കോട്ടയം: റബര്‍ മഴമറ ഇടാനുള്ള ഷേഡിനും പ്ലാസ്റ്റിക്കിനും പശയ്ക്കും വൈകാതെ വിലയേറും. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെത്തുടര്‍ന്നുള്ള എല്‍പിജി ക്ഷാമവും ക്രൂഡ് ഓയില്‍ വില വര്‍ധനയും റബര്‍, പ്ലാസ്റ്റിക് വ്യവസായത്തിന് കടുത്ത ആഘാതമായി. വ്യാപാരികളും വ്യവസായികളും ഷീറ്റ്, ക്രംബ് എന്നിവ പായ്ക്ക് ചെയ്യാന്‍ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കവറിനും വില കൂടി. ഗ്യാസില്‍ പ്രവര്‍ത്തിക്കുന്ന ക്രംബ് ഫാക്ടറികളില്‍ പകുതി അടഞ്ഞതോടെ ഒട്ടുപാലിനു വില കുറഞ്ഞു.
പ്രകൃതിദത്ത റബര്‍ കിലോയ്ക്ക് 20 രൂപ വിദേശത്തു കൂടുതലുണ്ട്. എന്നാല്‍ ഇറക്കുമതിയുടെ 90 ശതമാനവും ക്രംബായതിനാല് ഷീറ്റിന് വലിയ നേട്ടമില്ല. പശ്ചിമേഷ്യന്‍ യുദ്ധ സാഹചര്യത്തില്‍ ചെറുതും വലുതുമായ ടയറുകളുടെ കയറ്റുമതിയില്‍ 30 ശതമാനം കുറവുണ്ട്. ഈ ആശങ്കയെത്തുടര്‍ന്ന് ടയര്‍ കമ്പനികള്‍ ഉത്പാദനം കുറച്ചു. റബര്‍ ആഭ്യന്തരവില ഉയരാത്തത് ഈ കാരണത്താലാണ്. അഞ്ചു ശതമാനം മാത്രം തീരുവയുള്ള കോമ്പൗണ്ട് റബര്‍ മാസം ഇരുപതിനായിരം ടണ്‍ വീതം വ്യവസായികള്‍ എത്തിക്കുന്നതും ഷീറ്റ് വില ഉയരാതിരിക്കാന്‍ കാരണമായി. മുന്‍നിര ടയര്‍ കമ്പനികള്‍ക്ക് 200 രൂപ നിരക്കില്‍ മുന്‍പ് വാങ്ങിയ ഷീറ്റ് വന്‍തോതില്‍ സ്റ്റോക്കുണ്ടെന്ന് ഡീലര്‍മാര്‍ പറയുന്നു.
ഇന്നലെ ആഭ്യന്തര വില ആര്‍എസ്എസ് നാല് ഗ്രേഡിന് 217 രൂപയും ഗ്രേഡ് അഞ്ചിന് 212 രൂപയുമാണ്. റബര്‍, പെട്രോളിയം ഉത്പന്നങ്ങളായ ചെരിപ്പ്, ഗമ്പൂട്ട്, ബാഗ് തുടങ്ങിയവയുടെ നിര്‍മാണത്തിലും കുറവുണ്ട്.
ബംഗാളി തൊഴിലാളികള്‍ കൂട്ടത്തോടെ നാട്ടിലേക്ക് മടങ്ങിയതും റബര്‍ വ്യവസായത്തിന് ആഘാതമായി. ഇവരിലേറെപ്പേരും നിയമസഭാ തെരഞ്ഞെടുപ്പും അടുത്ത സീസണിലെ കൃഷിയും കഴിഞ്ഞേ മടങ്ങൂ. ചുരുക്കത്തില്‍ മൂന്നു മാസത്തെ തൊഴിലാളി ക്ഷാമമാണ് സമസ്ത മേഖലകളിലുമുള്ളത്.
റബര്‍ വ്യവസായത്തിന് ആവശ്യമായ രാസവസ്തുക്കളുടെയും നൂലുകളുടെയും കമ്പിയുടെയും ഇറക്കുമതി നിലച്ചത് വന്‍കിട, ചെറുകിട ഫാക്ടറികളുടെ പ്രവര്‍ത്തനം നിലയ്ക്കാന്‍ കാരണമായി. ടയര്‍ ഉത്പാദനച്ചെലവിന്റെ 40-45 ശതമാനവും പെട്രോ കെമിക്കല്‍ സാമഗ്രികള്‍ക്കാണ്. ഹോര്‍മുസ് കടലിടുക്കും പനാമ കനാലും ഒഴിവാക്കി അമേരിക്ക, യൂറോപ്പ്, ആഫ്രിക്ക തീരങ്ങളിലൂടെ സാധനങ്ങള്‍ എത്തിക്കേണ്ടിവരുന്നത് ചെലവും സമയവും കൂടും.
ഗള്‍ഫ് മേഖലയിലേക്കുള്ള ടയര്‍, വാഹന കയറ്റുമതി നിലച്ചുകഴിഞ്ഞു. ക്രൂഡ് ഓയില്‍ വിലവര്‍ധന സിന്തറ്റിക് റബര്‍ വ്യവസായത്തിന് തിരിച്ചടിയായി. നാഫ്ത, എത്ലിന്‍, ബ്യൂടാഡെയ്ന്, സ്റ്റൈറിന്, കാര്‍ബണ്‍ ബ്ലാക്ക് തുടങ്ങിയ പെട്രോ കെമിക്കല്‍ ഇനങ്ങളുടെ വില ഉയര്‍ന്നു.
Tags : rubber Price shades plastic sheet prices rubber