മുട്ടിൽ മരംമുറിക്കേസിലെ പ്രതികൾ.
കൊച്ചി: മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട വഞ്ചനാ കേസിൽ അഗസ്റ്റിൻ സഹോദരന്മാർക്ക് വീണ്ടും തിരിച്ചടി. ചോറ്റാനിക്കര കോടതിയിലെ വിചാരണ നടപടികൾ സ്റ്റേ ചെയ്യണമെന്ന പ്രതികളുടെ ആവശ്യം ഹൈക്കോടതി തള്ളി. കേസിലെ കുറ്റപ്പത്രം വായിച്ചുകേൾപ്പിക്കുന്നതിനായി തിങ്കളാഴ്ച ചോറ്റാനിക്കര കോടതിയിൽ ഹാജരാകാൻ പ്രതികൾക്ക് നിർദേശം നൽകിയിരുന്നു.
ഇതിനെതിരെയാണ് അഗസ്റ്റിൻ സഹോദരന്മാർ ഹൈക്കോടതിയെ സമീപിച്ചത്. വയനാട്ടിലും ചോറ്റാനിക്കരയിലും പ്രതികൾക്കെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്ന കേസുകൾ ഒരേ കുറ്റകൃത്യവുമായി ബന്ധപ്പെട്ടതാണെന്നും അതിനാൽ കേസുകളെല്ലാം ഒന്നായി പരിഗണിക്കണമെന്നുമായിരുന്നു പ്രതികളുടെ വാദം.
എന്നാൽ ചോറ്റാനിക്കരയിലെ വഞ്ചനാ കേസ് വയനാട്ടിലെ മരംമുറി കേസുമായി ബന്ധപ്പെട്ടതല്ലെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. സർക്കാർ വാദം പരിഗണിച്ച കോടതി ചോറ്റാനിക്കര കോടതിയിലെ നടപടികൾക്ക് അടിയന്തരമായി സ്റ്റേ അനുവദിക്കണമെന്ന ആവശ്യം തള്ളുകയായിരുന്നു. അതേസമയം കേസ് ഹൈക്കോടതി ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.
Tags : Fraud Case Augustine Brothers Tree Felling Case Chottanikkara Court