ന്യൂഡൽഹി: കേന്ദ്രസർക്കാരിനൊപ്പം നിന്നുകൊണ്ട് എസ്ഐആറിൽ ഏകപക്ഷീയ തീരുമാനങ്ങൾ കൈക്കൊണ്ടതിലെ ഭിന്നത പരസ്യമായതോടെ, സഹകമ്മിഷണർമാരെ ഒപ്പം നിർത്താനുള്ള തന്ത്രപരമായ നീക്കവുമായി മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണർ ഗ്യാനേഷ് കുമാർ.
പ്രതിപക്ഷപാർട്ടികൾ ഗ്യാനേഷ് കുമാറിന്റെ രാജിക്കായി പ്രതിഷേധം കടുപ്പിക്കുന്നതിനിടെയാണ് സഹകമ്മിഷണർമാരായ സുഖ്വീന്ദർ സിംഗ് സന്ധു, വിവേക് ജോഷി എന്നിവർക്കൊപ്പം ഗ്യാന്വേഷ് കുമാർ ഇന്നലെ നിർവാചൻ സദനിൽ യോഗം ചേർന്നത്.
വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പരിശോധനയുമായി (എസ്ഐആർ) ബന്ധപ്പെട്ടു കമ്മിഷനിൽ ഐക്യകണ്ഠ്യേനയാണു തീരുമാനങ്ങളെടുത്തതെന്ന് വാർത്താക്കുറിപ്പിലൂടെ വിശദീകരിച്ച കമ്മിഷൻ, നിരവധി വിഷയങ്ങൾ ചർച്ച ചെയ്തതായും അറിയിച്ചു.
എസ്ഐആറുമായി ബന്ധപ്പെട്ട് 14 വിഷയങ്ങളിലാണു സഹകമ്മിഷണർമാർ മുന്പ് വിയോജിപ്പ് രേഖപ്പെടുത്തിയത്. എന്നാൽ ഇവയൊന്നും പൂർണമായി പരിഹരിക്കാതെ, വിയോജിപ്പ് ഉയർന്ന വിഷയങ്ങളിൽ ചില ന്യായീകരണങ്ങൾ നൽകുക മാത്രമാണ് കമ്മിഷൻ ഇറക്കിയ വാർത്താക്കുറിപ്പിൽ ചെയ്തിട്ടുള്ളത്.