നിവിന്‍ പോളി
കൊച്ചി: സഹനിര്‍മാതാവ് നല്കിയ പരാതിയില്‍ നടന് നിവിന്‍ പോളിക്കും സംവിധായകന് എബ്രിഡ് ഷൈനുമെതിരേ പൊലിസ് രജിസ്റ്റര്‍ ചെയ്ത വഞ്ചനക്കേസ് ഹൈക്കോടതി റദ്ദാക്കി.
നിവിനെ നായകനാക്കി സംവിധാനം ചെയ്ത ‘മഹാവീര്യര്‍’ എന്ന സിനിമയുടെ സഹനിര്‍മാതാവായ പി.എസ്. ഷംനാസ് നല്കിയ പരാതിയിലെ തുടര്‍നടപടികളാണ് ജസ്റ്റീസ് ടി.വി. ബാലകൃഷ്ണന് റദ്ദാക്കിയത്. തര്‍ക്കങ്ങള്‍ പരിഹരിച്ചതായും കേസ് തുടരാന്‍ താത്പര്യമില്ലെന്നും പരാതിക്കാരന് കോടതിയെ അറിയിച്ചതിനെത്തുടര്‍ന്നാണു നടപടി.
സിനിമയ്ക്കുണ്ടായ നഷ്ടം അടുത്ത ചിത്രമായ ‘ആക്ഷന്‍ ഹീറോ ബിജു രണ്ട്’ എന്ന ചിത്രത്തില്‍ പങ്കാളിയാക്കി പരിഹരിക്കാമെന്ന് ഉറപ്പ് നല്കി 2.9 കോടി രൂപ കൈപ്പറ്റുകയും ചെയ്തെങ്കിലും വിതരണാവകാശം ദുബായ് ആസ്ഥാനമായ കമ്പനിക്കു നല്‍കിയെന്ന് ആരോപിച്ചാണ് ഷംനാസ് വൈക്കം കോടതിയില്‍ പരാതി നല്‍കിയത്.
കോടതി നിര്‍ദേശപ്രകാരമാണ് തലയോലപ്പറമ്പ് പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തത്. വ്യാജരേഖ ചമച്ചുവെന്നാരോപിച്ച് നിവിന്‍ പോളി ഷംനാസിനെതിരേ നല്കിയ പരാതിയിലെ തുടര്‍നടപടികളും കോടതി റദ്ദാക്കിയിട്ടുണ്ട്.
Tags : FraudCase NivinPauly quashed Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash