മഞ്ഞില്മൂടുന്ന വാഗമണ്ണിലെ തേയിലത്തോട്ടം.
തൊടുപുഴ: മഞ്ഞും തണുപ്പും മഴക്കാല കാഴ്ചകളും ആസ്വദിക്കാന്‍ ജില്ലയിലേക്കു സന്ദര്‍ശകരുടെ ഒഴുക്ക്. മലനിരകളെ മനോഹരക്കുന്ന കനത്ത മൂടല്‍മഞ്ഞും പെയ്യാന്‍ വെമ്പിനില്ക്കുന്ന കാര്‍മേഘങ്ങളും ഉള്‍പ്പെടെ ആരുടെയും മനസിന് കുളിര്മയേകുന്ന മഴക്കാല കാഴ്ചകള്‍ ആസ്വദിക്കാനാണ് കേരളത്തിനകത്തും പുറത്തുനിന്നുമായി സഞ്ചാരികളെത്തുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ മൂന്നാറില്‍ മണ്ണിടിച്ചില്‍ ഭീഷണി ഉണ്ടായതിനെത്തുടര്‍ന്ന് ഇവിടേക്കു സന്ദര്‍ശകര്‍ക്ക് ജില്ലാ ഭരണകൂടം വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇതും നീക്കിയതോടെ മൂന്നാറിലേക്കു കൂടുതല്‍ പേര് എത്തിത്തുടങ്ങി. വാഗമണ്ണിലും വലിയ തോതിലാണ് സന്ദര്‍ശകരെത്തുന്നത്. രണ്ടു ദിവസങ്ങളായി വാഗമണ്‍, രാമക്കല്‍മേട് ടൂറിസം കേന്ദ്രങ്ങളില്‍ വലിയ തിരക്കനുഭവപ്പെടുന്നുണ്ട്.
കഴിഞ്ഞ മാസവും ജില്ലയില്‍ വിനോദ സഞ്ചാരികളുടെ തിരക്കായിരുന്നു. കഴിഞ്ഞ മാസം 2,34,673 പേരാണ് ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചത്. ഇതില്‍ കൂടുതല്‍ പേരും സന്ദര്‍ശിച്ചത്. വാഗമണ്‍ ടൂറിസ്റ്റ് കേന്ദ്രമാണ്. മൊട്ടക്കുന്ന് 68,762 പേരും സാഹസിക പാര്‍ക്ക് 51,498 പേരും സന്ദര്‍ശിച്ചു. മൂന്നാര്‍ ബൊട്ടാണിക്കല്‍ ഗാര്ഡന് 55,686 പേര് സന്ദര്‍ശിച്ചു. രാമക്കല്‍മേട്ടില്‍ എത്തിയത് 8,512 സന്ദര്‍ശകരാണ്. പാഞ്ചാലിമേട്-17,567, ഹില്‍വ്യു പാര്‍ക്ക് -7,200, ആമപ്പാറ-2,818, എസ്എന്‍ പുരം-19,318, അരുവിക്കുഴി-1,911, ഇടുക്കി പാര്‍ക്ക് -632, മൂന്നാര്‍ പാര്‍ക്ക് -769 എന്നിങ്ങനെയാണ് മറ്റ് വിനോദ സഞ്ചാര കേന്ദ്രങ്ങളിലെത്തിയവരുടെ കണക്ക്.
മഴയും മഞ്ഞും ചേര്‍ന്ന് ഒരുക്കുന്ന കുളിര്‍മ ആസ്വദിക്കാന്‍ ഈ മാസവും കൂടുതല്‍ പേര് ജില്ലയിലേക്കെത്തുമെന്നാണ് ഡിടിപിസിയുടെയും ടൂറിസം സംരംഭകരുടെയും പ്രതീക്ഷ.
മൂന്നാര്‍, വാഗമണ്‍ എന്നിവിടങ്ങളിലെ റിസോര്‍ട്ടുകള്‍, ഹോട്ടലുകള്‍, ഹോം സ്റ്റേകള്‍ എന്നിവയ്ക്കു മണ്‍സൂണ്‍ കാലം ഏറെ പ്രതീക്ഷകള്‍ നല്കുന്ന സമയമാണ്. കൂടുതല്‍ റിസോര്‍ട്ടുകളിലും ഹോം സ്റ്റേകളിലും വിനോദ സഞ്ചാരികള്‍ മുന്‍കൂര്‍ ബുക്കിംഗ് നടത്തിയിട്ടുണ്ട്.
ഓഫ് റോഡ് ഡ്രൈവര്‍മാര്‍ക്കും മണ്‍സൂണ്‍ കാലം ചാകരയാണ്. വാഗമണ്ണിലും മൂന്നാറിലുമെല്ലാം നൂറു കണക്കിന് ഓഫ് റോഡ് ഡ്രൈവര്‍മാരാണ് സന്ദര്‍ശകരെ കയറ്റി ചീറിപ്പായുന്നത്.
മഞ്ഞുമൂടിക്കിടക്കുന്ന മലനിരകളിലേക്ക് ഓഫ് റോഡ് യാത്ര പുത്തന്‍ അനുഭവമാണ് സന്ദര്‍ശകര്‍ക്ക് നല്‍കുന്നത്. മഴക്കാലത്ത് അപകട സാധ്യതയുള്ള പാതകളിലൂടെയുള്ള ഓഫ് റോഡ് യാത്ര നടത്താന്‍ പാടില്ലെന്ന് അധികൃതര്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.
മൂന്നാറും വാഗമണ്ണും തേക്കടിയും കൂടാതെ മഴക്കാലത്ത് സഞ്ചാരികള്‍ സന്ദര്‍ശനം നടത്തുന്ന മറ്റിടങ്ങളിലും തണുത്ത കാലാവസ്ഥ ആസ്വദിക്കാന്‍ സന്ദര്‍ശകരെത്തുന്നുണ്ട്.
മഞ്ഞുമൂടിയ രാമക്കല്‍മേട് സന്ദര്‍ശിക്കാന്‍ ഒട്ടേറെ ആളുകളെത്തുന്നുണ്ട്. ഇതിനു പുറമേ കാല്‍വരിമൗണ്ട്, അഞ്ചുരുളി, പരുന്തുംപാറ, തൊമ്മന്‍കുത്ത്, ആനയാടികുത്ത് എന്നിവിടങ്ങളിലും സന്ദര്‍ശക തിരക്കുണ്ട്.