പ്രതീകാത്മക ചിത്രം
മുംബൈ: ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള വ്യവസായ ഗ്രൂപ്പ് എന്ന പദവിയിൽ ജിയോ പ്ലാറ്റ്ഫോംസ്. ജിയോ പ്ലാറ്റ്ഫോംസ് ഓഹരിവിപണിയിൽ ഇന്നലെ കുറിച്ച മികച്ച തുടക്കമാണ് ടാറ്റാ ഗ്രൂപ്പിനെ മറികടന്ന് മുന്നിലെത്താൻ റിലയൻസ് ഗ്രൂപ്പിനെ സഹായിച്ചത്.
കൂടാതെ, മാതൃകന്പനിയായ റിലയൻസ് ഇൻഡസ്ട്രീസ് കഴിഞ്ഞാൽ വിപണി മൂല്യത്തിൽ ഇന്ത്യയിലെ രണ്ടാമത്തെ ഏറ്റവും വലിയ ലിസ്റ്റഡ് കന്പനിയെന്ന സ്ഥാനവും ജിയോ സ്വന്തമാക്കി.
ലിസ്റ്റ് ചെയ്ത ആദ്യദിനത്തിൽ തന്നെ ജിയോ പ്ലാറ്റ്ഫോംസിന്റെ ഓഹരി മൂല്യം ഇഷ്യൂ വിലയേക്കാൾ 27 ശതമാനത്തോളം ഉയർന്നു. ഓഹരി ഒന്നിന് 1419 രൂപയിലാണ് ഇന്നലെ വ്യാപാരം പൂർത്തിയാക്കിയത്. ഇതോടെ വ്യാപാരം പൂർത്തിയായപ്പോൾ ജിയോയുടെ വിപണിമൂല്യം 12.53 ലക്ഷം കോടി രൂപ കടന്നു. റിലയൻസ് ഇൻഡസ്ട്രീസിന്റെ വിപണിമൂല്യം 15.7 ലക്ഷം കോടിയിലുമെത്തി.
റിലയൻസ് ഇൻഡസ്ട്രീസിന്റെയും ജിയോ പ്ലാറ്റഫോമിന്റെയും സംയുക്ത വിപണി മൂല്യം 28.7 ലക്ഷം കോടി രൂപയിലെത്തി. ഇതോടെ റിലയൻസ് ഗ്രൂപ്പിന്റെ മൊത്തം വിപണിമൂല്യം 28.9 ലക്ഷം കോടി രൂപയിലെത്തി. ബ്ലൂംബെർഗ് ന്യൂസ് പുറത്തുവിട്ട വിവരങ്ങൾ അനുസരിച്ച്, റിലയൻസ് ഗ്രൂപ്പ് ടാറ്റ ഗ്രൂപ്പിന്റെ 25 ലക്ഷം കോടി രൂപയെ മറികടന്നു. 16.6 ലക്ഷം കോടി വിപണിമൂല്യവുമായി അദാനി ഗ്രൂപ്പാണ് മൂന്നാമത്. കഴിഞ്ഞ ദശകത്തിൽ ഭൂരിഭാഗം സമയത്തും ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള വ്യവസായ ഗ്രൂപ്പായി തുടർന്നിരുന്നത് ടാറ്റാ ഗ്രൂപ്പായിരുന്നു.
എയർടെൽ രണ്ടാമത്
ലിസ്റ്റിംഗ് ദിനത്തിലെ മിന്നുന്ന മുന്നേറ്റം ജിയോ പ്ലാറ്റഫോംസിനെ ഭാരതി എയർടെല്ലിനെ പിന്തള്ളി വിപണിമൂല്യത്തിൽ ഇന്ത്യയിലെ ഏറ്റവും വലിയ വലിയ ടെലികോം കന്പനിയാകാനും സഹായിച്ചു.
ഐപിഒ നേട്ടങ്ങൾ
ജിയോയുടെ വന്പൻ ഐപിഒ ആരംഭിച്ച് വെറും 100 മിനിറ്റിനുള്ളിൽ പൂർണമായും സബ്സ്ക്രൈബ് ചെയ്യപ്പെട്ടു. ഇന്ത്യൻ ചരിത്രത്തിൽ ഏറ്റവും വേഗത്തിൽ പൂർണമായി സബ്സ്ക്രൈബ് ചെയ്യപ്പെട്ട പബ്ലിക് ഇഷ്യൂവായി ഇതു മാറി.
ഇഷ്യു വിലയനുസരിച്ച്, ജിയോ പ്ലാറ്റ്ഫോംസിന് ഏകദേശം 10.3 ലക്ഷം കോടി രൂപ (108 ബില്യണ്‍ ഡോളർ) മൂല്യമാണ് കണക്കാക്കിയിരുന്നത്. ഐപിഒ സമയത്ത് 100 ബില്യണ്‍ ഡോളറിലധികം മൂല്യം കൈവരിച്ച മെറ്റാ, അലിബാബ, സ്പേസ് എക്സ് തുടങ്ങിയ പ്രമുഖ കന്പനികളുടെ നിരയിലേക്കാണ് ഇതോടെ ജിയോയും എത്തിയത്.
Tags : Reliance Tata Strength Business Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash