ജയ്പുർ: രാജസ്ഥാനിലെ ജലോർ ജില്ലയിലെ ഗ്രാമത്തിലെ സ്ത്രീകൾക്ക് സ്മാർട്ട് ഫോൺ ഉപയോഗം വിലക്കിയ തീരുമാനം പിൻവലിച്ചു. തീരുമാനത്തിനെതിരെ വ്യാപക വിമർശനമുയർന്ന സാഹചര്യത്തിലാണ് വിലക്ക് പിൻവലിച്ചത്.
ജലോർ ജില്ലയിലെ 15 ഗ്രാമങ്ങളാണ് സ്ത്രീകളോട് സ്മാർട്ട്ഫോണിനു പകരം കീപാഡ് ഫോണുകൾ ഉപയോഗിക്കാൻ ആവശ്യപ്പെട്ടിരുന്നത്. ഗാസിപുർ ഗ്രാമത്തിൽ വിളിച്ചുചേർത്ത ഗ്രാമമുഖ്യന്മാരുടെ യോഗത്തിലാണ് വിലക്ക് പിൻവലിക്കാൻ തീരുമാനിച്ചത്.
കുട്ടികളെ മനസിൽ കണ്ടുള്ള തീരുമാനമായിരുന്നുവെന്നും തെറ്റിദ്ധരിക്കപ്പെട്ടുവെന്നും ഗ്രാമമുഖ്യന്മാർ പറഞ്ഞു. ‘‘സൈബർ തട്ടിപ്പുകൾ വർധിക്കുകയാണ്. സ്ത്രീകളും കുട്ടികളുമാണ് കൂടുതലും ഇരകളാകുന്നത്. സാഹചര്യം വിലയിരുത്താനാണ് തീരുമാനം നടപ്പാക്കാൻ ജനുവരി 26 വരെ സമയം നൽകിയിരുന്നത്. എല്ലാവരും നല്ലതായി കണ്ടിരുന്നുവെങ്കിൽ അത് നടപ്പാക്കുമായിരുന്നു. എന്നാൽ തീരുമാനം വ്യാപകമായി തെറ്റിദ്ധരിക്കപ്പെട്ടു’’ –ഗ്രാമമുഖ്യരിലൊരാളായ നാഥുറാം ചൗധരി പറഞ്ഞു.
Tags : Rajasthan villages withdraw decision ban smartphones women