പ്രതീകാത്മക ചിത്രം
ചെങ്ങന്നൂർ: നഗരസഭാ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ നടത്തിയ മിന്നൽ പരിശോധനയിൽ വൻതോതിൽ പഴകിയ ഭക്ഷണസാധനങ്ങളും നിരോധിത പ്ലാസ്റ്റിക്കും പിടിച്ചെടുത്തു. ചെങ്ങന്നൂർ നഗരാതിർത്തിയിലുള്ള ഹോട്ടലുകൾ, ബേക്കറികൾ, മറ്റ് ചെറുകിട വ്യാപാര സ്ഥാപനങ്ങൾ എന്നിവിടങ്ങളിലായിരുന്നു ഉദ്യോഗസ്ഥ സംഘത്തിന്റെ പരിശോധന.
കാലാവധി കഴിഞ്ഞതും ശുചിത്വമില്ലാത്ത സാഹചര്യത്തിൽ സൂക്ഷിച്ചിരുന്നതുമായ ഭക്ഷണപദാർത്ഥങ്ങളാണ് ആരോഗ്യ വിഭാഗം പിടിച്ചെടുത്ത് നശിപ്പിച്ചത്. പരിശോധനയിൽ 19 കിലോ നിരോധിത പ്ലാസ്റ്റിക് ഉത്പ്പന്നങ്ങളും കണ്ടെടുത്തു.
മത്സ്യവ്യാപാര സ്ഥാപനങ്ങൾക്കെതിരേ നിയമനടപടി
മാലിന്യങ്ങൾ കൃത്യമായി സംസ്കരിക്കാതെ പൊതുവഴികളിലേക്കും ഓടകളിലേക്കും അലക്ഷ്യമായി ഒഴുക്കിവിട്ട മത്സ്യവ്യാപാര സ്ഥാപനങ്ങൾക്കെതിരേ നഗരസഭ നിയമനടപടി ആരംഭിച്ചു. ലൈസൻസില്ലാതെ നിയമവിരുദ്ധമായി പ്രവർത്തിച്ചു വരുന്ന സ്ഥാപനങ്ങൾക്ക് അടിയന്തരമായി കാരണം കാണിക്കൽ നോട്ടീസ് നൽകാനും തീരുമാനമായിട്ടുണ്ട്. നഗരസഭാ സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ സി. നിഷ, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ സി. മനോജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
Tags : Local News Nattuvishesham Stale food plastic