പ്രതീകാത്മക ചിത്രം
പൂച്ചാക്കൽ: പശ്ചിമേഷ്യൻ യുദ്ധക്കെടുതിൽ വലഞ്ഞ് ചെമ്മീൻ കയറ്റുമതി രംഗവും. യുദ്ധത്തെ തുടർന്നുള്ള ആഗോളനയം മാറ്റവും അസംസ്കൃത വസ്തുക്കളുടെ വർധിച്ച വിലയുമാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്.
വിദേശങ്ങളിലേക്കു കയറ്റി അയയ്ക്കാൻ കഴിയാതെ കണ്ടെയ്നറുകളും ഉത്പന്നങ്ങളും തുറമുഖങ്ങളിലും പ്രോസസിംഗ് യൂണിറ്റുകളിലും കെട്ടിക്കിടക്കുകയാണ്.
പ്രതിസന്ധി മൂലം ചെറുകിട സമുദ്രോത്പന്ന മേഖലയാണ് കൂടുതൽ തകർച്ച നേരിടുന്നത്. ചെമ്മീൻ കയറ്റുമതിയിൽ കേരളമായിരുന്നു മുൻപന്തിയിൽ. എന്നാലിപ്പോൾ ആന്ധ്ര, ഗുജറാത്ത് സംസ്ഥാനങ്ങൾക്കു പിന്നിലാണ് കേരളം. കടലിലെ താപനില ഉയർന്നതും കാലാവസ്ഥാ വ്യതിയാനവും മൂലം ചെമ്മീനിന്റെ സഞ്ചാരപഥത്തിൽ മാറ്റം ഉണ്ടായിട്ടുണ്ട്.
സംസ്ഥാനത്തുനിന്നുള്ള കയറ്റുമതിയിൽ കൂടുതലും അമേരിക്കയിലേക്കാണ്. എന്നാൽ അമേരിക്ക ഏർപ്പെടുത്തിയ താരിഫ് വ്യവസ്ഥയും കയറ്റുമതിയെ ദോഷകരമായി ബാധിച്ചിരിക്കുകയാണ്.
സമുദ്രോത്പന്നങ്ങൾ വിദേശത്തേക്കു പോകാതായതോടെ ആഭ്യന്തര വിപണിയിൽ ചെമ്മീനിന്റെയും മറ്റു മത്സ്യങ്ങളുടെയും ലഭ്യത പെട്ടെന്നു കൂടുകയും വിലയിൽ വൻ ഇടിവ് സംഭവിക്കുകയും ചെയ്യുന്നു. ചെമ്മീൻ വളർത്തൽ മേഖലയിലുള്ളവർക്ക് ഉത്പാദനച്ചെലവ് പോലും തിരിച്ചുകിട്ടാത്ത അവസ്ഥയാണ്. ആലപ്പുഴ ജില്ലയിലെ അരൂർ, അമ്പലപ്പുഴ മണ്ഡലങ്ങളിൽനിന്നാണ് സമുദ്രോത്പന്നങ്ങങ്ങൾ കൂടുതലായി കയറ്റുമതി ചെയ്യുന്നത്.
Tags : WestAsiaWar Shrimp Crisis Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash