പിടിയിലായ പ്രതികൾ
കോട്ടയം: കോട്ടയം നാഗമ്പടത്തെ റിലയൻസ് ഡിജിറ്റൽ ഷോപ്പിൽ നിന്ന് ഇലക്ട്രോണിക് ഉപകരണങ്ങൾ മോഷ്ടിച്ച് വിറ്റ ജീവനക്കാർ പിടിയിൽ. ക്രിസ്റ്റി, പ്രിൻസ് എന്നിവരാണ് പിടിയിലായത്. 60 ലക്ഷം രൂപയിലധികം വില വരുന്ന ലാപ്ടോപുകളും ഐഫോണുകളുമാണ് ഇരുവരും മോഷ്ടിച്ച് വിറ്റത്.
കഴിഞ്ഞ ദിവസം സ്ഥാപനത്തിൽ നടത്തിയ കണക്കെടുപ്പിലാണ് വൻ തട്ടിപ്പ് പുറത്തായത്. 71 ലാപ്ടോപുകൾ, മൂന്ന് ഐ ഫോണുകൾ, നാല് ഐ പാഡുകൾ എന്നിവയാണ് ഇരുവരും ചേർന്ന് മോഷ്ടിച്ച് വിറ്റത്. മൂന്ന് വർഷമായി ഇരുവരും കവർച്ച നടത്തിയിരുന്നതായി പൊലിസ് കണ്ടെത്തിയിട്ടുണ്ട്.
മോഷ്ടിച്ച ഉപകരണങ്ങൾ എറണാകുളത്തെ കേന്ദ്രത്തിലെത്തിച്ചാണ് മറിച്ച് വിറ്റിരുന്നത്. സ്ഥാപനത്തിന്റെ പരാതിയിൽ കേസെടുത്ത പൊലിസ് കസ്റ്റഡിയിലെടുത്ത പ്രതികളെ വിശദമായി ചോദ്യം ചെയ്തു വരികയാണ്.
Tags : Reliance Digitalstore Arrest Crime Police Investigation CaseFile FIR