കേരള ഫോറസ്റ്റ് ഡവലപ്മെന്റ് കോര്പറേഷന് (കെഎഫ്ഡിസി) വനത്തില്‍ താമസിച്ചു ജോലി ചെയ്യാനുള്ള വര്ക്കേഷന് പാക്കേജി
കോട്ടയം: വനത്തില്‍ താമസിച്ചു ജോലി ചെയ്യാനുള്ള വര്ക്കേഷന് പാക്കേജിനു പിന്നാലെ, യാത്ര ചെയ്യാന്‍ ബാങ്കില്‍നിന്നു ലോണ്‍ അനുവദിക്കുന്ന പദ്ധതിയുമായി കേരള ഫോറസ്റ്റ് ഡെവലപ്മെന്റ് കോര്പറേഷന് (കെഎഫ്ഡിസി). പലിശയില്ലാത്ത ലോണ്‍ 10 ശതമാനം ഡിസ്കൗണ്ടില്‍ ലഭിക്കുന്ന ഓഫറാണ് കെഎഫ്ഡിസി യാത്രാ പ്രേമികള്‍ക്കായി ഒരുക്കുന്നത്.
ഷോല എന്ന ബ്രാന്‍ഡിനു കീഴില്‍ കെഎഫ്ഡിസി നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ ഭാഗമായാണ് ട്രാവല്‍ ടുഡേ, പേ ടുമോറോ എന്ന പേരില്‍, യാത്രകള്‍ക്കു ചെലവാകുന്ന പണം തവണകളായി അടയ്ക്കാന്‍ സൗകര്യമൊരുക്കുന്നത്. സംസ്ഥാനത്ത് കെഎഫ്ഡിസി നേരിട്ടു നടത്തുന്ന സ്ഥലങ്ങളിലാകും ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പാക്കുക.
ബുക്ക് ചെയ്യുമ്പോള്‍ ചുരുങ്ങിയത് 10 ശതമാനം ഡിസ്കൗണ്ട് ലഭിക്കുന്ന രീതിയിലാകും പദ്ധതി. ബാങ്കും കെഎഫ്ഡിസിയും ഒന്നിച്ചാണ് പാക്കേജ് ബുക്ക് ചെയ്യുന്നവര്‍ക്ക് ഇളവുകള്‍ നല്‍കുക. ആക്സിസ് ബാങ്കാണ് നിലവില്‍ പദ്ധതിയുമായി സഹകരിക്കുന്നത്.
വര്ക്കേഷന് ബുക്കിംഗിനായും വായ്പാ സൗകര്യം പ്രയോജനപ്പെടുത്താം. മൂന്നു രാത്രിയും നാലു പകലും ഉള്‍പ്പെടുന്ന വര്ക്കേഷന് പാക്കേജിന് രണ്ടു പേര്‍ക്കു നികുതികൂടാതെ 14,000 രൂപയാണു നിരക്ക്. ഇതു വായ്പയായി എടുക്കുമ്പോള്‍ തന്നെ 1400 രൂപ ഇളവു ലഭിക്കും. ബാക്കി തുക നിശ്ചിത തവണകളായി അടയ്ക്കാം.
വര്ക്കേഷന് സൗകര്യമൊരുക്കുന്ന ഗവിയിലും സൂര്യനെല്ലിയിലും അതിവേഗ ഇന്റർനെറ്റ് സൗകര്യം കെഎഫ്ഡിസി ഉറപ്പാക്കുന്നുണ്ട്. പെരിയാര്‍ കടുവാ സങ്കേതത്തിനുള്ളില്‍ കൊച്ചുപമ്പയ്ക്കു സമീപമാണ് ഗവിയിലെ താമസ സൗകര്യം. ശബരിമല മേഖലയില്‍നിന്നാണ് ഈ ഭാഗത്തേക്കു ബിഎസ്എന്‍എല്‍ ഇന്റര്‍നെറ്റ് സൗകര്യമെത്തിച്ചത്. ഓരോ സ്ഥലത്തും എട്ടു പേര്‍ക്കുള്ള സൗകര്യമാണ് തുടക്കത്തിലുള്ളത്.
പല കമ്പനികളിലും നൈറ്റ് ഷിഫ്റ്റ് ജോലി ചെയ്യുന്നവര്‍ക്കാവശ്യമായ ചെറിയ കോണ്‍ഫറന്‍സ് സ്പേസ്, വൈദ്യുതി മുടങ്ങിയാല്‍ ജനറേറ്റർ ഉള്‍പ്പടെയുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. നൈറ്റ് ഷിഫ്റ്റ് ജോലിയുള്ളവര്‍ എത്തുമെന്നതു കണക്കിലെടുത്ത് 24 മണിക്കൂറും ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്. ഗവിയില്‍ സോളാര്‍ സ്ഥാപിക്കാനും ആലോചനയുണ്ട്.
ട്രക്കിംഗും ബോട്ടിംഗും പ്ലാന്റേഷന് വിസിറ്റുമുള്പ്പെടെ ഓരോ സ്ഥലത്തെയും അനുബന്ധ സൗകര്യങ്ങളും പ്രയോജനപ്പെടുത്താം. ഗവിയിലാണ് വര്ക്കേഷന് പാക്കേജിന്റെ ആദ്യഘട്ടം തുടങ്ങിയിരിക്കുന്നത്.
വയനാട് ജില്ലയില്‍ മാനന്തവാടിയില്‍നിന്ന് 15 കിലോമീറ്റര്‍ അകലെയുള്ള കമ്പമല എക്കോ ടൂറിസം, പാലക്കാട് നെല്ലിയാമ്പതി, ഇടുക്കിയില്‍ സൂര്യനെല്ലി, ഇടുക്കി വാഗമണില്‍ പോഡ് സ്റ്റേ, തിരുവനന്തപുരത്ത് അരിപ്പ എന്നിവിടങ്ങളിലും വര്ക്കേഷന് സൗകര്യമൊരുക്കാനുള്ള തയാറെടുപ്പിലാണ് കെഎഫ്ഡിസി.
വര്ക്കേഷന് പദ്ധതി ആരംഭിച്ച ഗവിയില്‍ ചലച്ചിത്രതാരം കുഞ്ചാക്കോ ബോബന് കഴിഞ്ഞ ദിവസം സന്ദര്‍ശനം നടത്തിയിരുന്നു. 15 വര്‍ഷങ്ങള്‍ക്കു മുമ്പ് കുഞ്ചാക്കോ ബോബനും ബിജു മേനോനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ‘ഓര്‍ഡിനറി’ സിനിമയിലുടെയാണ് ഗവി ജനശ്രദ്ധ നേടി പ്രധാന ടൂറിസം കേന്ദ്രമായത്.
Tags : Forest KeralaForestDevelopmentCorporation Innovative Schemes Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash