പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: കേരള ഹൗസിലെ നിയമവിഭാഗത്തിൽ നിന്ന് രേഖകൾ മോഷണംപോയെന്ന പരാതിയിൽ ഡൽഹി പെലിസ് അന്വേഷണം ആരംഭിച്ചു. നിയമവിഭാഗം ഡെപ്യൂട്ടി സെക്രട്ടറി ഷണ്മുവതിയാണ് തിലക് മാർഗ് പെലിസിൽ പരാതി നൽകിയത്. അഡീഷണൽ ലോ സെക്രട്ടറി ടി.എസ്. ഗ്രാൻസി രേഖകൾ മോഷ്ടിച്ചതായി സംശയിക്കുന്നുവെന്നും പരാതിയിൽ ആരോപിക്കുന്നു.
നിയമവിഭാഗത്തിലെ അറ്റൻഡൻസ് രജിസ്റ്റർ കാണാതായതാണ് പരാതിയിലെ പ്രധാന ആരോപണം. കേരള ഹൗസിലെ നിയമവിഭാഗം മേധാവിയായിരുന്ന ഗ്രാൻസിയെ കഴിഞ്ഞ മാസം അഞ്ചിന് തിരുവനന്തപുരത്തേക്ക് സ്ഥലംമാറ്റിയിരുന്നു. ഗുരുതരമായ കൃത്യവിലോപം ഉൾപ്പെടെയുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് സ്ഥലംമാറ്റ ഉത്തരവ് പുറപ്പെടുവിച്ചതെന്ന് പരാതിയിൽ പറയുന്നു.
സ്ഥലംമാറ്റ ഉത്തരവ് ഇറങ്ങിയതിന് പിന്നാലെ ഗ്രാൻസി പലതവണ അനുമതിയില്ലാതെ നിയമവിഭാഗത്തിന്റെ ഓഫീസിൽ പ്രവേശിച്ചുവെന്നും പരാതിയിൽ പറയുന്നു. ഇതിനിടെയാണ് അറ്റൻഡൻസ് രജിസ്റ്റർ കാണാതായതെന്നാണ് ഡെപ്യൂട്ടി സെക്രട്ടറിയുടെ ആരോപണം. രജിസ്റ്റർ ഗ്രാൻസി എടുത്തുകൊണ്ടുപോയിരിക്കാമെന്ന് സംശയിക്കുന്നതെന്നും പരാതിയിൽ വ്യക്തമാക്കുന്നു.
നിയമവിഭാഗത്തിലെ ചില ഫയലുകളും സത്യവാംഗ്മൂലങ്ങളും കൈമാറണമെന്ന് ഗ്രാൻസി ആവശ്യപ്പെട്ടിരുന്നുവെങ്കിലും അവ കൈമാറിയില്ലെന്നും പരാതിയിൽ പറയുന്നു. കേരള ഹൗസ് റസിഡന്റ് കമ്മീഷണർ ഉൾപ്പെടെയുള്ളവരുടെ നിർദേശത്തെ തുടർന്നാണ് രേഖകൾ കൈമാറാതിരുന്നതെന്നും ഡെപ്യൂട്ടി സെക്രട്ടറി വ്യക്തമാക്കി.