസിത ഭാരതത്തിനുള്ള ബില്ലെന്നാണ് സർക്കാർ ചൂണ്ടിക്കാണിക്കുന്നത്. ഗ്രാമവികസനം രാമന്റെ ആഗ്രഹമമെന്നും ബിജെപി പറഞ്ഞു. അതേ സമയം കേന്ദ്രം തൊഴിലാളി വിരുദ്ധരെന്നാണ് പ്രതിപക്ഷത്തിന്റെ വിമർശനം.
ബില്ലിൽ എതിർപ്പുമായി തൃണമൂലും എസ്പിയും ഡിഎംകെയും രംഗത്തെത്തി. അധികാര കേന്ദ്രീകരണ ബില്ലെന്നാണ് പാർട്ടികളുടെ വിമർശനം. അതേസമയം കഴിഞ്ഞ ദിവസം ബില്ലിനെതിരെ കോൺഗ്രസിന്റെ നേതൃത്വത്തിൽ പാർലിമെന്റിന് പുറത്ത് പ്രതിഷേധം നടന്നിരുന്നു.
Kerala
ന്യൂഡൽഹി: കന്യാസ്ത്രീകളുടെ അറസ്റ്റ് ലോക്സഭയിലെ ശൂന്യവേളയില്‍ ഉന്നയിച്ച് കോണ്‍ഗ്രസ് എംപിമാര്‍. കന്യാസ്ത്രീകളുടെ മോചനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്ന് എംപിമാര്‍ സഭയില്‍ ആവശ്യപ്പെട്ടു.
ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന കന്യാസ്ത്രീകളെ ബജ്രംഗ് ദളിന്റെ സമ്മര്‍ദ്ദത്തില്‍ അറസ്റ്റ് ചെയ്തെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.സി.വേണുഗോപാല്‍ ചൂണ്ടിക്കാട്ടി. കാന്‍സര്‍രോഗികള്‍ക്ക് വേണ്ടി അടക്കം നിര്‍ണായകമായ പ്രവര്‍ത്തങ്ങള്‍ നടത്തുന്നവരാണ് അവര്‍. സിബിസിഐ ആസ്ഥാനത്ത് പോയി ക്രൈസ്തവരെ സംരക്ഷിക്കുമെന്ന് പറഞ്ഞവര്‍ ഇക്കാര്യത്തില്‍ മറുപടി പറയണമെന്ന് വേണുഗോപാല്‍ ആവശ്യപ്പെട്ടു.
ബിജെപിയുടെ ഇരട്ടത്താപ്പാണ് ഇതിലൂടെ വ്യക്തമാകുന്നത്. ഇത് ക്രിസ്ത്യാനികളുടെ മാത്രം കാര്യമല്ല, ദേശീയതലത്തില്‍ തന്നെ അപലപിക്കേണ്ട വിഷയമാണെന്നും അദ്ദേഹം പറഞ്ഞു.
നിയമവിരുദ്ധമായാണ് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചതെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി വ്യക്തമാക്കി. ന്യൂനപക്ഷങ്ങളെ വളഞ്ഞിട്ട് ആക്രമിക്കുന്നതാണ് ഛത്തീസ്ഗഡില്‍ കണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
National
ന്യൂഡല്‍ഹി: പഹല്‍ഗാമിലെ സുരക്ഷാവീഴ്ചയില്‍ സര്‍ക്കാര്‍ മൗനം പാലിക്കുകയാണെന്നും കാഷ്മീര്‍ ശാന്തമാണെന്ന് പ്രചരിപ്പിച്ചെന്നും കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. ഓപ്പറേഷന് സിന്ദൂര്‍ സംബന്ധിച്ച ചര്‍ച്ചയില്‍ ലോക്സഭയില്‍ സംസാരിക്കുകയായിരുന്നു പ്രിയങ്ക.
പഹല്‍ഗാമില്‍ 26 പേരെ കൊലപ്പെടുത്തിയ ശേഷം ഭീകരര്‍ രക്ഷപെട്ടു. സ്ഥലത്ത് ഈ സമയം ഒരു സുരക്ഷാ ഉദ്യോഗസ്ഥന് പോലുമില്ലായിരുന്നു. പ്രഥമ ശുശ്രൂഷ നല്‍കാനുള്ള സൗകര്യങ്ങള്‍ പോലും അവിടെയുണ്ടായിരുന്നില്ല.
ഭീകരാക്രമണത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കാനുള്ള ഒരു സംവിധാനവും ഉണ്ടായിരുന്നില്ലെന്നും പ്രിയങ്ക പറഞ്ഞു. ഇക്കാര്യത്തില്‍ പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും ഉത്തരവാദിത്വം ഇല്ലേ?.
പൗരസുരക്ഷ പിന്നെ ആരുടെ ഉത്തരവാദിത്വമാണെന്നും പ്രിയങ്ക ചോദിച്ചു. വിജയങ്ങളുടെ കാര്യത്തില്‍ മാത്രം അവകാശവാദമുന്നയിച്ചാല്‍ പോരെന്നും പ്രിയങ്ക വിമര്‍ശിച്ചു.
National
ന്യൂഡൽഹി: ഓപ്പറേഷന് സിന്ദൂര്‍ സംബന്ധിച്ച ലോക്സഭയിലെ ചര്‍ച്ചയില്‍ ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രസംഗത്തിന് കൈയടിച്ച് കോൺഗ്രസ് എംപി തരൂർ. ഓപ്പറേഷന് മഹാദേവിലൂടെ പഹല്‍ഗാമില്‍ ഭീകരാക്രമണം നടത്തിയ ഭീകരരെ വധിച്ചെന്ന് അമിത് ഷാ സഭയിൽ പറഞ്ഞു.
പഹല്‍ഗാം ആക്രമണം നടത്തിയ സുലൈമാൻ, അഫ്ഗാൻ, ജിബ്രാൻ എന്നീ മൂന്ന് പേരെയാണ് തിങ്കളാഴ്ച വധിച്ചതെന്ന് അമിത് ഷാ വ്യക്തമാക്കി. അമിത് ഷായുടെ പ്രസംഗത്തെ ബിജെപി അംഗങ്ങള്‍ മുദ്രാവാക്യം വിളിച്ചാണ് സ്വീകരിച്ചത്. ഇതിനിടെയാണ് തരൂരും കൈയടികളോടെ മന്ത്രിയുടെ പ്രസ്താവനയെ സ്വാഗതം ചെയ്തത്.
അതേസമയം ഓപ്പറേഷന് സിന്ദൂറില്‍ പാര്‍ലമെന്റില്‍ നടക്കുന്ന ചര്‍ച്ചയില്‍ താന്‍ സംസാരിക്കില്ലെന്ന് ശശി തരൂര്‍ നേരത്തേ നിലപാടെടുത്തിരുന്നു.സംസാരിക്കാന്‍ താത്പര്യമില്ലെന്ന് തരൂര്‍ കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചിരുന്നു.
ഓപ്പറേഷന് സിന്ദൂറിനേക്കുറിച്ച് വിശദീകരിക്കാനുള്ള സർവകക്ഷി സംഘത്തെ നയിച്ച ശശി തരൂരുമായി ഭിന്നത നിലനിൽക്കെയാണ് ചർച്ചയിൽ സംസാരിക്കുന്നത് സംബന്ധിച്ച് തരൂരിനോട് പാർട്ടി നിലപാട് തേടിയത്.
Kerala
ന്യൂഡല്‍ഹി: പഹല്‍ഗാമില്‍ ചര്‍ച്ച ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ലോക്സഭ ഉച്ചയ്ക്ക് 12 വരെ നിര്‍ത്തിവച്ചു.ചോദ്യോത്തരവേളയ്ക്ക് ശേഷം വിഷയം ചര്‍ച്ച ചെയ്യണോ എന്ന കാര്യം ആലോചിക്കാമെന്ന് സ്പീക്കര്‍ നിലപാടെടുത്തു.
എന്നാല്‍ ചോദ്യോത്തരവേളയ്ക്കിടെ തന്നെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുകയായിരുന്നു. സ്പീക്കറുടെ ചെയറിന് അടുത്തെത്തി മുദ്രാവാക്യം വിളിച്ചായിരുന്നു പ്രതിഷേധം. ഇതോടെ സഭ ഉച്ച വരെ നിര്‍ത്തിവയ്ക്കുന്നതായി സ്പീക്കര്‍ അറിയിച്ചു.
അതേസമയം ഓപ്പറേഷന് സിന്ദൂര്‍ 100 ശതമാനം വിജയമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പാർലമെന്റിനെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു. ഓപ്പറേഷന് സിന്ദൂറിലൂടെ ഇന്ത്യയുടെ സൈനിക ശക്തി ലോകം തിരിച്ചറിഞ്ഞു. ഭീകര കേന്ദ്രങ്ങൾ മിനിറ്റുകള്‍ക്കുള്ളിൽ ആക്രമിച്ച് തകർത്തെന്നും മോദി കൂട്ടിച്ചേർത്തു.