പത്തനംതിട്ട: ജില്ലയിലെ നെല്‍ കര്‍ഷകര്‍ സപ്ലൈകോയെ കൈവിടുന്നു. ഉത്പാദിപ്പിച്ച നെല്ല് ഇനി സ്വകാര്യ മില്ലുകളിലേക്ക് നല്‍കാനാണ് കര്‍ഷകരുടെ തീരുമാനം. നെല്ല് സംഭരണത്തിനായി ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തിരുന്നത് 2163 കര്‍ഷകരാണ്. അഞ്ചു താലൂക്കുകളില്‍നിന്നായി 10,034 ടണ്‍നെല്ലാണ് ഇത്തവണ സപ്ലൈകോ സംഭരിച്ചത്.
തിരുവല്ല താലൂക്കില്‍നിന്നു മാത്രം 7224 ടണ്‍ നെല്ല് സംഭരിച്ചു. 1649 കര്‍ഷകരാണ് ഇവിടെ രജിസ്റ്റര്‍ ചെയ്തിരുന്നത്. കോഴഞ്ചേരി താലൂക്കില്‍ 267 കര്‍ഷകരില്‍നിന്ന് 1536 ടണ്‍ നെല്ലും 180 കര്‍ഷകരുള്ള അടൂരില്‍ 943 ടണ്‍ നെല്ലും മല്ലപ്പള്ളിയില്‍ 35 കര്‍ഷകരില്‍നിന്ന് 249 ടണ്ണും സംഭരിച്ചിട്ടുണ്ട്.
സംഭരണത്തില്‍ ഏറ്റവും കുറവ് കര്‍ഷകര്‍ കോന്നി താലൂക്കിലാണ് 32 കര്‍ഷകരാണ് കോന്നിയില്‍ രജിസ്റ്റര്‍ ചെയ്തത്. അവരില്‍നിന്ന് 82 ടണ്‍നെല്ല് മാത്രമാണ് സംഭരിച്ചത്. ഏറ്റവും കൂടുതല്‍ കൃഷിയുള്ള അപ്പര്‍കുട്ടനാട് മേഖലയില്‍ മേയില്‍ കൊയ്ത്ത് പൂര്‍ത്തീകരിച്ചിരുന്നു.
ജില്ലയിലെ മുണ്ടകന്‍ കൃഷി വിളവെടുപ്പ് ജുണോടെയാണ് പൂര്‍ത്തിയായത്. ജില്ലയിലാകെ 2390 ഹെക്ടര്‍ സ്ഥലത്തുനിന്നു മാത്രമാണ് സപ്ലൈകോയ്ക്ക് നെല്ല് സംഭരിക്കാനായത്. എന്നാല്‍, 4000 ഹെക്ടറില്‍ അധികം സ്ഥലത്തു നെല്‍കൃഷി നടത്തിയതായിട്ടാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
അവശേഷിച്ച കര്‍ഷകര്‍ സ്വകാര്യ മില്ലുകാര്‍ക്ക് നെല്ല് നേരിട്ട് നല്‍കുകയായിരുന്നു. ഔദ്യോഗിക കണക്കില്‍ ഇത് ഉള്‍പ്പെടുകയില്ല. സപ്ലൈകോ വഴി നെല്ല് സംഭരിക്കുമ്പോള്‍ സംഭരണ വില കിട്ടാന്‍ മാസങ്ങളോളം വേണ്ടി വരുമെന്ന് കര്‍ഷകര്‍ ചൂണ്ടിക്കാണിച്ചു. അതിനാല്‍ പല കര്‍ഷകരും നേരിട്ട് നെല്ല് വില്‍ക്കുകയാണ് ചെയ്തത്. സപ്ലൈകോ വഴിനെല്ല് നല്കിയ വകയില്‍ 30 കോടി രൂപയിലധികം കര്‍ഷകര്‍ക്ക് ഈ സീസണില്‍ മാത്രം സംഭരണ വിലയായി കിട്ടാനുണ്ട്. ഇതുമൂലം വായ്പ എടുത്തും സ്വര്‍ണം പണയപ്പെടുത്തിയും കൃഷി ഇറക്കിയവര്‍ കൂടുതല്‍ കടക്കണിയിലാകുകയാണ്.
തന്നെയുമല്ല അപ്പര്‍കുട്ടനാട് ഉള്‍പ്പെടുന്ന പത്തനംതിട്ടയിലെ പ്രധാന സംഭരണ പദ്ധതികളില്‍ നിന്നും സപ്ലൈകോ ഒഴിവാക്കുന്നതായും കര്‍ഷകര്‍ക്ക് പരാതിയുണ്ട്.
Tags : Paddy farmers Nattuvishesham District News