പ്രതീകാത്മക ചിത്രം
തൃശൂര്‍: നിരോധിത പുകയില ഉത്പന്നമായ ഹാന്‍സ് വന്‍തോതില്‍ ചാക്കുകളിലാക്കി കൊണ്ടുവന്ന പിക്കപ്പ് വാന്‍ മറിഞ്ഞു. വണ്ടിയില്‍ ഉണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടു. കേച്ചേരി - പന്നിത്തടം - അക്കിക്കാവ് ബൈപ്പാസ് റോഡില്‍ പന്നിത്തടത്ത് വച്ചാണ് അപകടം ഉണ്ടായത്.
കേച്ചേരി ഭാഗത്തുനിന്നുവന്ന പിക്കപ്പ് വാന്‍ പന്നിത്തടം സെന്ററില്‍ വച്ച് നിയന്ത്രണംവിട്ട് വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് മറിയുകയായിരുന്നു. പന്നിത്തടം സെന്ററിലെ സിംലാ ഗ്രൗണ്ടിലേക്കാണ് വാന്‍ മറിഞ്ഞത്. വാഹനം മറിഞ്ഞയുടന്‍ വണ്ടിയില്‍ ഉണ്ടായിരുന്നവര്‍ വണ്ടിയില്‍ ഉണ്ടായിരുന്ന പുകയില ഉത്പന്ന ചാക്കുകള്‍ റോഡിനു സമീപത്തെ പൊന്തക്കാടിലേക്ക് വലിച്ചെറിഞ്ഞ് ഓടി രക്ഷപ്പെടുകയായിരുന്നു.
പത്തിലധികം ചാക്കുകളിലാണ് നിരോധിത പുകയില ഉത്പന്നങ്ങൾ ഉണ്ടായിരുന്നത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ എരുമപ്പെട്ടി പോലീസ് ചാക്കുകളും വണ്ടിയും കസ്റ്റഡിയിലെടുത്തു.
Tags : pickup truck Accident tobacco Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash