പ്രതീകാത്മക ചിത്രം
മുണ്ടക്കയം: കാഞ്ഞിരപ്പള്ളി രൂപത സുവർണ ജൂബിലിയുടെ ഭാഗമായി ഒരുക്കുന്ന 60 വയസിന് മുകളിൽ പ്രായമുള്ളവരുടെ മൂന്നു ദിവസത്തെ സ്നേഹസംഗമം സഖറിയാസ് കൺവൻഷൻ മുണ്ടക്കയം വ്യാകുലമാതാ ഫൊറോന പള്ളിയിൽ ഇന്ന് ആരംഭിക്കും. രാവിലെ 9.45ന് ബിഷപ് മാർ ജോസ് പുളിക്കൽ കൺവൻഷൻ ഉദ്ഘാടനം ചെയ്ത് സന്ദേശം നൽകും. വചന സന്ദേശം, സൗഖ്യ ആരാധന, ഗാനശുശ്രൂഷ, സൗഹൃദ വേദികൾ, ഷെയറിംഗ് സെഷനുകൾ, സ്നേഹവിരുന്ന് എന്നിവ ഉൾപ്പെടുന്ന കൺവൻഷന്റെ ശുശ്രൂഷകൾക്ക് രൂപത ഫാമിലി അപ്പോസ്തലേറ്റും ക്രിസ്റ്റീൻ സഖറിയാസ് മിഷൻ ടീമും നേതൃത്വം നൽകും.
മുണ്ടക്കയം, പെരുവന്താനം ഫൊറോനാകളിലെ വിവിധ ഇടവകകളിൽ നിന്നായി അഞ്ഞൂറിലധികം വ്യക്തികൾ സംഗമത്തിൽ പങ്കെടുക്കും. രൂപത ഡയറക്ടർ ഫാ. മാത്യു ഓലിക്കൽ, മുണ്ടക്കയം ഫൊറോന വികാരി ഫാ.ഡോ. ജെയിംസ് മുത്തനാട്ട്, ഫൊറോനാ ഡയറക്ടർ ഫാ. ജോസഫ് അറയ്ക്കപറമ്പിൽ, പിതൃവേദി, മാതൃവേദി ഫൊറോനാ എക്സിക്യൂട്ടീവ് അംഗങ്ങൾ, മുണ്ടക്കയം ഇടവക നേതൃസമിതി അംഗങ്ങൾ തുടങ്ങിയവർ നേതൃത്വം നൽകും. രാവിലെ 9.45 മുതൽ വൈകുന്നേരം നാലുവരെയാണ് കൺവൻഷൻ.