സന്താനവല്ലി, സി.എസ്. സുരേഷ്
ഗുരുവായൂർ: വയോധികയെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്നു സ്ഥിരീകരിച്ചു. ചേലക്കര വില്ലടത്ത് വീട്ടിൽ സന്താനവല്ലി (76) യാണ് കൊല്ലപ്പെട്ടത്.
ലൈംഗികാതിക്രമത്തിനിടെ മർദനമേറ്റതാണ് വയോധികയുടെ മരണത്തിലേക്കു നയിച്ചത്. സംഭവത്തിലെ പ്രതി പെരുമ്പാവൂർ കുറുപ്പംപടി വായിക്കര ചിറ്റേത്ത് സി.എസ്. സുരേഷിനെ(55) അറസ്റ്റ് ചെയ്തു.
കഴിഞ്ഞ വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിനാണ് കൊലപാതകം നടന്നത്. ശനിയാഴ്ച രാത്രി ഒമ്പതോടെയാണ് പോലീസിന് ഇതേക്കുറിച്ച് വിവരം ലഭിച്ചത്. കൊല്ലത്ത് മകനൊപ്പം താമസിച്ചിരുന്ന സന്താനവല്ലി കുറച്ചുകാലമായി വീടുവിട്ട് നിൽക്കുകയായിരുന്നു. ഒരാഴ്ചയോളമായി ഇവർ ഗുരുവായൂരിലുണ്ട്.
പെരുമ്പാവൂരിൽ ചുമട്ടുതൊഴിലാളിയായ സുരേഷ് ജോലിക്കിടെയുണ്ടായ അടിപിടിയുമായി ബന്ധപ്പെട്ടു രണ്ടാഴ്ചമുമ്പ് നാട്ടിൽനിന്നു മുങ്ങിയാണ് ഗുരുവായൂരിലെത്തിയത്. ഇയാൾ കർണംകോട് റെയിൽവേ ഗേറ്റിനു സമീപം വാടകയ്ക്കു താമസിച്ചു വരികയായിരുന്നു. ഇതിനിടെ ക്ഷേത്രപരിസരത്തുവച്ച് ഇയാൾ സന്താനവല്ലിയുമായി പരിചയത്തിലായി. തുടർന്ന് സുരക്ഷിതമായി താമസിക്കാൻ സ്ഥലംനൽകാമെന്നു പറഞ്ഞ് വിശ്വസിപ്പിച്ച് സുരേഷ് വാടക കെട്ടിടത്തിലേക്കു കൂട്ടിക്കൊണ്ടു വരികയായിരുന്നു.
ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചശേഷം വയോധികയെ ശാരീരികബന്ധത്തിന് നിർബന്ധിച്ചു. വാക്കുതർക്കത്തിനിടയിൽ പിടിച്ചു തള്ളുകയും സന്താനവല്ലിയുടെ തല ചുമരിൽ ഇടിക്കുകയും ചെയ്തു. ബോധം പോയതോടെ മരിച്ചെന്നുകരുതി സാരികൊണ്ട് കഴുത്തിൽ കല്ലുകെട്ടി കിണറ്റിൽ തള്ളുകയായിരുന്നു.
സംഭവത്തിനുശേഷം ഉറക്കം നഷ്ടപ്പെട്ട സുരേഷ് ക്ഷേത്രപരിസരത്തുവച്ച് പരിചയപ്പെട്ട യുവാവിനൊപ്പം മദ്യപിക്കുന്നതിനിടയിൽ കൊലപാതക വിവരം പങ്കുവയ്ക്കുകയായിരുന്നു. ഈ യുവാവാണ് വിവരം ഉടൻ പോലീസിനെ വിളിച്ചറിയിച്ചത്. ടെമ്പിൾ പോലീസും ഫയർഫോഴ്സും നടത്തിയ തെരച്ചിലിൽ ശനിയാഴ്ച രാത്രി 12ഓടെ കിണറ്റിൽനിന്ന് മൃതദേഹം കണ്ടെത്തി.
തൃശൂർ മെഡിക്കൽ കോളജ് മോർച്ചറിയിലേക്കു മാറ്റിയ മൃതദേഹം ഇന്നു പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. അറസ്റ്റിലായ പ്രതിയെ റിമാൻഡ് ചെയ്തു. ടെമ്പിൾ സിഐ വിനോദ് വലിയാറ്റൂരിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Tags : ElderlyWoman dead Homicide Santanavalli Chelakkara Murder Suresh Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash