സാൻ ജുവാൻ (പ്യൂർട്ടോ റിക്കോ): മിസ് യൂണിവേഴ്സ് കിരീടം നേടുന്ന ആദ്യത്തെ വിവാഹിതയും അമ്മയുമായ വനിത എന്ന ചരിത്രനേട്ടവുമായാണ് പ്യൂർട്ടോ റിക്കോയുടെ ജെന്നിഫർ ബാരെറ്റോ (27) കിരീടം ചൂടിയത്. യുഎസ് ആർമിയുടെ 101-ാമത് എയർബോൺ ഡിവിഷനിൽ ലോജിസ്റ്റിക്സ് സപ്പോർട്ട് നൽകുന്ന, പ്യൂർട്ടോ റിക്കോയിലെ ഇസബെല സ്വദേശിയായ ആർമി സർജന്റ് യാൻ കാർലോസ് ബാരെറ്റോ കാൽഡെറോൺ ആണ് ഭർത്താവ്.
2019ൽ ജനിച്ച പെനലോപ്പി എന്ന മകൾ ഇവർക്കുണ്ട്. സൈക്കോളജിയിലും ക്ലിനിക്കൽ സോഷ്യൽ വർക്കിലും ബിരുദാനന്തര ബിരുദമുള്ള ജെന്നിഫർ, യുഎസ് ആർമി ഡിപ്പാർട്ട്മെന്റ് ഓഫ് ഡിഫൻസിൽ പ്രിവൻഷൻ സ്പെഷലിസ്റ്റായി സേവനമനുഷ്ഠിക്കുകയാണ്.
'ഇന്ന് ലോകത്തിന് അതിന്റെ നേതാക്കളിൽനിന്ന് ഏറ്റവും കൂടുതൽ ആവശ്യമുള്ളത് എന്താണ്?' എന്നതായിരുന്നു അവസാന റൗണ്ടിലെ ചോദ്യം. "കഴിവുറ്റവരും സഹാനുഭൂതിയുള്ളവരുമായ നേതാക്കളെയാണു ലോകത്തിന് ആവശ്യമെന്ന് ഞാൻ വിശ്വസിക്കുന്നു. സമൂഹത്തിന്റെ ആവശ്യങ്ങൾ കേട്ടറിഞ്ഞ്, അതിനനുസരിച്ച് മാറ്റങ്ങൾ കൊണ്ടുവരാനും ദീർഘകാലാടിസ്ഥാനത്തിൽ സ്വാധീനം ചെലുത്താനും കഴിയുന്നവരായിരിക്കണം നേതാക്കൾ' എന്ന ജെന്നിഫറിന്റെ മറുപടി വിധികർത്താക്കളുടെ പ്രശംസ നേടി. നിർമിത ബുദ്ധിയുടെ (എഐ) വളർച്ചയ്ക്കിടയിലും മാനുഷികമൂല്യങ്ങൾ കൈവിടരുതെന്ന മുൻ റൗണ്ടിലെ ജെന്നിഫറിന്റെ ഉത്തരവും ശ്രദ്ധേയമായിരുന്നു.
70 വർഷത്തിലേറെയായി അവിവാഹിതരും കുട്ടികളില്ലാത്തവരുമായ സ്ത്രീകൾക്കു മാത്രമായിരുന്നു മിസ് യൂണിവേഴ്സ് മത്സരത്തിൽ പങ്കെടുക്കാൻ അനുമതിയുണ്ടായിരുന്നത്. കിരീടധാരണ കാലയളവിലും ഇവർ അവിവാഹിതരായി തുടരണമെന്ന കർശന നിബന്ധനയുമുണ്ടായിരുന്നു.
എന്നാൽ, 2023ലെ പതിപ്പ് മുതൽ മിസ് യൂണിവേഴ്സ് സംഘടന ഈ വിലക്ക് നീക്കുകയും വിവാഹിതർക്കും വിവാഹമോചിതർക്കും ഗർഭിണികൾക്കും അമ്മമാർക്കും മത്സരിക്കാൻ അവസരം നൽകുകയും ചെയ്തു. നിലവിലെ നിയമമനുസരിച്ച് വൈവാഹികനിലയോ മാതൃത്വമോ മത്സരത്തിനു തടസമല്ല. ഈ ചരിത്രപരമായ മാറ്റത്തിനുശേഷം കിരീടം നേടുന്ന ആദ്യ വ്യക്തിയാണു ജെന്നിഫർ.