District News
തെന്മല: കൊല്ലം തെന്മലയില് വനത്തിനുള്ളില്‍ നിന്നു മനുഷ്യന്റെ തലയോട്ടി അടക്കമുള്ള ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തി. തെന്മല ഡാം ജംഗ് ഷനിലെ ഉന്നതിയോട് ചേര്‍ന്ന വനത്തിലാണ് അസ്ഥികൂട അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.
വിറക് ശേഖരിക്കാന്‍ പോയ സ്ത്രീകളാണ് അസ്ഥികൂട അവശിഷ്്ടങ്ങള്‍ കണ്ടത്. സമീപത്തായി വസ്ത്രവും ചെരുപ്പും മരത്തില്‍ ദ്രവിച്ച കയറും കണ്ടെത്തിയിട്ടുണ്ട്.
പുരുഷന്റെ അസ്ഥികൂട അവശിഷ്ടങ്ങളെന്ന് ആത്മഹത്യ ആകാനാണ് സാധ്യതയെന്നും പോലീസ് പറഞ്ഞു. തെന്മല പോലീസും ഫോറന്‍സിക് സംഘവും സ്ഥലത്ത് പരിശോധന നടത്തി.
തുടര്‍ന്ന് ആശുപത്രിയിലേക്കു മാറ്റി. 2024 ജൂലൈയില്‍ സമീപപ്രദേശത്ത് നിന്ന് കാണാതായ വ്യക്തിയെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നതെന്നും പോലീസ് വ്യക്തമാക്കി.
Kerala
കൊല്ലം: തെന്മലയിൽ വനത്തിനുള്ളിൽ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി. തലയോട്ടി അടക്കമുള്ള ഭാഗങ്ങളാണ് കണ്ടെത്തിയത്.
വനത്തിൽ വിറക് ശേഖരിക്കാൻ പോയവരാണ് സംഭവം ആദ്യം കണ്ടത്. മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് പോലീസും ഫോറൻസിക് വിഭാഗവും സംഭവ സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.
സംഭവത്തിലെ അസ്വഭാവികത കണക്കിലെടുത്ത് തെന്മല പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രദേശത്ത് നിന്ന് കാണതായവരുടെ വിവരങ്ങൾ സഹിതം പരിശോധിച്ച് അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.
Kerala
പാലക്കാട്: അട്ടപ്പാടിയില്‍ അമ്മയാന ഉപേക്ഷിച്ച കുട്ടിയാന ധോണി ആന പരിപാലന കേന്ദ്രത്തിൽ ചികിത്സയിലിരിക്കെ ചരിഞ്ഞു. അബ്ബന്നൂരില്‍ പാറയിടുക്കില്‍ കുടുങ്ങിയ നിലയില്‍ കണ്ടെത്തിയ കുട്ടിയാനയാണ് ചരിഞ്ഞത്.
ഏപ്രിൽ 14ന് ആയിരുന്നു ജനിച്ച് മണിക്കൂറുകള്‍ മാത്രം പ്രായമുളള ആനക്കുട്ടിയെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പാറക്കെട്ടിനിടയില്‍ കുടുങ്ങിയ നിലയില്‍ കണ്ടെത്തിയത്. പിന്നാലെ പുറത്തെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയിരുന്നു.
തുടർന്ന് താത്കാലിക താവളം ഒരുക്കി സംരക്ഷണം നല്‍കുകയായിരുന്നു. തിരികെ കൊണ്ടുപോകാന്‍ ആനക്കൂട്ടം എത്തുമെന്ന പ്രതീക്ഷയിലായിരുന്നു താത്കാലിക സംരക്ഷണ കേന്ദ്രം ഒരുക്കി കുട്ടിയാനയെ വനത്തിൽ തന്നെ പാർപ്പിച്ചത്.
തുടർന്ന് ആനക്കൂട്ടം തിരികെ വരാതായതോടെ ഒരാഴ്ച മുന്‍പാണ് കുട്ടിയാനയെ ധോണി ആന പരിപാലന കേന്ദ്രത്തിലേക്ക് ചികിത്സയ്ക്കായി മാറ്റിയത്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ജഡം സംസ്കരിച്ചു.
National
സുൽത്താൻബത്തേരി: ഗൂഡല്ലൂരിനടുത്ത് വനത്തില്‍ സ്ത്രീയെ കടുവ ആക്രമിച്ച് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. പൈക്കാര അനുപുറം സ്വദേശി പാര്‍വതി (58)യാണ് മരിച്ചത്. വീടിനടുത്തുനിന്നു രണ്ടു കിലോമീറ്റര്‍ അകലെ ഉള്വനത്തിലായാണ് മൃതദേഹം കണ്ടെത്തിയത്.
ഇക്കഴിഞ്ഞ പതിനൊന്നാം തീയതി പകല്‍ കുടുബകലഹത്തെത്തുടര്ന്ന് വീടുവിട്ടിറങ്ങിയതായിരുന്നു പാര്‍വതി. ബന്ധുവീട്ടിലേക്കായിരിക്കും പോയിരിക്കുകയെന്ന നിഗമനത്തില്‍ വീട്ടുകാര്‍ മതിയായ അന്വേഷണം നടത്തിയിട്ടുണ്ടായിരുന്നില്ല. എന്നാല്‍ പിന്നീടാണ് ബന്ധുവീട്ടില്‍ എവിടെയും എത്തിയിട്ടില്ലെന്ന് അറിഞ്ഞത്.
പരിഭ്രാന്തരായ ബന്ധുക്കള്‍ ജനപ്രതിനിധികളുടെയും മറ്റും സഹായം തേടി ബുധനാഴ്ച പോലീസിനെയും വനംവകുപ്പിനെയും വിവരമറിയിച്ചു. തുടര്‍ന്ന് പൈക്കാര ഫോറസ്റ്റ് റെയ്ഞ്ചര്‍ മഞ്ജുഹാസിനിയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ ഇവരുടെ വീടിന് സമീപത്തെ തേയിലത്തോട്ടത്തില്‍ വന്യജീവിയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തി.
തുടര്‍ന്നുള്ള തെരച്ചിലിനായി ആന്റി നക്സല്‍ സ്ക്വാഡിനെയാണ് ചുമതലപ്പെടുത്തിയത്. ഈ സംഘം നടത്തിയ പരിശോധനയിലാണ് ഉള്‍വനത്തില്‍ കര്‍പ്പാകം റിസര്‍വ് വനഭാഗത്ത് പാര്‍വതിയുടെ മൃതദേഹഭാഗങ്ങള്‍ കണ്ടെത്തിയത്.
പോലീസ് എത്തി ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം ഊട്ടി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. ഇവിടെ നടത്തിയ പോസ്റ്റ്മോര്‍ട്ടത്തിലാണ് പാര്‍വതി കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതൊണെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചത്.
സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം നടത്തും. വീട്ടമ്മ വീടുവിട്ടിറങ്ങാനുണ്ടായ സാഹചര്യങ്ങള്‍ അന്വേഷിച്ചേക്കും. കൊല്ലപ്പെട്ട പാര്‍വതിയുടെ ബന്ധുക്കള്‍ പരാതി നല്കിയാല് സ്ത്രീ വീടുവിട്ടിറങ്ങാന്‍ കാരണക്കാരായവരെ അടക്കം പോലീസ് ചോദ്യംചെയ്യും.
Kerala
ഇടുക്കി: നിയമസഭാ തെരഞ്ഞെടുപ്പിന്റെയും പ്രചാരണങ്ങളുടെയും തിരക്കുകൾക്ക് ശേഷം കുട്ടിക്കാനത്തിന്റെ തണുപ്പിൽ അവധി ആഘോഷിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മലനിരകളിൽ ട്രെക്കിംഗ് നടത്തുന്നതിന്റെയും സുഹൃത്തുക്കൾക്കൊപ്പം വിശ്രമിക്കുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നു.
കോൺഗ്രസ് ഡിജിറ്റൽ മീഡിയ സെൽ കോ-ഓർഡിനേറ്റർ താര ടോജോ അലക്സാണ് സതീശന്റെ അവധിക്കാല വീഡിയോ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. "വനത്തിലാണ്.... വനവാസത്തിലല്ല" എന്ന കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. തെരഞ്ഞെടുപ്പിന് ശേഷം താൻ കാടുകയറാൻ പോകുമെന്നും ട്രെക്കിംഗ് തനിക്ക് പ്രിയപ്പെട്ടതാണെന്നും സതീശൻ നേരത്തെ വ്യക്തമാക്കിയിരുന്നു.
തെരഞ്ഞെടുപ്പിൽ യുഡിഎഫിന് മികച്ച വിജയം നേടിക്കൊടുക്കാനായില്ലെങ്കിൽ താൻ രാഷ്ട്രീയ വനവാസത്തിന് പോകുമെന്ന് സതീശൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു. പരാജയം സംഭവിച്ചാൽ അതിന്റെ പൂർണ ഉത്തരവാദിത്തം താൻ ഏറ്റെടുക്കുമെന്നും പൊതുപ്രവർത്തനത്തിൽ നിന്ന് മാറിനിൽക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഈ വെല്ലുവിളിയുമായി ബന്ധപ്പെടുത്തിയാണ് 'വനവാസത്തിലല്ല' എന്ന താര ടോജോയുടെ കുറിപ്പിന് സമൂഹമാധ്യമങ്ങളിൽ കമന്റുകൾ വരുന്നത്.
തെരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ, അടുത്ത സുഹൃത്തുക്കൾക്കൊപ്പം കുട്ടിക്കാനത്തെ റിസോർട്ടിലാണ് അദ്ദേഹം സമയം ചെലവഴിക്കുന്നത്. ഇടയ്ക്കിടെ ഇത്തരം യാത്രകൾ പോകാറുള്ള സതീശൻ, രാഷ്ട്രീയ തിരക്കുകളിൽ നിന്ന് ചെറിയൊരു ഇടവേള എടുത്തിരിക്കുകയാണ്.
District News
കോന്നി: കൊടും ചൂടിൽ കാടിനുള്ളിലും വെള്ളവും തീറ്റയുമില്ലാതായതോടെ വന്യമൃഗങ്ങളും പുറത്തേക്ക്. വനത്തിനുള്ളിലെ സ്വാഭാവിക നീരുറവകളും തോടുകളും വറ്റിവരണ്ടതോടെ വന്യജീവികൾ കടുത്ത കുടിവെള്ളക്ഷാമമാണ് നേരിടുന്നത്. ഒറ്റപ്പെട്ട വേനൽമഴ മാത്രമാണ് കാടിനും വന്യമൃഗങ്ങൾക്കും നേരിയ ആശ്വാസമാകുന്നത്.കഴിഞ്ഞ മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നത് കാടിന്റെ ആവാസവ്യവസ്ഥയെ സാരമായി ബാധിച്ചിട്ടുണ്ട്.
ഉൾവനങ്ങളിലെ കുളങ്ങളും അരുവികളും വറ്റിയതോടെ ആനയടക്കമുള്ള വന്യമൃഗങ്ങൾ ജലത്തിനായി കിലോമീറ്ററുകളോളം സഞ്ചരിക്കേണ്ട അവസ്ഥയിലാണ്. ഇതിനൊപ്പം പുല്ലും സസ്യങ്ങളും കരിഞ്ഞുണങ്ങിയത് സസ്യഭുക്കുകളായ ജീവികളുടെ ഭക്ഷണത്തെയും ബാധിച്ചു. ഇത് പലപ്പോഴും മൃഗങ്ങൾ ജനവാസ മേഖലകളിലേക്ക് ഇറങ്ങാൻ കാരണമാകുന്നുണ്ട്.പകൽസമയത്തെ അസഹനീയമായ ചൂട് കാരണം മൃഗങ്ങൾ കാടിനുള്ളിലെ തണൽ തേടി ഒതുങ്ങിക്കൂടുകയാണ്.
മുൻകരുതലുമായി വനംവകുപ്പ്
കൊടുംചൂടിൽ വന്യമൃഗങ്ങൾക്കുണ്ടാകാവുന്ന ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് വിവിധ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് വനപാലകർ പറഞ്ഞു.വനത്തിനുള്ളിൽ നിർമിച്ചിട്ടുള്ള കൃത്രിമ ജലസംഭരണികളിൽ വെള്ളം ഉണ്ടെന്ന് ഉറപ്പ് വരുത്തുന്നുണ്ട്. വേനൽമഴ ലഭിച്ചെങ്കിലും അധികൃതർ ജാഗ്രത തുടരുകയാണ്. ലന്റന പോലുള്ള അധിനിവേശ സസ്യങ്ങൾ കാട്ടുതീ പടരാൻ കാരണമാകുമെന്നതിനാൽ ഫയർ ലൈനുകൾ തെളിക്കുന്ന ജോലികളും സജീവമാണ്.
ഇടയ്ക്കു ലഭിക്കുന്ന വേനൽമഴ നേരിയ ആശ്വാസമാകുന്നുണ്ട്. നീർച്ചാലുകൾ സജീവമായിട്ടില്ലെങ്കിലും കുളങ്ങളിൽ വെള്ളം കെട്ടിക്കിടക്കാൻ മഴ കാരണമായി. മഴ പെയ്തതോടെ കാടിന്റെ പച്ചപ്പ് തിരികെ വരാൻ തുടങ്ങിയിട്ടുണ്ടെങ്കിലും, വേനൽ ഇനിയും കടുക്കാനുള്ള സാധ്യത മുൻനിർത്തി അതീവ ജാഗ്രതയിലാണ് വനംവകുപ്പും പരിസ്ഥിതി പ്രവർത്തകരും.
Kerala
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനായി എൽഡിഎഫ് പുറത്തിറക്കിയ പ്രകടന പത്രിക തിരുത്തി. വനം, പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട ഭാഗങ്ങളിലും ബഫർസോൺ ഉൾപ്പെടെയുള്ള മൂന്ന് വിവാദ ഖണ്ഡികകളിലുമാണ് മാറ്റം വരുത്തിയത്.
വനത്തിന് ബഫർസോൺ ഉണ്ടാക്കി നിയന്ത്രണങ്ങൾ കർശനമാക്കുമെന്നതും സംരക്ഷിത വനമേഖലകളിലും കോർസോണിന് ചുറ്റും ബഫർസോൺ ഉണ്ടാക്കി നിയന്ത്രണങ്ങൾ കർശനമാക്കുമെന്നതും ഒഴിവാക്കി. മുഴുവൻ ഏകവിള തോട്ടങ്ങളെയും സ്വാഭാവിക വനങ്ങളാക്കി മാറ്റാൻ ഇക്കോ റെസ്റ്റോറേഷൻ നടപ്പിലാക്കുമെന്നതും ഒഴിവാക്കിയിട്ടുണ്ട്.
ബഫർസോൺ സംബന്ധിച്ച് ജനഹിതം മുൻനിർത്തി സംസ്ഥാന സർക്കാർ നിർദേശങ്ങൾ കേന്ദ്രസർക്കാർ മുന്നിൽ അവതരിപ്പിക്കും എന്നാണ് തിരുത്തൽ. ബഫർസോണിൽ പ്രദേശവാസികളെ വിശ്വാസത്തിൽ എടുത്തുകൊണ്ട് മാത്രമെ നിയന്ത്രണങ്ങൾ നടപ്പിലാക്കൂവെന്നും പ്രകടന പത്രികയിൽ പറയുന്നു.
Kerala
സംസ്ഥാനത്ത് ഇടതുമുന്നണിക്കു നല്ല രാഷ്ട്രീയ-ജനകീയ അടിത്തറയുണ്ട്. കഴിഞ്ഞ പത്തു വർഷത്തെ ഇടതുമുന്നണി സർക്കാരിന്റെ ജനക്ഷേമ പ്രവർത്തനങ്ങൾ ജനങ്ങൾ മറക്കില്ല. ജനങ്ങളാണു മുന്നണിയുടെ കരുത്ത്. നല്ല ഭൂരിപക്ഷത്തോടെ ഇടതുമുന്നണി മൂന്നാമതും അധികാരത്തിൽ വരും-സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ നല്ല ആത്മവിശ്വാസത്തിലാണ്.
താങ്കൾ മത്സരിക്കാത്തതെന്തെന്ന ചോദ്യത്തിനും അദ്ദേഹത്തിനു വ്യക്തമായ മറുപടി ഉണ്ടായിരുന്നു. സിപിഎം പോളിറ്റ്ബ്യൂറോ അംഗം കൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ മത്സരിക്കുകയാണ്. അദ്ദേഹമാണു തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിയെ നയിക്കുന്നത്. അതുകൊണ്ടുതന്നെ പാർട്ടി കേന്ദ്ര നേതൃത്വം ഒരു പിബി അംഗം മത്സരിച്ചാൽ മതിയെന്നു തീരുമാനിക്കുകയായിരുന്നു. ദീപികയ്ക്കനുവദിച്ച പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ.
കോണ്‍ഗ്രസ് വളരെ ആത്മവിശ്വാസത്തിലാണ്. ഭരണം കിട്ടിയില്ലെങ്കിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ രാഷ്ട്രീയ വനവാസത്തിനു പോകുമെന്നാണു പറഞ്ഞിരിക്കുന്നത്?
സതീശന്റേതു ഭംഗിയുള്ള കളവാണ്. ഒരു കാരണവശാലും യുഡിഎഫിനു ഭൂരിപക്ഷം കിട്ടാൻ പോകുന്നില്ല. തെരഞ്ഞെടുപ്പാകുന്പോൾ ഇത്തരത്തിലുള്ള പരാമർശങ്ങളൊക്കെ ഉണ്ടാകും. ഇതിനേയും അങ്ങനെ കണ്ടാൽ മതി. ഒരു കാര്യം ഉറപ്പാണ്. യുഡിഎഫ് ജയിക്കാനും പോകുന്നില്ല. സതീശൻ വനവാസത്തിനു പോകാനും പോകുന്നില്ല. ഇതാണു സംഭവിക്കാൻ പോകുന്നത്.
ബിജെപിക്ക് ഈ തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാൻ കഴിയുമോ ?
ബിജെപി രാജ്യം ഭരിക്കുന്ന പാർട്ടിയാണ്. അതുകൊണ്ടുതന്നെ കേരളത്തിൽ അവരുടെ സ്വാധീനം വർധിപ്പിക്കാനുള്ള ശ്രമം അവർ നടത്തുന്നുണ്ട്. പക്ഷേ കേരളത്തിൽ അതു നടക്കാൻ പോകുന്നില്ല. ബിജെപിയെയും വർഗീയ ശക്തികളെയും പ്രതിരോധിക്കുകയെന്നതാണു സിപിഎമ്മിന്റെയും ഇടതുമുന്നണിയുടെയും പ്രധാന കടമ. അതു ഭംഗിയായി നടക്കുന്നുണ്ട്. തെരഞ്ഞെടുപ്പു വരുന്പോൾ യുഡിഎഫ് ബിജെപിയെ സഹായിക്കാറുണ്ട്. യുഡിഎഫിന്റെ പിന്തുണയില്ലാതെ ബിജെപിക്ക് ഒരു നേട്ടവും കേരളത്തിൽ ഉണ്ടാക്കാൻ ആകില്ല.
പ്രതിപക്ഷം ആരോപിക്കുംപോലെ സിപിഎമ്മും ബിജെപിയും തമ്മിൽ എന്തെങ്കിലും ഡീൽ ഉണ്ടോ ?
യുഡിഎഫിന്റെ പെയ്ഡ് പിആർ ഏജൻസിയുടെ കുറിപ്പടിയാണിത്. അങ്ങനെയൊരു ഡീൽ സിപിഎമ്മിന് ആവശ്യമില്ല. ഒരു കാലത്തും പാർട്ടിയുടെ ഭാഗത്തുനിന്ന് അങ്ങനെയൊരു നീക്കം ഉണ്ടായിട്ടില്ല. പന്തു ഗോൾ പോസ്റ്റിലേക്കാണ് അടിക്കേണ്ടത്. എന്നാൽ പന്ത് ഉയർത്തിയടിക്കുന്നു. ചിലപ്പോൾ കഷ്ടകാലത്തിനു പോസ്റ്റിലേക്കു കയറിപ്പോയാൽ കിട്ടി എന്ന രീതിയാണ്. ഇതാണു ഡീൽ ആരോപണവും. ബിജെപിയും കോണ്‍ഗ്രസും ഒരുമിച്ചുനിന്ന് വി.പി. സിംഗ്, ചന്ദ്രശേഖർ, ഗുജ്റാൾ എന്നിവരുടെ സർക്കാരുകളെ അട്ടിമറിച്ചത് ആരും മറക്കില്ല. ജനങ്ങൾ നല്ല വിവേകമുള്ളവരാണ്.
ജി. സുധാകരനെപ്പോലുള്ള മുതിർന്ന സിപിഎം നേതാക്കൾ പാർട്ടിവിട്ടത് ഒഴിവാക്കേണ്ടതായിരുന്നില്ലേ ? ഇക്കാര്യത്തിൽ പാർട്ടി നേതൃത്വത്തിനു വീഴ്ചയുണ്ടായില്ലേ ?
പാർട്ടിക്കുള്ളിൽ ആശയപരമായ അഭിപ്രായവ്യത്യാസം സ്വാഭാവികമാണ്. സുധാകരൻ പോയത് ആശയപരമായ അഭിപ്രായവ്യത്യാസത്തിന്റെ ഭാഗമായല്ല. പാർലമെന്ററി വ്യാമോഹമാണ് സുധാകരനെ ഇങ്ങനെയൊരു മാനസികാവസ്ഥയിലെത്തിച്ചത്. പാർട്ടിയിൽ എല്ലാർക്കും എല്ലാക്കാലത്തും പാർലമെന്ററി രംഗത്തു പ്രവർത്തികാനാകില്ല. സുധാകരനു പാർട്ടിയിലും പാർലമെന്ററി രംഗത്തും ധാരാളം അവസരങ്ങൾ നൽകി. എന്നാൽ എല്ലാ കാലത്തും സുധാകരനു സ്ഥാനം വേണമെന്നത് അംഗീകരിക്കാൻ കഴിയില്ല.
പാർട്ടിക്കുള്ളിലെ അഴിമതി ചൂണ്ടിക്കാട്ടിയാണ് വി. കുഞ്ഞികൃഷ്ണനും ടി.കെ. ഗോവിന്ദനും പാർട്ടി വിട്ടത്. കണ്ണൂരിൽ സിപിഎമ്മിൽ എന്താണു സംഭവിക്കുന്നത് ?
എന്തു സംഭവിച്ചുവെന്നാണു പറയുന്നത്? കുഞ്ഞികൃഷ്ണനും ടി.കെ. ഗോവിന്ദനും പറയുന്നത് ആരോപണം മാത്രമാണ്. അതു പറയാനുള്ള വേദി അവർക്കുണ്ടായിരുന്നു. എന്നാൽ അവരതു ചെയ്യാതെ എതിരാളികൾക്ക് ആയുധം കൊടുക്കുകയായിരുന്നു. ഒരു വ്യക്തിക്ക് അഴിമതി നടത്തി ധനസന്പാദനം നടത്താൻ പാർട്ടി സംവിധാനത്തിൽ കഴിയില്ല.
പരാതിയോ സംശയമോ ഉന്നയിക്കപ്പെട്ടാൽ അതു പരിശോധിക്കാനുള്ള സംവിധാനം പാർട്ടിക്കുണ്ട്. ഇത് അറിയാത്തവരല്ല രണ്ടു പേരും. കുഞ്ഞികൃഷ്ണൻ തന്നിഷ്ടപ്രകാരം പ്രവർത്തിക്കുന്ന വ്യക്തിയാണ്. വൈകി പാർട്ടി സംവിധാനവുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചു വന്ന ആളാണ്. അതിന്റെ കുറവുണ്ട്. തന്റെ തീരുമാനങ്ങൾ നടപ്പിലാക്കാനാണ് കുഞ്ഞികൃഷ്ണൻ ശ്രമിച്ചത്. പാർട്ടിക്കു വധേയനായി പ്രവർത്തിക്കുന്ന ആളല്ല അദ്ദേഹം.
ടി.കെ. ഗോവിന്ദനു പല സ്ഥാനങ്ങളും പാർട്ടി നൽകി. എംഎൽഎ ആകാൻ പറ്റിയില്ല. അതിന്റെ വിഷമമാകും അദ്ദേഹത്തിനുള്ളത്. മാധ്യമ ശ്രദ്ധ കിട്ടാൻ വേണ്ടിയാണ് പാർട്ടിക്കെതിരേ പറയുന്നത്.
എം.വി. ഗോവിന്ദന്റെ ശൈലി മാറ്റണമെന്ന അഭിപ്രായം പൊതുവേ ഉണ്ട്. പാർട്ടിക്കും അങ്ങനെയൊരു അഭിപ്രായമില്ലേ?
ഓരോ വ്യക്തികൾക്കും അവരുടേതായ ശൈലിയുണ്ട്. ആ രീതിയിലാകും അവർ കാര്യങ്ങൾ അവതരിപ്പിക്കുക. അതാണു പാർട്ടി സെക്രട്ടറിയും ചെയ്തുവരുന്നത്. എം.വി. ഗോവിന്ദൻ തിരുത്തപ്പെടേണ്ടതുണ്ടെന്ന് ഇതുവരെയും പാർട്ടിക്കു തോന്നിയിട്ടില്ല.
പ്രസംഗങ്ങളിൽ താങ്കളും വിവാദ പരാമർശങ്ങൾ നടത്താറുണ്ട്. ഇതു ബോധപൂർവമാണോ അതോ വന്നുപോകുന്നതാണോ ?
വന്നുപോകുന്നതാണ്. ജീവിച്ചുവരുന്ന നാട്ടിലെ ശൈലി പ്രധാനമാണ്. യുക്തികളും ഉക്തികളും ഉണ്ടാകും. ഇതു മനസിലാക്കണം. എന്നാൽ ചില മാധ്യമ പ്രവർത്തകർ വിവാദമുണ്ടാക്കാൻ ശ്രമിക്കാറുണ്ട്. വാക്കുകൾ സൂക്ഷ്മതയോടെ പ്രയോഗിക്കണമെന്ന കാര്യത്തിൽ തനിക്കും എതിരഭിപ്രായമില്ല.
പിണറായി വിജയനും ഇത്തരം വിവാദ പദപ്രയോഗങ്ങൾ നടത്താറുണ്ട്. ഇക്കാര്യത്തിൽ നേതാക്കൾ ഒരു പുനർചിന്തനം നടത്തേണ്ടതല്ലേ ?
തെരഞ്ഞെടുപ്പു കാലത്തു അരാഷ്ട്രീയവത്കരണം നടത്താൻ വിവാദങ്ങൾ ഉണ്ടാക്കുന്നതു മാധ്യമങ്ങളുടെ ഒരു ശീലമാണ്. വിഷയങ്ങളുടെ ഗൗരവമനുസരിച്ചാണു താനും പിണറായിയുമൊക്കെ സംസാരിക്കുന്നത്. വിഷയത്തിന്റെ ഗൗരവത്തിനാണു പ്രസക്തി. അല്ലാതെ ഉപയോഗിക്കുന്ന വാക്കിനല്ല.
Kerala
ഇടുക്കി: മറയൂരിൽ ജനവാസമേഖലയെ വിറപ്പിച്ചു കാട്ടുപോത്തിന്റെ വിളയാട്ടം. ഒാടിയ വഴിയിൽ കണ്ണിൽ കണ്ടതെല്ലാം തകർത്തായിരുന്നു പോത്തിന്റെ പരാക്രമം. പഞ്ചായത്ത് ഒാഫീസിനുള്ളിലും ഹോട്ടലിലും കയറി ഫർണിച്ചറുകളും മറ്റും തകർത്തു.
ആക്രമണത്തിൽ രണ്ടു പേർക്ക് പരിക്കേറ്റു. പോത്തിന്റെ മുന്നിൽ പെടാതിരിക്കാൻ ജനം പലവഴി ഒാടി.
മറയൂർ പഞ്ചായത്ത് ഓഫീസിനുള്ളിലാണ് കാട്ടുപോത്ത് കയറിയത്. ഓഫീസിലെ സെക്രട്ടറി ഉൾപ്പെടെയുള്ളവർ പുറത്തിറങ്ങിയതിനാൽ വലിയ അപകടം ഒഴിവായി. പലരും മേശപ്പുറത്തും തട്ടിൻപുറത്തും കയറിയാണ് ജീവൻ രക്ഷപ്പെടുത്തിയത്.
ഏറെ നേരം ഓഫീസിനുള്ളിൽ കുടുങ്ങിക്കിടന്ന പോത്തിനെ വനംവകുപ്പും നാട്ടുകാരും ചേർന്ന് ഏറെ പരിശ്രമിച്ചാണ് പുറത്തിറക്കിയത്. തുടർന്നു സമീപത്തെ ഹോട്ടലിലും കയറിയ പോത്ത് അവിടെയുണ്ടായിരുന്ന ഉപകരണങ്ങളും ഫർണിച്ചറുകളും തകർത്തു.
ഇതിനിടെ, കാട്ടുപോത്തിന്റെ ആക്രമണത്തിൽ കുമുട്ടാംകുഴി ആദിവാസി കോളനിയിലെ കാമാക്ഷി, സെൽവി എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രദേശത്ത് വനംവകുപ്പ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
Kerala
കൊല്ലം: പുനലൂരില്‍ ആദിവാസി യുവാവിനെ കാട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തേന്‍ വില്‍പ്പനയ്ക്കായി കഴിഞ്ഞ ദിവസമാണ് വീട്ടില്‍ നിന്നും പോയത്. ഇയാളുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാര്‍ ആരോപിച്ചു.
അരയ്ക്ക് താഴേക്ക് മുറിവേറ്റ നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. പുനലൂര്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
തേന്‍ കൊടുക്കാനായി കാര്‍ വിളിച്ച് പോയതാണ്. എന്നാല്‍ അതിന് ശേഷം വീട്ടില്‍ വന്നിട്ടില്ലെന്നാണ് അറിഞ്ഞതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
Kerala
പത്തനാപുരം: വനവിഭവങ്ങൾ ശേഖരിക്കാൻ കാട്ടിലെത്തിയ പിറവന്തൂർ മുള്ളുമല ഉന്നതിയിലെ ദമ്പതിമാർ കാട്ടാനക്കൂട്ടത്തിനു മുൻപിൽ അകപ്പെട്ടു. ആനക്കൂട്ടം പാഞ്ഞടുത്തതോടെ ദമ്പതിമാരായ കരുണാകരനും ഭാര്യ റംസയും രക്ഷപ്പെടാനായി മരത്തിൽ കയറി. പിന്നീട് വനപാലകർ എത്തിയാണ് ഇവരെ രക്ഷപ്പെടുത്തിയത്.
കരുണാകരൻ കൈയിലുള്ള മൊബൈൽ ഫോണിൽനിന്ന് വിവരം മണ്ണാറപ്പാറ വനം റെയ്ഞ്ച് ഓഫീസിലേക്ക് വിളിച്ചറിയിക്കുകയായിരുന്നു. ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർ ഇന്ദ്രജിത്തിന്റെ നേതൃത്വത്തിൽ വനപാലകരും ഉന്നതിയിലെ യുവാക്കളും മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിലാണ് ഇരുവരെയും കണ്ടത്തി രക്ഷപ്പെടുത്തിയത്.
കട്ടാനക്കൂട്ടം മരത്തിന്റെ ചുവട്ടിൽ നിലയുറപ്പിച്ചതോടെ വനപാലകർ ആനയെ വിരട്ടിയോടിച്ചശേഷമാണ് ഇരുവരെയും താഴെയിറക്കിയത്. കുറേദിവസം കാട്ടിൽ കഴിയാനുള്ള ആഹാരസാധനങ്ങളുമായി ചൊവ്വാഴ്ച രാവിലെയാണ് ഉൾവനത്തിലേക്ക് കരുണാകരനും ഭാര്യ റംസയും പോയത്.
വനവിഭവങ്ങൾ ശേഖരിക്കാൻ പതിവായി കാടുകയറുന്നതാണ് ഇവർ. ദിവസങ്ങൾകൊണ്ടു ശേഖരിക്കുന്ന വിഭവങ്ങൾ തലച്ചുമടായി ഉന്നതിയിലെത്തിക്കുകയാണ് പതിവ്.
Kerala
തിരുവനന്തപരും: സംസ്ഥാനത്ത് വനം- വന്യജീവി വകുപ്പ് പങ്കാളിത്ത വനം പരിപാലനം പദ്ധതിക്കായി ജർമൻ ബാങ്കിൽ നിന്നും കോടികളുടെ വായ്പ എടുക്കുന്നു.
409.20 കോടി (56 മില്യണ്‍ യൂറോ) ജർമനിയിലെ കെഎഫ്ഡബ്ല്യു ഡവലപ്മെന്റ് ബാങ്കിൽ നിന്നും വായ്പയായി വാങ്ങാനാണ് സംസ്ഥാന സർക്കാർ അനുമതി നല്‍കിയിരിക്കുന്നത്.
വനത്തിനുള്ളിലെ നടീൽ പ്രവർത്തനങ്ങൾ ഏറ്റെടുക്കാനും ശക്തിപ്പെടുത്താനും വന്യജീവി ആക്രമണം ലഘൂകരിക്കുവാനും ലക്ഷ്യമിട്ടുള്ള അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുകയാണ് പദ്ധതിയുടെ ഉദ്ദേശം.
പങ്കാളിത്ത വനപരിപാലനം (പിഎഫ്എം) പദ്ധതി നടപ്പാക്കുന്നതിനായി ജർമൻ ബാങ്കിൽ നിന്നും ഫണ്ട് ലഭ്യമാക്കുന്നതിനായി വനം വകുപ്പ് പദ്ധതി തയാറാക്കി നല്‍കിയിരുന്നു. പദ്ധതിയുടെ ആകെ ചെലവായി കണക്കാക്കുന്നത് 511.56 കോടി രൂപയാണ്. ഇതിൽ 409.20 കോടിയാണ് ജർമൻ ബാങ്ക് വായ്പയായി നല്‍കുക. ബാക്കി വരുന്ന 102.3 കോടി രൂപ സംസ്ഥാനം കണ്ടെത്തണം.
കേന്ദ്ര കാലാവസ്ഥാ മന്ത്രാലയം മുഖേനയാണ് വായ്പകൾ സ്വീകരിക്കുകയെന്നും ഇതിനായി അനുമതി നല്‍കിയതായും കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഉത്തരവിൽ പറയുന്നു.
വനം വകുപ്പ് തയാറാക്കിയ പദ്ധതി അംഗീകാരത്തിനും അനുമതിക്കുമായി ചീഫ് കണ്‍സർവേറ്റർ ഓഫ് ഫോറസ്റ്റ് സർക്കാരിലേക്ക് സമർപ്പിച്ചിരുന്നു. ഇതിലാണ് അനുമതി നല്‍കിക്കൊണ്ട് ഇപ്പോൾ ഉത്തരവിറങ്ങിയിരിക്കുന്നത്.
Kerala
തിരുവനന്തപുരം: ഒടുവിൽ സംസ്ഥാന തലസ്ഥാനത്തേക്കും കാട്ടുപന്നി എത്തിയിരിക്കുന്നു. ഇന്നു രാവിലെ തിരുവനന്തപുരം നഗരത്തിൽ കഴക്കൂട്ടത്ത് ആക്കുളം ബൈപ്പാസിലാണ് വാഹനം തട്ടിയ നിലയിൽ കാട്ടുപന്നിയെ കണ്ടെത്തിയത്.
തലസ്ഥാനത്തേക്കും കാട്ടുപന്നി എത്തിയെന്ന വാർത്ത നഗരവാസികളെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. പരിക്കേറ്റ കാട്ടുപന്നിയെ രക്ഷിക്കണമെന്ന ആവശ്യവുമായി മൃഗസ്നേഹികൾ രംഗത്തുവന്നിട്ടുണ്ട്.
അതേസമയം, കാട്ടുപന്നികൾ നഗരത്തിലേക്ക് ഇറങ്ങിയാൽ അതു മനുഷ്യരുടെ ജീവനു ഭീഷണിയാണെന്നും അതു തടയാൻ നടപടിവേണമെന്നും ആവശ്യമുയർന്നിട്ടുണ്ട്. വനമില്ലാത്ത ആലപ്പുഴയിൽ കാട്ടുപോത്തിനെ കണ്ടതു ഏതാനും ആഴ്ചകൾക്കു മുമ്പാണ്.
വന്യമൃഗശല്യം വനത്തോടു ചേർന്നുള്ള പ്രദേശങ്ങളും മലയോരങ്ങളും വിട്ട് ടൗണുകളിലേക്കും നഗരങ്ങളിലേക്കും എത്തുകയാണ്. ഇതോടെയെങ്കിലും അധികാരികൾ ഉണർന്നു നടപടിയെടുക്കുമെന്ന പ്രതീക്ഷയിലാണ് വന്യമൃഗ ശല്യത്താൽ വലയുന്ന കർഷകരും മലയോരവാസികളും.
Kerala
കൊച്ചി: ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട്, വനം-വന്യജീവി നിയമഭേദഗതി, യുവജന പലായനം എന്നീ വിഷയങ്ങളിൽ നിലപാട് പരസ്യമായി പറയാൻ സംസ്ഥാനത്തെ മൂന്നു മുന്നണികളും തയാറാകണമെന്ന് കത്തോലിക്ക കോൺഗ്രസ് കേന്ദ്ര സമിതി.
മലയോര മേഖലയ്ക്കുവേണ്ടി കൃത്യമായ വികസനനയം മുന്നോട്ടു വയ്ക്കാൻ രാഷ്ട്രീയ പാർട്ടികൾക്ക് ആകുന്നില്ല. വനമില്ലാത്ത ആലപ്പുഴ ജില്ലയിൽ വരെ കാട്ടുപോത്ത് ഇറങ്ങുന്ന സാഹചര്യം നിലനിൽക്കുമ്പോൾ നാട്ടിലിറങ്ങുന്ന വന്യജീവികളെ നിയന്ത്രിക്കുന്നതിനുള്ള പദ്ധതികൾ പ്രഖ്യാപിക്കാനും, ദേശീയ വനം-വന്യജീവി നിയമം ഭേദഗതി ചെയ്യുന്നതിൽ നിലപാടെടുക്കാനും മുന്നണികൾ തയാറാകണം. കേരളത്തിലെ യുവജനങ്ങളെ ഇവിടെ പിടിച്ചുനിർത്താൻ പര്യാപ്തമായ പദ്ധതികൾ പ്രഖ്യാപിക്കുകയും വേണം.
തെരഞ്ഞെടുപ്പാകുമ്പോൾ വലിയ വാഗ്ദാനങ്ങൾ അവതരിപ്പിക്കുകയും, ആരോപണ-പ്രത്യാരോപണ കോലാഹലങ്ങളുണ്ടാക്കി ജനകീയ വിഷയങ്ങൾ മറയ്ക്കുകയും ചെയ്യുന്ന രാഷ്ട്രീയശൈലി മാറണം. എല്ലാത്തരം വർഗീയതയെയും ഒരുപോലെ കാണുകയും എതിർക്കുകയും ചെയ്യാൻ രാഷ്ട്രീയ പാർട്ടികൾക്കാവണം.
13നും 14നും കണ്ണൂരിൽ നടക്കുന്ന കത്തോലിക്ക കോൺഗ്രസ് ജന്മവാർഷിക യോഗത്തിലും അന്തർദേശീയ സമ്മേളനത്തിലും വിവിധ രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികൾ പങ്കെടുക്കും. 14ന് കണ്ണൂർ പോലീസ് പരേഡ് ഗ്രൗണ്ടിൽ നടക്കുന്ന സമുദായ ശക്തീകരണ സംഗമത്തിൽ രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കുമെന്നും കത്തോലിക്ക കോൺഗ്രസ് കേന്ദ്ര സമിതി അറിയിച്ചു.
പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ഡയറക്ടർ ഫാ. ഡോ. ഫിലിപ്പ് കവിയിൽ, ജനറൽ സെക്രട്ടറി ഡോ. ജോസുകുട്ടി ഒഴുകയിൽ, ട്രഷറർ അഡ്വ. ടോണി പുഞ്ചക്കുന്നേൽ, പ്രഫ. കെ.എം. ഫ്രാൻസിസ്, ബെന്നി ആന്റണി, രാജേഷ് ജോൺ, ട്രീസ ലിസ് സെബാസ്റ്റ്യൻ, ഡോ. കെ.പി. സാജു, അഡ്വ. മനു ജെ. വരാപ്പള്ളി എന്നിവർ പ്രസംഗിച്ചു.
Kerala
ഇരിട്ടി: അയ്യൻകുന്ന് പഞ്ചായത്തിലെ പാലത്തുംകടവിൽ ബാരാപ്പോൾ പദ്ധതി പ്രദേശത്ത് ബീറ്റ് ഫോറസ്റ്റ് ഓഫീസർ കെ.രാഹുലിനെ പുള്ളിപ്പുലി ആക്രമിച്ചു. സഹപ്രവർത്തകർ ചേർന്നു ആകാശത്തേക്കു വെടിയുതിർത്തു രാഹുലിനെ രക്ഷപ്പെടുത്തി.
മാസങ്ങളോളം പഴക്കം ഉള്ള പരിക്കുകൾ ഉണ്ടായിരുന്ന പുള്ളിപ്പുലി പിന്നാലെ ചത്തു. ബാരാപോൾ പദ്ധതി പ്രദേശത്ത് പുഴത്തീരത്ത് സോളർ പാനലുകൾ സ്ഥാപിച്ച ഭാഗത്താണ് സംഭവം. വൈകിട്ട് 4.30 ഓടെ റീഡിംഗ് എടുക്കാൻ എത്തിയ കെഎസ്ഇബി സോളർ വിഭാഗം ജീവനക്കാരായ പ്രവീണും ധനേഷും ആണു പുലിയെ കാണുന്നത്.
ഭയന്നു ഓടിയ ഇരുവരും സോളർ പാനലിന്റെ മുകളിൽ കയറി ഇരുന്നു കെഎസ്ഇബി അധികൃതരെ വിവരം അറിയിച്ചു. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ മേരി റെജിയുടെ നേതൃത്വത്തിൽ പ്രദേശവാസികളും ഇരിട്ടി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സുനിൽ കുമാർ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ കെ.രാഹുൽ, അമൽ, സരിക എന്നിവരടങ്ങിയ വനംവകുപ്പ് സംഘവും സ്ഥലത്തെത്തി.
പുലി സമീപത്തെ കാടു പിടിച്ച ഭാഗത്തേക്കു കയറിയിട്ടുണ്ടെന്നു ഇവർ അറിയച്ചതോടെ ഫോറസ്റ്റ് ഉദ്യോഗസ്ഥർ നിരീക്ഷണത്തിനായി ഈ ഭാഗത്തേക്കു നീങ്ങി. തെരച്ചിൽ നടത്തുന്നതിനിടയിൽ പുലി രാഹുലിനെ ആക്രമിക്കുകയായിരുന്നു. ഇതോടെ ഇവർ കൈവശം ഉണ്ടായിരുന്ന ടെൽവ് ബോർ തോക്ക് ഉപയോഗിച്ചു ആകാശത്തേക്കു വെടിയുതിർത്തു പുലിയെ അകറ്റി. പിന്നാലെ പുലിയെ ചത്ത നിലയിൽ കണ്ടെത്തി.
രാഹുലിനെ ഉടൻ ഇരിട്ടി അമല ആശുപത്രിയിൽ എത്തിച്ചു പ്രഥമ ശുശ്രൂഷ നൽകിയ ശേഷം കണ്ണൂർ ജില്ലാ ആശുപത്രിയിലേക്കു മാറ്റി. പുലി രാഹുലിനെ ആക്രമിക്കുമ്പോൾ പഞ്ചായത്ത് അംഗം ഉൾപ്പെടെ 50 മീറ്റർ ദൂരത്തിൽ ഉണ്ടായിരുന്നു.
കൊട്ടിയൂർ റേഞ്ചർ ടി. നിധിൻരാജ്, ആറളം ആർആർടി വെറ്റിർനറി സർജൻ ഡോ. ഇല്യാസ് റാവുത്തർ, തോലമ്പ്ര സെക്ഷൻ ഫോറസ്റ്റർ സി.കെ. മഹേഷ് എന്നിവരുടെ നേതൃത്വത്തിൽ എത്തിയ സംഘം പരിശോധന നടത്തി. പുലിയുടെ ഇടതു മുൻകാലിന്റെ പാദത്തിൽ ആഴത്തിൽ മുറിവും ഇടതു പിൻകാലിൽ നീരും ഉണ്ടായിരുന്നു.
സ്വാഭാവികമായി തീറ്റ എടുക്കാൻ പറ്റാത്ത വിധം ക്ഷീണം ഉണ്ടായിരുന്ന പുലി പരിക്കുകൾ മൂലം ആണു ചത്തതെന്നാണ് നിഗമനം എന്നും ഉദ്യോഗസ്ഥർ സൂചിപ്പിച്ചു. 10 വയസിലധികം പ്രായം ഉള്ള ആൺപുലി ആയിരുന്നു. ആറളം ആർആർടി ആസ്ഥാനത്തെ ആശുപത്രിയിലേക്ക് മാറ്റിയ പുലിയെ വ്യാഴാഴ്ച പോസ്റ്റ്മോർട്ടം നടത്തി പ്രോട്ടോക്കോൾ പ്രകാരം സംസ്കരിക്കും.
പോസ്റ്റ്മോർട്ടത്തിനു ശേഷമേ കൃത്യമായ കാരണങ്ങൾ മനസിലാക്കാൻ സാധിക്കുവെന്നും വനം വകുപ്പ് വ്യക്തമാക്കി. അയ്യൻകുന്ന് പഞ്ചായത്ത് പ്രസിഡന്റ് മിനി വിശ്വനാഥനും സ്ഥലത്തെത്തിയിരുന്നു.
Kerala
പനമരം: ഒരു ഇടവേളയ്ക്കു ശേഷം പനമരം എരനെല്ലൂരിൽ വീണ്ടും
കാട്ടാനകൾ എത്തി. വാടോച്ചാൽ, മേച്ചേരി ഭാഗത്ത് രണ്ടു ആനകളാണ് ഇന്നു പുലർച്ചെയോടെ ജനവാസ മേഖലയിലേക്ക് എത്തിയത്. മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിൽ വനം വകുപ്പ് അധികൃതർ ആനകളെ പ്രദേശത്തുനിന്നു തുരത്തി.
എരനെല്ലൂർ ഭാഗത്ത് ആദ്യമെത്തിയ കാട്ടാനകളെ മാനന്തവാടി റേഞ്ച് ഓഫിസിൽനിന്ന് എത്തിയ വനം വകുപ്പ് ജീവനക്കാർ തുരത്താൻ ശ്രമിച്ചതോടെ ആനകൾ മേച്ചേരിയിൽ എത്തുകയായിരുന്നു. എല്ലാ വർഷവും ഈ ഭാഗത്തേക്ക് ആനകൾ എത്തുന്നതിനാൽ ഭീതിയിലാണ് തങ്ങളെന്നു പ്രദേശവാസികൾ പറയുന്നു.
പാതിരി സൗത്ത് സെക്ഷൻ വനമേഖലയിൽനിന്നാണ് രണ്ട് കൊമ്പന്മാർ പനമരം ചെറുപുഴ കടന്ന് മേച്ചേരി ഭാഗത്ത് എത്തിയത്. വനംവകുപ്പ് ജീവനക്കാരും ആർആർടി സംഘം ഉൾപ്പെടെയുള്ളവരും ചേർന്നാണ് ആനകളെ തുരത്തിയത്.
Kerala
പത്തനംതിട്ട: മകരവിളക്ക് ദിവസം ശബരിമല സന്നിധാനത്തും പരിസര പ്രദേശങ്ങളിലും സിനിമാ ഷൂട്ടിംഗ് നടത്തിയതിന് സംവിധായകൻ അനുരാജ് മനോഹറിനെ പ്രതിയാക്കി കേസെടുത്തു. വനത്തിൽ അതിക്രമിച്ചു കയറിയതിന് വനംവകുപ്പാണ് കേസെടുത്തത്.
പത്തനംതിട്ട റാന്നി ഡിവിഷനിലാണ് നിലവിൽ കേസെടുത്തത്. പെരിയാർ കടുവാ സങ്കേതത്തിന്റെ ഭാഗമായ സ്ഥലത്താണോ ചിത്രീകരണം നടത്തിയതെന്ന് വനംവകുപ്പ് പരിശോധിച്ചുവരികയാണ്.
പമ്പയിൽ ചിത്രീകരണം നടത്തി എന്നായിരുന്നു സംവിധായകന്റെ വാദം.
Kerala
കണ്ണൂർ: കൂത്തുപറമ്പിൽ വനംവകുപ്പിന്റെ വാഹനം കാറിലിടിച്ചുണ്ടായ അപകടത്തിൽ യുവതിക്ക് പരിക്കേറ്റു. കാർ യാത്രക്കാരിയായ കതിരൂർ സ്വദേശി നിബയ്ക്കാണ്(29) പരിക്കേറ്റത്. ഇവരെ കൂത്തുപറമ്പ് ഗവ. താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച രാവിലെ രാവിലെ 9.45 ഓടെയായിരുന്നു സംഭവം. തലശേരി ഭാഗത്തേയ്ക്ക് പോവുകയായിരുന്ന കാറിന്റെ പിറകിൽ ഇടിച്ച് അപകടമുണ്ടാക്കി നിർത്താതെ പോയ വനംവകുപ്പിന്റെ വാഹനത്തെ നാട്ടുകാർ പിന്തുടർന്ന് പാറാലിൽ വച്ച് പിടികൂടുകയായിരുന്നു.
മദ്യപിച്ച് ലക്കുകെട്ട നിലയിലായിരുന്നു ഡ്രൈവറെന്ന് പോലീസ് പറഞ്ഞു. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. ആറളം ഫോറസ്റ്റ് ഓഫീസ് വാഹനത്തിന്റെ താൽക്കാലിക ഡ്രൈവർ ഇരിട്ടി സ്വദേശി പി. രഘുനാഥനെ (54) ആണ് കസ്റ്റഡിയിലെടുത്തത്.
പിന്നീട് അറസ്റ്റ് ചെയ്ത പ്രതിയെ ജാമ്യത്തിൽ വിട്ടയച്ചു. വനംവകുപ്പിന്റെ വാഹനത്തിൽ മറ്റാരും ഉണ്ടായിരുന്നില്ല.
Kerala
കൽപ്പറ്റ: വയനാട് ചേലോട് എസ്റ്റേറ്റിൽ പുലി കൂട്ടിലായി. മൂന്നര വയസ് കണക്കാക്കുന്ന പുലിയാണ് വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ ഇന്നു പുലർച്ചെ അകപ്പെട്ടത്. പുലിയെ കുപ്പാടി പച്ചാടി ഹോസ്പീസിലേക്കു മാറ്റി. വനസേന പുലിയെ നിരീക്ഷിച്ചു വരികയാണ്.
ഇവിടെ പുലിയുടെ സാന്നിധ്യമുണ്ടെന്ന നാട്ടുകാരുടെ നിരന്തര പരാതിയെത്തുടർന്നാണ് വനംവകുപ്പ് കൂട് സ്ഥാപിക്കാൻ തയാറായത്. പലേടത്തും പുലിയും കടുവയുമൊക്കെ കൂട്ടിൽ വീഴുന്നുണ്ടെങ്കിലും ഇവയുടെ ശല്യം കുറയുന്നില്ല എന്നതാണ് നാട്ടുകാരുടെ പ്രധാന പരാതി. വനസാമീപ്യമുള്ള പല മേഖലകളിലും വളർത്തു മൃഗങ്ങൾ മാത്രമല്ല മനുഷ്യർ പോലും വന്യമൃഗ ആക്രമണ ഭീഷണയിലാണ് കഴിയുന്നത്.
Kerala
തൊടുപുഴ: പുലര്‍ച്ചെ റബര്‍ ടാപ്പിംഗിനു പോയ രണ്ടു പേരെ കാട്ടുപോത്ത് ആക്രമിച്ചു. ഉടുമ്പന്നുര്‍ മഞ്ചിക്കല്ല് സ്വദേശികളായ കൂവക്കാട്ടില്‍ മുരളി (60), പുരയിടത്തില്‍ സാബു ( 62) എന്നിവർക്കു നേരെയാണ് കാട്ടുപോത്തിന്റെ ആക്രമണം ഉണ്ടായത്. കൈക്ക് ഒടിവ് സംഭവിച്ച മുരളിയെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സാബുവിനും കൈയ്ക്കു പരിക്കേറ്റങ്കിലും സാരമുള്ളതല്ല.
പരിക്കേറ്റ് വഴിയിൽ
ഇന്നു പുലര്‍ച്ചെ 3.30 ഓടെ മഞ്ചിക്കല്ല് ഒലിവിരിപ്പ് മേഖലയിലായിരുന്നു കാട്ടുപോത്ത് ഇറങ്ങിയത്. രാവിലെ റബര്‍ ടാപ്പിംഗിനായി പതിവുപോലെ പോകുകയിരുന്നു ഇരുവരും. സ്കൂട്ടറില്‍ പോവുകയായിരുന്ന സാബു റോഡില്‍ കാട്ടുപോത്തിനെ കണ്ടു വാഹനം വെട്ടിച്ച് മാറ്റി. എന്നാല്‍, കൊമ്പുകൊണ്ട് കൈക്കു തട്ടി ചെറുതായി പരിക്കേറ്റെങ്കിലും കാട്ടുപോത്തില്‍നിന്നു രക്ഷപ്പെടാനായി. തുടര്‍ന്നു മുന്നോട്ടു പോകുമ്പോഴാണ് കാട്ടുപോത്ത് ഇടിച്ചിട്ട നിലയില്‍ മുരളി പരിക്കേറ്റ് റോഡില്‍ കിടക്കുന്നത് കണ്ടത്. തുടര്‍ന്ന് വീട്ടുകാരെയും നാട്ടുകാരെയും വിവരം അറിയിച്ച് മുരളിയെ ആശുപത്രിയിലാക്കുകയായിരുന്നു.
കാട്ടുപോത്ത് ആദ്യം
നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് രാവിലെ അഞ്ചോടെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി മേഖലയില്‍ പരിശോധന നടത്തിയെങ്കിലും കാട്ടുപോത്തിനെ കണ്ടെത്താനായില്ല. സമീപത്തെ വീടിന്റെ മുറ്റത്തു വരെ കാല്‍പ്പാടുകള്‍ കണ്ടെത്തിയിട്ടുണ്ട്. പ്രദേശത്തു മുന്‍കാലങ്ങളില്‍ കാട്ടുപന്നിയുടെ ശല്യം ഉണ്ടാകാറുണ്ടെങ്കിലും കാട്ടുപോത്ത് എത്തുന്നത് ആദ്യമാണെന്നു മുന്‍ പഞ്ചായത്ത് പ്രസിഡന്റ് എം. ലതീഷ് പറഞ്ഞു. ഉപ്പുകുന്ന് മേഖലയില്‍നിന്നാകാം കാട്ടുപോത്ത് എത്തിയതെന്നാണ് നിഗമനം. പോലീസും റവന്യു ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു.
Special News
നാട്ടിലെ മരങ്ങൾക്കിടയിലൂടെ സന്ധ്യാനേരത്തോ പുലർച്ചെയോ നിങ്ങൾ നടക്കുകയാണെന്നു സങ്കൽപ്പിക്കുക. മനുഷ്യനേത്രങ്ങൾക്ക് ഒന്നും കാണാനാവില്ലെങ്കിലും ആ വനഭൂമിയിൽ ഒരു -പ്രകാശമേള- നടക്കുന്നുണ്ടാകാം. ആൺമാനുകൾ തങ്ങളുടെ സാന്നിധ്യം പെൺമാനുകളെ അറിയിക്കാൻ മരങ്ങളിലും മണ്ണിലും അവശേഷിപ്പിക്കുന്ന അടയാളങ്ങൾ ഇരുട്ടിൽ നിയോൺ വിളക്കുകൾ പോലെ തിളങ്ങുന്നുവെന്നു പുതിയ പഠനങ്ങൾ പറയുന്നു. അമേരിക്കയിലെ പ്രമുഖ സർവകലാശാലയായ യൂണിവേഴ്സിറ്റി ഓഫ് ജോർജിയയിലെ ഗവേഷകരാണ് പ്രകൃതിയിലെ അദ്ഭുതപ്രതിഭാസം കണ്ടെത്തിയത്.
തിളങ്ങുന്ന അടയാളങ്ങൾ
പ്രജനന കാലത്തു തങ്ങളുടെ സാന്നിധ്യം അറിയിക്കാനായി ആൺമാനുകൾ മരത്തോലുകൾ കൊമ്പുകൊണ്ട് ഉരച്ചുമാറ്റാറുണ്ട്. കൂടാതെ മണ്ണിൽ കുഴികളുണ്ടാക്കി അവിടെ മൂത്രമൊഴിച്ച് അടയാളങ്ങൾ ഇടാറുമുണ്ട്. ഈ അടയാളങ്ങളിൽനിന്നു പുറപ്പെടുന്ന ഗന്ധം നോക്കിയാണ് പെൺമാനുകൾ വിവരങ്ങൾ മനസിലാക്കുന്നത് എന്നാണ് ഇതുവരെ കരുതിയിരുന്നത്. എന്നാൽ, ഗന്ധത്തിനൊപ്പം ഈ അടയാളങ്ങൾ പുറപ്പെടുവിക്കുന്ന വെളിച്ചവും ആശയവിനിമയത്തിനു സഹായിക്കുന്നുണ്ടെന്നാണ് ഗവേഷകരുടെ കണ്ടെത്തൽ.
ഫോട്ടോലൂമിനസെൻസ് (Photoluminescence)
ഫോട്ടോലൂമിനസെൻസ് എന്ന പ്രതിഭാസമാണ് ഇതിനു പിന്നിൽ. ഒരു വസ്തു പ്രകാശത്തെ ആഗിരണം ചെയ്ത ശേഷം മറ്റൊരു തരംഗദൈർഘ്യത്തിൽ അതിനെ പുറത്തുവിടുന്ന രീതിയാണിത്. മനുഷ്യർക്ക് കാണാൻ കഴിയാത്ത അൾട്രാവയലറ്റ് രശ്മികളെയാണ് മാനുകളുടെ അടയാളങ്ങൾ ഇത്തരത്തിൽ പ്രതിഫലിപ്പിക്കുന്നത്. ഗവേഷകരുടെ അഭിപ്രായത്തിൽ, പുലർച്ചെയും സന്ധ്യാനേരത്തും ഒരു മാനിന്റെ കണ്ണിലൂടെ നോക്കിയാൽ ഈ അടയാളങ്ങൾ നിയോൺ വിളക്കുകൾ പോലെ തിളങ്ങുന്നതു കാണാം.
കണ്ടെത്തലുകൾ
ജോർജിയയിലെ വൈറ്റ് ഹാൾ വനത്തിൽ നടത്തിയ പഠനത്തിൽ 146 മാൻ അടയാളങ്ങളാണ് ഗവേഷകർ പരിശോധിച്ചത്. മണ്ണിൽ കലർന്ന മൂത്രം വെളള പെയിന്റ് ഒഴിച്ചതുപോലെ വെളുത്ത നിറത്തിൽ തിളങ്ങുന്നതായി ഗവേഷകർ കണ്ടെത്താൻ കഴിഞ്ഞു. മരത്തോലുകൾ ഉരച്ചുമാറ്റിയ ഭാഗങ്ങളും സമാനമായ രീതിയിൽ പ്രകാശം പുറപ്പെടുവിക്കുന്നു. പ്രജനനകാലത്താണ് അടയാളങ്ങളുടെ പ്രകാശതീവ്രത വർധിക്കുന്നതെന്നും ഗവേഷകർ അഭിപ്രായപ്പെടുന്നു.
Kerala
ഇരിട്ടി: കണ്ണൂർ അയ്യൻകുന്ന് പഞ്ചായത്തിലെ ബാരാപോൾ മാക്കണ്ടയിൽ നാലു പശുക്കളെ വന്യജീവി കടിച്ചു കൊന്നു. പുല്ലാട്ട് കുന്നേൽ രാകേഷിന്റെ ഫാമിലെ തൊഴുത്തിൽ കെട്ടിയിരുന്ന പശുക്കളെയാണ് വന്യജീവി കടിച്ചു കൊന്നത്. ഇന്നു രാവിലെയായിരുന്നും സംഭവം.
പശുക്കളെ കൊലപ്പെടുത്തിയത് കടുവയോ പുലിയോ ആകാമെന്നാണ് ഫാം ഉടമ രാകേഷും പ്രദേശവാസികളും പറയുന്നത്. വൃക്കരോഗിയായ രാകേഷിന്റെ ഉപജീവന മാർഗമായിരുന്നു പശുവളർത്തൽ. വനമേഖലയായ ഇവിടെ പുലിയുൾപ്പടെയുള്ള വന്യജീവികളുണ്ടെന്ന കാര്യം അധികൃതരെ പലതവണ അറിയിച്ചും നടപടികൾ ഒന്നുമുണ്ടായില്ലെന്ന് ആരോപണമുണ്ട്.
വകുപ്പധികൃതർ കാട്ടിയ അനാസ്ഥയാണ് നാലു പശുക്കളുടെ ജീവനെടുത്തതെന്നും പ്രദേശവാസികൾ ആരോപിക്കുന്നു. രണ്ടു മാസം മുമ്പ് വാണിയപ്പാറത്തട്ട് പാറയ്ക്കാമലയിലും വന്യജീവി പശുവിനെ കൊന്നു തിന്നിരുന്നു. ഈ മേഖലയിൽനിന്നു വളർത്തു നായകളെ കാണാതായ സംഭവവും ഉണ്ടായിരുന്നു.
പശുക്കളെ വന്യജീവി കൊന്ന ഫാം സണ്ണി ജോസഫ് എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യൻ, പഞ്ചായത്ത് പ്രസിഡന്റ് മിനി വിശ്വനാഥൻ, വൈസ് പ്രസിഡന്റ് കെ.സി. ചാക്കോ പഞ്ചായത്ത് അംഗങ്ങൾ, വനംവകുപ്പ് ജീവനക്കാർ എന്നിവർ സന്ദർശിച്ചു.
District News
നാദാപുരം: വാണിമേല്‍ പഞ്ചായത്തിലെ മലയോര മേഖലയായ മലയങ്ങാട് കാട്ടാനക്കൂട്ടമിറങ്ങി. വ്യാപകമായി കൃഷി നാശിപ്പിച്ചു. കണ്ണൂര്‍ ജില്ലയിലെ കണ്ണവം വനമേഖലയോട് ചേര്‍ന്നുകിടക്കുന്ന പ്രദേശമാണ് മലയങ്ങാട്. എഴുക്കുന്നേല് ബാബു, ജയിംസ്, വാഴയില്‍ അമ്മദ് എന്നിവരുടെ കാര്‍ഷിക വിളകളാണ് ആനക്കൂട്ടം നശിപ്പിച്ചത്.
ബാബുവിന്റെ റബ്ബര്‍ മരങ്ങള്‍, വാഴകള്‍, തെങ്ങുകള്‍ തുടങ്ങിയവ പിഴുതെറിഞ്ഞും ചവിട്ടിയും നശിപ്പിച്ചു. ജയിംസ്, അമ്മദ് എന്നിവരുടെ തെങ്ങുകളാണ് നശിപ്പിച്ചത്. കുട്ടി ആനകള്‍ ഉള്‍പ്പെടെ ആറ് ആനകള്‍ രണ്ട് ദിവസമായി മലയങ്ങാടും പരിസരത്തെ കൃഷി ഭൂമികളില്‍ നാശം വിതയ്ക്കുകയാണെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
കണ്ണവം വനാതിര്‍ത്തിയില്‍ ഫെന്‍സിംഗ് ലൈനുകള്‍ ഇല്ലാത്ത സ്ഥലങ്ങളിലൂടെയാണ് ആനകള്‍ കൃഷിയിടങ്ങളില്‍ ഇറങ്ങുന്നത്. വനമേഖലയില്‍ ഫെന്‍സിംഗ് ലൈനുകള്‍ സ്ഥാപിക്കണമെന്ന കര്‍ഷകരുടെ ആവശ്യങ്ങള്‍ക്ക് വര്‍ഷങ്ങളുടെ പഴക്കം ഉണ്ടെങ്കിലും വനംവകുപ്പ് ചെവിക്കൊള്ളാറില്ലെന്ന് കര്‍ഷകര്‍ പറയുന്നു.
കാട്ടാനക്കൂട്ടം ഇറങ്ങിയ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് വിലങ്ങാട് സെക്ഷന്‍ ഫോറസ്റ്റ് അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയതായി പ്രദേശവാസികള്‍ പറഞ്ഞു.
Kerala
പത്തനംതിട്ട: തീർഥാടകരുടെ എണ്ണം കൂടിയതിനാൽ പുല്ലുമേട് കാനനപാത വഴിയുള്ള ശബരിമല ദർശനത്തിന് കർശന നിയന്ത്രണം. ഇതോടെ വണ്ടിപ്പെരിയാർ സത്രത്തിലൂടെ സ്പോട്ട് ബുക്കിംഗ് വഴി ഒരു ദിവസം ആയിരം തീർഥാടകരെ മാത്രമേ കടത്തി വിടുകയുള്ളൂ.
വിർച്ച്വൽ ക്യൂ വഴി വണ്ടിപെരിയാർ - പുല്ലുമേട് പാത ബുക്ക് ചെയ്ത തീർഥാടകർക്ക് നിയന്ത്രണം ബാധകമല്ല. ഹൈക്കോടതി നിർദേശത്തെ തുടർന്നാണ് തീരുമാനം. സാമൂഹിക മാധ്യമങ്ങളിലൂടെ പാതയുടെ പ്രകൃതി ഭംഗി കണ്ട് നിരവധി തീർഥാടകരാണ് പുല്ലുമേട് പാത തെരഞ്ഞെടുക്കുന്നത്.
പ്രകൃതിരമണീയമായ പുല്ലുമേടുകൾ മാത്രമല്ല കുത്തനെയുള്ള കയറ്റങ്ങളും ചെങ്കുത്തായ ഇറക്കങ്ങളും ഉൾപ്പെടെ 16 കിലോമീറ്റർ ദൈർഘ്യം ഉള്ളതാണ് പുല്ലുമേട് കാനനപാത. അതിനാൽ കുട്ടികളും പ്രായമായവരും പരമാവധി കാനനപാത ഒഴിവാക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് അഭ്യർഥിച്ചു.
കഴിഞ്ഞ ദിവസങ്ങളിൽ പുല്ലുമേട് പാതയിലൂടെയുള്ള യാത്രയ്ക്കിടെ വനത്തിൽ കുടുങ്ങിപ്പോയ നിരവധി തീർഥാടകരെയാണ് ഫയർഫോഴ്സിന്റെ നേതൃത്വത്തിലുള്ള റെസ്ക്യൂ സംഘം സ്ട്രക്ചറിൽ വനപാതയിൽ നിന്ന് സന്നിധാനത്ത് എത്തിച്ചത്. അതിനാൽ പൂർണ ശാരീരിക ക്ഷമതയുള്ളവർ മാത്രം ഈ പാത തെരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം.
എരുമേലിയിൽ നിന്ന് പരമ്പരാഗത കാനനപാത വഴി എത്തുന്നവർക്ക് ദർശനത്തിനുള്ള പ്രത്യേക പാസ് നൽകുന്നു എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തയും അടിസ്ഥാനരഹിതമാണ്. ഇത്തരത്തിൽ ഒരു പാസും നിലവിൽ എരുമേലി പരമ്പരാഗത പാത വഴി എത്തുന്ന തീർഥാടകർക്ക് നൽകുന്നില്ല.
പാസ് ഏർപ്പെടുത്തണമെന്ന് ആവശ്യമുയരുന്നുണ്ട്. എങ്കിലും ഹൈക്കോടതിയുടെ നിർദേശമനുസരിച്ചാകും അന്തിമ തീരുമാനമെടുക്കുന്നത്. നിലവിൽ അത്തരത്തിൽ പ്രത്യേക പാസ് ഭക്തർക്ക് നൽകുന്നില്ല.
Kerala
വയനാട്: ജനവാസ മേഖലയിൽ ഇറങ്ങിയ കടുവയെ കാടുകയറ്റാനുള്ള ശ്രമം തുടരുന്നു. ചീക്കല്ലൂർ വയലിലെ തുരുത്തിലാണ് കടുവയുള്ളത്. അഞ്ച് വയസുള്ള ആൺ കടുവയാണിതെന്ന് വനംവകുപ്പ് അറിയിച്ചു.
പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. പടക്കം പൊട്ടിച്ച് കടുവയെ ഓടിക്കാനാണ് ഉദ്യോഗസ്ഥർ ശ്രമിക്കുന്നത്. കടുവയെ കണ്ടെത്തിയ സ്ഥലത്ത് കൂടുവയ്ക്കാനും നടപടി ആരംഭിച്ചു.
കൈതക്കാടിൽ പുറത്തിറങ്ങിയ കടുവ ജനവാസ മേഖലയിലേക്കാണ് ഓടി കയറിയത്. പ്രദേശവാസികളോട് വീടിനകത്ത് തന്നെ തുടരാൻ നിർദേശം നൽകിയിട്ടുണ്ട്.
National
ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ കാലിത്തീറ്റ ശേഖരിക്കുന്നതിനിടെ കടുവയുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു. പൗരി ഗർവാൾ ജില്ലയിലെ കാലാഗഡ് ടൈഗർ റിസർവ് പ്രദേശത്താണ് സംഭവം.
വെള്ളിയാഴ്ച വൈകുന്നേരം അഞ്ചോടെ റിഖാനിഖൽ ബ്ലോക്കിൽ ഊർമിള ദേവി മരുമകൾ പ്രിയയ്ക്കൊപ്പം കന്നുകാലികൾക്ക് കാലിത്തീറ്റ ശേഖരിക്കുന്നതിനിടെയാണ് സംഭവം നടന്നത്.
കുഞ്ഞിന്റെ കരച്ചിൽ കേട്ട് പ്രിയ വീടിനുള്ളിലേക്ക് പോയി. എന്നാൽ ഊർമിള ദേവി കാലിത്തീറ്റ ശേഖരിക്കുന്നത് തുടർന്നു. ഏറെ സമയം കഴിഞ്ഞിട്ടും ഊർമിള വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് മരുമകൾ അന്വേഷിച്ചു പോയപ്പോഴാണ് ഇവരെ മരിച്ചനിലയിൽ കണ്ടെത്തിയത്. ഇവരുടെ ശരീരത്തിന് സമീപം കടുവയും ഇരിപ്പുണ്ടായിരുന്നു.
പ്രിയയുടെ കരച്ചിൽ കേട്ട് ഗ്രാമവാസികൾ ഓടിക്കൂടി. തുടർന്ന് കടുവ സ്ഥലത്ത് നിന്നും പോവുകയായിരുന്നു.
പ്രദേശത്ത് വന്യമൃഗങ്ങളുടെ ആക്രമണം പതിവായിരിക്കുകയാണെന്ന് എംഎൽഎ ദിലീപ് റാവത്ത് പ്രതികരിച്ചു. സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച അദ്ദേഹം, വന്യമൃഗങ്ങളുടെ ആക്രമണം തടയാൻ സർക്കാർ കൃത്യമായ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ, താൻ രാജിവയ്ക്കുമെന്ന് പറഞ്ഞു.
Kerala
കോഴിക്കോട്: വനംവകുപ്പിന്റെ പദ്ധതി നടത്തിപ്പുകളില്‍ വ്യാപകമായ ക്രമക്കേടുകളുണ്ടെന്ന ആക്ഷേപത്തിനിടെ വകുപ്പിലെ ആഭ്യന്തര അന്വേഷണ സംവിധാനമായ ഫോറസ്റ്റ് ഫ്ളയിംഗ് സ്ക്വാഡിന്റെ ഘടനയും പ്രവര്‍ത്തനങ്ങളും പരിഷ്കരിച്ച് വനം വിജിലന്സാക്കി മാറ്റി.
അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ (വിജിലന്‍സ് ആന്‍ഡ് ഫോറസ്റ്റ് ഇന്റലിജന്‍സ്) നല്കിയ ശിപാര്‍ശ അംഗീകരിച്ചാണു മാറ്റം. ഫ്ളയിംഗ് സ്ക്വാഡ് മുക്കിയ ഒട്ടേറെ അഴിമതികള്‍ കോഴിക്കോട് ജില്ലയിലടക്കം പോലീസ് വിജിലന്‍സ് പൊക്കിയ സാഹചര്യത്തില്‍ക്കൂടിയാണ് വനംവിജിലന്സിന്റെ ഘടനയിലും പ്രവര്‍ത്തനങ്ങളിലും മാറ്റം. ഫ്ളയിംഗ് സ്ക്വാഡ് ഓഫീസുകളുടെ പേര് വിജിലന്‍സ് ഓഫീസുകളായി പുനര്‍നാമകരണം ചെയ്തിട്ടുമുണ്ട്.
വനംവകുപ്പിന്റെ പദ്ധതികളിലെ ക്രമക്കേടുകള്ക്കെതിരേയോ അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരേയോ പേരു വെളിപ്പെടുത്താതെ പരാതി നല്കാന് കഴിയുന്നതടക്കം നേരത്തേ യുണ്ടായിരുന്ന സംവിധാനങ്ങളാണു ചെറിയ മാറ്റങ്ങളോടെ പുനര്‍ക്രമീകരിച്ചിരിക്കുന്നത്.
വനംവകുപ്പിന്റെ പദ്ധതികളില്‍ കൈയിട്ടുവാരല്‍ വ്യാപകമാണെന്നാണ് ആക്ഷേപം. ജനങ്ങള്‍ക്ക് ഇതിന്റെ തെളിവുകള്‍ സഹിതം പരാതി നല്‍കാം.
വനംവിജിലന്സിന്റെ പോര്‍ട്ടല്‍ മുഖേന പരാതി അയച്ചാല്‍ റഫറന്‍സ് നമ്പര്‍ ലഭിക്കും. അത് ഉപയോഗിച്ച് പരാതികളിലെ തുടര്‍ അന്വേഷണ നടപടികളെക്കുറിച്ച് അറിയാന്‍ കഴിയും. പരാതിക്കാരന്റെ പേര്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍, ഇ-മെയില്‍ അഡ്രസ് എന്നിവകൂടി ഉള്‍പ്പെടുത്തിയാണു പരാതി നല്‍കേണ്ടത്. തെളിവുകളും ഉള്‍പ്പെടുത്താം. പരാതിയോ പരാതിക്കാനോ വ്യാജനല്ലെന്ന് ഉറപ്പിക്കാന്‍ വനംവിജിലന്‍സ് തിരിച്ചു ബന്ധപ്പെടും. വ്യാജമാണെങ്കില്‍ പരാതി ഒഴിവാക്കും. പ്രാഥമിക അന്വേഷണത്തില്‍ പരാതിയില്‍ കഴമ്പുണ്ടെന്നു കണ്ടെത്തിയാല്‍ പരാതിക്കാരന്റെ പേര് തിരിച്ചറിയുന്നത് ഒഴിവാക്കാന്‍ രഹസ്യകോഡ് നല്കി തുടര്‍ അന്വേഷണം തുടങ്ങും.
പരാതി അന്വേഷിച്ച വനം വിജിലന്‍സ് ഉദ്യോഗസ്ഥനെതിരേ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കു പരാതി നല്കാന് കഴിയും. പക്ഷെ ആ പരാതി വ്യാജമാണന്നു കണ്ടെത്തിയാല്‍ പരാതിപ്പെട്ട ഉദ്യോഗസ്ഥനെതിരേ വകുപ്പുതല നടപടി ഉണ്ടാവും.
അതേസമയം വനം വകുപ്പിലെ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ റാങ്കിനു മുകളിലുള്ള ഉദ്യോഗസ്ഥര്‍ക്കെതിരേയുള്ള പരാതികള്‍ വനം വിജിലന്‍സ് അന്വേഷിക്കേണ്ടെന്നും നിര്‍ദേശമുണ്ട്. ഇത്തരം പരാതിയിലെ ഓരോ ആരോപണങ്ങള്‍ക്കും വസ്തുതാപരമായ റിപ്പോര്‍ട്ട് തയാറാക്കി തുടര്‍ നടപടികള്‍ക്കായി സര്‍ക്കാരിനു സമര്‍പ്പിക്കാനാണു നിര്‍ദേശം.
വനം വിജിലന്‍സിന്റെ അന്വേഷണ പരിധിയിലുള്ള പരാതികളുടെ വിവരം വിവരാവകാശ നിയമപ്രകാരം ലഭിക്കില്ല. വിജിലന്‍സ് മേധാവിയുടെ ഓഫീസില്‍നിന്നും അന്വേഷണ റിപ്പോര്‍ട്ട് അംഗീകരിച്ചു പരാതി തീര്‍പ്പാക്കി എന്ന വിവരം ലഭിച്ചതിനുശേഷം മാത്രമേ വനം വിജിലന്‍സ് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍, ഇന്സ്പെക്ഷന് ആന്‍ഡ് ഇവാല്യുവേഷന് കണ്‍സര്‍വേറ്റര്‍ എന്നിവരുടെ ഓഫീസില്‍നിന്നും വിവരാവകാശ നിയമപ്രകാരമുള്ള വിവരങ്ങള്‍ നല്‍കുകയുള്ളൂ.
Kerala
പനമരം: അമ്മാനിയിൽ കാട്ടാന ആക്രമണം യുവാവിനു പരിക്ക്പനമരം അമ്മാനിയിൽ കാട്ടാന ആക്രമണം യുവാവിന് പരിക്ക്. പുലർച്ചെ മൈസൂർക്ക് പോകുന്നതിനായി ബസ് കയറാൻ നീർവാരത്തുനിന്നു പുഞ്ചവയിലേക്ക് നടന്നപോകുന്നതിനിടെ അമ്മാനി കവലയുടെ സമീപത്തുനിന്നാണ് ആക്രമണം ഉണ്ടായത്. നീർവാരം നെടുംകുന്നേൽ മോഹനന്റെ മകൻ സത്യനെയാണ് കാട്ടാന ആക്രമിച്ചത് പരിക്കേറ്റ സത്യനെ മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
International
തിരുവനന്തപുരം: ബോണക്കാട് ഉൾവനത്തിൽ കടുവകളുടെ എണ്ണം എടുക്കാൻ പോയി കാണാതായ ഫോറസ്റ്റ് ഉദ്യോഗസ്ഥരെ കണ്ടെത്തി.
ബോണക്കാട് ഈരാറ്റുമുക്ക് ഇരുതോട് ഭാഗത്തായാണ് ഇവരുടെ ലൊക്കേഷൻ കണ്ടെത്തിയിരിക്കുന്നത്. മൂന്നുപേരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.
മൂന്നംഗ സംഘത്തിലെ ഒരാൾക്ക് വഴി തെറ്റിയതാണ് കാരണമെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഇയാൾക്കായി തെരയുകയായിരുന്നെന്നും ഇന്ന് രാവിലെയാണ് ഇയാളെ കണ്ടെത്തിയതെന്നുമാണ് വിവരങ്ങൾ.
പാലോട് റെയ്ഞ്ച് ഓഫീസിലെ വനിതാ ഫോറസ്റ്റർ വിനീത, ബിഎഫ്ഓ രാജേഷ്, വാച്ചർ രാജേഷ് എന്നിവരെയാണ് കാണാതായത്. ഇന്നലെ രാവിലെയാണ് ഇവർ ബോണക്കാട് ഉൾവനത്തിലെ കടുവകളുടെ എണ്ണം എടുക്കാൻ പോയത്.
Kerala
തളിപ്പറമ്പ്: ഗൂഗിൾ മാപ്പ് നോക്കി ആശുപത്രിയിലേക്കു പോയവർ കാട്ടിൽ കുടുങ്ങി. അഗ്നിരക്ഷാ സേനയെത്തിയാണ് ഇവരെ രക്ഷപ്പെടുത്തിയത്. തൃശൂർ സ്വദേശിയായ അലൻ വർഗീസിന്റെ വാഹനമാണ് കാട്ടിൽ കുടുങ്ങിയത്.
ജോലി സംബന്ധമായ ആവശ്യത്തിന് കണ്ണൂരിലെത്തിയ സംഘത്തിലെ ഒരാൾക്ക് സുഖമില്ലാതായതിനെത്തുടർന്ന് ആശുപത്രിയിലേക്ക് പോയപ്പോഴാണ് കാട്ടിൽ കുടുങ്ങിയത്. കണ്ണപുരം ഭാഗത്തുനിന്ന് പരിയാരം ഗവ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് പോകാനാണ് ഗൂഗിൾ മാപ്പിന്റെ സഹായം തേടിയത്. കാടുനിറഞ്ഞ് ഇടുങ്ങിയ, വാഹനങ്ങൾ കടന്നുപോകാത്ത കുഞ്ഞൻചാൽ ഭാഗത്തു കൂടിയുള്ള വഴിയാണ് ഗൂഗിൾ മാപ്പ് കാണിച്ചത്.
ഇതുവഴി പോയ ജീപ്പ് ചെറിയ താഴ്ചയിലേക്ക് ചെരിഞ്ഞ് കുടുങ്ങുകയായിരുന്നു. നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് തളിപ്പറമ്പിൽനിന്ന് അഗ്നിരക്ഷാ സേനയെത്തി നാട്ടുകാരുടെ സഹായത്തോടെ വാഹനം വലിച്ചുകയറ്റി.
Kerala
വയനാട് : അട്ടമല വനത്തിൽ ഗർഭിണിയായ ആദിവാസി യുവതിയെ കാണാതായി. ഏറാട്ടുകുണ്ട് ഉന്നതിയിലെ കൃഷ്ണന്റെ ഭാര്യ ലക്ഷ്മിയെ (ശാന്ത) ആണ് കാണാതായത്. എട്ട് മാസം ഗര്‍ഭിണിയാണ് ലക്ഷ്മി.
ഏറാട്ടുകുണ്ട് മേഖലയ്ക്ക് താഴെ നിലമ്പൂര്‍ വനമാണ്. ഇവിടെയാണ് പ്രധാനമായും വനംവകുപ്പും പോലീസും പട്ടികവര്‍ഗ വകുപ്പും ചേര്‍ന്ന് പരിശോധന നടത്തുന്നത്.
സെപ്റ്റംബറില്‍ ഇവരെ വൈത്തിരി ആശുപത്രിയില്‍ പരിശോധനയ്ക്ക് എത്തിച്ചിരുന്നു. പ്രത്യേക സജ്ജീകരണം ഒരുക്കിയാണ് ചികിത്സ നല്‍കിയത്. ഇതിനുശേഷം ഇവര്‍ ഉന്നതിയിലേക്ക് മടങ്ങി.
പണിയ വിഭാഗത്തില്‍ ഉള്‍പ്പെട്ട ഇവര്‍ വനമേഖലയിലെ ഗുഹകളിലും മറ്റും താമസിക്കാറുണ്ട്. കാണാതായ യുവതി പുറംലോകവുമായി അധികം ബന്ധപെട്ടിരുന്നില്ലായെന്നാണ് നാട്ടുകാര്‍ പറയുന്നത്. ശ്രേയസ് എന്ന സന്നദ്ധ സംഘടന ഇടപെട്ട് യുവതിയുടെ മൂന്ന് കുട്ടികളെ ഹോസ്റ്റലിലേക്ക് മാറ്റിയിരുന്നു.
District News
വണ്ടിപ്പെരിയാർ:.മണ്ഡലകാല മകരവിളക്ക് സീസൺ പ്രമാണിച്ച വണ്ടിപ്പെരിയാർ സത്രം – പുല്ലുമേട് പരമ്പരാഗത കാനന പാതയിൽ അടിസ്ഥാന സൗകര്യങ്ങളൊരുക്കാൻ വനംവകുപ്പ് നടപടി തുടങ്ങി. കാനനപാത തെളിക്കുന്ന ജോലികളാണ് ആരംഭിച്ചത്.
പുല്ലുമേട് ദുരന്തത്തെത്തുടർന്ന് കോഴിക്കാനം-പുല്ലുമേട് പാത അടച്ചതോടെ സത്രത്തിൽനിന്നു സന്നിധാനത്തേക്കുള്ള പരമ്പരാഗത കാനനപാത വഴിയാണ് ഭക്തരെ കടത്തിവിടുന്നത്. സീസൺ തുടങ്ങുന്നതിനു മുന്നോടിയായി പന്ത്രണ്ട് കിലോമീറ്റർ കാനനപാതയുടെ ഇരുവശത്തും വളർന്നുനിൽക്കുന്ന കാട്ടുചെടികളും പാതകളും വനം വകുപ്പ് വെട്ടിത്തെളിക്കാൻ തുടങ്ങി.
പാതകളിൽ വഴിമുടക്കിക്കിടന്നിരുന്ന മരങ്ങൾ മുറിക്കുന്ന പണികളും പുരോഗമിക്കുകയാണ്. പുല്ലുമേട്ടിൽ മുൻ കാലങ്ങളിൽ വനം വകുപ്പ് ഒരുക്കിയപോലെതന്നെ ഇക്കുറിയും ലഘുഭക്ഷണശാലയും ക്രമീകരിക്കും. അര കിലോമീറ്റർ ദൂരത്തിൽ ഇടവിട്ട് പന്ത്രണ്ട് ഇടങ്ങളിൽ കുടിവെള്ളം വിതരണം സജ്ജമാക്കും.
സീതക്കുളം, പുല്ല്മേട്, ഉപ്പുപാറ എന്നിവിടങ്ങളിലായി ആംബുലൻസ് മെഡിക്കൽ സേവനവും , സന്നിധാനം മുതൽ സത്രം വരെയുള്ളയിടങ്ങളിൽ വനം വകുപ്പ് ജീവനക്കാരെ കൂട്ടാതെ ഇക്കോ ഗാർഡുകളും ഉണ്ടാകും.
കഴിഞ്ഞ വർഷം മണ്ഡല കാലം ആരംഭിച്ചതു മുതൽ നടയടയ്ക്കുന്നതു വരെ 1,32,500 പേരാണ് ഇതുവഴി സന്നിധാനത്തേക്കു പോയത്. വണ്ടിപ്പെരിയാറിൽനിന്ന് 14 കിലോമീറ്ററാണ് സത്രത്തിലേക്കുള്ള ദൂരം. ഇതിൽ വണ്ടിപ്പെരിയാർ മുതൽ മൗണ്ട് എസ്റ്റേറ്റ് വരെ എട്ടു കിലോമീറ്റർ റോഡ് പൂർണമായും തകർന്നുകിടക്കുകയാണ്. പലയിടത്തും വലിയ കുഴികളും രൂപപ്പെട്ടു കഴിഞ്ഞു.
വനം വകുപ്പിന്റെ നേതൃത്വത്തിൽ നടത്തുന്ന അടിസ്ഥാന സൗകര്യങ്ങൾക്ക് പെരിയാർ കടുവാ സങ്കേതം വെസ്റ്റ് ഡിവിഷൻ ഡെപ്യൂട്ടി ഡയറക്ടർ എസ്. സന്ദീപ് , അഴുത റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ ബെന്നി ഐക്കര ഉൾപ്പെടെയുള്ളവരാണ് നേതൃത്വം നൽകുന്നത്.
Kerala
മലപ്പുറം: താള്‍ക്കൊല്ലി ഉള്‍വനത്തിനുള്ളില്‍ ഒരു ദിവസം പഴക്കമുള്ള കാട്ടാനയുടെ ജഡം കണ്ടെത്തി. 15 വയസ് പിന്നിട്ട പിടിയാനയെയാണ് ചെരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. താള്‍ക്കൊല്ലി കാരീരിയിലെ 1965 തേക്ക് പ്ലാന്റേഷനടുത്ത് ഞായറാഴ്ച രാവിലെ ഫീല്‍ഡ് പരിശോധനക്ക് പോയ വനംവകുപ്പ് ഉദ്യോഗസ്ഥരാണ് ജഡം കണ്ടെത്തിയത്.
പോസ്റ്റ്മോർട്ടം നടത്തിയെങ്കിലും ആന ചരിഞ്ഞത് എങ്ങനെയെന്ന് വ്യക്തമായിട്ടില്ല. കൂടുതല്‍ പരിശോധനക്കായി ആനയുടെ ആന്തരികാവയവങ്ങള്‍ ശേഖരിച്ചു.
അതേ സമയം ആനമറിയില്‍ വീട്ടുമുറ്റത്ത് എത്തിയ കാട്ടാന കൃഷി നശിപ്പിച്ചു. സോളാര്‍ പാനലും തകര്‍ത്തു.
District News
പെരുവണ്ണാമൂഴി: ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിലെ പൂഴിത്തോട്ടിൽ വീട്ടമ്മക്കു നേരേ കാട്ടുപന്നിയുടെ ആക്രമണം.
കാലത്ത് പള്ളിയിൽ പോയി തിരിച്ചു വീട്ടിലേക്ക് പോകും വഴിയിലാണ് മാവട്ടം തൈക്കടുപ്പിൽ രാജുവിന്റെ ഭാര്യ ടി.ഡി. ഷൈല (63) യെ കാട്ടുപന്നി ആക്രമിച്ചത്.
മുറിവേറ്റില്ലെങ്കിലും ശരീരം മുഴുവൻ വേദനയിലാണ്. പേരാമ്പ്ര ഇഎംഎസ് സഹകരണ ആശുപത്രിയിൽ ചികിത്സ തേടി. ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് മുൻ ഭരണസമിതി അംഗമാണ് ഷൈല.
District News
നിലമ്പൂർ വനമേഖലയോട് ചേർന്നുള്ള ജനവാസ കേന്ദ്രങ്ങളിൽ പുലിയിറങ്ങിയത് നാട്ടുകാരെ ഭീതിയിലാക്കി. കഴിഞ്ഞ ദിവസം രാത്രി ഒരു വീട്ടുമുറ്റത്ത് പുലിയെ കണ്ടതായി പ്രദേശവാസികൾ റിപ്പോർട്ട് ചെയ്തു. തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയും തിരച്ചിൽ ആരംഭിക്കുകയും ചെയ്തു.
പുലി ഇറങ്ങിയെന്ന വാർത്ത പരന്നതോടെ പ്രദേശവാസികൾ പുറത്തിറങ്ങാൻ ഭയപ്പെടുകയാണ്. കന്നുകാലികളെയും വളർത്തുമൃഗങ്ങളെയും വളർത്തുന്നവർക്ക് ഇത് വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. വനംവകുപ്പ് സ്ഥാപിച്ച ക്യാമറകളിൽ പുലിയുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്.
പുലിയെ എത്രയും പെട്ടെന്ന് പിടികൂടി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. പ്രദേശത്ത് കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുമെന്നും, വനംവകുപ്പ് പെട്രോളിംഗ് ശക്തമാക്കുമെന്നും അധികൃതർ അറിയിച്ചു.