പാർലമെന്‍റ് (File photo)
ന്യൂഡൽഹി: വർഷകാല സമ്മേളനത്തിന്‍റെ ആദ്യ മണിക്കൂർ പാർലമെന്‍റിന്‍റെ ഇരുസഭകളും സ്തംഭിച്ചു. പരീക്ഷാ ക്രമക്കേടിൽ പാർലമെന്‍റിന്‍റെ പുറത്ത് കൊക്രോച്ച് ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ വിദ്യാർഥികൾ പ്രതിഷേധം നടക്കുമ്പോൾ സമാന വിഷയത്തിൽ പാർലമെന്‍റിന്‍റെ ഇരുസഭകളിലും പ്രതിപക്ഷം പ്രതിഷേധിച്ചു.
രാവിലെ 11ന് ഇരുസഭകളിലും നടപടി ആരംഭിച്ചു. അന്തരിച്ച മുൻ പാർലമെന്‍റ് അംഗങ്ങൾക്ക് സ്പീക്കർ ആദരം അർപ്പിച്ച ശേഷം തുടർനടപടികളിലേക്ക് കടക്കുന്നതിനിടയിലാണ് പ്രതിപക്ഷ അംഗങ്ങൾ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജിയും റാംമന്ദിർ കൊള്ളയും ഉൾപ്പെടെയുള്ള വിഷയം ഉന്നയിച്ച് രംഗത്ത് എത്തിയത്.
തമിഴ്നാട്ടിലെ പ്രാദേശിക വിഷയം ഉന്നയിച്ച് ഡിഎംകെയും സഭയുടെ നടുത്തളത്തിൽ ഇറങ്ങിയതോടെ സ്പീക്കർ ഓം ബിർള പാർലമെന്‍റ് നടപടി 12 മണി വരെ നിർത്തിവച്ചു.
തൃണമൂൽ കോൺഗ്രസ് വിട്ട വിമത എംപിമാർ പ്രത്യേക ബ്ലോക്കായി തന്നെ സഭാ നടപടികളിൽ പങ്കെടുത്തു. സമാനമായി ശിവസേന ഷിൻഡെ വിഭാഗത്തിൽ എത്തിയ ഉദ്ദവ് താക്കറെ വിഭാഗത്തിലെ എംപിമാരും പ്രത്യേകമായി ഇരുന്ന് സഭാ നടപടികളും പങ്കെടുത്തു. അതേസമയം പാർലമെന്‍റിന്‍റെ പുറത്ത് സിജെപി പ്രവർത്തകരുടെ നേതൃത്വത്തിൽ പ്രതിഷേധം തുടരുകയാണ്.
Tags : Parliament MonsoonSession Protests Loksabha Rajyasabha