എസ്റ്റിക് ഉച്ചകോടിയുടെ ഭാഗമായി ഒരുക്കിയ സ്റ്റാർട്ടപ് സ്റ്റാൾ കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് സന്ദർ
ന്യൂഡൽഹി: ഭാരത് മണ്ഡപത്തിൽ പുരോഗമിക്കുന്ന ‘എസ്റ്റിക് 2026’ ശാസ്ത്ര-സാങ്കേതിക ഉച്ചകോടിയിൽ രാജ്യത്തിന്റെ തദ്ദേശീയ സാങ്കേതിക മുന്നേറ്റങ്ങൾ സന്ദർശകരുടെ ശ്രദ്ധയാകർഷിക്കുന്നു.
സ്ഫോടകവസ്തുക്കൾ തിരിച്ചറിയുന്ന സംവിധാനങ്ങൾ മുതൽ ദുരന്തമുഖങ്ങളിൽ ആശയവിനിമയം എളുപ്പമാക്കുന്ന സ്മാർട്ട് വോക്കി ടോക്കികൾ വരെ ഉച്ചകോടിയുടെ മുഖ്യ ആകർഷണങ്ങളാണ്. കേരളത്തിൽനിന്നുള്ള പ്രമുഖ ശാസ്ത്ര സ്ഥാപനങ്ങളുടെ കണ്ടുപിടിത്തങ്ങളും പ്രദർശനത്തിലുണ്ട്.
ദുരന്തമുഖങ്ങളിൽ പ്രവർത്തിക്കുന്ന പൊലിസ്, അഗ്നിരക്ഷാസേന, സൈനിക വിഭാഗങ്ങൾക്കായി ടെലികമ്യൂണിക്കേഷൻസ് വകുപ്പും ആഭ്യന്തര മന്ത്രാലയവും സംയുക്തമായി വികസിപ്പിച്ച സ്മാർട്ട് ഫോൺ രൂപത്തിലുള്ള വോക്കി ടോക്കികൾ പ്രദർശനത്തിൽ ശ്രദ്ധേയമായി. ഇവയിൽ 4 ജി, 5 ജി സാങ്കേതികവിദ്യകളെ പിന്തുണയ്ക്കുന്ന ബിഎസ്എൻഎൽ സിം കാർഡുകൾ ഉപയോഗിക്കാം.
ഒന്നിലധികം വ്യക്തികളുമായി ഒരേസമയം ആശയവിനിമയം നടത്താനും സ്മാർട്ട്ഫോൺ സവിശേഷതകൾ പ്രയോജനപ്പെടുത്താനും സാധിക്കും. സിം റേഞ്ച് ലഭ്യമല്ലാത്ത ദുരന്തമേഖലകളിൽ പ്രത്യേക ഉപകരണങ്ങൾ സജ്ജീകരിച്ചു പ്രവർത്തിപ്പിക്കാൻ കഴിയും.
കേരളത്തിന്റെ സംഭാവന:പ്രകൃതിസൗഹൃദ പ്ലാസ്റ്റിക്ക്
സാധാരണ പ്ലാസ്റ്റിക്കുകൾ വിഘടിക്കാൻ നൂറ്റാണ്ടുകൾ എടുക്കുമ്പോൾ പത്തു വർഷം കൊണ്ട് മണ്ണിൽ ലയിക്കുന്ന പ്രകൃതിസൗഹൃദ (ബയോ ഡിഗ്രേഡബിൾ) പ്ലാസ്റ്റിക്കുകൾ ഉച്ചകോടിയിൽ പ്രശംസ നേടുന്നുണ്ട്. തിരുവനന്തപുരത്തെ സിഎസ്ഐആർ-എൻഐഐഎസ്ടി വികസിപ്പിച്ചെടുത്തവയാണ് ഈ ഉത്പന്നങ്ങൾ.
അരി, ഗോതമ്പ്, കുളവാഴ, തെങ്ങുത്പന്നങ്ങൾ തുടങ്ങിയ കാർഷിക അവശിഷ്ടങ്ങളിൽനിന്നാണ് ഇവ നിർമിക്കുന്നത്.
ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകൾക്കു പകരമായി ഇത്തരം അസംസ്കൃതവസ്തുക്കളിൽനിന്ന് പ്ലേറ്റുകൾ, കപ്പുകൾ തുടങ്ങിയ ഉത്പന്നങ്ങളും എൻഐഐഎസ്ടി നിർമിച്ചിട്ടുണ്ട്.
Tags : Ecofriendly SmartWalkieTalkies Stage Plastic Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash