Kerala
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനത്തിന് പ്ലാസ്റ്റിക്, പിവിസി, ഫ്ളക്സ് തുടങ്ങിയവ പൂർണമായി നിരോധിച്ച് സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷൻ. ബോർഡുകൾ, ബാനറുകൾ, ഹോർഡിംഗുകൾ തുടങ്ങിയവ നിർമിക്കാൻ പേപ്പർ, പിസിബി സർട്ടിഫൈ ചെയ്ത 100 ശതമാനം കോട്ടണ്‍, പുനഃചംക്രമണം ചെയ്യാവുന്ന പോളിഎത്തിലിൻ പോലുള്ളവ ഉപയോഗിക്കാം.
രാഷ്ട്രീയ പാർട്ടികളുടെ ഇലക്ഷൻ ഓഫീസുകൾ അലങ്കരിക്കാൻ പ്രകൃതി സൗഹൃദ വസ്തുക്കൾ മാത്രം ഉപയോഗിക്കണം. പോളിംഗ് ബൂത്തുകൾ, വോട്ടെണ്ണൽ കേന്ദ്രങ്ങൾ, പരിശീലന ക്യാന്പുകൾ എന്നിവിടങ്ങളിൽ സ്റ്റീൽ, ചില്ല്, സെറാമിക് പാത്രങ്ങൾ മാത്രമേ ഭക്ഷണ -പാനീയ വിതരണത്തിന് ഉപയോഗിക്കാവൂ. പ്ലാസ്റ്റിക് ബോട്ടിലുകൾ, തെർമോകോൾ കപ്പുകൾ, പ്ലാസ്റ്റിക് പാഴ്സലുകൾ തുടങ്ങിയവ ഒഴിവാക്കണം.
പോളിംഗ് ബൂത്തുകൾ, വോട്ടെണ്ണൽ കേന്ദ്രങ്ങൾ എന്നിവയുടെ ക്രമീകരണത്തിനും ഇലക്ഷൻ സാധനങ്ങളുടെ കൈമാറ്റത്തിനും പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം നിയന്ത്രിക്കും. ഭക്ഷണത്തിന് പ്ലാസ്റ്റിക് പാഴ്സലുകൾ ഒഴിവാക്കി പകരം വാഴയിലയിലോ പാത്രങ്ങളിലോ പാഴ്സലുകൾ തയാറാക്കണം.
തെരഞ്ഞെടുപ്പ് കമ്മീഷന്റെയും തദ്ദേശ വകുപ്പിന്റെയും ശുചിത്വ മിഷന്റെയും മേൽനോട്ടത്തിൽ തെരഞ്ഞെടുപ്പിൽ ഹരിതചട്ടം പാലിക്കുന്നുവെന്ന് ഉറപ്പാക്കും. ശുചിത്വമിഷൻ എക്സിക്യൂട്ടീവ് ഡയറക്ടറാണ് ഹരിത പെരുമാറ്റച്ചട്ടം നടപ്പാക്കുന്നത്തിനുള്ള നോഡൽ ഓഫീസർ.
തെരഞ്ഞെടുപ്പ് പ്രചരണത്തിന് ശേഷം പാർട്ടികളും സ്ഥാനാർഥികളും പ്രചാരണ സാമഗ്രികൾ ശേഖരിച്ച് യൂസർഫീ നൽകി ഹരിതകർമ സേനയ്ക്ക് കൈമാറണം. അല്ലാത്തപക്ഷം തദ്ദേശ സ്ഥാപനങ്ങൾ അതു നീക്കം ചെയ്ത് ചെലവ് സ്ഥാനാർഥികളിൽ നിന്ന് ഈടാക്കും.
പോളിംഗ് സ്റ്റേഷനുകളിലും വിതരണ- സ്വീകരണ- വോട്ടെണ്ണൽ കേന്ദ്രങ്ങളിലും വോട്ടെടുപ്പ് - വോട്ടെണ്ണൽ ദിനങ്ങളിൽ ജൈവ അജൈവ വസ്തുക്കൾ നിക്ഷേപിക്കുന്നതിന് വേണ്ട ബിന്നുകൾ സ്ഥാപിക്കാൻ തദ്ദേശ സ്ഥാപന സെക്രട്ടറിമാർക്ക് നിർദേശം നൽകി.
തെരഞ്ഞെടുപ്പിനു ശേഷം തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ക്ലീൻകേരള കന്പനി, ഹരിത കർമസേന, സന്നദ്ധ സംഘടനകൾ, രാഷ്ട്രീയ പാർട്ടികൾ തുടങ്ങിയവയുടെ സഹായത്തോടെ ഇലക്ഷനുമായി ബന്ധപ്പെട്ട പാഴ് വസ്തുക്കൾ നീക്കം ചെയ്യണം. പൊതു പരിപാടികളിൽ ശബ്ദ മലിനീകരണം ഒഴിവാക്കണം. പടക്കം, വെടിക്കെട്ട് തുടങ്ങിയവ നിയമാനുസൃതമായി മാത്രം ഉപയോഗിക്കണമെന്നും
മാർഗനിർദേശത്തിൽ പറയുന്നു.
District News
എടത്വ: ആരും സംരക്ഷിക്കാനില്ലാത്ത പ്രസാദ് കഴിയുന്നത് കാന്‍സര്‍ രോഗവുമായി പ്ലാസ്റ്റിക്കുകൊണ്ട് മറച്ച വീട്ടില്‍. തലവടി പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ വാടയ്ക്കല്‍ പ്രസാദ് (63) ആണ് ആരും ആശ്രയമില്ലാതെ കാന്‍സര്‍ രോഗത്തോട് പൊരുതി ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത്. ഭാര്യയുടെ ജീവന് കവര്‍ന്ന കാന്‍സര്‍ പ്രസാദിനെയും ബാധിക്കുകയായിരുന്നു.
ഉപജീവനമായ മരപ്പണിക്കു പോകാനും കഴിയാതെ വന്നതോടെ പ്രസാദിന്റെ ജീവിതം തീര്‍ത്തും വഴിമുട്ടി. 2018-ലെ മഹാപ്രളയകാലത്ത് കിടപ്പാടവും വിലപ്പെട്ട രേഖകളും നഷ്ടമായി. കാന്‍സര്‍ രോഗത്തെത്തുടര്‍ന്നു 9 വര്‍ഷം മുമ്പാണ് ഭാര്യ മരിച്ചത്. മക്കളും വിട്ടുപോയതോടെ തനിച്ചായതായി പ്രസാദ് പറയുന്നു.
വീട് നിന്ന സ്ഥലത്ത് പ്ലാസ്റ്റിക് ഷീറ്റ് കൂടാരമാക്കി താമസിച്ചു വരുകയായിരുന്നു. ആറുമാസം മുമ്പ് വായില്‍ അസ്വസ്ഥതയുണ്ടായതിനെത്തുടര്‍ന്ന് തലവടി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ എത്തിയ പ്രസാദിനെ ഡോക്ടര്‍മാര്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. ഇവിടെ വച്ചാണ് വായ്ക്കുള്ളില്‍ കാന്‍സര്‍ സ്ഥിതീകരിച്ചത്. ചികിത്സ വേണ്ടപോലെ നടക്കാഞ്ഞതിനെത്തുടര്ന്ന് രോഗം മൂര്‍ഛിച്ചു.
സംസാരിക്കാന്‍ പോലും കഴിയാത്ത അവസ്ഥയില്‍ കൂരയില്‍ ചുരുണ്ടുകൂടി ദിവസങ്ങള്‍ തള്ളിനീക്കുകയാണ് പ്രസാദ്. സമീപവാസികള്‍ നല്കുന്ന അന്നം മാത്രമാണ് ആശ്രയം.
പെന്‍ഷനോ മറ്റാനുകൂല്യങ്ങളോ പ്രസാദിനില്ല. സന്നദ്ധ സംഘടനകള്‍ പ്രസാദിനെ അഗതി മന്ദിരത്തിലേക്ക് മാറ്റാന്ശ്രമിച്ചെങ്കിലും ആധാര്‍ കാര്‍ഡ് ഉള്‍പ്പെടെയുള്ള രേഖകളുടെ അഭാവവും കാന്‍സര്‍ രോഗവും പ്രതിസന്ധി സൃഷ്ടിക്കുകയാണ
Editorial
പ്ലാസ്റ്റിക് പരിസ്ഥിതിക്ക് എത്രത്തോളം വിനാശകാരിയാണെന്ന് വീണ്ടും വീണ്ടും എടുത്തുപറയേണ്ട കാര്യമില്ല. ലോകം മുഴുവൻ അംഗീകരിച്ച വസ്തുതയാണത്.
പരിസ്ഥിതിക്കും ആരോഗ്യത്തിനും അതു വരുത്തിവയ്ക്കുന്ന മാരകമായ പ്രത്യാഘാതം കണക്കിലെടുത്ത് പ്ലാസ്റ്റിക്കിന്റെ നിർമാർജനവും ലോകം അംഗീകരിച്ചതാണ്. വിശേഷിച്ചും ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കാണ് ഏറ്റവും അപകടകാരി. ഈ സാഹചര്യത്തിലാണ് പ്ലാസ്റ്റിക്കിനെതിരായ ഏതു നടപടിയും സ്വാഗതാർഹമാകുന്നത്.
സംസ്ഥാനത്ത് പൊതുചടങ്ങുകളിലും ഔദ്യോഗിക ചടങ്ങുകളിലും പ്ലാസ്റ്റിക് ഉപയോഗിക്കുന്നത് ഹൈക്കോടതി നിരോധിച്ചിരിക്കുകയാണ്. ഗാന്ധിജയന്തി ദിനത്തിൽ നിരോധനം നിലവിൽ വരും. പ്ലാസ്റ്റിക് ഭക്ഷണപാത്രം, സ്പൂൺ, കപ്പ്, സ്ട്രോ, കത്തി, കവർ, ലാമിനേറ്റഡ് ബേക്കറി ബോക്സ് എന്നിവയുടെ ഉത്പാദനവും വിൽപ്പനയും നിരോധിച്ചിട്ടുണ്ട്.
മലയോര ടൂറിസം മേഖലകളിൽ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് പൂർണമായി നിരോധിച്ചു. അഞ്ചു ലിറ്ററിന്റെ കുപ്പിവെള്ളവും രണ്ടു ലിറ്ററിന്റെ ശീതളപാനീയക്കുപ്പിയുമേ മലയോരമേഖലയിൽ ഉപയോഗിക്കാനാവൂ.
അങ്ങേയറ്റം സ്വാഗതാർഹമാണ് ഹൈക്കോടതിയുടെ നടപടി. ബോധവത്കരണം എങ്ങും ഏശാത്ത സാഹചര്യത്തിൽ ചില കടുത്ത നടപടികൾ ഉണ്ടായേ തീരൂ. പരിസ്ഥിതി സംരക്ഷിക്കുകയെന്നത് പൗരന്റെ അടിസ്ഥാന കടമയാണെന്നു പറഞ്ഞുകൊണ്ടാണ് കോടതി നിരോധനത്തിന് ഉത്തരവിട്ടത്. ഹൈക്കോടതി നിരീക്ഷിച്ച മറ്റൊരു പ്രധാന കാര്യമുണ്ട്.
പരിസ്ഥിതി സംരക്ഷണത്തിനായി സർക്കാർ എന്തൊക്കെ നടപടികളെടുത്താലും ജനങ്ങളുടെ സഹകരണമുണ്ടെങ്കിലേ അതിന്റെ ഗുണം ലഭിക്കൂ എന്ന വസ്തുത. 2010ലും 2018ലും 2022ലും നിർണായകമായ ചില നിയന്ത്രണങ്ങൾ സർക്കാർ ഏർപ്പെടുത്തിയിരുന്ന കാര്യവും കോടതി എടുത്തുപറഞ്ഞു.
പ്ലാസ്റ്റിക്കുകൾ പെട്രോകെമിക്കൽ ഉത്പന്നങ്ങളായ പെട്രോളിയം, പ്രകൃതിവാതകം എന്നിവയിൽനിന്ന് ഉത്പാദിപ്പിക്കുന്ന പോളിമറുകൾ അടങ്ങിയ ഒരുകൂട്ടം സിന്തറ്റിക് വസ്തുക്കളാണ്. എല്ലാത്തരം ഉപഭോക്തൃ വസ്തുക്കളുടെയും ഉത്പാദനം വർധിപ്പിക്കുന്ന രീതിയിലാണ് നമ്മുടെ സാമൂഹിക, സാമ്പത്തിക, വികസന മാതൃകകൾ.
പെട്രോകെമിക്കൽ വ്യവസായം നിരന്തരം വൈവിധ്യവത്കരിക്കപ്പെട്ടതും വിലകുറഞ്ഞ അസംസ്കൃത വസ്തുക്കൾ ലഭ്യമായതും ഈ വളർച്ചയെ സഹായിച്ചു. നിറം, രൂപം, കാഠിന്യം, കനം, നശീകരണശേഷി തുടങ്ങി പ്ലാസ്റ്റിക്കുകൾക്ക് വ്യത്യസ്ത ഗുണവിശേഷങ്ങളുണ്ട്.
ഇതു പരിസ്ഥിതിയിലേക്കു വലിച്ചെറിയുമ്പോൾ അവ നശിച്ചുപോകാതെ വിവിധ അവസ്ഥകളിലേക്കു മാറുന്നു. വ്യവസായവും ഉപഭോക്താക്കളും അനുഗ്രഹമെന്നു കരുതുന്ന പ്ലാസ്റ്റിക്കിന്റെ പ്രധാന ഗുണങ്ങളിൽ ചിലതാണ് നിർഭാഗ്യവശാൽ പ്രകൃതിക്ക് ഏറ്റവും കൂടുതൽ ദോഷം ചെയ്യുന്നത്. ഉദാഹരണമായി ഭാരം കുറഞ്ഞതും നശിക്കാത്തതുമായ സ്വഭാവം.
1950കൾ മുതലാണ് പ്ലാസ്റ്റിക് വ്യാപകമായി നിലവിൽ വന്നത്. എല്ലാ വ്യവസായ മേഖലയിലും ഇവ ഉപയോഗിക്കപ്പെടുന്നുണ്ട്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് പാക്കേജിംഗാണ്. അതിവേഗം വർധിച്ചുകൊണ്ടിരിക്കുന്ന വാർഷിക പ്ലാസ്റ്റിക് ഉത്പാദനത്തിന്റെ ഏകദേശം 30-40 ശതമാനം നിലവിൽ പാക്കേജിംഗിനായാണ് ഉപയോഗിക്കുന്നത്.
പ്ലാസ്റ്റിക് മലിനീകരണത്തിന്റെ സാമൂഹിക, സാമ്പത്തിക വശങ്ങളെക്കുറിച്ച് പഠിച്ചു തയാറാക്കിയ പല ഗവേഷണ റിപ്പോർട്ടുകളും പരസ്പരവിരുദ്ധമായ പരിഹാരങ്ങൾ നിർദേശിക്കുന്നതും ഈ വിഷയത്തിലെ വെല്ലുവിളിയാണ്. യൂറോപ്പിലെ 33 രാജ്യങ്ങളിൽ തെറ്റായ പ്ലാസ്റ്റിക് സംസ്കരണം വരുത്തിവച്ച പ്രശ്നങ്ങൾ ഇനിയും പരിഹരിക്കപ്പെട്ടിട്ടില്ല.
ആഗോളതലത്തിൽ പ്ലാസ്റ്റിക് നിർമാർജനവുമായി ബന്ധപ്പെട്ട വേറെയും പല പ്രതിസന്ധികളുമുണ്ട്. 2022ലെ ചരിത്രപരമെന്നു വിശേഷിപ്പിക്കപ്പെട്ട യുഎൻ ആഗോള പരിസ്ഥിതി ഉടന്പടി പരാജയപ്പെട്ടത് ഈ സന്ദർഭത്തിൽ ഓർക്കേണ്ടതുണ്ട്. പ്രശ്നത്തെ വ്യക്തമായി നിർവചിച്ചെങ്കിലും പരിഹാരത്തെക്കുറിച്ചുള്ള തർക്കം എല്ലാം അവതാളത്തിലാക്കി.
ബുസാനിൽ ഇതുമായി ബന്ധപ്പെട്ട അഞ്ചാംവട്ട ചർച്ചകളിൽ പങ്കെടുത്ത 170 രാജ്യങ്ങളിൽ എൺപതോളം രാജ്യങ്ങൾ പ്ലാസ്റ്റിക്കിന്റെ ഉറവിടമായ നവപോളിമർ (Virgin Polymer) ക്രമേണ കുറയ്ക്കുക എന്നതാണ് പ്ലാസ്റ്റിക് മലിനീകരണം അവസാനിപ്പിക്കാനുള്ള ഏക ഫലപ്രദമായ വഴിയെന്ന് ഉറച്ചു വിശ്വസിച്ചു.
എന്നാൽ, എണ്ണ ഖനനത്തെയും പെട്രോകെമിക്കൽ ശുദ്ധീകരണത്തെയും ആശ്രയിച്ച് സമ്പദ്വ്യവസ്ഥ കെട്ടിപ്പടുത്ത വലിയ വികസ്വര രാജ്യങ്ങളിൽ പലതും ഇത്തരം നിർദേശങ്ങളെ എതിർക്കുന്നു. പ്ലാസ്റ്റിക് ഉത്പാദനം വെട്ടിക്കുറയ്ക്കാനുള്ള ആവശ്യങ്ങളെ, പരിസ്ഥിതിവാദത്തിന്റെ മറവിലുള്ള വ്യാപാര തടസങ്ങളായിട്ടാണ് അവർ കാണുന്നത്.
ഉത്പാദനം നിയന്ത്രിക്കേണ്ട ഒന്നായി പ്ലാസ്റ്റിക് മലിനീകരണ പ്രശ്നത്തെ ചിത്രീകരിക്കുന്നത് 2022ലെ പ്രമേയത്തിന്റെ ഉദ്ദേശ്യങ്ങൾക്കപ്പുറമാണെന്നും അവർ കരുതുന്നു. അതിൽ പിന്നീടും ലോകരാജ്യങ്ങൾ ഈ വിഷയം ഗൗരവമായി ചർച്ച ചെയ്തുകൊണ്ടിരിക്കുന്നു.
ഉത്പാദന വെട്ടിക്കുറവിനെ എതിർക്കുന്ന രാജ്യങ്ങളോടൊപ്പമായിരുന്നു അന്ന് ഇന്ത്യ. പ്രതിവർഷം ഉത്പാദിപ്പിക്കുന്ന പ്ലാസ്റ്റിക്കിന്റെ മൂന്നിലൊന്ന് പുനരുപയോഗം ചെയ്യാനുള്ള ശേഷിയേ ഇന്ത്യയിലുള്ളൂ എന്ന കാര്യം നമ്മൾ തിരിച്ചറിയേണ്ടതുണ്ട്.
സമ്പദ്വ്യവസ്ഥയ്ക്ക് പ്ലാസ്റ്റിക് ഒഴിച്ചുകൂടാനാകാത്തതാണ് എന്നത് ജനങ്ങളുടെ ആരോഗ്യത്തിലും നമ്മുടെ പരിസ്ഥിതിയിലും സമുദ്ര പരിസ്ഥിതിയിലും ഉണ്ടാക്കുന്ന ആഘാതങ്ങൾ പഠിക്കുന്നത് തടസപ്പെടുത്തുന്നതിനു കാരണമായിക്കൂടാ.
ചരിത്രത്തിന്റെയും ഉപഭോഗ സംസ്കാരത്തിന്റെയും തെറ്റായ ഭാഗത്തുനിന്ന് നിരന്തരം അതിനെ ന്യായീകരിക്കുന്നതിലും നല്ലത് ക്രമാനുഗതവും ആസൂത്രിതവുമായ പിന്മാറ്റമാണ്. ജനങ്ങളുടെ പരിപൂർണമായ പിന്തുണയും ഇക്കാര്യത്തിൽ ആവശ്യമാണ്.