ചെമ്പന്തൊട്ടി സെന്റ് ജോർജ് പാരിഷ് ഹാളിൽ ചേർന്ന ശ്രീകണ്ഠപുരം- നടുവിൽ റോഡ് കമ്മിറ്റി ഉദ്ഘാടനം ചെയ്ത് സജീവ് ജോസഫ് എംഎൽഎ പ്രസംഗിക്കുന്നു.
ചെമ്പന്തൊട്ടി: കഴിഞ്ഞദിവസം ചെമ്പന്തൊട്ടി പളളത്ത് തോട്ടിൽ വീണ് ഒഴുക്കിൽപ്പെട്ടു മരിച്ച മുതുകാട്ടിൽ സജിയുടെ കുടുംബം ഉന്നയിച്ച മുഴുവൻ ആവശ്യങ്ങളും ഉടൻതന്നെ സാധിച്ചു നൽകാനും പള്ളം പാലത്തിലെ അപകട സാധ്യതയുള്ള നടപ്പാത പൊളിച്ചു മാറ്റാനും സജീവ് ജോസഫ് എംഎൽഎ പൊതുമരാമത്ത് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ശ്രീകണ്ഠപുരം-നടുവിൽ റോഡിലെ പ്രധാന സ്ഥലമായ ചെമ്പന്തൊട്ടിയെ കൂടുതൽ സൗകര്യപ്രദമാക്കുന്ന രീതിയിൽ ആവശ്യമായ വെയിറ്റിംഗ് ഷെഡ്, ലൈനിംഗ്, ലൈറ്റുകൾ എന്നിവ സ്ഥാപിക്കണമെന്നും എംഎൽഎ ബന്ധപ്പെട്ട അധികൃതരോടാവശ്യപ്പെട്ടു. ശ്രീകണ്ഠപുരം-നടുവിൽ റോഡ് കമ്മിറ്റി ചെമ്പന്തൊട്ടി പാരിഷ് ഹാളിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ചെമ്പന്തൊട്ടിയിലെ ഗതാഗതക്കുരുക്കിന് അടിയന്തര പരിഹാരം കാണാനും പോരായ്മകൾ പരിഹരിച്ച് എത്രയും വേഗം റോഡുപണി പൂർത്തിയാക്കാനും യോഗം ഉദ്യോഗസ്ഥർക്കും കരാറുകാർക്കും നിർദേശം നൽകി. ശ്രീകണ്ഠപുരം നഗരസഭാ ചെയർമാൻ ഇ.വി. രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ചെമ്പന്തൊട്ടി സെന്റ് ജോർജ് ഫൊറോന വികാരി ഫാ. ആന്റണി മഞ്ഞളാംകുന്നേൽ, നഗരസഭാ മുൻ ചെയർപേഴ്സൺ ഡോ. കെ.വി. ഫിലോമിന, കെ.പി. ഗംഗാധരൻ, പൊതുമരാമത്ത് വകുപ്പ് എൻജിനിയർമാർ, നഗരസഭാ സ്ഥിരംസമിതി അധ്യക്ഷ ജാൻസി ആന്റോ, കെ.വി. കുഞ്ഞിരാമൻ, കൗൺസിലർ എൻ. വി. വർഗീസ്, നഗരസഭാ സ്ഥിരംസമിതി മുൻ അധ്യക്ഷ ജോസഫിന വർഗീസ്, മുൻ കൗൺസിലർ കെ.ജെ. ചാക്കോ കൊന്നയ്ക്കൽ, വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികളായ ജിയോ ജേക്കബ്, വർഗീസ് വയലാമണ്ണിൽ, കെ.എം. ഷംസീർ, ബിനു ഇലവുങ്കൽ, ബെന്നറ്റ് വട്ടക്കുഴി, ജോണി പെരുമ്പള്ളിൽ, ജോർജ് ആലപ്പാട്ട്, റോഡ് കമ്മിറ്റി ജോയിന്റ് കൺവീനർ എം.വി. ജോസ് എന്നിവർ പ്രസംഗിച്ചു. അന്തരിച്ച സജിയുടെ കുടുംബാംഗങ്ങൾ തങ്ങളുടെ ആവശ്യങ്ങൾ യോഗത്തെ അറിയിച്ചു. സജിയുടെ നിര്യാണത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി.
Tags : Nattuvishesham DistrictNews