കെ.കെ.രമ
തിരുവനന്തപുരം: വടകര ദേശീയപാതയുടെ ദുരവസ്ഥയും രൂക്ഷമായ ഗതാഗതക്കുരുക്കും നാട്ടുകാർക്കിടയിൽ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ടെന്ന് കെ.കെ. രമ എംഎൽഎ. ദേശീയപാതയുടെ ശോചനീയാവസ്ഥ സംബന്ധിച്ച് നിയമസഭയിൽ സംസാരിക്കുകയായിരുന്നു എംഎൽഎ.
നാട്ടുകാരുടെ പ്രതിഷേധം കാരണം വാഹനത്തിൽ എംഎൽഎ ബോർഡ് വച്ച് യാത്ര ചെയ്യാൻ പോലും കഴിയാത്ത അവസ്ഥയാണെന്ന് കെ.കെ. രമ പറഞ്ഞു. ഇപ്പോൾ എംഎൽഎ ബോർഡ് വയ്ക്കാതെയാണ് താൻ യാത്ര ചെയ്യുന്നതെന്നും അവർ വ്യക്തമാക്കി.
അഞ്ചാറു വർഷമായി പ്രദേശത്തെ ജനങ്ങൾ കടുത്ത ദുരിതത്തിലാണ്. ഭൂരിഭാഗം വീടുകളിലേക്കും സഞ്ചരിക്കാൻ വഴിയില്ലാത്ത സാഹചര്യമാണ്. മഴ പെയ്താൽ റോഡിൽ നിൽക്കാൻ പോലും കഴിയില്ല. ദേശീയപാത ഉദ്യോഗസ്ഥരോട് പരാതി പറഞ്ഞിട്ട് ഒരു കാര്യവുമില്ല. അവർക്ക് യാതൊരു ഉത്തരവാദിത്തവുമില്ലെന്നും എംഎൽഎ പറഞ്ഞു. വിഷയത്തിൽ പൊതുമരാമത്ത് മന്ത്രി അടിയന്തരമായി ഇടപെട്ട് ഇതിനൊരു പരിഹാരം കാണണമെന്നും കെ.കെ. രമ ആവശ്യപ്പെട്ടു.
Tags : KKRema Vadakara NationalHighway NewsUpdate Headlines