പ്രതീകാത്മക ചിത്രം
റായ്സൻ: മധ്യപ്രദേശിലെ റായ്സൻ ജില്ലാ ജയിലിൽനിന്നു രക്ഷപ്പെടാൻ ശ്രമിച്ച തടവുകാരൻ ഗാർഡിനു നേരെ വെടിയുതിർത്തു. ഗുരുതര പരിക്കേറ്റ ഗാർഡ് ദിഗ്വിജയ് സിംഗ് തോമറിനെ വിദഗ്ധ ചികിത്സയ്ക്കായി ഭോപ്പാലിലെ എയിംസിലേക്ക് മാറ്റി. സംഭവത്തിൽ ജയിൽ സൂപ്രണ്ട് ആർ.കെ. ചൗരെയെ സസ്പെൻഡ് ചെയ്തു.
രക്ഷാബന്ധൻ ആഘോഷങ്ങളുടെ ഭാഗമായി ജയിലിനുള്ളിൽ പരിപാടികൾ നടക്കുന്നതിനിടെയാണ് സംഭവം. കൊലപാതകശ്രമക്കേസിൽ തടവിൽ കഴിയുന്ന നിലേഷ് സിംഗ് പഴങ്ങൾ നിറച്ച കുട്ടയുമായി ജയിലിന്റെ പ്രധാന കവാടത്തിലെത്തി. കവാടം തുറക്കണമെന്ന് ഗാർഡിനോട് ആവശ്യപ്പെട്ടെങ്കിലും തോമർ വിസമ്മതിച്ചു. തുടർന്ന് കുട്ടയിൽ ഒളിപ്പിച്ചിരുന്ന നാടൻ തോക്കെടുത്ത് നിലേഷ് സിംഗ് ഗാർഡിനു നേരെ വെടിയുതിർക്കുകയായിരുന്നു.
വിവരമറിഞ്ഞെത്തിയ ജയിൽ സൂപ്രണ്ട് ചൗരെയും മറ്റ് ജയിൽ ജീവനക്കാരും ചേർന്ന് പ്രതിയെ പിടികൂടി. സംഭവത്തിൽ പൊലിസ് സ്ഥലത്തെത്തി പരിശോധന നടത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ജയിലിനുള്ളിൽ അനധികൃത ആയുധം എങ്ങനെ എത്തിയെന്നും ഇതിന് ആരുടെയെങ്കിലും സഹായമുണ്ടായിരുന്നോയെന്നും അന്വേഷിച്ചുവരികയാണ്.
രക്ഷാബന്ധൻ ആഘോഷങ്ങളുടെ ഭാഗമായി ജയിലിനുള്ളിൽ എത്തിച്ച മധുരപലഹാരങ്ങളുടെയും പഴങ്ങളുടെയും കുട്ടകളിൽ തോക്ക് ഒളിപ്പിച്ചിരിക്കാമെന്നാണ് കരുതുന്നതെന്ന് സസ്പെൻഡ് ചെയ്യപ്പെട്ട സൂപ്രണ്ട് ചൗരെ പ്രതികരിച്ചു.
Tags : Prison guard injured prisoner's shooting Superintendent suspended Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash