ആലപ്പുഴ: കണിച്ചുകുളങ്ങരയിൽ ദേശീയപാതാ പുനർനിർമാണ വിഭാഗം സേഫ്റ്റി ഓഫീസറെ അസഭ്യം പറയുകയും പോലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയും ചെയ്ത കേസിൽ കഞ്ഞിക്കുഴി സ്വദേശി അറസ്റ്റിൽ. കഞ്ഞിക്കുഴി പഞ്ചായത്ത് ഏഴാം വാർഡിൽ തന്നാട്ട് വീട്ടിൽ ടി.ജി. സുരേഷ് കുമാർ
(49) ആണ് അറസ്റ്റിലായത്. മാരാരിക്കുളം പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
മാർച്ച് ഒൻപതിന് വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. എൻഎച്ച് സേഫ്റ്റി ഓഫീസറും സഹപ്രവർത്തകരും സഞ്ചരിച്ച വാഹനം തടഞ്ഞുനിർത്തി അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും കല്ലെറിയുകയും ചെയ്തതിനാണ് സുരേഷ് കുമാറിനെതിരെ ആദ്യം കേസെടുത്തത്.
തുടർന്ന് അറസ്റ്റ് ചെയ്ത് വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോകുന്നതിനിടെ ഇയാൾ പോലീസുകാരെ അസഭ്യം പറയുകയും കൈവിലങ്ങു കൊണ്ട് ദേഹോപദ്രവം ഏൽപ്പിക്കുകയുമായിരുന്നു. ഇതോടെ പോലീസിനെ ആക്രമിച്ചതിനും കേസ് രജിസ്റ്റർ ചെയ്തു.
മാരാരിക്കുളം സബ് ഇൻസ്പെക്ടർമാരായ എം.ആനന്ദ് , ടി. സുനിൽകുമാർ , സിവിൽ പൊലീസ് ഓഫീസര്‍ സുരേഷ് എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Tags : one man arrested attacking national highway officials police remanded