പ്രതീകാത്മക ചിത്രം
മൂന്നാര്‍: ടൗണിനെ പ്രതിസന്ധിയിലാക്കുന്ന മാലിന്യ പ്രശ്നത്തിന് പരിഹാരം കണ്ടെത്താന്‍ കര്‍ശന നടപടികളുമായി തദ്ദേശ ഭരണകൂടം. ഇനി നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നടപടി ഉറപ്പ്. ആദ്യഘട്ടമായി 500 മില്ലിലിറ്റര്‍ വരെ ശേഷിയുള്ളതും 100 മൈക്രോണില്‍ താഴെ കട്ടിയുള്ളതുമായ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ പഞ്ചായത്ത് പരിധിയില്‍ നിരോധിക്കാനാണ് തീരുമാനം.
വിനോദസഞ്ചാര സീസണില്‍ രൂക്ഷമാകുന്ന ഗതാഗതക്കുരുക്കിനും മാലിന്യ പ്രശ്നത്തിനും ശാശ്വത പരിഹാരം കാണാനാകുമെന്നാണ് തദ്ദേശ ഭരണകൂടം കരുതുന്നത്. മൂന്നാര്‍ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന യോഗത്തിലായിരുന്നു തീരുമാനം. എഫ്.രാജ എംഎല്‍എ അധ്യക്ഷതവഹിച്ചു.
വലിയ വാഹനങ്ങള്‍ക്ക് നിയന്ത്രണം
മൂന്നാറിലെത്തുന്ന വലിയ വാഹനങ്ങള്‍ക്ക് ഇനി മുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തും. ഗതാഗതക്കുരുക്ക് രൂക്ഷമായ മാട്ടുപ്പെട്ടി, രാജമല എന്നിവിടങ്ങളിലാണ് വലിയ വാഹനങ്ങള്‍ക്ക് നിയന്ത്രണം. സീസണ് വേളകളിലും ശനി, ഞായര്‍ ദിവസങ്ങളിലുമായിരിക്കും നിയന്ത്രണമെന്ന് പഞ്ചായത്തധികൃതര്‍ അറിയിച്ചു. സഞ്ചാരികളുടെ യാത്രാസൗകര്യം ഉറപ്പാക്കുന്നതിനായി ജീപ്പ് സര്‍വീസ് ക്രമീകരിക്കാന്‍ പ്രത്യേക ഉപസമിതിയും രൂപീകരിച്ചു. ഓട്ടോ ഉള്‍പ്പെടെയുള്ള മറ്റ് ഗതാഗത സംവിധാനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിലും ഘട്ടംഘട്ടമായി കൂടുതല്‍ പരിഷ്കാരങ്ങളും നിയന്ത്രണങ്ങളും നടപ്പാക്കും.
ഉദ്യോഗസ്ഥരുടെ കുറവ് തിരിച്ചടി
മൂന്നാറിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് ഉദ്യോഗസ്ഥരുടെ കുറവ് തിരിച്ചടിയാകുന്നതായി ആക്ഷേപം. ഗതാഗതക്കുരുക്കുമായി ബന്ധപ്പെട്ടു നടന്ന യോഗത്തില്‍ മൂന്നാര്‍ പഞ്ചായത്ത് പ്രസിഡന്റ് തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഉദ്യോഗസ്ഥരുടെ അഭാവം നടപടികള്‍ പ്രാവര്‍ത്തികമാക്കുന്നതിന് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെങ്കിലും ബന്ധപ്പെട്ട വകുപ്പുതല മേധാവികളുമായി സംസാരിച്ച് ഉചിതമായ നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. താലൂക്ക് ഓഫീസിലും ആവശ്യത്തിന് ജീവനക്കാരില്ലാത്ത സാഹചര്യമാണ്.
Tags : plastic Nattuvishesham District news