കെസിയ ലിസ് മെജോ
കൊച്ചി: സ്വപ്‌നം കണ്ടു നില്‍ക്കുകയായിരുന്നില്ല, അതിനായി ഇറങ്ങിത്തിരിച്ചു. അവസരങ്ങള്‍ തേടി, സ്വന്തമായി വഴി വെട്ടി, ഒടുവില്‍ മിസ് യൂണിവേഴ്സ് ഇന്ത്യ കിരീടം നേടുന്ന ആദ്യ മലയാളി എന്ന ചരിത്രനേട്ടം. കെസിയ ലിസ് മെജോയുടെ ലക്ഷ്യം ഇനി പ്യൂര്‍ട്ടോ റിക്കോയിലെ ലോകവേദിയാണ്.
മുന്‍ മിസ് പത്തനംതിട്ടയായ അമ്മയുടെ പഴയ ചിത്രങ്ങളില്‍ കണ്ട സൗന്ദര്യമത്സര വേദികളില്‍ ഒരിക്കല്‍ മകളും എത്തുമെന്ന് ആരും കരുതിയിരുന്നില്ല. എന്നാല്‍ അമ്മ സുജ മെജോയുടെ കഥ ആവര്‍ത്തിക്കാനല്ല, സ്വന്തം കഥ എഴുതാനാണ് കെസിയ എത്തിയത്. ആ കഥയുടെ തിളക്കമുള്ള അധ്യായമാണ് മിസ് യൂണിവേഴ്സ് ഇന്ത്യ കിരീടം.
കുടുംബത്തില്‍ നിന്നുള്ള പ്രചോദനങ്ങള്‍ ഉണ്ടായിരുന്നെങ്കിലും സ്വന്തം സ്വപ്നത്തിനാണ് കെസിയ മുന്‍തൂക്കം നല്‍കിയത്. മറ്റുള്ളവര്‍ തുറന്നുതന്ന വാതിലിലൂടെ കടന്നുവരുന്നതിനേക്കാള്‍ സ്വന്തം വാതില്‍ തുറന്നെടുക്കാനായിരുന്നു ശ്രമം.
അവസരങ്ങള്‍ നമ്മുടെ വാതിലില്‍ വന്ന് മുട്ടണമെന്നില്ല. പക്ഷേ അങ്ങനെയൊരു അവസരം ഉണ്ടാക്കിയെടുക്കാന്‍ എല്ലാവര്‍ക്കും സാധിക്കും.., കെസിയയുടെ യാത്രയെ ഏറ്റവും നന്നായി അടയാളപ്പെടുത്തുന്ന വാക്കുകളാണിത്. അവസരങ്ങള്‍ ലഭിച്ചില്ലെന്ന് പരാതിപ്പെടുന്നതിനു പകരം സ്വയം മുന്നോട്ടിറങ്ങി അവസരങ്ങള്‍ സൃഷ്ടിക്കണമെന്നാണ് നിലപാട്.
നിയമപഠനവും കിരീടവും ഒന്നിച്ച്
സൗന്ദര്യമത്സരത്തിന്‍റെ തിളക്കത്തിനിടയിലും വിദ്യാഭ്യാസത്തിന് കെസിയ നല്‍കുന്ന പ്രാധാന്യം വലുതാണ്. നിയമവിദ്യാര്‍ഥിനിയായ കെസിയയുടെ ലക്ഷ്യം മോഡലിംഗ് രംഗത്ത് മാത്രം ഒതുങ്ങുന്നതല്ല. വിദ്യാഭ്യാസത്തിന്‍റെ കാര്യത്തില്‍ ഒരിക്കലും വിട്ടുവീഴ്ച ചെയ്യില്ല.
നിയമപഠനവും സൗന്ദര്യമത്സരങ്ങളും ഒരുമിച്ച് മുന്നോട്ടു കൊണ്ടു പോകണമെന്നാണ് തീരുമാനം. സമൂഹത്തില്‍ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ തന്‍റെ വിദ്യാഭ്യാസവും പൊതുവേദിയിലെ സ്വാധീനവും ഉപയോഗിക്കണമെന്നതാണ് സ്വപ്നം. കിരീടം നല്‍കുന്ന പ്രശസ്തിയേക്കാള്‍ അതിലൂടെ ലഭിക്കുന്ന വേദിയെ എങ്ങനെ ഉപയോഗിക്കുന്നു എന്നതിനാണ് പ്രാധാന്യം.
അസാധ്യമെന്ന് തോന്നുന്നതിന് അപ്പുറത്തേക്ക്
സ്വപ്‌നങ്ങളെ കുറിച്ച് പറയുമ്പോള്‍ കെസിയയ്ക്ക് വ്യക്തമായൊരു കാഴ്ചപ്പാടുണ്ട്. ഒരു സ്വപ്നം ഒരു സ്പാര്‍ക്ക് പോലെയാണ്. അതിന് തീ കൊടുക്കേണ്ടത് നമ്മള്‍ തന്നെയാണ്. എന്താണ് പ്രായോഗികം, എന്താണ് സാധിക്കുക എന്ന കണക്കുകൂട്ടലുകളില്‍ മാത്രം ഒതുങ്ങിയാല്‍ വലിയ നേട്ടങ്ങളിലേക്ക് എത്താനാകില്ല. അസാധ്യമെന്ന് തോന്നുന്ന കാര്യങങള്‍ സ്വപ്നം കാണണം. കാരണം അതിരുകള്‍ക്കപ്പുറത്തേക്ക് ചിന്തിക്കുമ്പോഴാണ് പുതിയ സാധ്യതകള്‍ തുറക്കുന്നത്. നമ്മള്‍ ആഗ്രഹിച്ചതിലും കൂടുതല്‍ നേടാനും ലോകത്ത് സ്വന്തമായൊരു അടയാളം സൃഷ്ടിക്കാനും വലിയ സ്വപ്നങ്ങള്‍ ആവശ്യമാണ്.
ഇന്നത്തെ തലമുറയെ ആത്മവിശ്വാസമുള്ളതാണ്. തെറ്റുകള്‍ കണ്ടാല്‍ ചോദ്യം ചെയ്യാനും തിരുത്താനും മറ്റൊരാളെ സഹായിക്കേണ്ടി വന്നാല്‍ ഒരുമിച്ച് നില്‍ക്കാനും തയാറാകുന്ന തലമുറ. പക്ഷേ ആത്മവിശ്വാസം ജന്മസിദ്ധമല്ല. സ്വയം വളര്‍ത്തിയെടുക്കുന്നതാണ് ആത്മവിശ്വാസം. മറ്റുള്ളവര്‍ തന്നെ കുറിച്ച് എന്ത് ചിന്തിക്കും എന്ന ആശങ്ക മാറ്റിവച്ച് സ്വന്തം വ്യക്തിത്വത്തെ അംഗീകരിക്കുകയും അതില്‍ സന്തോഷിക്കുകയും ചെയ്യുമ്പോഴാണ് യഥാര്‍ഥ ആത്മവിശ്വാസം ഉണ്ടാകുന്നത്.
ആദ്യ അന്താരാഷ്ട്ര വേദി നല്‍കിയ ആത്മവിശ്വാസം
2025ല്‍ മിസ് ടീന്‍ ഇന്‍റര്‍നാഷണല്‍ മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച കെസിയ ഫസ്റ്റ് റണ്ണറപ്പായി. കിരീടം കൈവിട്ടെങ്കിലും ആ വേദി കെസിയയ്ക്ക് മറ്റൊരു വലിയ നേട്ടം നല്‍കി, സ്വന്തം കഴിവിലുള്ള വിശ്വാസം. അന്നത്തെ പ്രകടനമാണ് മിസ് യൂണിവേഴ്സ് ഇന്ത്യയിലേക്കുള്ള യാത്രയ്ക്ക് ആത്മവിശ്വാസം നല്‍കിയതെന്ന് കെസിയ പറയുന്നു. ഒര കിരീടം നഷ്ടപ്പെട്ടത് അവസാനമല്ല, തുടക്കം മാത്രമാണ്.
ഡയറ്റിനിടയിലും കേക്കും ഐസ്‌ക്രീമും
കിരീടത്തിനായുള്ള തയാറെടുപ്പുകള്‍ക്കിടയിലും ജീവിതം പൂര്‍ണമായും നിയന്ത്രണങ്ങളിലേക്ക് ചുരുക്കാന്‍ കെസിയ തയാറല്ല. ഡയറ്റിലാണെങ്കിലും ജങ്ക് ഫുഡ് കഴിക്കും. കേക്കും ഐസ്‌ക്രീമും ആസ്വദിക്കും. ആകെ ഒരു ജീവിതമല്ലേ എന്നതാണ് അതിനുള്ള കെസിയയുടെ ലളിതമായ മറുപടി. എന്നാല്‍ കഴിക്കുന്നതിന്‍റെ അളവില്‍ നിയന്ത്രണമുണ്ട്. മത്സരമുണ്ടെന്ന് കരുതി ഭക്ഷണം പൂര്‍ണമായി ഒഴിവാക്കുന്ന രീതിയല്ല കെസിയ പിന്തുടരുന്നത്. ആസ്വദിച്ചു കൊണ്ടുതന്നെ ബാലന്‍സ് നിലനിര്‍ത്തുകയാണ് ലക്ഷ്യം.
ഇനി ലോകവേദിയിലേക്ക്
മാവേലിക്കരയില്‍ നിന്ന് തുടങ്ങിയ യാത്ര ഇപ്പോള്‍ ഇന്ത്യയുടെ പ്രതിനിധിയായി ലോകവേദിയിലേക്കാണ് നീളുന്നത്. മിസ് യൂണിവേഴ്സ് ഇന്ത്യ എന്ന കിരീടം കെസിയയുടെ സ്വപ്നത്തിന്‍റെ അവസാനമല്ല, അടുത്ത സ്വപ്നത്തിലേക്കുള്ള തുടക്കമാണ്.
നിയമപഠനം പൂര്‍ത്തിയാക്കണം. സൗന്ദര്യമത്സരരംഗത്ത് കൂടുതല്‍ ഉയരങ്ങളിലെത്തണം. അതോടൊപ്പം സമൂഹത്തില്‍ മാറ്റങ്ങള്‍ സൃഷ്ടിക്കണം. സ്വപ്നങ്ങള്‍ക്ക് പരിധി വയ്ക്കാതെ മുന്നോട്ടുപോകുന്ന കെസിയ ലിസ് മെജോയുടെ കഥ അതുകൊണ്ടുതന്നെ ഒരു സൗന്ദര്യകരീടത്തിന്‍റെ കഥ മാത്രമല്ല, എനിക്കും സാധിക്കും എന്ന് വിശ്വസിച്ചാല്‍ ഒരു സ്വപ്നത്തിന് എത്ര ദൂരം സഞ്ചരിക്കാനാകുമെന്നതിന്‍റെ കഥ കൂടിയാണ്.
Tags : KeziaLizMejo MissUniverse Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs