പ്രിയ വർഗീസ് (ഫയൽ ചിത്രം)
ന്യൂഡൽഹി: അസോസിയേറ്റ് പ്രഫസർ നിയമനത്തിന് ആവശ്യമായ എട്ടുവർഷത്തെ പ്രവൃത്തിപരിചയ യോഗ്യതയുണ്ടെന്നു തെളിഞ്ഞാൽ പ്രിയ വർഗീസിന്റെ നിയമനം ശരിവയ്ക്കുമെന്ന് സുപ്രീംകോടതി.
കണ്ണൂർ സർവകലാശാലയിൽ അസോസിയേറ്റ് പ്രഫസറായി പ്രിയ വർഗീസിനെ നിയമിച്ചതു ചോദ്യംചെയ്തുള്ള ഹർജിയിൽ വിധിപറയാൻ മാറ്റിക്കൊണ്ടാണ് ഈ നിരീക്ഷണം. ആവശ്യമായ പ്രവൃത്തിപരിചയം തെളിയിക്കാനായില്ലെങ്കിൽ നിയമനം റദ്ദാക്കുമെന്നും ജസ്റ്റീസുമാരായ മനോജ് മിശ്ര, മൻമോഹൻ എന്നിവരുടെ ബെഞ്ച് പറഞ്ഞു.
അസോസിയേറ്റ് പ്രഫസർ നിയമനത്തിന് എട്ടു വർഷം അധ്യാപക പ്രവൃത്തിപരിചയം ആവശ്യമാണ്. പ്രിയയുടെ കാര്യത്തിൽ നാലുവർഷം അധ്യാപികയായി പ്രവർത്തിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ തർക്കമില്ലെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
ബാക്കി നാലുവർഷത്തെ സംബന്ധിച്ചാണു തർക്കം. അസിസ്റ്റന്റ് പ്രഫസറായിരുന്നപ്പോൾ നടത്തിയ ഗവേഷണത്തിന്റെ കാലയളവും ഡെപ്യുട്ടേഷനിൽ നാഷണൽ സ്റ്റുഡന്റ്സ് സർവീസസ് ഡയറക്ടറായിരുന്ന കാലയളവും കണക്കാക്കിയാൽ ആവശ്യമായ പ്രവൃത്തിപരിചയ യോഗ്യതയുണ്ടെന്ന് പ്രിയ വാദിച്ചു.
എന്നാൽ ഗവേഷണകാലയളവ് പ്രവൃത്തിപരിചയത്തിൽ ഉൾപ്പെടുത്താനാകില്ലെന്ന് യുജിസി സുപ്രീംകോടതിയിൽ ചൂണ്ടിക്കാട്ടിയെങ്കിലും അതിനോട് കോടതി വാക്കാൽ വിയോജിച്ചു. തുടർന്നാണ് എട്ടു വർഷത്തെ യോഗ്യത ഉണ്ടെന്നതിന്റെ വിശദാംശം എഴുതി നൽകാൻ പ്രിയ വർഗീസിനോട് സുപ്രീംകോടതി ആവശ്യപ്പെട്ടത്.
Tags : PriyaVarghese Verdict Petition Reserved Appointment Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash