പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: നിലവിലെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് വൈദ്യുതി മന്ത്രിയായി ചുമതലയേറ്റതിനു പിന്നാലെ കെപിസിസി അധ്യക്ഷസ്ഥാനം ഒഴിയാന്‍ സന്നദ്ധത ഹൈക്കമാന്‍ഡിനെ അറിയിച്ച് മാസങ്ങള്‍ പിന്നിട്ടിട്ടും പുതിയ അധ്യക്ഷനെ പ്രഖ്യാപിക്കാന്‍ കഴിയാതെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്.
അധ്യക്ഷ പദവി ആഗ്രഹിച്ച് നിരവധി മുതിര്‍ന്ന നേതാക്കള്‍ രംഗത്തുണ്ടെങ്കിലും ഗ്രൂപ്പ് താത്പര്യങ്ങള്‍ക്ക് അതീതമായി ഒരാളെ അധ്യക്ഷ പദവിയിലേക്ക് നിയോഗിക്കണമെന്നതാണ് പൊതുവായ ആവശ്യം. നിലവില്‍ കെപിസിസി പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിന് ഒരു പൂര്‍ണസമയ പ്രസിഡന്റ് ഇല്ലെന്ന വാദം പാര്‍ട്ടിക്കുള്ളില്‍തന്നെ ചര്‍ച്ചയാണ്.
മുഖ്യമന്ത്രി വി.ഡി. സതീശന് ഡല്‍ഹി സന്ദര്‍ശനത്തിനിടെ കേന്ദ്ര നേതാക്കളോട് പുതിയ പ്രസിഡന്റ് നിയമനം സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തിയതായാണ് സൂചന. നിലവിലെ കെപിസിസി പ്രസിഡന്റ് മന്ത്രിസഭയിലെത്തിയിട്ട് നാലു മാസം പിന്നിട്ടു. ഇത്രയധികം ദിവസങ്ങള്‍ ആയിട്ടും പുതിയ പ്രസിഡന്റിനെ പ്രഖ്യാപിക്കാന്‍ കഴിയാത്തതില്‍ സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കള്‍ക്കിടയിലും വിമര്‍ശനം ഉയരുന്നുണ്ട്.
പുതിയ പ്രസിഡന്റിനെ നിയമിക്കുന്ന കാര്യത്തില്‍ ഹൈക്കമാന്‍ഡിനു വേഗം പോരെന്ന ആക്ഷേപമുണ്ട്. എന്നാല്‍, ഡല്‍ഹിയില്‍ നിലവില്‍ നടക്കുന്ന സമരങ്ങളുടെ പശ്ചാത്തലത്തില്‍ സംഘടനാ കാര്യങ്ങളില്‍ ഉള്‍പ്പടെ കൂടുതല്‍ ചര്‍ച്ചകള്‍ നടത്താന്‍ കഴിയാത്ത സാഹചര്യമാണെന്നാണ് ഹൈക്കമാന്‍ഡ് പക്ഷം. നിലവില്‍ കെപിസിസി അധ്യക്ഷസ്ഥാനത്തും യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തുമുള്ള രണ്ടു പേരും മന്ത്രിസഭാംഗങ്ങളാണ്.
പാര്‍ട്ടിയുടെയും പോഷകസംഘടനയുടെയും പരിപാടികള്‍ കൃത്യമായി സംഘടിപ്പിക്കാന്‍ ഇതുമൂലം ഇവര്‍ക്ക് പലപ്പോഴും കഴിയുന്നുമില്ല.
സര്‍ക്കാര്‍ അധികാരത്തിലെത്തി നാലുമാസമായിട്ടും ബോര്‍ഡ്, കോര്പറേഷന് അധ്യക്ഷന്മാരുടെ നിയമനവും നീളുകയാണ്.
പുതിയ കെപിസിസി അധ്യക്ഷന്‍ ചുമതല ഏറ്റെടുത്ത ശേഷം മതി ബോര്‍ഡ് കോര്പറേഷന് അധ്യക്ഷന്മാരുടെ നിയമനമെന്നായിരുന്നു ആദ്യധാരണ. എന്നാല്‍, കെപിസിസി അധ്യക്ഷനെ നിയമിക്കുന്നത് നീണ്ടുപോകുന്നതോടെ അതിനു കാത്തുനില്‍ക്കാതെതന്നെ ബോര്‍ഡ് കോര്പറേഷന് അധ്യക്ഷന്മാരെ നിയമിക്കാനും നീക്കം നടക്കുന്നുണ്ട്.
യുഡിഎഫില്‍ ഓരോ കക്ഷിക്കുമുള്ള ബോര്‍ഡ് കോര്പറേഷന് സ്ഥാനങ്ങള്‍ വീതംവച്ചു നല്‍കിയശേഷം കോണ്‍ഗ്രസിനു ലഭിക്കുന്ന സീറ്റുകളില്‍ നിയമനം വേഗത്തിലാക്കണമെന്ന ആവശ്യവും ശക്തമാണ്.
കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് കൊടിക്കുന്നില്‍ സുരേഷ്, ജോസഫ് വാഴയ്ക്കന്, ഷാഫി പറമ്പില്‍, മാത്യു കുഴല്നാടന്, ടി.എന്‍. പ്രതാപന്, അടൂര്‍ പ്രകാശ് തുടങ്ങിയ പല പേരുകളും ചര്‍ച്ചകളില്‍ വരുന്നുണ്ട്. ഇതിനിടെതന്നെ കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്നു മാറ്റിയതില്‍ അതീവ ദുഃഖമുണ്ടെന്നു പരാതിപ്പെട്ട് മുന്‍ അധ്യക്ഷന്‍ കൂടിയായ കെ. സുധാകരന് എംപി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.
Tags : HighCommand Congress Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash