സി. ജോസഫ് വിജയ്
ചെന്നൈ: ചെന്നൈയിൽ ലോകോത്തര നിലവാരത്തിലുള്ള തമിഴ്‌നാട് ഒളിമ്പിക് സിറ്റി നിർമിക്കുമെന്ന് മുഖ്യമന്ത്രി സി. ജോസഫ് വിജയ് നിയമസഭയിൽ പ്രഖ്യാപിച്ചു. തമിഴ്‌നാട് സ്‌പോർട്‌സ് ഡെവലപ്‌മെന്‍റ് അതോറിറ്റിയുടെ മേൽനോട്ടത്തിലാണ് ഈ ബൃഹത്തായ പദ്ധതി യാഥാർഥ്യമാക്കുന്നത്.
ഒളിമ്പിക്‌സ് ഉൾപ്പെടെയുള്ള അന്താരാഷ്ട്ര കായികമേളകളിൽ സംസ്ഥാനത്തു നിന്നുള്ള താരങ്ങൾക്ക് കൂടുതൽ മെഡലുകൾ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ഏകീകൃത കായിക ഹബ്ബ് ഒരുങ്ങുന്നത്.
അത്യാധുനിക കായിക സ്റ്റേഡിയങ്ങൾ, വിദേശനിലവാരത്തിലുള്ള പരിശീലന ഉപകരണങ്ങൾ, ഹൈ പെർഫോമൻസ് ട്രെയിനിംഗ് സെന്‍റർ, സ്‌പോർട്‌സ് സയൻസ്-സ്‌പോർട്‌സ് മെഡിസിൻ സെന്‍ററുകൾ എന്നിവ ഈ ഒളിമ്പിക് സിറ്റിയുടെ ഭാഗമായി പ്രവർത്തിക്കും. കൂടാതെ, കായികതാരങ്ങൾക്കും പരിശീലകർക്കും വേണ്ടിയുള്ള അത്യാധുനിക താമസസൗകര്യങ്ങളും ഇവിടെ ഒരുക്കുമെന്ന് സർക്കാർ വ്യക്തമാക്കുന്നുണ്ട്.
ഒളിമ്പിക് സിറ്റിക്കൊപ്പം ചെന്നൈയിൽ പ്രത്യേക മോട്ടോർ സ്‌പോർട്‌സ് സിറ്റിയും സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഫോർമുല 1 മുതൽ ഫോർമുല 4 വരെയുള്ള അന്താരാഷ്ട്ര റേസുകൾക്ക് ആതിഥേയത്വം വഹിക്കാനുള്ള ശേഷിയോടെയായിരിക്കും ഈ മോട്ടോർ സ്‌പോർട്‌സ് സിറ്റി നിർമിക്കുന്നത്.
Tags : OlympicCity Chennai CJosephVijay Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs