നെന്മാറ: രാസവളം വാങ്ങാനാകാതെ കർഷകർ വലയുന്നു. ജൂൺ 30 മുതൽ രാസവളം ലഭിക്കണമെങ്കിൽ അഗ്രിസ്റ്റാക് എന്ന പോർട്ടലിൽ രജിസ്റ്റർചെയ്ത് എഫ്എഫ്എസ് എന്ന ആപ്പ് മുഖേന ലഭിക്കുന്ന ക്യൂആർ കോഡ് വില്പനകേന്ദ്രങ്ങളിൽ ഹാജരാക്കിയാൽ മാത്രമേ രാസവളങ്ങൾ കർഷകർക്കു ലഭിക്കുകയുള്ളൂ.
ഈ നിബന്ധനയാണ് കർഷകരെ ബുദ്ധിമുട്ടിലാക്കിയത്. അഗ്രിസ്റ്റാക്ക് എന്ന പോർട്ടലിൽ മുൻവർഷങ്ങളിൽ രജിസ്റ്റർചെയ്ത കർഷകരുടെ രേഖകൾ പൂർണമല്ലാത്തതും പഴയ രേഖകൾ തിരുത്താൻ കഴിയാത്തതും കർഷകർക്ക് വിനയായി.
മുൻപ് രജിസ്റ്റർ ചെയ്ത കർഷകരുടെ രേഖകൾ കൃഷിഭവൻ വില്ലേജ് അധികൃതർ സ്ഥിരീകരിക്കാത്തതും പ്രശ്നമായിട്ടുണ്ട്. പുതുതായി രജിസ്റ്റർ ചെയ്യുന്ന കർഷകർക്ക് കൃഷിഭവൻ അധികൃതരും വില്ലേജ് ഓഫീസിൽനിന്നും ഭൂമിയുടെ സ്ഥലവും സ്വഭാവവും സ്ഥിരീകരിക്കേണ്ടതുണ്ട്.
സ്ഥലത്തിന്റെ അളവിലും വിളയ്ക്കും അനുസരിച്ചാണ് ആപ്പിലൂടെ വളം അനുവദിക്കുന്നത്. അഗ്രിസ്റ്റാക്കിൽ രജിസ്ട്രേഷൻ പൂർണമാകാത്തവർക്ക് താൽക്കാലികമായി എഫ്എഫ്എസ് ആപ്പിൽ നിന്ന് വളം വാങ്ങാനുള്ള സൗകര്യം കൃഷിഭവൻ അധികൃതർ ചെയ്തു നൽകുന്നുണ്ട്.
എങ്കിലും ഈ പ്രക്രിയയ്ക്ക് ഭൂരേഖകളും, നികുതിരേഖകളും, ആധാർ, സ്മാർട്ട്ഫോൺ എന്നിവയും കർഷകരുടെ കൈവശം വേണമെന്ന സ്ഥിതിയായി. ഇപ്രകാരം ലഭ്യമാക്കിയ ക്യുആർ കോഡ് രണ്ടുദിവസം മാത്രമേ നിലനിൽക്കൂ എന്നും അധികൃതർ വ്യക്തമാക്കുന്നു.
സംഭരണം കഴിഞ്ഞ നെല്ലിന്റെ വില ലഭിക്കാത്തതിനാൽ കർഷകർക്ക് മുൻകൂട്ടി രാസവളം വാങ്ങി സൂക്ഷിക്കാനും കഴിഞ്ഞിട്ടില്ല. കാലവർഷം സജീവമാകാൻ വൈകിയതു മൂലവും കൃഷി ഇറക്കാൻ വൈകിയ കർഷകരാണ് വളംവിൽപന നിയന്ത്രണം വന്നതോടെ വലയുന്നത്.
ഒരു മാസത്തോളമായി ലഭ്യമല്ലാതിരുന്ന രാസവളം, വിൽപനശാലകളിൽ എത്തിയതോടെയാണ് പുതിയ നിയന്ത്രണവും ക്യുആർ കോഡും ഏർപ്പെടുത്തിയത്.കർഷകർക്കുള്ള രാസവളം വില്പനയ്ക്ക് ക്യുആർ കോഡ് ഏർപ്പെടുത്തി നിയന്ത്രിക്കുന്നതിൽ ജില്ലാ ഫെർട്ടിലൈസർ ഡീലേഴ്സ് അസോസിയേഷൻ കളക്ടർക്കു പരാതി നൽകിയിട്ടുണ്ട്.
സബ്സിഡിയിൽ വില്പന നടത്തുന്ന യൂറിയ പോലുള്ള ഉത്പന്നങ്ങൾ ദുരുപയോഗം തടയുന്നതിനാണ് ക്യുആർ കോഡ് സംവിധാനം ഏർപ്പെടുത്തിയതെന്നു അധികൃതർ പറയുന്നുണ്ടെങ്കിലും ഫലത്തിൽ കർഷകർക്ക് ആവശ്യത്തിനനുസരിച്ച് വളം ലഭിക്കാത്ത സ്ഥിതിയാണെന്നാണ് പരാതി ഉയരുന്നത്.