ബുധനാഴ്ച നടന്ന ഗജമുക്തി ദൗത്യത്തിൽ കാട്ടിലേക്ക് തുരത്തിയ ആനകൾ.
ഇരിട്ടി: ആറളം ഫാം പുനരധിവാസ മേഖലയിൽ ആനകളെ തുരത്താനുള്ള വനംവകുപ്പിന്റെ ഗജമുക്തി ദൗത്യം തുടരുമ്പോഴും ആനശല്യത്തിന് ശാശ്വത പരിഹാരമാകുന്നില്ല. ദൗത്യത്തിന്റെ രണ്ടാം ദിവസമായ ബുധനാഴ്ച നടത്തിയ എലിഫന്റ് ഡ്രൈവിൽ മൂന്ന് ആനകളെ ആറളം വന്യജീവി സങ്കേതത്തിലേക്ക് തുരത്തിയതായി വനംവകുപ്പ് അറിയിച്ചു.
രാവിലെ ആറളം ഫാമിലെ ഒന്നും രണ്ടും ബ്ലോക്കുകൾ കേന്ദ്രീകരിച്ചായിരുന്നു ഡ്രൈവ്. അഞ്ച് ആനകളെ ബ്ലോക്ക് നാലിലെ ഏലക്കാട് ഭാഗത്തേക്ക് എത്തിച്ചെങ്കിലും പിന്നീട് ഇവ തിരിഞ്ഞ് ബ്ലോക്ക് മൂന്നിലേക്ക് നീങ്ങിയതായി വനംവകുപ്പ് അറിയിച്ചു. ഉച്ചയ്ക്കുശേഷം ബ്ലോക്ക് 10ലെ കോട്ടപ്പാറ, ഇഞ്ചിമുക്ക് മേഖലകളിൽ നടത്തിയ നിരീക്ഷണത്തിലാണ് മൂന്ന് ആനകളെ കണ്ടെത്തിയത്. തുടർന്ന് ആർആർടി, കൊട്ടിയൂർ റേഞ്ച്, ആറളം വന്യജീവി സങ്കേതം ജീവനക്കാർ, ആറളം ഫാം സുരക്ഷാ ജീവനക്കാർ എന്നിവർ സംയുക്തമായി നടത്തിയ ഡ്രൈവിലാണ് ആനകളെ പഴയ ആർആർടി ഓഫിസ് ഭാഗത്തുകൂടി ആറളം വന്യജീവി സങ്കേതത്തിലേക്ക് തുരത്തിയത്.
കൊട്ടിയൂർ റേഞ്ച് ഫോറസ്റ്റ് ഓഫിസറുടെയും കണ്ണൂർ ആർആർടി ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസറുടെയും നേതൃത്വത്തിലായിരുന്നു ദൗത്യം. 32 ഉദ്യോഗസ്ഥരും ജീവനക്കാരും എലിഫന്റ് ഡ്രൈവിൽ പങ്കെടുത്തു.
Tags : District News Nattuvishesham Elephant drama Aralam Forest Department forest