പിഎം ശ്രീ ലോഗോ
ന്യൂഡൽഹി: കരാർ പിൻവലിക്കാനും റദ്ദാക്കാനും അവസാനിപ്പിക്കാനുമുള്ള അവകാശം സ്കൂൾ വിദ്യാഭ്യാസത്തിനും സാക്ഷരതയ്ക്കുമുള്ള വകുപ്പ്, വിദ്യാഭ്യാസമന്ത്രാലയം, കേന്ദ്രസർക്കാർ എന്നിവരിൽ നിക്ഷിപ്തമാണെന്നു പിഎം ശ്രീയുടെ ധാരണാപത്രം.
കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയം പുറത്തുവിട്ട പിഎം ശ്രീ സ്കൂളുകളെ സംബന്ധിച്ച നിയമചട്ടക്കൂടിന്റെ ഒന്നാം ഭാഗത്തിലാണ് കരാറിന്റെ ധാരണാപത്രത്തെക്കുറിച്ച് വ്യക്തമാക്കിയിട്ടുള്ളത്. ഇതുപ്രകാരം സ്കൂൾ വിദ്യാഭ്യാസത്തിനും സാക്ഷരതയ്ക്കുമുള്ള വകുപ്പിനും കേന്ദ്രസർക്കാരിനും വിദ്യാഭ്യാസ മന്ത്രാലയത്തിനും 30 ദിവസത്തെ നോട്ടീസ് നൽകിക്കൊണ്ട് പൊതുതാത്പര്യപ്രകാരം കരാർ റദ്ദാക്കാനുള്ള അവകാശമുണ്ടെന്നാണു വ്യക്തമാകുന്നത്.
ഒപ്പുവച്ച തീയതി മുതൽ പ്രാബല്യത്തിലാകുന്ന ധാരണാപത്രം 2027 മാർച്ച് 31 വരെയോ സ്കൂൾ വിദ്യാഭ്യാസത്തിനും സാക്ഷരതയ്ക്കുമുള്ള വകുപ്പും വിദ്യാഭ്യാസ മന്ത്രാലയവും പദ്ധതി അനുമതികൾക്കനുസരിച്ച് വ്യക്തമാക്കുന്ന മറ്റൊരു തീയതി വരെയോ നിലനിൽക്കും. കരാറിന്റെ നിബന്ധനകളിൽ ഏതെങ്കിലും ഭേദഗതിയോ മാറ്റമോ പരിഷ്കരണമോ വരുത്തേണ്ടിവന്നാൽ അത് ഇരുകക്ഷികളുടെയും പരസ്പര സമ്മതത്തോടെ നിർവഹിക്കേണ്ടതാണെന്നും ധാരണാപത്രത്തിൽ വ്യക്തമാക്കുന്നുണ്ട്.
സംസ്ഥാനങ്ങള്ക്കു പിന്മാറാം
അതേസമയം, ധാരണാപത്രത്തിൽ ഒപ്പിട്ടെങ്കിലും കരാറുമായി സംസ്ഥാന സർക്കാർ മുന്നോട്ടു പോകേണ്ടത് നിർബന്ധമാണെന്നു ധാരണാപത്രത്തിൽ എവിടെയും ചൂണ്ടിക്കാട്ടുന്നില്ല. കഴിഞ്ഞ വർഷം ഒക്ടോബർ 23ന് ധാരണാപത്രത്തിൽ ഒപ്പുവച്ച കേരള സർക്കാർ പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ പിഎം ശ്രീ പദ്ധതിയിലേക്കു യോഗ്യരായ സ്കൂളുകളെ നിർദേശിക്കുകയാണു ചെയ്യേണ്ടത്. കരാറുമായി കേരളം ഇതുവരെ മുന്നോട്ടു പോയിട്ടില്ല.
എന്നാൽ, 2026-27 വർഷം വരെ നടപ്പിലാക്കാൻ സമയപരിധിയുള്ള പദ്ധതിയിൽ കേരളവും തമിഴ്നാടും ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങളും പിഎം ശ്രീ പദ്ധതി ഇതിനോടകം നടപ്പിലാക്കിയിട്ടുണ്ട്. പിഎം ശ്രീക്ക് ഫണ്ട് അനുവദിച്ചുതുടങ്ങിയ 2023-24 മുതൽ 2025-26 വരെയുള്ള മൂന്നു വർഷത്തിൽ 7893 കോടി രൂപയാണ് കേന്ദ്രം സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കുമായി അനുവദിച്ചത്. പദ്ധതി നടപ്പിലാക്കാത്തതിനാൽ കേരളത്തിന് ഇതിൽനിന്ന് ഒരു രൂപപോലും ലഭിച്ചിട്ടില്ല.
എതിർപ്പിനു കാരണം
2020ലെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ എല്ലാ വ്യവസ്ഥകളും പൂർണമായി പിഎം ശ്രീയിൽ നടപ്പിലാക്കണമെന്ന കരാറിലെ വ്യവസ്ഥയാണ് പദ്ധതിയെ എതിർക്കുന്നതിനുള്ള പ്രധാന കാരണമായിരുന്നത്. സംസ്ഥാനത്തെ സ്കൂളുകളിൽ കേന്ദ്രത്തിന്റെ രാഷ്ട്രീയ, വിദ്യാഭ്യാസ അജൻഡകൾ തിരുകിക്കയറ്റുന്നതിനുള്ള ഉപാധിയാണ് പിഎം ശ്രീ സ്കൂളുകളെന്ന വിമർശനമാണ് പദ്ധതിക്കെതിരേയുള്ള ഏറ്റവും വലിയ കുറ്റപ്പെടുത്തൽ.
Tags : Agreement PMShri Cancel Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash Centre