പ്രതീകാത്മക ചിത്രം
കൊച്ചി: തെരുവുനായ്ക്കളുടെ ആക്രമണത്തിനിരയാകുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കാനുള്ള ബാധ്യതയില്‍നിന്നു തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഒഴിഞ്ഞുമാറാനാകില്ലെന്നു ഹൈക്കോടതി.
തെരുവുനായ്ക്കളുടെ നിയന്ത്രണം തദ്ദേശ സ്ഥാപനങ്ങളുടെ നിയമപരമായ ഉത്തരവാദിത്വമായതിനാല്‍ വീഴ്ച വരുത്തിയാല്‍ മറുപടി പറയാനും അധികൃതര്‍ക്കു ബാധ്യതയുണ്ട്.
തെരുവുനായ്ക്കളെ പിടികൂടാനും വന്ധ്യംകരിക്കാനുമുള്ള സൗകര്യങ്ങള്‍ ഒരുക്കേണ്ടത് തദ്ദേശ സ്ഥാപനങ്ങളാണ്. ഇതിനായി മോണിറ്ററിംഗ് കമ്മിറ്റികള്‍ രൂപീകരിക്കണമെന്നും നായ്ക്കളുടെ കണക്കെടുപ്പ് നടത്തണമെന്നുമാണ് നിയമം. ഫണ്ട് ലഭ്യമല്ല എന്ന കാരണത്താല്‍ ഉത്തരവാദിത്വങ്ങളില്‍നിന്ന് ഒഴിഞ്ഞുമാറാനാകില്ലെന്നും ജസ്റ്റീസുമാരായ സതീഷ് നൈനാന്, പി. കൃഷ്ണകുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് വ്യക്തമാക്കി.
2007ല്‍ റോഡില്‍വച്ച് തെരുവുനായയുടെ കടിയേറ്റ 70കാരന് 10,000 രൂപ നഷ്ടപരിഹാരം നല്‍കാനുള്ള വിധി ചോദ്യം ചെയ്തു കണ്ണൂര്‍ എരുവേശി പഞ്ചായത്ത് സമര്‍പ്പിച്ച അപ്പീല്‍ ഹര്‍ജി തള്ളിയാണു ഡിവിഷന് ബെഞ്ചിന്റെ ഉത്തരവ്.
തെരുവുനായ്ക്കളെ നിയന്ത്രിക്കാനുള്ള ചുമതലയുണ്ടെങ്കിലും മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ നിയമത്തിലെ വ്യവസ്ഥയും ജനന നിയന്ത്രണ ചട്ടങ്ങളും അതിനു തടസമാണെന്നായിരുന്നു പഞ്ചായത്തിന്റെ വാദം.
എന്നാല്‍, പൊതുനിരത്തുകള്‍ ആരുടെ നിയന്ത്രണത്തിലാണോ അവര്‍ക്ക് അതുപയോഗിക്കാന്‍ അവകാശപ്പെട്ടവരോട് ഉത്തരവാദിത്വമുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.
വളര്‍ത്തുനായകള്‍ക്ക് ലൈസന്‍സ് നല്‍കുന്നതിനും തെരുവുനായ്ക്കളെ നിയന്ത്രിക്കുന്നതിനും ഓരോ തദ്ദേശ സ്ഥാപനത്തിനും നിര്‍ബന്ധിത ചുമതലയുണ്ട്. തെരുവുനായ്ക്കളെ പിടികൂടാനും നശിപ്പിക്കാനും പ്രത്യേക പരിശീലനം ലഭിച്ചവരെ നിയമിക്കാന്‍ തദ്ദേശ സ്ഥാപനത്തിന് അധികാരമുണ്ട്.
വളര്‍ത്തുനായ്ക്കള്‍ക്കു ലൈസന്‍സും തെരുവുനായ്ക്കളുടെ എണ്ണം പെരുകാതിരിക്കാന്‍ വന്ധ്യംകരണവും പ്രതിരോധ കുത്തിവയ്പും ഉറപ്പുവരുത്തണം.
പരാതികള്‍ ഇല്ലെങ്കിലും ഇത്തരം നടപടികള്‍ സ്വീകരിക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ ബാധ്യസ്ഥരാണ്.
നായയുടെ ആക്രമണമുണ്ടായാല്‍ ആറുമാസത്തിനകം കേസ് നല്‍കണമെന്ന പഞ്ചായത്തീരാജ് നിയമത്തിലെ നിബന്ധന ഇത്തരം സംഭവങ്ങളില്‍ ബാധകമല്ലെന്നും കോടതി വ്യക്തമാക്കി.
Tags : StreetDog Attack KeralaHighCourt Establishment Liability damages Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash