Kerala
കോഴിക്കോട്: വ്യാജ രേഖകള്‍ ഉപയോഗിച്ച് പാസ്പോര്‍ട്ട് സംഘടിപ്പിക്കാന്‍ സഹായിച്ച ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യാന്‍ ആഭ്യന്തര വകുപ്പ് അനുമതി നല്കി. കോഴിക്കോട് ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത കേസില്‍ കുറ്റാരോപിതരായ വി. അശോകന് (കാസർഗോഡ്), ഇ.പി. ചന്ദ്രന് (കണ്ണൂര്‍), എം. സത്യന് (കാസർഗോഡ്) എന്നിവരെയാണ് പ്രോസിക്യൂട്ട് ചെയ്യുന്നത്.
1967ലെ പാസ്പോര്‍ട്ട് നിയമത്തിലെ സെക്ഷന്‍ 12 (2), സെക്ഷന്‍ 15 പ്രകാരമാണ് നടപടി. മുഹമ്മദ് ഹാരിസ് എന്ന വ്യാജ പേരും കാസർഗോഡ് പടന്നക്കാട്ടെ വിലാസവും ഉപയോഗിച്ച് ഒരാള്‍ കോഴിക്കോട് റീജണല്‍ പാസ്പോര്‍ട്ട് ഓഫീസില്‍നിന്ന് പാസ്പോര്‍ട്ട് കൈപ്പറ്റിയിരുന്നു. ഇതിനായി തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ്, സ്കൂള്‍ പ്രവേശന രജിസ്റ്റര്‍ രേഖകള്‍ എന്നിവ വ്യാജമായി നിര്‍മിച്ചാണു സമര്‍പ്പിച്ചത്.
സ്കൂള്‍ പ്രവേശന രേഖയെന്നു പറഞ്ഞ് ഏലത്തൂരിലെ ഒരു സ്കൂളിലെ രേഖയാണു ഹാജരാക്കിയത്. അശോകനും ചന്ദ്രനും വ്യാജ പാസ്പോര്‍ട്ട് വേരിഫിക്കേഷന് റിപ്പോര്‍ട്ട് തയാറാക്കി വ്യാജ ഒപ്പിട്ട് മേലധികാരിക്ക് അയച്ചു നല്‍കിയിരുന്നു. എം. സത്യന് വ്യാജ വിലാസത്തിലുള്ള പാസ്പോര്‍ട്ട് കൈപ്പറ്റി ഒന്നാം പ്രതിക്ക് എത്തിച്ചു നല്‍കിയെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു.
വഞ്ചന, ഗൂഢാലോചന, രേഖകള്‍ ചമയ്ക്കല്‍ (ഐപിസി 420, 465, 468, 471, 120 ബി) എന്നീ വകുപ്പുകള്‍ക്കൊപ്പം പാസ്പോര്‍ട്ട് നിയമപ്രകാരമുള്ള കുറ്റങ്ങളും ഇവര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. പ്രതികളെ വിചാരണ ചെയ്യാന്‍ തപാല്‍ വകുപ്പും നേരത്തെ അനുമതി നല്‍കിയിരുന്നു.
Kerala
കൊച്ചി: തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള എല്ലാ ഉദ്യോഗസ്ഥർക്കും തപാൽ ബാലറ്റുകൾ ഉറപ്പാക്കുമെന്ന് തെരഞ്ഞെടുപ്പു കമ്മീഷൻ. തെരഞ്ഞെടുപ്പുദിനം കഴിഞ്ഞാലും ഉദ്യോഗസ്ഥർക്ക് വോട്ടവകാശം വിനിയോഗിക്കാൻ അവസരമൊരുക്കുമെന്നും കമ്മീഷൻ ഹൈക്കോടതിയെ അറിയിച്ചു.
തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർക്കു തപാൽ ബാലറ്റ് ലഭിച്ചില്ലെന്ന ഹർജിയിൽ അവർക്കു വോട്ടവകാശം ഉറപ്പാക്കാൻ കർശന നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി തെരഞ്ഞെടുപ്പു കമ്മീഷനോട് നിർദേശിച്ചിരുന്നു.
പോസ്റ്റൽ ബാലറ്റ് പേപ്പറുകൾ ലഭ്യമാക്കാത്തത് വോട്ടർമാരുടെ അവകാശം ഹനിക്കുന്നതാണെന്ന് കോടതി അഭിപ്രായപ്പെട്ടു. തുടർന്ന് ബാലറ്റ് വിതരണത്തിനു കൂടുതൽ സമയം അനുവദിക്കണമെന്ന് കമ്മീഷൻ കോടതിയിൽ ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പ് കഴിഞ്ഞാലും ഉദ്യോഗസ്ഥർക്ക് വോട്ട് ചെയ്യാൻ അവസരമൊരുക്കും.
National
ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലേക്ക് 25 ലക്ഷത്തിലധികം ഉദ്യോഗസ്ഥരെ വിന്യസിച്ച് കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷൻ.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച കേരളമുൾപ്പെടെ നാലു സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയിലും 17.4 കോടി വോട്ടർമാർ ഉണ്ടെന്നാണു കമ്മീഷന്റെ കണക്ക്. ഇതനുസരിച്ച് 70 വോട്ടർമാർക്ക് ഒരു തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ എന്നനിലയിലാണു വിന്യാസം.
15 ലക്ഷം പോളിംഗ് ഉദ്യോഗസ്ഥർ, 8.5 ലക്ഷം സുരക്ഷാ ഉദ്യോഗസ്ഥർ, 40,000 കൗണ്ടിംഗ് ഉദ്യോഗസ്ഥർ, 49,000 സൂക്ഷ്മ നിരീക്ഷകർ, 21,000 സെക്ടർ ഓഫീസർമാർ, വോട്ടെണ്ണലിന് 15,000 സൂക്ഷ്മ നിരീക്ഷകർ എന്നിങ്ങനെയാണ് 25 ലക്ഷം ഉദ്യോഗസ്ഥരെ കമ്മീഷൻ നിയമിച്ചിരിക്കുന്നത്.
ഇതോടൊപ്പം തെരഞ്ഞെടുപ്പ് നടക്കുന്ന 832 നിയമസഭാ മണ്ഡലങ്ങളിൽ 1111 കേന്ദ്ര നിരീക്ഷകരെയും കമ്മീഷൻ നിയമിച്ചിട്ടുണ്ട്. ഇതിൽ 557 ഉദ്യോഗസ്ഥർ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പൊതു നിർദേശങ്ങൾ പാലിക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കും.
188 പേർ പോലീസ് ഒബ്സർവർമാരാണ്. 366 ഉദ്യോഗസ്ഥർ തെരഞ്ഞെടുപ്പ് സംബന്ധമായ ചെലവുകൾ നിരീക്ഷിക്കും. ഈ ഉദ്യോഗസ്ഥർ ഇതിനോടകം അതത് നിയോജകമണ്ഡലങ്ങളിൽ ചുമതലയേറ്റെടുത്തതായി തെരഞ്ഞെടുപ്പു കമ്മീഷൻ വ്യക്തമാക്കി.
Kerala
ആലപ്പുഴ: കണിച്ചുകുളങ്ങരയിൽ ദേശീയപാതാ പുനർനിർമാണ വിഭാഗം സേഫ്റ്റി ഓഫീസറെ അസഭ്യം പറയുകയും പോലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയും ചെയ്ത കേസിൽ കഞ്ഞിക്കുഴി സ്വദേശി അറസ്റ്റിൽ. കഞ്ഞിക്കുഴി പഞ്ചായത്ത് ഏഴാം വാർഡിൽ തന്നാട്ട് വീട്ടിൽ ടി.ജി. സുരേഷ് കുമാർ
(49) ആണ് അറസ്റ്റിലായത്. മാരാരിക്കുളം പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
മാർച്ച് ഒൻപതിന് വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. എൻഎച്ച് സേഫ്റ്റി ഓഫീസറും സഹപ്രവർത്തകരും സഞ്ചരിച്ച വാഹനം തടഞ്ഞുനിർത്തി അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും കല്ലെറിയുകയും ചെയ്തതിനാണ് സുരേഷ് കുമാറിനെതിരെ ആദ്യം കേസെടുത്തത്.
തുടർന്ന് അറസ്റ്റ് ചെയ്ത് വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോകുന്നതിനിടെ ഇയാൾ പോലീസുകാരെ അസഭ്യം പറയുകയും കൈവിലങ്ങു കൊണ്ട് ദേഹോപദ്രവം ഏൽപ്പിക്കുകയുമായിരുന്നു. ഇതോടെ പോലീസിനെ ആക്രമിച്ചതിനും കേസ് രജിസ്റ്റർ ചെയ്തു.
മാരാരിക്കുളം സബ് ഇൻസ്പെക്ടർമാരായ എം.ആനന്ദ് , ടി. സുനിൽകുമാർ , സിവിൽ പൊലീസ് ഓഫീസര്‍ സുരേഷ് എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
National
ന്യൂഡൽഹി: ബിഎസ്എൻഎൽ ഡയറക്ടറുടെ പ്രയാഗ്രാജ് സന്ദർശനത്തിനായി അടിവസ്ത്രം, ചെരുപ്പ്, എണ്ണ, ചീപ്പ് മുതൽ ഗംഗാനദിയിൽ സ്നാനത്തിനും ബോട്ട് സവാരിക്കും ക്ഷേത്രദർശനത്തിനും സൗകര്യമൊരുക്കാൻ 50 ഉദ്യോഗസ്ഥരെ നിയോഗിക്കാൻ ഔദ്യോഗിക ഉത്തരവ്.സംഭവം കേന്ദ്രസർക്കാരിനെ വെട്ടിലാക്കി.
ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് ഡയറക്ടർ (കണ്‍സ്യൂമർ ഫിക്സഡ് അക്സസ് - സിഎഫ്എ) വിവേക് ബൻസലിന്റെ രണ്ടു ദിവസത്തെ പ്രയാഗ്രാജ് സന്ദർശനത്തിനായി ഇറക്കിയ വിപുലമായ പ്രോട്ടോകോൾ ഉത്തരവ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ ഇന്നലെയും ഇന്നുമായി നടത്താനിരുന്ന വിവാദ സന്ദർശനം റദ്ദാക്കി.
പ്രോട്ടോകോൾ രേഖ പ്രകാരം, ബൻസലിന്റെ സന്ദർശനം സുഗമമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ 50ലധികം ബിഎസ്എൻഎൽ ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും 20 പ്രത്യേക ഉത്തരവാദിത്വങ്ങളും ജോലികളും നൽകി.
യാത്ര, ആതിഥ്യമര്യാദ ക്രമീകരണങ്ങൾ, കുളിക്കാനുള്ള സൗകര്യം, സന്ദർശനാനന്തര ഏകോപനം എന്നിവ കൈകാര്യം ചെയ്യുന്നതിനായി പ്രത്യേക ടീമുകളെ ചുമതലപ്പെടുത്തുന്നതാണ് വിശദമായ പ്രോട്ടോകോൾ.
ബൻസൽ പ്രയാഗ്രാജിൽ എത്തുന്പോൾ റെയിൽവേ സ്റ്റേഷനിലെ സ്വീകരണം, ക്ഷേത്രസന്ദർശനങ്ങൾ, പുണ്യസ്നാനങ്ങൾ, ഭക്ഷണം, ഗതാഗതം, ദൈനംദിന വ്യക്തിഗത ലോജിസ്റ്റിക്സ് എന്നിവ മുതൽ മിനിറ്റ്-ടു-മിനിറ്റ് ഷെഡ്യൂൾ വരെ ഇതിലുണ്ട്.
ബൻസലിനോടൊപ്പം ഗംഗയിലെ ത്രിവേണി സംഗമത്തിൽ കുളിക്കാനുള്ള ഉദ്യോഗസ്ഥരുടെ "സ്നാൻ' കിറ്റുകളിൽ ടവ്വൽ, അടിവസ്ത്രം, സ്ലിപ്പറുകൾ (സ്ലീപ്പർ എന്നാണ് തെറ്റായി ഓഫീസ് ഓർഡറിലുള്ളത്), ചീപ്പ്, കണ്ണാടി, എണ്ണക്കുപ്പി എന്നിവ ഉണ്ടാകണമെന്നാണു നിർദേശം. താമസിക്കുന്ന നക്ഷത്ര ഹോട്ടലിലും സർക്യൂട്ട് ഹൗസിലും ഓരോ സെറ്റ് വീതം ഫ്രൂട്ട് ബൗൾ, ഡ്രൈ ഫ്രൂട്ട് ബൗൾ, ഷേവിംഗ് കിറ്റ്, ടവ്വൽ, ടൂത്ത് പേസ്റ്റ്, ബ്രഷ്, സോപ്പ്, ഷാംപൂ, ചീപ്പ്, എണ്ണ എന്നിവ ക്രമീകരിക്കണമെന്നും നിർദേശിച്ചിരുന്നു.
ഗംഗാതീരത്തെ ഘട്ടിൽ പൊതുവായ ഉപയോഗത്തിനായി ബെഡ്ഷീറ്റ് ക്രമീകരിക്കാനും നിർദേശം നൽകി. സ്നാനത്തിനു പുറമെ ഗംഗയിൽ ബോട്ട് സവാരി നടത്താനും ബഡേ ഹനുമാൻ മന്ദിർ, അക്ഷയവത്, പാതാൾപുരി ക്ഷേത്രങ്ങൾ സന്ദർശിക്കാനും ബൻസൽ തീരുമാനിച്ചിരുന്നു.
1987 ബാച്ചിലെ ഇന്ത്യൻ ടെലികമ്യൂണിക്കേഷൻ സർവീസ് ഓഫീസറാണ് ബൻസൽ. ഇന്ത്യയിലെ ടെലികോം ശൃംഖലകൾ കൈകാര്യം ചെയ്യുന്നതിൽ 34 വർഷത്തിലേറെ പരിചയമുണ്ടെന്ന് ബിഎസ്എൻഎൽ വെബ്സൈറ്റിൽ പറയുന്നു.
ബൻസലിനു കാരണംകാണിക്കൽ നോട്ടീസ്
അനുചിതവും അസ്വീകാര്യവും ഞെട്ടിക്കുന്നതുമായ നടപടിക്കെതിരേ ബിഎസ്എൻഎൽ ഡയറക്ടർ ബോർഡ് ബൻസലിനു കാരണം കാണിക്കൽ നോട്ടീസ് നൽകിയതായും കൂടുതൽ നടപടിയുണ്ടാകുമെന്നും കേന്ദ്ര വാർത്താവിനിമയ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ അറിയിച്ചു.
National
ബംഗുളൂരു: കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ ഡോ. റോയ് സി.ജെയുടെ ആത്മഹത്യയിൽ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ തെളിവില്ലെന്ന് പ്രത്യേക അന്വേഷണ സംഘം. ഡോ. റോയ് സി.ജെയെ ഉദ്യോഗസ്ഥർ അന്നേദിവസം ചോദ്യം ചെയ്തിട്ടില്ല. സമ്മർദത്തിലാക്കിയെന്നതിന് തെളിവില്ലെന്നും എസ്ഐടിയുടെ റിപ്പോർട്ടിലുണ്ട്.
സംഭവ ദിവസം ആദാന നികുതി വകുപ്പി ഡോ. റോയ് സി.ജെയെ ഒരു മണിക്കൂറോളം ചോദ്യം ചെയ്തുവെന്നും സമ്മർദത്തിലാക്കിയെന്നുമായിരുന്നു ജീവനക്കാരുടെ മൊഴി. എന്നാൽ, ഇക്കാര്യങ്ങൾക്ക് തെളിവില്ലെന്നാണ് എസ്ഐടി കണ്ടെത്തൽ.
ആദായനികുതി വകുപ്പിന്റെ വിശദീകരണവും പ്രാഥമിക അന്വേഷണ സംഘത്തിന്റെ കണ്ടെത്തലുകളും ഇതുതന്നെയായിരുന്നു. ആത്മഹത്യയിൽ അന്വേഷണം ആവശ്യപ്പെട്ട് കോൺഫിഡന്റ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ നൽകിയ പരാതിയിലും ചോദ്യം ചെയ്തതായി പറഞ്ഞിരുന്നില്ല.
അതേസമയം, കമ്പനിയിലെ ജീവനക്കാരെയും ഡോ. റോയ് സി.ജെയുടെ ബന്ധുക്കളെയും സുഹൃത്തുക്കളെയുമെല്ലാം എസ്ഐടി ചോദ്യം ചെയ്തിരുന്നു. കോൺഫിഡന്റ് ഗ്രൂപ്പിന്റെ അശോക് നഗറിലെ ഓഫിസിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് എസ്ഐടി റിപ്പോർട്ട് തയാറാക്കിയത്.
Kerala
കൊച്ചി: നിയമപരമായ അവകാശങ്ങള്‍ക്കായി ഒരു പൗരനും ഉദ്യോഗസ്ഥവൃന്ദത്തിനു മുന്നില്‍ തലകുനിക്കരുതെന്ന് ഹൈക്കോടതി. വീടിനും ജീവനും ഭീഷണിയായി സമീപത്തെ പറമ്പില്‍ നില്ക്കുന്ന വന്‍ മരങ്ങള്‍ മുറിക്കാന്‍ വര്‍ഷങ്ങള്‍ നീണ്ട നിയമപോരാട്ടം നടത്തിയ 92കാരനെ പ്രശംസിച്ചാണു ജസ്റ്റീസ് പി.വി. കുഞ്ഞികൃഷ്ണന്റെ പരാമര്‍ശം.
ഹര്‍ജിക്കാരന്റെ പോരാട്ടവീര്യത്തെ പ്രശംസിച്ച കോടതി, കവി ടി.എസ്. തിരുമുമ്പിന്റെ “തല നരയ്ക്കുവതല്ലെന്റെ വൃദ്ധത്വം; തല നരയ്ക്കാത്തതല്ലെന്‍ യുവത്വവും; പിറവി തൊട്ടു നാളെത്രയെന്നെണ്ണുമപ്പതിവുകൊണ്ടല്ലളപ്പതെന് യൗവനം
കൊടിയ ദുഷ്പ്രഭുത്വത്തിന് തിരുമുമ്പില്‍ തലകുനിക്കാത്ത ശീലമെന് യൗവനം..”
എന്ന വരികള്‍ ഉത്തരവില്‍ ഉദ്ധരിച്ചു.
പ്രതിരോധമന്ത്രാലയം മുന്‍ ഉദ്യോഗസ്ഥന് കൊച്ചി പള്ളുരുത്തി സ്വദേശി സി.ജെ. മാത്യൂസാണ് (92) നീണ്ട നിയമപോരാട്ടം നടത്തിയത്. വര്‍ഷങ്ങളോളം സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങി മടുത്ത ഇദ്ദേഹത്തിന് ഹൈക്കോടതി കൈത്താങ്ങായി മാറുകയായിരുന്നു.
ഭീഷണി സൃഷ്ടിക്കുന്ന രണ്ടു മരങ്ങള്‍ ഒരു മാസത്തിനകം നീക്കം ചെയ്യാന്‍ കോടതി കൊച്ചി കോര്പറേഷന് സെക്രട്ടറിക്കു നിര്‍ദേശം നല്കി. ഉത്തരവ് പാലിക്കുന്നുണ്ടെന്ന് ജില്ലാ കളക്ടറും ഫോര്‍ട്ട്കൊച്ചി ആര്‍ഡിഒയും ഉറപ്പാക്കണം. അടിയന്തര സാഹചര്യങ്ങളില്‍ മരം മുറിക്കുന്നതിന് സ്ഥലമുടമയ്ക്ക് നോട്ടീസ് പോലും നല്‍കാതെ ഇടപെടാന്‍ മുനിസിപ്പാലിറ്റീസ് ആക്ട് പ്രകാരം നഗരസഭാ സെക്രട്ടറിമാര്‍ക്ക് അധികാരമുണ്ടെന്നും കോടതി വ്യക്തമാക്കി.
ആള്‍പാര്‍പ്പില്ലാത്ത പറമ്പിലെ മരങ്ങളുടെ കൊമ്പുകളും വേരുകളും തന്റെ വീടിനും വാട്ടര്‍ ടാങ്കിനുമടക്കം കേടുപാടുണ്ടാക്കിയെന്ന് ഹര്ജിക്കാരൻചൂണ്ടിക്കാട്ടി. മഴയും കാറ്റും വരുമ്പോള്‍ ജീവഭയമുണ്ട്. സമീപത്തെ പറമ്പ് കാടുപിടിച്ച് ഇഴജന്തുക്കളും വവ്വാലുകളും നിറഞ്ഞു. 2017ലാണ് ഹര്ജിക്കാരന് ആദ്യം ആര്‍ഡിഒയ്ക്ക് പരാതി നല്‍കിയത്. അന്വേഷണത്തിന് ആര്‍ഡിഒ നിര്‍ദേശിച്ചെങ്കിലും മരങ്ങള്‍ നീക്കാനുള്ള നടപടിയുണ്ടായില്ല.
ഹര്ജിക്കാരന് ലീഗല്‍ സര്‍വീസസ് അഥോറിറ്റിയുടെ നിയമോപദേശം തേടി. തുടര്‍ന്ന് രാമേശ്വരം വില്ലേജ് ഓഫീസര്‍ പരിശോധന നടത്തി അപകടാവസ്ഥയുണ്ടെന്ന് കോര്‍പറേഷനെ ഉള്‍പ്പെടെ അറിയിച്ചു. എന്നിട്ടും നടപടിയുണ്ടായില്ല.
ഹര്ജിക്കാരന് ജില്ലാ കളക്ടര്‍ക്കു പരാതി നല്‍കിയതിനെത്തുടര്‍ന്ന് ഉചിതമായ നടപടിക്കു നിര്‍ദേശമുണ്ടായി. എന്നാല്‍ കോർപറേഷന് തൊഴിലാളികളെത്തി കാടുകള്‍ മാത്രം വെട്ടി മടങ്ങി. ഇതിനു പിന്നാലെയാണ് വിഷയം ഹൈക്കോടതിയില്‍ എത്തിയത്.
സിവില്‍ തര്‍ക്കമുള്ളതിനാല്‍ പ്രവേശനവിലക്കുണ്ടെന്നാണ് മരം നില്ക്കുന്ന ഭൂമിയുടെ അവകാശികള്‍ അറിയിച്ചത്. ഈ സാഹചര്യത്തിലാണ് നോട്ടീസില്ലാതെ നടപടിയെടുക്കാന്‍ സെക്രട്ടറിക്ക് അധികാരമുണ്ടെന്ന് കോടതി വിശദീകരിച്ചത്.
Kerala
കൊച്ചി: സെല്ലില്‍ കയറാന്‍ പറഞ്ഞതിൽ പ്രകോപിതനായി അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍മാരുടെ കൈ തല്ലിയും പിടിച്ച് തിരിച്ചും ഒടിച്ച് റിമാന്‍ഡ് പ്രതി. ചൊവ്വാഴ്ച രാവിലെ 7.30ഓടെ മട്ടാഞ്ചേരി സബ് ജയിലിലായിരുന്നു സംഭവം. ആലപ്പുഴ മാരാരിക്കുളം കണിച്ചുകുളങ്ങര സ്വദേശി റിജുമോൻ (31), എറണാകുളം ഐരാപുരം സ്വദേശി ബിനു നാരായണന് (32) എന്നിവര്‍ക്കാണു തടവുകാരന്റെ ആക്രമണത്തില്‍ പരിക്കേറ്റത്.
ഇരുവരുടെയും വലതുകൈയാണ് ഒടിഞ്ഞത്. സംഭവത്തില്‍ റിമാന്‍ഡ് പ്രതിയായ മട്ടാഞ്ചേരി പനയപ്പള്ളി ഇനിക്കല്‍ വീട്ടില്‍ തന്‍സീര്‍ അഹമ്മദിനെതിരേ മട്ടാഞ്ചേരി പോലീസ് കേസെടുത്തു. റിജുമോന്റെ പരാതിയിലാണ് നടപടി. തന്‍സീറിനെ വിയ്യൂര്‍ ജയിലിലെ അതീവ സുരക്ഷാ സെല്ലിലേക്കു മാറ്റി.
ജയില്‍പുള്ളികള്‍ക്ക് രാവിലെ കുളിക്കുന്നതിന് അനുവദിച്ചിട്ടുള്ള സമയം കഴിഞ്ഞിട്ടും തന്‍സീര്‍ ജയിലിന് പുറത്ത് തുടര്‍ന്നതോടെ റിജുമോനും ബിനുവും ചേര്‍ന്ന് സെല്ലിലേക്കു പോകാന്‍ നിര്‍ദേശിച്ചു. ഇതിഷ്ടപ്പെടാതിരുന്ന തന്‍സീര്‍ ഉദ്യോഗസ്ഥരുമായി വാക്കേറ്റത്തിലായി.
ഇതിനിടെ, കുടിവെള്ളം ശേഖരിച്ചുവച്ചിരുന്ന പാത്രത്തിന്റെ ഇരുമ്പ് മൂടിയെടുത്ത് തന്‍സീര്‍ ഉദ്യോഗസ്ഥരെ ആക്രമിക്കുകയായിരുന്നു. റിജുമോന്റെ വലതുകൈക്ക് അടിച്ചു. തൻസീറിനെ കീഴ്പ്പെടുത്താനെത്തിയ ബിനുവിന്റെ കൈ പിടിച്ച് തിരിക്കുകയും ചെയ്തു. കൂടുതല്‍ ഉദ്യോഗസ്ഥരെത്തിയാണു തന്‍സീറിനെ കീഴ്പ്പെടുത്തിയത്. ജാമ്യം കിട്ടി പുറത്തിറങ്ങിയാല്‍ ഇരുവരെയും വകവരുത്തുമെന്നും പ്രതി ഭീഷണിപ്പെടുത്തി.
ഹാര്‍ബര്‍ സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറെ ആക്രമിച്ച കേസിലാണ് തന്‍സീര്‍ റിമാന്‍ഡിലായത്. അതേസമയം, റിമാന്‍ഡ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തുന്നതിന് അനുമതി തേടി മട്ടാഞ്ചേരി പോലീസ് കോടതിയില്‍ വീണ്ടും അപേക്ഷ നല്‍കും. പ്രതിയെ വിയ്യൂരിലേക്കു മാറ്റിയതിനാല്‍ ആദ്യം നല്കിയ അപേക്ഷയിലെ വിവരങ്ങളിലും മാറ്റങ്ങള്‍ വരുത്തേണ്ടി വന്നതാണു കാരണം. കോടതിയുടെ അനുമതിക്കു ശേഷമാകും അറസ്റ്റ് നടപടികളിലേക്കു കടക്കുക.
National
മുംബൈ: മഹാരാഷ്ട്ര തലസ്ഥാനമായ മുംബൈക്കടുത്ത് മിരാ ഭയന്തറിൽ ജനവാസ മേഖലയിലിറങ്ങിയ പുലിയെ പിടികൂടി. വനം വകുപ്പ് ഉദ്യോഗസ്ഥരാണ് പുലിയെ പിടികൂടിയത്. പുലിയെ മയക്കുവെടി വച്ച് പിടികൂടുകയായിരുന്നു.
പുലിയെ സഞ്ജയ് ഗാന്ധി നാഷണൽ പാർക്കിലുള്ള ലെപ്പേർഡ് റെസ്ക്യൂ സെന്ററിലേയ്ക്ക് മാറ്റും. തുടർന്ന് വൈദ്യ പരിശോധന നടത്തും. പിന്നീടായിരിക്കും പുലിയെ തുറന്ന് വിടണോ എന്ന കാര്യത്തിൽ തീരുമാനം എടുക്കുകയുള്ളു.
വെള്ളിയാഴ്ച രാവിലെ മിരാ ഭയന്തറിലെ ഫ്ലാറ്റിനുള്ളിലെത്തിയ പുലി അവിടത്തെ നിവാസികളെ ആക്രമിച്ചിരുന്നു. നിരവധി പേർക്കാണ് പരിക്കേറ്റത്. പുലിയുടെ ആക്രമണത്തിൽ പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി.
ആറു ദിവസം കഴിഞ്ഞ് വിവാഹം നടക്കേണ്ട പെൺകുട്ടി അടക്കമുള്ളവരാണ് പുള്ളിയുടെ ആക്രമണത്തിനിരയായത്. പെൺകുട്ടിയുടെ മുഖത്ത് അടക്കം പരിക്കുണ്ട്. പെണ്‍കുട്ടിയുടെ നില ഗുരുതരമാണ്. വിവാഹ വീടായതിനാൽ ധാരാളം ആളുകള്‍ ഫ്ലാറ്റിലുണ്ടായിരുന്നു.
പുലിയെ അകത്തിട്ട് പൂട്ടി, ആളുകള്‍ ഫ്ലാറ്റിന് പുറത്തിറങ്ങി ബഹളം വെച്ചു, തുടര്‍ന്നാണ് ഫയര്‍ഫോഴ്സും വനംവകുപ്പും സ്ഥലത്തെത്തുന്നത്.
പുലിയെ മയക്കുവെടി വച്ച് പിടികൂടാനുള്ള തയ്യാറെടുപ്പുകള്‍ നടത്തിവരികയാണ്. പുലിയുടെ സാന്നിദ്ധ്യം ജനങ്ങളെ ആശങ്കപ്പെടുത്തുന്നുണ്ട്. പിന്നീട് മണിക്കൂറുകളോളം നടത്തിയ പരിശ്രമത്തിനൊടുവിലാണ് പുലിയെ പിടികൂടാനായത്.
National
ന്യൂഡൽഹി: ഇൻഡിഗോ വിമാന സർവീസുകളുടെ പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ ഡിജിസിഎയുടെ (ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ) നാല് ഉദ്യോഗസ്ഥരെ പിരിച്ചു വിട്ടു.
ഇൻഡിഗോ വിമാന സർവീസുകളുടെ മേൽനോട്ടത്തിനായി പ്രിൻസിപ്പൽ ഫ്ളൈറ്റ് ഓപ്പറേഷൻസ് ഇൻസ്പെക്ടർമാരായി കരാർ അടിസ്ഥാനത്തിൽ നിയമിച്ചിരുന്നു ഉദ്യോഗസ്ഥരെയാണ് ഡിജിസിഎ പിരിച്ചുവിട്ടത്. ഒരു എയർലൈനിന്റെ പ്രവർത്തനത്തിന് ആവശ്യമായ ക്രൂ സംവിധാനം വിഭവങ്ങൾ തുടങ്ങിയവ ഉണ്ടെന്ന് ഉറപ്പ് വരുത്തേണ്ടത് ഈ ഉദ്യോഗസ്ഥരുടെ ചുമതലയാണ്.
ഡപ്യൂട്ടി ചീഫ് ഫ്ലൈറ്റ് ഓപ്പറേഷന്‍സ് ഇന്‍സ്പെക്ടര്‍ ഋഷിരാജ് ചാറ്റര്‍ജി, സീനിയര്‍ ഫ്ലൈറ്റ് ഓപ്പറേഷന്‍സ് ഇന്‍സ്പെക്ടര്‍ സീമ ജാംനാനി, ഫ്ലൈറ്റ് ഓപ്പറേഷന്‍സ് ഇന്‍സ്പെക്ടര്‍മാരായ അനില്‍ കുമാര്‍ പൊഖ്റിയാല്, പ്രിയം കൗശിക് എന്നിവരെയാണ് പുറത്താക്കിയത്.
ഇന്ന് മാത്രം ബംഗളുരുവിൽ മാത്രം 50 ഓളം വിമാനങ്ങളാണ് ഇൻഡിഗോ റദ്ദാക്കിയത്. വ്യാഴാഴ്ച ഡൽഹിയിൽ നിന്നും ബംഗളൂരുവിൽ നിന്നുമുള്ള 200 ലധികം വിമാനങ്ങൾ റദ്ദാക്കിയിരുന്നു. അതേസമയം ഇൻഡിഗോ സിഇഒമാരായ പീറ്റർ എൽബേഴ്സും, ഇസിഡ്രെ പോർക്വറാസും ഇന്ന് വീണ്ടും ഡിജിസിഎയുടെ അന്വേഷണ പാനലിന് മുന്നിൽ വീണ്ടും ഹാജരാകും.
National
ന്യൂഡൽഹി: സെൻസസ് നടപടികൾക്കുവേണ്ടിയുള്ള വിവരശേഖരണ പ്രക്രിയയ്ക്കായി അടുത്ത വർഷം ജനുവരി 15നകം ആവശ്യമായ ഉദ്യോഗസ്ഥരെ നിയമിക്കാൻ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കും രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യ (ആർജിഐ) നിർദേശം നൽകി.
ജനസംഖ്യാ കണക്കെടുപ്പിന് എന്യുമറേറ്റർമാരെയും, മേൽനോട്ടത്തിനായി സൂപ്പർവൈസർമാരെയും നിയമിക്കണമെന്നാണ് ആർജിഐയുടെ സർക്കുലറിൽ പറയുന്നത്. 700 മുതൽ 800 വരെ ജനസംഖ്യക്കായി ഒരു എന്യുമറേറ്ററെയും ആറ് എന്യുമറേറ്റർമാരുടെ ജോലികൾക്കു മേൽനോട്ടം വഹിക്കുന്നതിനായി ഒരു സൂപ്പർവൈസറെയും നിയമിക്കാനാണു നിർദേശം. അടിയന്തര സാഹചര്യങ്ങൾക്കായി പത്തു ശതമാനം അധിക എന്യൂമറേറ്റർമാരെയും സൂപ്പർവൈസർമാരെയും നിയമിക്കാനും സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
1990ലെ സെൻസസ് നിയമങ്ങളുടെ റൂൾ 3 അനുസരിച്ച് അധ്യാപകരെയും ക്ലർക്കുമാരെയും ഏതെങ്കിലുമൊരു സംസ്ഥാന സർക്കാർ അല്ലെങ്കിൽ തദ്ദേശ സ്വയംഭരണ ഉദ്യോഗസ്ഥനെയും എന്യൂമറേറ്ററായി നിയമിക്കാമെന്ന് ആർജിഐ വ്യക്തമാക്കി.
എന്യുമറേറ്ററേക്കാൾ ഉയർന്ന റാങ്കുള്ള ഉദ്യോഗസ്ഥനായിരിക്കും സൂപ്പർവൈസർ. വരുന്ന സെൻസസ് നടപടികൾ നിശ്ചിത സമയപരിധിക്കുള്ളിൽ അവസാനിപ്പിക്കുന്നതിന് 30 ലക്ഷം ഉദ്യോഗസ്ഥരെയാണ് ഫീൽഡുകളിൽ വിന്യസിക്കുക.
രണ്ടു ഘട്ടമായി നടക്കുന്ന സെൻസസിന്റെ ആദ്യഘട്ടം അടുത്ത വർഷം ഏപ്രിൽ മുതലും രണ്ടാംഘട്ടം 2027 ഫെബ്രുവരിയിലുമാണ് ആരംഭിക്കുക.
15 വർഷത്തിനുശേഷം രാജ്യത്തു നടക്കുന്ന സെൻസസ് നടപടികളുടെ ചോദ്യാവലി തയാറാക്കുന്നതിന്റെ അവസാനഘട്ട നടപടികൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്ന് കേന്ദ്രം കഴിഞ്ഞയാഴ്ച പാർലമെന്റിൽ അറിയിച്ചിരുന്നു.