കോഴിക്കോട്: പൊതുപ്രവര്‍ത്തനത്തില്‍ എല്ലാവരുമായും പ്രത്യേക ഹൃദയബന്ധം സൂക്ഷിച്ച വ്യക്തിത്വമായിരുന്നു കഴിഞ്ഞ ദിവസം വിടവാങ്ങിയ കോണ്‍ഗ്രസ് നേതാവ് എം. വീരാന്‍കുട്ടി.ന്യൂനപക്ഷ കമ്മീഷന് ചെയര്മാന്, കോഴിക്കോട് ഡിസിസി പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുമ്പോഴും എപ്പോഴും താഴേതട്ടിലുള്ള പ്രവര്‍ത്തകരുമായി നല്ല സൗഹൃദം സൂക്ഷിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നതായി സഹപ്രവര്‍ത്തകര്‍ പറയുന്നു.
ജന്മംകൊണ്ട് മലപ്പുറം ജില്ലയിലെ എടവണ്ണപ്പാറ സ്വദേശിയാണെങ്കിലും കോഴിക്കോടായിരുന്നു കര്‍മ മണ്ഡലം.ഏറെക്കാലം കോഴിക്കോട് സിവില്‍ സ്റ്റേഷന് മധുരവനം റോഡിലായിരുന്നു താമസം.
മുതിര്‍ന്ന രാഷ്ട്രീയ നേതാക്കളും സാമൂഹിക, സാംസ്കാരിക നായകരുമായും മറ്റും അടുത്ത ബന്ധം പുലര്‍ത്തി കോഴിക്കോടിന്റെ പൊതുവേദികളില്‍ സജീവ സാന്നിധ്യമായി.സോഷ്യലിസ്റ്റ് വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയ രംഗത്തേക്ക് കടന്നുവന്ന വ്യക്തിയാണ് അദ്ദേഹം. വിദ്യാര്‍ഥി ജീവിത കാലത്തുതന്നെ കേരളത്തിലെ ക്യാമ്പസുകളിലെ ശ്രദ്ധേയനായ നേതാവായിരുന്നു.
പിന്നീട് കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ ഭാഗമാവുകയും സംഘടനാ പ്രവര്‍ത്തനത്തിലെ മികവുകൊണ്ട് കോഴിക്കോട് ജില്ലയിലെ കോണ്‍ഗ്രസ് പ്രസ്ഥാനത്തിലെ കരുത്തുറ്റ നേതാവായി മാറുകയായിരുന്നു.
കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ഡിസിസി വൈസ് പ്രസിഡന്റ് തുടങ്ങിയ നിലകളില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനം കാഴ്ചവെച്ചു. പി.ശങ്കരന് ഡിസിസി പ്രസിഡന്റായിരുന്നപ്പോള്‍ കൊയിലാണ്ടിയില്‍നിന്ന് നിയമസഭയിലേക്ക് മത്സരിക്കാന്‍ തീരുമാനിച്ചപ്പോള്‍ വൈസ് പ്രസിഡന്റായ വീരാന്‍കുട്ടിക്ക് ജില്ലാ പ്രസിഡന്റിന്റെ ചുമതല നല്കി. പിന്നാലെ ഡിസിസി പ്രസിഡന്റായി ചുമതലയേറ്റു. ഡിസിസി പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞ ശേഷം കുറച്ചുകാലം കോഴിക്കോട് യുഡിഎഫ് ജില്ലാ ചെയര്‍മാനായി പ്രവര്‍ത്തിച്ചു. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായ വേളയിലാണ് 2014ല്‍ ന്യൂനപക്ഷ കമ്മീഷന് ചെയര്‍മാനായത്.
ഏതു പ്രശ്നത്തിലും സൗമ്യമായി ഇടപെട്ടു പ്രശ്ന പരിഹാരം കാണുന്നത് അദ്ദേഹത്തിന്റെ പ്രത്യേകതയായിരുന്നു.
Tags : Nattuvishesham Districtnews Deepikanews passed away.