തുറവൂർ: കിടപ്പുമുറിയിൽ സൂക്ഷിച്ചിരുന്ന 1,80,000 രൂപ മോഷണം പോയ സംഭവത്തിൽ അന്വേഷണം മന്ദഗതിയിലാണെന്ന് വീട്ടുകാർ. പറയകാട് പുത്തൻപുരയിൽ യൂനിസിന്റെ വീട്ടിൽനിന്നാണ് മൂന്നിന് പണം നഷ്ടമായത്.
മോഷ്ടാക്കളെന്ന് സംശയിക്കുന്നവരുടെ സിസിടിവി ദൃശ്യങ്ങൾ വീട്ടുകാർ ശേഖരിച്ചു നൽകിയിട്ടും ആ വഴിക്ക് അന്വേഷണം നടത്താനോ പ്രതികളെ പിടികൂടാനോ പോലീസിനായില്ല. അന്വേഷണം ഊർജിതമാക്കണമെന്ന് കാട്ടി ജില്ലാ പോലീസ് മേധാവിക്കും
ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാനും പരാതി നൽകാൻ ഒരുങ്ങുകയാണ് വീട്ടുകാർ. മൂന്നിന് നടന്ന മോഷണത്തിൽ അന്നുതന്നെ പരാതി നൽകിയിട്ടും കേസെടുക്കാൻ പോലീസ് തയാറായില്ല. എംഎൽഎയുടെ ഓഫീസിൽനിന്ന് സമ്മർദം ഉണ്ടായതിനെത്തുടർന്നാണ് സിഐ പരാതിക്കാരനെ നേരിട്ട് വിളിച്ചുവരുത്തി കേസ് രജിസ്റ്റർ ചെയ്തത്.
ആറിനാണ് വിരലടയാള വിദഗ്ധർ വീട്ടിലെത്തി പരിശോധന നടത്തിയത്. സംഭവം നടന്ന് മൂന്നാം ദിവസമാണ് പരിശോധ നടന്നതെന്നതിനാൽ കാര്യമായ തെളിവുകളൊന്നും ലഭിച്ചില്ലെന്ന് ഉദ്യോഗസ്ഥർ തന്നെ പറഞ്ഞിരുന്നു. പീലിംഗ് ഷെഡ് നടത്തിപ്പുകാരനായ യൂനിസ് തൊഴിലാളികൾക്ക് കൂലികൊടുക്കുന്നതിനായി ബാങ്കിൽനിന്ന് എടുത്ത് സൂക്ഷിച്ച പണമാണ് നഷ്ടമായത്.
Tags : theft case