പ്രതീകാത്മക ചിത്രം
ബാങ്കുറ (പശ്ചിമബംഗാൾ): പശ്ചിമബംഗാളിലെ ബാങ്കുറ ജില്ലയിൽ ദുർഗാപൂജാ ആഘോഷങ്ങൾക്കിടയിൽ രാജ്യത്തെ നടുക്കി നരബലി. താന്ത്രിക പൂജയുടെയും ആചാരങ്ങളുടെയും പേരിൽ ഭാര്യയെയും പിതാവിനെയും യുവാവ് ക്രൂരമായി വെട്ടിക്കൊന്നു.
ബാങ്കുറ ജില്ലയിലെ സോനാമുഖി പൊലിസ് സ്റ്റേഷൻ പരിധിയിലുള്ള ലാൽബാബ ചാർ ഗ്രാമത്തിൽ നടന്ന സംഭവത്തിൽ മംഗൾ ചൗധരി (45) എന്നയാളെ പൊലിസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച രാത്രിയിലായിരുന്നു സംഭവം.
പ്രതിയുടെ ഭാര്യ രംപ ചൗധരി (40), അച്ഛൻ രാജേന്ദ്ര ചൗധരി (64) എന്നിവരാണു കൊല്ലപ്പെട്ടത്. ഭാര്യയുടെ തല വെട്ടിമാറ്റി വീടിനു മുന്നിൽ നിർമിച്ച കാളി ക്ഷേത്രത്തിനു മുന്നിൽ സമർപ്പിച്ചശേഷം, അടുത്തുള്ള വീട്ടിൽ താമസിച്ചിരുന്ന അച്ഛനെ വിളിച്ചുവരുത്തി വെട്ടിക്കൊല്ലുകയായിരുന്നുവെന്ന് ഗ്രാമവാസികൾ പറയുന്നു.
തുടർന്ന് സ്വന്തം സഹോദരനായ രാം ലക്ഷ്മൺ ചൗധരിയെയും ഇയാൾ ആക്രമിക്കാൻ ശ്രമിച്ചെങ്കിലും അദ്ദേഹം ഓടി രക്ഷപ്പെടുകയായിരുന്നു.
പൂജകൾക്കു രക്തം വേണമെന്ന് അലറിവിളിച്ചുകൊണ്ട് ചോരപുരണ്ട ആയുധവുമായി മംഗൾ ഗ്രാമത്തിൽ ഭീതി പരത്തിയതായി നാട്ടുകാർ വ്യക്തമാക്കി.
സംഭവം നടന്നയുടൻ പൊലിസ് സ്ഥലത്തെത്തി മംഗൾ ചൗധരിയെ കസ്റ്റഡിയിലെടുത്തു. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ബിഷ്ണുപുരിലേക്കു മാറ്റി.
Tags : Arrested WestBengal Hacking wife FaherinlawDeath Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash