കാട്ടാനക്കൂട്ടം വീടിന്‍റെ മുകളിലേക്ക് പന മറിച്ചിട്ട നിലയിൽ.
കോതമംഗലം: എറണാകുളം കോതമംഗലത്തു കാട്ടാന ആക്രമണം രൂക്ഷം. കുട്ടമ്പുഴ പിണവൂര്‍കുടിയില്‍ ഇന്നു പുലര്‍ച്ചെയെത്തിയ കാട്ടാനക്കൂട്ടം വീടിന്‍റെ മുകളിലേക്കു പനമരം മറിച്ചിട്ടു. പൊട്ടനാനിക്കല്‍ ബിനോയിയുടെ വീടിന്‍റെ മേല്‍ക്കൂരയിലേക്കാണ് മരം മറിച്ചിട്ടത്. വീട് ഏതാണ്ട് പൂർണമായി തകർന്ന അവസ്ഥയിലാണ്.
പുലര്‍ച്ചെ മൂന്നോടെ ഒച്ച കേട്ട വീട്ടിലെ താമസക്കാരായ രാജന്‍, ഭാര്യ അനിത, ഇവരുടെ പത്തു വയസുകരി മകള്‍ എന്നിവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. കാട്ടാനശല്യം മൂലം വീടിനു പുറത്തിറങ്ങാന്‍ പോലും കഴിയാത്ത അവസ്ഥയാണെന്നും വന്യമൃഗശല്യത്തിനു ശാശ്വത പരിഹാരം കാണണമെന്നും വാര്‍ഡ് മെമ്പര്‍ ബിന്ദു രാജേന്ദ്രന്‍ പറഞ്ഞു.
ആറേഴ് വര്‍ഷമായി പ്രദേശത്തു കാട്ടാനയുടെ ശല്യം രൂക്ഷമാണ്. മൂന്നു കോടി രൂപയുടെ ട്രഞ്ച്, ഫെന്‍സിംഗ് സംവിധാനങ്ങള്‍ ഒരുക്കിയിരുന്നെങ്കിലും ഇതൊക്കെ നശിപ്പിച്ചാണ് പ്രദേശത്ത് കാട്ടാനക്കൂട്ടം എത്താറുള്ളത്. സന്ധ്യ കഴിഞ്ഞാല്‍ പുറത്തേക്ക് ഇറങ്ങാന്‍ സാധിക്കാത്ത സാഹചര്യമാണ് എന്നാണ് നാട്ടുകാര്‍ പറയുന്നത്.
Tags : elephant attack forest wild wild elephant