എം. ലിജു സൊസൈറ്റിയുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റും ബൈലോയും കാറ്റഗറി സ്റ്റേറ്റ്മെന്റും കൈമാറുന്നു
തിരുവനന്തപുരം: സഹകരണമേഖലയ്ക്ക് എത്തിച്ചേരാൻ സാധിക്കാത്ത ഒരു മേഖലയും കേരളത്തിലില്ലെന്ന് മന്ത്രി എം.ലിജു. സംസ്ഥാനത്തിന്റെ വികസനപ്രവർത്തനങ്ങളുടെ ഗതിവേഗം വർധിപ്പിക്കാൻ സഹകരണസ്ഥാപനങ്ങളെയും സ്വകാര്യ സംരംഭകരെയും പ്രോത്സാഹിപ്പിക്കുന്ന നയമാണ് സർക്കാരിന്റേതെന്നും അദ്ദേഹം പറഞ്ഞു.
സഹകരണ മേഖലയിലെ ആദ്യ വിമാനസർവീസ് ആരംഭിക്കുന്ന കേരള സിവിൽ ഏവിയേഷൻ ഡെവലപ്മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡിന്റെ പ്രഥമ പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
സഹകരണ മേഖല വ്യോമയാന ഗതാഗത രംഗത്തേക്ക് കടക്കുന്നു എന്നത് കേരളത്തിന്റെ സഹകരണ പ്രസ്ഥാനം വൈവിധ്യമാർന്ന തലങ്ങളിലേക്ക് വളരുന്നതിന്റെ സൂചനയാണ്. സഹകരണപ്രസ്ഥാനത്തിന്റെ വിശ്വാസ്യത വീണ്ടെടുക്കാനുള്ള പ്രവർത്തനങ്ങളിൽ സംഘങ്ങൾക്ക് സർക്കാർ എല്ലാ സഹായങ്ങളും നൽകുമെന്നും മന്ത്രി അറിയിച്ചു.
തിരുവനന്തപുരം തമ്പാനൂരിലെ ഹോട്ടൽ ടെറസിൽ നടന്ന ചടങ്ങിൽ മന്ത്രി സൊസൈറ്റിയുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റും ബൈലോയും കാറ്റഗറി സ്റ്റേറ്റ്മെന്റും സൊസൈറ്റിയുടെ ചീഫ് പ്രൊമോട്ടർ സി.എൻ. വിജയകൃഷ്ണന് കൈമാറി. സഹകരണ സംഘം രജിസ്ട്രാർ അനു എസ്. നായർ സൊസൈറ്റിയുടെ ലോഗോ പ്രകാശനം നിർവഹിച്ചു.
Tags : KeralaCivilAviation MLiju NewsUpdate Headlines UDF