റെയിൽവേ വികസിപ്പിച്ച ഹൈഡ്രജൻ ട്രെയിൻ.
ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിൽ പുതിയൊരധ്യായം കുറിച്ചുകൊണ്ട് ഹൈഡ്രജൻ ഇന്ധനത്തിൽ പ്രവർത്തിക്കുന്ന ട്രെയിനുകളും. ഹരിയാനയിലെ ജിംഗ്-സോണിപത് റൂട്ടിലാണ് രാജ്യത്തെ ആദ്യ ഹൈഡ്രജൻ പാസഞ്ചർ ട്രെയിൻ സർവീസ് നടത്തുന്നത്. പരിസ്ഥിതിമലീനികരണം പൂർണമായി ഒഴിവാക്കുന്ന ഈ അത്യാധുനിക ഹരിത ട്രെയിനിന്റെ പരീക്ഷണയോട്ടം റെയിൽവേ വിജയകരമായി പൂർത്തിയാക്കി. ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിലാണ് ഈ ട്രെയിൻ രൂപകല്പന ചെയ്തിരിക്കുന്നത്.
ലോകത്തിലെ ഒന്നാമൻ
ഇലക്ട്രിക് ട്രെയിനുകളെപ്പോലെ ഹൈഡ്രജൻ ട്രെയിനുകൾക്ക് വൈദ്യുത ലൈനുകളുടെ ആവശ്യമില്ല. ഡീസൽ ട്രെയിനുകളെപ്പോലെ പുകയും പുറന്തള്ളുന്നില്ല.
ട്രെയിനിലെ ഡൈവിംഗ് പവർ കാറുകളിൽ പ്രത്യേകം സജ്ജീകരിച്ചിട്ടുള്ള ഹൈഡ്രജൻ ഫ്യൂവൽ സെല്ലുകളിലേക്ക് ഉയർന്ന മർദത്തിൽ സൂക്ഷിച്ചിരിക്കുന്ന ഹൈഡ്രജനും അന്തരീക്ഷത്തിൽനിന്നുള്ള ഓക്സിജനും കടത്തിവിടും. ഇവ സംയോജിപ്പിച്ച് ഉത്പാദിപ്പിക്കുന്ന വൈദ്യുതി ഉപയോഗിച്ചാണു ട്രെയിൻ പ്രവർത്തിക്കുന്നത്. ഈ രാസപ്രവർത്തനത്തിന്റെ ഉപോത്പന്നമായി ജലബാഷ്പം മാത്രമാണ് പുറന്തള്ളപ്പെടുന്നത്. അതുകൊണ്ട് ഈ ട്രെയിനുകൾ നൂറു ശതമാനം പരിസ്ഥിതിസൗഹൃദമാണ്.
1200 കിലോവാട്ട് ഹൈഡ്രജൻ ഫ്യുവൽ സെൽ പ്രൊപ്പൽഷൻ സിസ്റ്റത്തിലാണു ട്രെയിൻ പ്രവർത്തിക്കുന്നത്. ലോകത്തിലെതന്നെ ഏറ്റവും നീളമേറിയതും ഏറ്റവും ശക്തവുമായ ഹൈഡ്രജൻ പാസഞ്ചർ ട്രെയിനുകളാണ് ഇന്ത്യൻ റെയിൽവേ വികസിപ്പിച്ചിട്ടുള്ളത്.
ട്രെയിൻഘടന
മൊത്തം പത്തു കോച്ചുകളാണ് ട്രെയിനിലുള്ളത്. ഇതിൽ എട്ട് പാസഞ്ചർ കോച്ചുകളും രണ്ട് ഡൈവിംഗ് പവർ കാറുകളും ഉൾപ്പെടുന്നു. ട്രെയിനിൽ മൊത്തം 682 സീറ്റുകളുണ്ട്. ഒരേസമയം 2000 യാത്രക്കാരെവരെ വഹിക്കാനാകും.
വേഗത
മണിക്കൂറിൽ പരമാവധി 75 കിലോമീറ്റർ വേഗതയിലാണ് ട്രെയിനുകൾ സർവീസ് നടത്തുന്നത്. മൊത്തം 2400 കിലോവാട്ട് പവർ ഉത്പാദിക്കാൻ ഈ ട്രെയിനിനാകും.
സർവീസ് എവിടെ
ഉത്തരറെയിൽവേയുടെ കീഴിലുള്ള ജിംഗ്-സോണിപത് റൂട്ടിലാണ് ഈ ട്രെയിൻ സർവീസ് നടത്തുന്നത്. മൊത്തം 89 കിലോമീറ്റർ രണ്ട് മണിക്കൂർ കൊണ്ട് ട്രെയിൻ പിന്നിടും. ഒരുദിവസം രണ്ടു റൗണ്ട് ട്രിപ്പുകളായി (356 കിലോമീറ്റർ) സർവീസ് നടത്താൻ ഏകദേശം 300 കിലോഗ്രാം ഹൈഡ്രജൻ ആവശ്യമായി വരും. രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിൻ സർവീസുകൾ ഈമാസം 17ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ലാഗ് ഓഫ് ചെയ്യും.
Tags : Hydrogen Train Tracks Railways GreenRevolution Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash