ഡോ. ഹാരിസ് ചിറക്കൽ (ഫയൽ ചിത്രം)
തിരുവനന്തപുരം: മെഡിക്കൽ കോളജ് ആശുപത്രിയിലെ തിരക്കു കുറയ്ക്കാനും രോഗികൾ നിലത്തു കിടക്കുന്നത് ഒഴിവാക്കാനും സർക്കാർ സ്വീകരിച്ച നടപടിയെ അഭിനന്ദിച്ച് തിരുവനന്തപുരം മെഡിക്കൽ കോളജിലെ യൂറോളജി വിഭാഗം മുൻ മേധാവി ഡോ. ഹാരിസ് ചിറക്കൽ. നന്മനിറഞ്ഞ തീരുമാനമെന്നാണ് ആരോഗ്യമന്ത്രിയെ അഭിനന്ദിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റിൽ ഡോ. ഡോരിസ് പറഞ്ഞത്.
രോഗികളെ കട്ടിലിന്റെ അടിയിലും വരാന്തയിലും കിടത്തുന്നതു പൊറുക്കാനാകാത്ത തെറ്റാണ്. കൃത്യമായ നടപടി കൊണ്ട് ഇതൊക്കെ പരിഹരിക്കാൻ ശ്രമിക്കുന്ന മന്ത്രിക്ക് അഭിനന്ദനങ്ങൾ എന്നും പോസ്റ്റിലുണ്ട്.
തിരുവനന്തപുരം മെഡിക്കൽ കോളജിൽ സ്ഥലസൗകര്യം പരിമിതമാണ്. പുതിയ കെട്ടിടങ്ങളോ വാർഡുകളോ നിർമിക്കാനാകില്ല. മൂന്നുവർഷം മുന്പ് 250 ബെഡുണ്ടായിരുന്ന കെട്ടിടം ഇടിച്ചു കളഞ്ഞതോടെയാണ് തിരക്ക് തീവ്രമായത്.
പുലയനാർകോട്ടയിൽ ധാരാളം സ്ഥലം ലഭ്യമാണ്. ചില ഡിപ്പാർട്മെന്റുകൾ തന്നെ വേണമെങ്കിൽ അങ്ങോട്ട് മാറ്റാനാകും. ജനറൽ ആശുപത്രി, തൈക്കാട് ആശുപത്രി ഇവ മെഡിക്കൽ കോളജുകൾ ആക്കി മെച്ചപ്പെടുത്തുന്നത് ഒരുപാട് രോഗികൾക്ക് സഹായകമാകും. മെഡിക്കൽ കോളജിൽ സൂപ്പർ സ്പെഷാലിറ്റി വിഭാഗത്തിന് കൂടുതൽ ഊന്നൽ നൽകണം.
ആധുനിക ചികിത്സാരീതികൾ സാധാരണ ജനങ്ങൾക്ക് വേഗം ലഭ്യമാക്കാൻ നടപടി സ്വീകരിക്കണം. തീരുമാനങ്ങൾ ഓഫീസുകളിലെ ചുവപ്പുനാടയിൽ അകപ്പെടരുതെന്നും ഡോ. ഹാരിസ് ചിറക്കൽ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ ജനങ്ങൾക്ക് ചികിത്സ ലഭ്യമാക്കാത്ത നടപടിയെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച ഡോ. ഹാരിസ് ചിറക്കൽ വാർത്തകളിൽ നിറഞ്ഞിരുന്നു.
Tags : Dr. HarrisChirakka patients lying floor Applauds Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash