കണമല: പരിസ്ഥിതി സംരക്ഷണദിനാചരണത്തിന് കാത്തുനിൽക്കാതെ ശബരിമല കാനനപാതയിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കിത്തുടങ്ങി. വനപാലകരും വനസംരക്ഷണസമിതി പ്രവർത്തകരും ചേർന്ന് ഇന്നലെ മുതൽ ശുചീകരണം ആരംഭിച്ചു. പരിസ്ഥിതി ദിനത്തിൽ വിപുലമായ നിലയിൽ ജനപങ്കാളിത്തത്തോടെ സന്നദ്ധ സേവന പ്രവർത്തനങ്ങൾ ശുചീകരണത്തിനായി സംഘടിപ്പിച്ചിട്ടുണ്ട്. എരുമേലി വഴി ശബരിമലയിലേക്ക് അയ്യപ്പ ഭക്തർ കാൽനടയായി തീർഥാടന യാത്ര നടത്തുന്ന പരമ്പരാഗത കാനനപാത കൂടിയാണിവിടം.
പാതയിൽ പ്ലാസ്റ്റിക് ഉപയോഗം കർശനമായി വിലക്കിയിട്ടുണ്ടെങ്കിലും ഓരോ തീർഥാടന കാലത്തും പ്ലാസ്റ്റിക് മാലിന്യങ്ങൾ വർധിച്ചിരുന്നത് കഴിഞ്ഞ തീർഥാടനകാലത്തോടെ ഗണ്യമായി കുറഞ്ഞിട്ടുണ്ടെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
ശബരിമല സീസൺ അല്ലാത്തപ്പോഴാണ് ഇപ്പോൾ പ്ലാസ്റ്റിക് കൂടുതലായി പാതയിൽ എത്തുന്നത്. മൂക്കൻപെട്ടി - കോരുത്തോട് റോഡിന്റെ ഇരുവശത്തുമുള്ള വനത്തോട് ചേർന്ന് നിരവധി പ്ലാസ്റ്റിക് കുപ്പികൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത് ഇന്നലെ നടന്ന ശുചീകരണത്തിൽ ശേഖരിച്ചു. ഒപ്പം അഴുത കടവും കാളകെട്ടി ക്ഷേത്രം റോഡിലും ശുചീകരണം നടത്തി.
വനസംരക്ഷണ സമിതി പ്രസിഡന്റ് എം.എസ്. സതീശ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ കെ.വി. വിജയകൃഷ്ണൻ, പി.ഡി. വിനോദ് കുമാർ, കെ.ബി. ഇന്ദിര, വാച്ചർ ബിനീഷ് തുടങ്ങിയവർ നേതൃത്വം നൽകി.