Kerala
ആലപ്പുഴ: കോടംതുരുത്ത് ഭാഗത്ത് പ്രവർത്തിക്കുന്ന ധനകാര്യ സ്ഥാപനം കുത്തിത്തുറന്ന് കവർച്ച നടത്തിയ കേസിൽ പ്രതി പിടിയിൽ. ശ്രീ ധനലക്ഷ്മി എന്റർപ്രൈസസ് എന്ന സ്ഥാപനത്തിലായിരുന്നു മോഷണം നടന്നത്.
സംഭവത്തെ തുടർന്ന് എറണാകുളം ഇളംകുന്നപ്പുഴ തെക്കൻ സ്വദേശി അനീഷ് (37) ആണ് പിടിയിലായത്. സ്ഥാപനത്തിൽ നിന്ന് ലാപ്ടോപ്പുകളും സിസിടിവി കാമറയുടെ ഡിവിആറും ഉൾപ്പെടെയുള്ള സാധനങ്ങളാണ് പ്രതി മോഷ്ടിച്ചത്.
സെപ്റ്റംബർ 23ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം. ബൈക്കിലെത്തി മോഷണം നടത്തി കടന്നുകളഞ്ഞ പ്രതിയുടെ സിസിടിവി ദൃശ്യങ്ങൾ പൊലിസ് കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Kerala
മാന്നാർ: ആലപ്പുഴ മാന്നാറിൽ കാണാതായ വയോധികന്റെ മൃതദേഹം വീടിനടുത്തുള്ള ആളൊഴിഞ്ഞ പുരയിടത്തിൽ കണ്ടെത്തി. ചെന്നിത്തല ചെറുകോൽ ആറ്റുകടവിൽ ഗോപി(82)യെ ആണ് മരിച്ചനിലയിൽ കണ്ടെത്തിയത്.
വീടിന് സമീപത്തെ പുരയിടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ശനിയാഴ്ച ഉച്ചയോടെ വീട്ടിൽ നിന്നും പുറത്തേക്ക് പോയ ഗോപിയെ രാത്രി വൈകിയും കാണാതായതോടെ ബന്ധുക്കൾ മാന്നാർ പൊലിസിൽ പരാതി നൽകുകയായിരുന്നു.
ഞായറാഴ്ച രാവിലെ മുതൽ ബന്ധുക്കളും നാട്ടുകാരും ചേർന്ന് പ്രദേശത്തെ സിസിടിവി ക്യാമറകൾ പരിശോധിച്ചതിൽനിന്നും ലഭിച്ച ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
Kerala
ആലപ്പുഴ: വിപുലീകൃത ജില്ലാ കമ്മിറ്റിയിൽ വെള്ളാപ്പള്ളി നടേശന്റെ പേര് പരാമർശിക്കാതെ വിമർശനവുമായി പിണറായി വിജയൻ. ബിഡിജെഎസ് വഴിയും മറ്റും അന്യമതവിദ്വേഷം കുത്തിവച്ച് ആർഎസ്എസിന്റെ കടന്നുകയറ്റത്തിന് എസ്എൻഡിപി യോഗനേതൃത്വം കൂട്ടുനിന്നെന്ന് പിണറായി പറഞ്ഞു.
എസ്എൻഡിപിയിലെ ഭൂരിപക്ഷവും മതേതര നിലപാടും ഇടതുപക്ഷ മനസുമുള്ളവരാണെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ ഇതിന് വിപരീതമാണ് എൻഎസ്എസിലെ സ്ഥിതിയെന്നും പിണറായി വിജയൻ അഭിപ്രായപ്പെട്ടു.
എൻഎസ്എസ് നേതൃത്വം വർഗീയ ശക്തികൾക്കെതിരേ ശക്തമായ നിലപാടുകൾ സ്വീകരിക്കുമ്പോഴും താഴെത്തട്ടിൽ കാവിവത്കരണം ശക്തമായെന്നും അദ്ദേഹം ആരോപിച്ചു. സംസ്ഥാന സമിതിയുടെ തിരുത്തൽ രേഖയിലാണ് പിണറായി എസ്എൻഡിപി നേതൃത്വത്തിനെതിരെ വിമർശനം ഉന്നയിച്ചത്.
Kerala
ആലപ്പുഴ: ആലപ്പുഴയിൽ ഹൗസ് ബോട്ട് കത്തിനശിച്ചു. പള്ളാത്തുരുത്തി കന്നിട്ട ജെട്ടിയിലാണ് അപകടമുണ്ടായത്. ബോട്ടിൽ തീ പടരുന്നത് കണ്ടയുടൻ ജീവനക്കാർ പുറത്തിറങ്ങിയതിനാൽ വലിയ അപകടം ഒഴിവായി.
സംഭവസമയത്ത് ബോട്ടിൽ യാത്രക്കാരാരും ഉണ്ടായിരുന്നില്ല. അപകടത്തിൽ ബോട്ട് പൂർണമായി കത്തിനശിച്ചു. വിവരമറിഞ്ഞ് ഫയർ ഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തി തീയണച്ചു.
Kerala
ആലപ്പുഴ: കായംകുളം എംഎസ്എം കോളജിലെ എസ്എഫ്ഐ ചെയര്മാന് സ്ഥാനാർഥിയെ പുറത്താക്കാൻ ഉത്തരവിട്ട് കേരള സർവകലാശാല വൈസ് ചാൻസലർ. സ്വകാര്യ സ്കൂളിൽ മുഴുവൻ സമയ അധ്യാപകനായി ജോലി ചെയ്യുന്നത് മറച്ചുവച്ച് അൽ അമീൻ കോളജ് യൂണിയൻ തെരഞ്ഞെടുപ്പിൽ മത്സരിച്ചതിനെ തുടർന്നാണ് നടപടി. കെഎസ്യു നൽകിയ പരാതിയെ തുടർന്നാണ് നടപടി.
Kerala
ആലപ്പുഴ: കായംകുളത്ത് ദേശീയപാത മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെ കാറിടിച്ച് സ്കൂൾ വിദ്യാർഥിക്ക് ദാരുണാന്ത്യം. പത്തിയൂർ പടിഞ്ഞാറ് കോട്ടൂർ തെക്കതിൽ ആദിത്യൻ (16) ആണ് മരിച്ചത്. കായംകുളം കരിയിലക്കുളങ്ങരയിലായിരുന്നു അപകടം.
വ്യാഴാഴ്ച രാവിലെ സ്കൂളിൽ പോകാനായി ദേശീയപാത മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ആദിത്യൻ ഡിവൈഡർ ചാടിക്കടക്കുമ്പോൾ ദേശീയപാതയിലൂടെ വന്ന കാറിടിക്കുകയായിരുന്നു.
അപകടത്തെ തുടർന്ന് ഉടൻതന്നെ കുട്ടിയെ ആശുപത്രിയിലെത്തിച്ചു. ചികിത്സയിലിരിക്കെ ഉച്ചയോടെ ആയിരുന്നു അന്ത്യം. രാമപുരം ഹൈസ്കൂളിലെ പത്താംക്ലാസ് വിദ്യാർഥിയാണ്. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.
Viral
ഇന്ധനം നിറച്ച ശേഷം നോസിൽ മാറ്റുന്നതിന് മുൻപ് വാഹനം മുന്നോട്ടെടുത്തതിനെ തുടർന്ന് പെട്രോൾ പമ്പ് ജീവനക്കാരനെ മീറ്ററുകളോളം വലിച്ചിഴച്ച സംഭവത്തിൽ വൻ പ്രതിഷേധം ഉയരുന്നു.
ആലപ്പുഴ ജില്ലയിലെ പ്രമുഖ ഇന്ധന സംഭരണ കേന്ദ്രത്തിൽ വെച്ചുണ്ടായ അപകടത്തിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് ഡ്രൈവർമാരുടെ ഭാഗത്തുനിന്നുണ്ടാകുന്ന ഗുരുതരമായ അശ്രദ്ധ വീണ്ടും ചർച്ചയാകുന്നത്.
ഇന്ധനം അടിച്ചു കഴിഞ്ഞ ഉടൻ തന്നെ വാഹനത്തിന്റെ ടാങ്കിൽ നിന്നും നോസിൽ വേർപെടുത്താൻ പമ്പ് ജീവനക്കാരൻ ശ്രമിക്കുകയായിരുന്നു. എന്നാൽ ഇയാൾ പ്രവൃത്തി പൂർത്തിയാക്കുന്നതിന് മുൻപ് തന്നെ വാഗൺആർ കാർ പെട്ടെന്ന് വേഗതയിൽ മുന്നോട്ട് എടുത്തു.
ഇതോടെ കാറുമായി ബന്ധിപ്പിച്ചിരുന്ന ശക്തമായ ഹോസിൽ കുരുങ്ങി ജീവനക്കാരൻ നിലംപതിക്കുകയും വാഹനത്തോടൊപ്പം കുറെയധികം ദൂരം റോഡിലൂടെ വലിച്ചിഴയ്ക്കപ്പെടുകയുമായിരുന്നു. പെട്ടെന്നുണ്ടായ അപകടത്തിൽ സ്വയം പ്രതിരോധിക്കാനോ മാറിനിൽക്കാനോ ജീവനക്കാരന് സാധിച്ചില്ല.
സംഭവം കണ്ടയുടൻ സഹപ്രവർത്തകർ ഓടിയെത്തിയാണ് ഇയാളെ രക്ഷപ്പെടുത്തിയത്. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രഥമശ്രുശ്രൂഷ നൽകിയ ശേഷം കൂടുതൽ മെച്ചപ്പെട്ട ചികിത്സയ്ക്കായി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
അപകടത്തിൽ ജീവനക്കാരന്റെ വാരിയെല്ലിന് സാരമായ ക്ഷതമേറ്റിട്ടുണ്ട്. ശരീരത്തിലുടനീളം പരുക്കുകളുണ്ടെങ്കിലും നിലവിൽ ഇദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടർമാരുടെ നിരീക്ഷണത്തിലാണെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.
ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ പ്രാദേശിക പൊലിസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളിൽ നിന്ന് ലഭിച്ച കാറിന്റെ രജിസ്ട്രേഷൻ നമ്പർ ഉപയോഗിച്ച് ഡ്രൈവറെ കണ്ടെത്താനുള്ള ശ്രമങ്ങളിലാണ് അന്വേഷണ സംഘം.
ഡ്രൈവറുടെ അനാസ്ഥയാണോ അതോ വാഹനത്തിന്റെ സാങ്കേതിക തകരാറാണോ അപകടത്തിന് വഴിവെച്ചതെന്ന് പൊലിസ് പരിശോധിച്ചു വരുന്നു. പമ്പുകളിൽ ഇന്ധനം നിറയ്ക്കുമ്പോൾ ജീവനക്കാർ സുരക്ഷിതമായി നോസിൽ നീക്കം ചെയ്തുവെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രം വാഹനം മുന്നോട്ടെടുക്കാൻ ഡ്രൈവർമാർ ജാഗ്രത പാലിക്കണമെന്ന് ഓർമ്മിപ്പിക്കുന്നതാണ് ഈ സംഭവം.
Kerala
തിരുവനന്തപുരം: സിപിഎം നേതാവും മുന്‍ എംഎല്‍എയുമായ എച്ച്. സലാമിനെതിരെ രൂക്ഷ വിമര്‍ശനവുമായി ജി. സുധാകരന് എംഎല്‍എ. വിവരമില്ലാത്തവന് പലതും വിളിച്ച് പറയും. കണക്കുകള്‍ തെരഞ്ഞെടുപ്പ് കമ്മിഷന് നല്കാതിരിക്കാന് പറ്റുമോയെന്ന് സുധാകരന് ചോദിച്ചു.
2021ലെ നിയമസഭാ തെരഞ്ഞെടുപ്പിനായി നടത്തിയ പണപ്പിരിവിന്റെ കണക്ക് ജി. സുധാകരന് പുറത്തുവിടണമെന്ന് കഴിഞ്ഞ ദിവസം സലാം ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് വിഷയത്തിൽ പ്രതികരിച്ച സുധാകരൻ രൂക്ഷവിമർശനവുമായി രംഗത്തെത്തിയത്.
അയാളുടെ കൈയില്‍ കണക്കുണ്ടാകുമെന്നും കണക്ക് അയാള്‍ അവതരിപ്പിക്കട്ടെ എന്നുമായിരുന്നു ജി. സുധാകരന്റെ പ്രതികരണം. സലാമിനെക്കുറിച്ച് മാധ്യമങ്ങള്‍ അന്വേഷിക്കണം. അയാളുടെ ചരിത്രം പരിശോധിക്കണമെന്നും ജി. സുധാകരൻ കൂട്ടിച്ചേർത്തു.
Kerala
ചെങ്ങന്നൂർ: മാസപ്പടി കേസിലെ ഇഡി നടപടിയെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മാധ്യമപ്രവർത്തകരോട് കയർത്ത് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ചെങ്ങന്നൂരിലെ പിഡബ്യുഡിയുടെ റസ്റ്റ് ഹൗസിൽ എത്തിയപ്പോഴാണ് ചോദ്യങ്ങളുമായി മാധ്യമപ്രവർത്തകർ പിണറായിക്ക് ചുറ്റും കൂടിയത്.
കാറിൽ നിന്നിറങ്ങിയ പിണറായി മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നില്ല. തുടർന്ന് ഉള്ളിലേക്ക് കയറിയ മാധ്യമപ്രവർത്തകരോട് 'പുറത്ത് നിക്കടോ അങ്ങോട്ട്' എന്നുപറഞ്ഞ പിണറായി 'നിങ്ങളെന്താ ബാത്ത് റൂമിലേക്ക് വരുമോ' എന്നും ചോദിച്ചു.
പിന്നാലെ അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥർ മാധ്യമ പ്രവർത്തകരോട് പുറത്തേക്കിറങ്ങാൻ ആവശ്യപ്പെട്ടു. കോട്ടയം, ആലപ്പുഴ ജില്ലകളിലായി ഇന്ന് മൂന്ന് പരിപാടികളാണ് പിണറായി വിജയനുള്ളത്. തിരുവനന്തപുരത്തുനിന്ന് കോട്ടയത്തേക്കുള്ള യാത്രയ്ക്കിടെ ചെങ്ങന്നൂർ റസ്റ്റ് ഹൗസിൽ വിശ്രമിക്കാൻ കയറിയതായിരുന്നു പിണറായി വിജയൻ.
Kerala
ആലപ്പുഴ: ഓണക്കാല സീസണിലും കായലഴക് കാണാൻ ആളില്ലാതെ വിനോദസഞ്ചാര മേഖല പ്രതിസന്ധിയിലേക്ക്. ഈ സീസൺ മുന്നിൽ കണ്ട് തയാറെടുപ്പുകൾ നടത്തിയ ഹൗസ്ബോട്ട് ഉടമകളെയും ആയിരക്കണക്കിന് തൊഴിലാളികളെയുമാണ് സഞ്ചാരികളുടെ ഇടിവ് നിരാശയിലാഴ്ത്തിയത്. മുൻവർഷങ്ങളെ അപേക്ഷിച്ച് ഹൗസ്ബോട്ട് ബുക്കിംഗിൽ 80 ശതമാനം കുറവാണ് ഇത്തവണയുണ്ടായത്.
കഴിഞ്ഞ മാസങ്ങളിൽ അനുഭവപ്പെട്ട കനത്ത മഴയും പ്രളയവുമാണ് സഞ്ചാരികളെ പിന്നോട്ടടിച്ചത്. മഴയ്ക്ക് ശേഷവും പുതിയ അന്വേഷണങ്ങൾ തീരെ കുറവാണെന്നും നേരത്തെയുണ്ടായിരുന്ന ബുക്കിംഗുകൾ പലതും റദ്ദാക്കപ്പെട്ടുവെന്നും ഓൾ കേരള ഹൗസ് ബോട്ട് ഓണേഴ്സ് അസോസിയേഷൻ പ്രസിഡന്റ് വി. വിനോദ് പറഞ്ഞു. അതുകൊണ്ടുതന്നെ ലാഭം നോക്കാതെ കുറഞ്ഞ പാക്കേജ് നൽകി പിടിച്ചുനിൽക്കാൻ ശ്രമിക്കുന്നത് മൂലം, കടുത്ത മത്സരവും ഈ മേഖലയിൽ ഉണ്ടാകുന്നുണ്ടെന്നും അദ്ദേഹം പറയുന്നു.
ആഭ്യന്തര, വിദേശ വിനോദസഞ്ചാരികൾ കുറയുന്നത് സെപ്റ്റംബർ മുതൽ മാർച്ച് വരെയുള്ള പ്രധാന സീസണെ ബാധിക്കുമോ എന്ന വലിയ ആശങ്കയിലാണ് ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ. തദ്ദേശീയരായ സഞ്ചാരികളുടെ എണ്ണത്തിലും വലിയ കുറവുണ്ടായിട്ടുണ്ടെന്നും ചെറിയ ഓട്ടങ്ങൾ പോലും ഇപ്പോൾ അപൂർവമായി മാത്രമാണ് ലഭിക്കുന്നതെന്നും പുന്നമടയിലെ ഹൗസ്ബോട്ട് ഉടമകളും പറയുന്നു.
സഞ്ചാരികളുടെ കുറവിനൊപ്പം സാധനങ്ങളുടെ വിലക്കയറ്റവും മേഖലയ്ക്ക് തിരിച്ചടിയായി. പാചകവാതകത്തിനും നിത്യോപയോഗ സാധനങ്ങൾക്കും വില കുത്തനെ കൂടിയതോടെ ഹൗസ്ബോട്ടുകളുടെ നടത്തിപ്പു ചെലവ് ഇരട്ടിയായി വർധിച്ചു. സീസൺ പ്രതീക്ഷകൾ അസ്തമിച്ചതോടെ ഈ മേഖലയെ മാത്രം ഉപജീവനത്തിനായി ആശ്രയിക്കുന്ന ആയിരക്കണക്കിന് തൊഴിലാളികളുടെ ജീവിതമാണ് പട്ടിണിയി ലായിരിക്കുന്നത്.
വരുന്ന സർക്കാർ അവധി ദിനങ്ങളിലും പൂജാ അവധി ദിനങ്ങളിലുമാണ് ഇനിയുള്ള പ്രതീക്ഷ, ഈ ദിവസങ്ങളിൽ സഞ്ചാരികളുടെ ഒഴുക്കുണ്ടായില്ലെങ്കിൽ ആലപ്പുഴ, കുമരകം മേഖലയിലെ കായൽ ടൂറിസം മേഖല പൂർണമായും തകർച്ചയിലേക്ക് നീങ്ങും. ഇത് വഴിയോര കച്ചവടമുൾപ്പെടെ അനുബന്ധ മേഖലകളെയും ബാധിക്കും.
Kerala
ആലപ്പുഴ: ആലപ്പുഴ തണ്ണീർമുക്കം പഞ്ചായത്തിൽ മധ്യവയസ്കനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. 14ാം വാർഡ് വെറുങ്ങിൽച്ചുവട് പടിഞ്ഞാറ് വേലിക്കകത്ത് വീട്ടിൽ സന്തോഷ്(53) ആണ് മരിച്ചത്. ഇന്ന് രാവിലെ ഏഴോടെയാണ് സംഭവം.
മൃതദേഹത്തിന്റെ തലയിലും മുഖത്തും മുറിവേറ്റ പാടുകളുണ്ട്. വീടിന്റെ വാതിൽ തുറന്ന നിലയിലായിരുന്നു. മൃതദേഹം കണ്ടെത്തിയ മുറിക്ക് സമീപത്ത് നിന്ന് മുളക്കഷ്ണവും കണ്ടെത്തിയിട്ടുണ്ട്. സന്തോഷിന്റെ ഭാര്യയും മക്കളും മറ്റൊരു വീട്ടിലാണ് താമസം.
കഴിഞ്ഞ ദിവസം മുഹമ്മ പൊലിസിൽ സന്തോഷിനെതിരെ ഒരു പെൺകുട്ടി പരാതി നൽകിയിരുന്നു. മോശമായി നോക്കിയെന്നായിരുന്നു പരാതി. ഇതേതുടർന്ന് സ്റ്റേഷനിലേക്ക് വിളിപ്പിച്ചെങ്കിലും സന്തോഷ് ഹാജരായില്ല. രാവിലെ സന്തോഷിനെ അന്വേഷിച്ച് പൊലിസ് വീട്ടിലെത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Kerala
കൊച്ചി: കാറില്‍ കടത്തുകയായിരുന്ന 12 കിലോ കഞ്ചാവുമായി രണ്ടു യുവാക്കള്‍ അങ്കമാലിയില്‍ പിടിയില്‍. ആലപ്പുഴ പറവൂര്‍ സ്വദേശികളായ പ്രവീണ്‍ ദാസ്, ചാള്‍സ് ഡെന്നിസ് എന്നിവരെയാണ് ഡാന്‍സഫ് ടീമും അങ്കമാലി പൊലിസും ചേര്‍ന്ന് പിടികൂടിയത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ അങ്കമാലി അങ്ങാടി കടവ് സിഗ്നല്‍ ജംഗ്ഷന് സമീപം വച്ച് ഇവര്‍ സഞ്ചരിച്ച കാര്‍ തടഞ്ഞു നിര്‍ത്തി നടത്തിയ പരിശോധനയിലാണ് രണ്ട് ബാഗുകളിലായി സൂക്ഷിച്ച കഞ്ചാവ് പിടികൂടിയത്. കറുകുറ്റി വരെ മറ്റൊരു വാഹനത്തില്‍ എത്തിച്ച കഞ്ചാവ് അവിടെ നിന്നാണ് ഇവര്‍ കാറില്‍ ആലപ്പുഴ ഭാഗത്തേക്ക് കൊണ്ടു വന്നിരുന്നത്.
Kerala
ആലപ്പുഴ: ആലപ്പുഴയിൽ എംഡിഎംഎയുമായി നിരവധി മയക്കുമരുന്ന് കേസുകളിൽ പ്രതിയായ യുവാവ് പിടിയിൽ. ആലപ്പുഴ പവർ ഹൗസ് വാർഡ് പൂങ്കാട്ട് വീട്ടിൽ ഷാജഹാന്റെ മകൻ അൻഷാദ് (37) ആണ് പിടിയിലായത്.
കൊമ്മാടി ബൈപാസിന് സമീപത്ത് എക്സൈസും പൊലിസും നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. ഇയാളുടെ പക്കൽനിന്നും വീട്ടിൽനിന്നുമായി ആകെ 26.88 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. ഓഗസ്റ്റ് മാസം അവസാനം 150 ഗ്രാം എംഡിഎംഎയുമായി അൻഷാദ് പിടിയിലായിരുന്നു.
കേസിൽ ജാമ്യത്തിലിറങ്ങി 12 ദിവസത്തിന് ശേഷമാണ് വീണ്ടും പൊലിസിന്റെ വലയിലാകുന്നത്. ജാമ്യത്തിലിറങ്ങിയത് മുതൽ ഇയാൾ ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡിന്റെ നിരീക്ഷണത്തിലായിരുന്നു. ലഹരിമരുന്ന് വിൽപനയ്ക്കായി പോകുന്നതിനിടെയാണ് പ്രതി പിടിയിലാകുന്നത്.
ഇയാളുടെ പക്കൽ നിന്ന് ആദ്യം 1.38 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. തുടർന്ന് ഇയാളുടെ വീട്ടിൽ നടത്തിയ വിശദമായ പരിശോധനയിലാണ് 25.5 ഗ്രാം എംഡിഎംഎ കൂടി കണ്ടെത്തിയത്. ജില്ലയിലെ നിരവധി എൻഡിപിഎസ് കേസുകളിലെ പ്രതിയാണ് അറസ്റ്റിലായ അൻഷാദ്.
Kerala
ആലപ്പുഴ: ആലപ്പുഴയിൽ ഹൗസ് ബോട്ടുകൾക്ക് തീപിടിച്ചു. നിർത്തിയിട്ടിരുന്ന മൂന്ന് ബോട്ടുകൾക്കാണ് തീപിടിച്ചത്. പളാത്തുരുത്തി പാലത്തിന് തെക്കുവശത്താണ് അപകടം. ബോട്ടിനുള്ളിൽ ആളുകൾ ഇല്ലാതിരുന്നതിനാൽ വൻദുരന്തം ഒഴിവായി.
ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചാണ് തീപിടിത്തമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് തീകെടുത്തി.
Kerala
ആലപ്പുഴ: ആലപ്പുഴ നഗരത്തിലെ കനാൽ തീരത്ത് നടക്കുന്ന നിർമാണത്തിന്റെ ഭാഗമായുള്ള കുഴിയിൽ വീണ് സൈക്കിൾ യാത്രികനായ വയോധികന് ദാരുണാന്ത്യം. ആലപ്പുഴ മംഗലം വടക്കേതയ്യിൽ വീട്ടിൽ മഹേഷ് മാനുവൽ (66) ആണ് മരിച്ചത്.
കണ്ണൻവർക്കി പാലത്തിനുസമീപം കൊമേഴ്സ്യൽ കനാലിന്റെ വടക്കേകരയിലാണ് സംഭവം. ടൂറിസംവകുപ്പിന്റെ നേതൃത്വത്തിൽ നഗരസൗന്ദര്യവത്കരണത്തിന്റെ ഭാഗമായി നിർമാണപ്രവൃത്തികൾ നടക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി എടുത്ത ഒന്നരയടിയിലേറെ താഴ്ചയുള്ള കുഴിയിൽ വീണായിരുന്നു അപകടം.
കളർകോട് സുഹൃത്തിന്റെ മകന്റെ മരണവുമായി ബന്ധപ്പെട്ട ചടങ്ങിനുശേഷം രാത്രി ഏഴിനുശേഷം വീട്ടിലേക്ക് മടങ്ങവെയാണ് സൈക്കിളുമായി കുഴിയിൽ പതിച്ചത്. ഇന്ന് രാവിലെ ഏഴിന് നാട്ടുകാരാണ് മൃതദേഹം കണ്ടത്.
ആലപ്പുഴ ബീച്ചിലേക്കുള്ള റോഡിലൂടെ സൈക്കിളിൽ വീട്ടിലേക്ക് പോയ മഹേഷ് കനാൽ സംരക്ഷണഭിത്തിയോടും റോഡിനോടും ചേർന്ന് നിർമിക്കുന്ന ഒന്നരയടിതാഴ്ചയുള്ള കുഴിയിലേക്ക് വീഴുകയായിരുന്നു. സമീപത്തെ കോൺക്രീറ്റിൽ തലയടിച്ച് ഗുരുതരപരിക്കേറ്റു. കഴുത്ത് ഒടിയുകയും മുഖം വികൃതമാവുകയും ചെയ്തിരുന്നു.
നിർമാണം നടക്കുന്ന സ്ഥലത്ത് രാത്രികാലത്തും പകലും മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കാത്തതാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിച്ചു. സൗത്ത് പോലീസിന്റെ നേതൃത്വത്തിൽ മൃതദേഹം പുറത്തെടുത്ത് വണ്ടാനം മെഡിക്കൽകോളജിൽ എത്തിച്ച് പോസ്റ്റുമോർട്ടം നടത്തിയശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. പിന്നാലെ സംസ്കാരം നടന്നു.
Kerala
ആലപ്പുഴ: നഗരത്തിൽ നിർമാണം നടക്കുന്ന കാനയിൽ വീണ് വയോധികൻ മരിച്ചു. കാഞ്ഞിരംചിറ സ്വദേശി മഹേഷ് മാനുവൽ (66) ആണ് മരിച്ചത്.
ഇന്ന് രാവിലെയാണ് മഹേഷിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. നിർമാണം നടക്കുന്ന സ്ഥലത്ത് മുന്നറിയിപ്പ് ബോർഡുകൾ ഇല്ലാതിരുന്നതാണ് വയോധികന്റെ മരണത്തിന് കാരണമായതെന്ന് നാട്ടുകാർ പറഞ്ഞു.
സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങിയെന്ന് പോലീസ് അറിയിച്ചു.
Kerala
ആലപ്പുഴ: ആലപ്പുഴ ചെങ്ങന്നൂരിൽ നബിദിന റാലിക്കിടയിലേക്ക് മദ്യപസംഘം കാർ ഓടിച്ചുകയറ്റി. അപകടത്തിൽ മൂന്ന് കുട്ടികൾക്ക് പരിക്കേറ്റു. ചെങ്ങന്നൂർ കൊല്ലകടവിലാണ് സംഭവം. റാലിയിൽ പങ്കെടുത്തിരുന്ന മൂന്നു കുട്ടികൾക്കാണ് പരിക്കേറ്റത്.
പത്തനംതിട്ട ഇലവുംതിട്ട സ്വദേശി അനുദേവ്, വെൺമണി സ്വദേശി അനുരാജ്, മെഴുവേലി സ്വദേശി അബിൻ എന്നിവരാണ് കാറിൽ ഉണ്ടായിരുന്നത്. കാറിൽ ഉണ്ടായിരുന്ന മൂന്നു പേരെയും പോലീസ് കസ്റ്റഡിയിലെടുത്തു.
മൂവരും മദ്യലഹരിയിലായിരുന്നു. സംഭവത്തിൽ മൂന്നുപേർക്കുമെതിരെ പോലീസ് കേസെടുത്തു. പോലീസിന്റെ പരിശോധനയിൽ കാറിൽ നിന്നും മദ്യ കുപ്പികൾ കണ്ടെത്തിയിട്ടുണ്ട്.
Kerala
മാന്നാർ: ആലപ്പുഴ മാന്നാറിൽ സംസ്ഥാന പാതയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കാറിൽ യാത്ര ചെയ്തിരുന്ന നാലംഗ കുടുംബം തീപിടിത്തത്തിന് പിന്നാലെ അത്ഭുതകരമായി രക്ഷപ്പെട്ടു. അപകടത്തിൽ കാർ പൂർണമായും കത്തിനശിച്ചു.
തട്ടാരമ്പലം-മാന്നാർ സംസ്ഥാന പാതയിൽ തിങ്കളാഴ്ച രാത്രി 10.45ഓടെയാണ് അപകടമുണ്ടായത്. മാവേലിക്കര ചെട്ടികുളങ്ങര സ്വദേശിയും കുടുംബവും സഞ്ചരിച്ച കാറിനാണ് തീപിടിച്ചത്. മാന്നാറിൽ വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നു കുടുംബം.
വാഹനത്തിനുള്ളിൽ നിന്ന് ചെറിയ തീപ്പൊരിയും പുകയും ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് യാത്രക്കാർ വാഹനം നിർത്തി പുറത്തിറങ്ങുകയായിരുന്നു. ഇവർ പുറത്തിറങ്ങിയതിന് പിന്നാലെ കാറിൽ തീ ആളിപ്പടർന്നു.
അപകടത്തെ തുടർന്ന് മാവേലിക്കരയിൽ നിന്നെത്തിയ അഗ്നിശമനസേനയാണ് തീ പൂർണമായും കെടുത്തിയത്. മാന്നാർ പോലീസും സ്ഥലത്തെത്തിയിരുന്നു.
Kerala
ആലപ്പുഴ: ആലപ്പുഴ ചേർത്തലയിൽ യുവാവിനെ നടുറോഡിൽ വളഞ്ഞിട്ട് തല്ലിയ സംഭവത്തിൽ പോലീസ് പ്രതികളെ പിടികൂടുന്നില്ലെന്ന് പരാതി. റോഡിൽ വാക്കുതർക്കത്തിലേർപ്പെട്ട രണ്ട് യുവാക്കളെ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ ചേർത്തല സ്വദേശി രതീഷിനാണ് മർദനമേറ്റത്.
ഓഗസ്റ്റ് 17ന് രാത്രി ഏഴോടെ ആയിരുന്നു കേസിന് ആസ്പദമായ സംഭവം. ചേർത്തല പള്ളിചന്ത ഓട്ടോ സ്റ്റാൻഡ് പരിസരത്തുവച്ചാണ് മൂന്ന് യുവാക്കൾ ചേർന്നാണ് രതീഷിനെ ആക്രമിച്ചത്. പ്രതികൾ ഇയാളെ ഓടുകൊണ്ട് എറിയുകയും നിലത്തിട്ട് ചവിട്ടുകയും ഹെൽമറ്റ് കൊണ്ട് തലയ്ക്കടിക്കുകയും ചെയ്തു.
ബ്രയിൻ ട്യൂമർ ബാധിതനായ രതീഷ് മരുന്ന് വാങ്ങി മടങ്ങും വഴിയാണ് സംഭവം. ആക്രമണത്തെ തുടർന്ന് കാശി, ശങ്കരൻ എന്നീ യുവാക്കൾക്കെതിരെയും കണ്ടാലറിയാവുന്ന മൂന്നാമനെതിരെയും പോലീസ് കേസെടുത്തിരുന്നു. എന്നാൽ സംഭവം കഴിഞ്ഞ് ഒരാഴ്ച പിന്നിട്ടിട്ടും പ്രതികളെ പോലീസ് പിടികൂടുന്നില്ലെന്നാണ് പരാതി.
Kerala
പൂച്ചാക്കൽ: ആലപ്പുഴ തൈക്കാട്ടുശേരി പാലത്തിൽ നിന്ന് കായലിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി. പാണാവള്ളി സ്വദേശിനി അമ്പിളി (41) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി ഒൻപതോടെ ആയിരുന്നു സംഭവം.
പാലത്തിന് നടുവിൽ സ്കൂട്ടർ ഹെഡ്ലൈറ്റ് ഓഫ് ചെയ്യാതെ ഇരിക്കുന്നത് കണ്ട വഴിയാത്രക്കാർ പഞ്ചായത്ത് പ്രസിഡന്റിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പൂച്ചാക്കൽ പോലീസും അഗ്നിശമനസേനയും രാത്രി തന്നെ കായലിൽ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.
ബുധനാഴ്ച രാവിലെ ആറോടെ മത്സ്യബന്ധനത്തിന് പോയ തൊഴിലാളിയാണ് മൃതദേഹം കണ്ടെത്തിയത്. തുടർനടപടികൾക്ക് ശേഷം സംസ്കാരം നടത്തി.
Kerala
നൂറനാട്: കൊല്ലം നൂറനാട് സുഹൃത്തായ യുവതിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി പിടിയിൽ. കാർത്തികപ്പള്ളി താലൂക്കിൽ ചിങ്ങോലി വില്ലേജിൽ ശോഭാ ഭവനത്തിൽ ശരത് ആണ് പിടിയിലായത്. ഓഗസ്റ്റ് 11ന് രാത്രി ആയിരുന്നു കേസിന് ആസ്പദമായ സംഭവം.
ഫോൺ വിളിച്ചിട്ട് എടുക്കാത്തതിലുള്ള വിരോധത്തെത്തുടർന്ന് ആയിരുന്നു ആക്രമണം. വീട്ടുമുറ്റത്ത് ഫോൺ ചെയ്തുകൊണ്ടിരിക്കുകയായിരുന്ന യുവതിയെ പ്രതി വെട്ടുകത്തികൊണ്ട് തലയ്ക്ക് വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ യുവതി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. നൂറനാട് പോലീസ് ആണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Kerala
ആലപ്പുഴ: പൊതുസ്ഥലങ്ങൾ കേന്ദ്രീകരിച്ചുള്ള ലഹരിവിൽപന തടയുന്നതിന്റെ ഭാഗമായി എക്സൈസ് നടത്തിയ പരിശോധനയിൽ ആലപ്പുഴ റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന് വൻതോതിൽ ലഹരിമരുന്നുകളുമായി പശ്ചിമ ബംഗാൾ സ്വദേശിയായ യുവാവ് പിടിയിൽ. മാൾഡ ജില്ലയിൽ ചന്ദ്പുർ സ്വദേശിയായ സെഖ് അനിറുൽ (30) ആണ് അറസ്റ്റിലായത്.
ഇയാളിൽ നിന്ന് 53 ഗ്രാം ഹെറോയിനും അഞ്ച് ഗ്രാം കഞ്ചാവും എക്സൈസ് സംഘം പിടിച്ചെടുത്തു. ചൊവ്വാഴ്ച രാത്രി 10.45ഓടെ ആലപ്പുഴ റെയിൽവേ സ്റ്റേഷന്റെ പ്രധാന കവാടത്തിന് സമീപമുള്ള പാർസൽ സർവീസിന് അടുത്തുവച്ചാണ് സംഭവം.
പൊതുസ്ഥലങ്ങൾ കേന്ദ്രീആലപ്പുഴയിൽ ഹെറോയിനും കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശി പിടിയിൽകരിച്ചുള്ള ലഹരിവിൽപന തടയുന്നതിന്റെ ഭാഗമായി എക്സൈസ് നടത്തിയ പരിശോധനയിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട അനിറുലിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ലഹരിവസ്തുക്കൾ കണ്ടെത്തിയത്.
District News
തൃശൂർ: കല്യാണ്‍ സിൽക്സിന്റെ പുതിയ ഷോറൂം ആലപ്പുഴയിൽ പ്രവർത്തനമാരംഭിച്ചു. ജില്ല കോടതിക്കു സമീപം നാലുനിലകളിലായി ആരംഭിച്ച ഷോറൂം കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു.
എ.ഡി. തോമസ് എംഎൽഎ, ആലപ്പുഴ മുനിസിപ്പൽ ചെയർപേഴ്സണ്‍ മോളി ജേക്കബ്, നഗരസഭ പ്രതിപക്ഷനേതാവ് വി.ജി. വിഷ്ണു, ജില്ല കോർട്ട് വാർഡ് കൗണ്‍സിലർ ഷേർളി ആന്റണി എന്നിവർ വിശിഷ്ടാതിഥികളായി. ഇതോടെ കേരളത്തിലെ 14 ജില്ലകളിലും ഷോറൂം എന്ന നേട്ടവും കല്യാണ്‍ സിൽക്സ് സ്വന്തമാക്കി.
വിശാലമായ പാർക്കിംഗ് സൗകര്യത്തോടെ അന്‍പതിനായിരം സ്ക്വയർഫീറ്റിലാണു കല്യാണ്‍ സിൽക്സിന്റെ 38ാമതു ഷോറൂം ആലപ്പുഴയിൽ സജ്ജമാക്കിയത്. ഗ്രൗണ്ട് ഫ്ലോറിൽ വെസ്റ്റേണ്‍ വെയർ, സൽവാർ സ്യൂട്ട്, ഫുട്വെയർ തുടങ്ങിയവയും ഒന്നാംനിലയിൽ ഡ്രസിംഗ് മെറ്റീരിയൽ, ദുപ്പട്ട, ബ്ലൗസസ്, കിഡ്സ് വെയർ, ലോഞ്ചറി, ടോയ്സ്, ഫർണീഷിംഗ് എന്നിവയുമാണ് ഒരുക്കിയത്.
രണ്ടാം നിലയിൽ സാരികൾ, ഗൗണ്‍, ലഹംഗ, ചുരിദാർ മെറ്റീരിയൽസ് എന്നിവയും മൂന്നാംനിലയിൽ ജെന്റ്സ് ഡ്രസുകളും സജ്ജമാക്കിയിരിക്കുന്നു.
കേരളത്തിലെ 14 ജില്ലകളിലും സ്വന്തം ഷോറൂം എന്ന വലിയ നേട്ടം അംഗീകാരമാണെന്നും കല്യാണ്‍ സിൽകസിന്റെ ഓണക്കാല ഓഫറായ ഓണക്കോടിക്കൊപ്പം രണ്ടുകോടി സമ്മാനപദ്ധതി ആലപ്പുഴക്കാർക്കും ലഭ്യമായെന്നും കല്യാണ്‍ സിൽക്സ് ആൻഡ് ഹൈപ്പർമാർക്കറ്റ് ചെയർമാൻ ടി.എസ്. പട്ടാ ഭിരാമൻ പറഞ്ഞു.
Kerala
ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ മൂന്ന് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച (6/8/2026) അവധി പ്രഖ്യാപിച്ചു. കുട്ടനാട്, ചെങ്ങന്നൂർ, കാർത്തികപ്പള്ളി താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി.
പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അംഗനവാടികൾക്കും ട്യൂഷൻ സെന്ററുകൾക്കും ആണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
കൂടാതെ ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയാണെന്നും ജില്ലാ കളക്ടർ അറിയിച്ചു. മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല.
Kerala
ആലപ്പുഴ: പട്ടാപ്പകൽ വീട്ടിനുള്ളിൽ അതിക്രമിച്ചുകയറി ഗൃഹനാഥന്റെകണ്ണിൽ മുളകുപൊടി എറിഞ്ഞ് 15 പവൻ സ്വർണം കവർന്ന പ്രതി പിടിയിൽ. കാസർഗോഡ് സ്വദേശി രാജ്മോഹനാണ് ആലപ്പുഴ സൗത്ത് പോലീസിന്റെ പിടിയിലായത്. വീട് വാടകയ്ക്ക് നോക്കാനെന്ന വ്യാജേനയെത്തിയായിരുന്നു ഇയാൾ മോഷണം നടത്തിയത്.
കൈതവന കണിയാകുളം അപർണയിൽ സുദർശന്റെ വീട്ടിൽ തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നിനായിരുന്നു സംഭവം. വീടിന്റെ ഒരു നില വാടകയ്ക്ക് കൊടുക്കാനായി സുദർശൻ നൽകിയ പരസ്യം കണ്ടാണ് മോഷ്ടാവ് ഇവിടെയെത്തിയത്. വീടിന്റെ കാര്യങ്ങൾ സംസാരിച്ചുനിൽക്കുന്നതിനിടെ സുദർശന്റെ മുഖത്തേക്ക് ഇയാൾ മുളകുപൊടി എറിയുകയായിരുന്നു.
ഇത് കണ്ട് അടുക്കളയിൽ നിന്ന് ഓടിയെത്തിയ സുദർശന്റെ ഭാര്യയുടെ വായിൽ തുണിതിരുകിയ ശേഷം സ്വർണാഭരണങ്ങൾ കവരുകയായിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. വീട് വാടകയ്ക്ക് വേണമെന്ന ആവശ്യവുമായി സുദർശനെ വിളിച്ച ഫോൺ കോളുകളുടെ വിവരങ്ങൾ പോലീസ് പൂർണമായി ശേഖരിച്ചു.
ഇതിൽ നിന്നാണ് മുമ്പും കേസുകളിൽ പ്രതിയായിട്ടുള്ള രാജ്മോഹൻ സുദർശനെ വിളിച്ചിരുന്നു എന്ന വിവരം വ്യക്തമായത്. തുടർന്ന് ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് സംഭവം നടന്ന് മൂന്ന് മണിക്കൂറിനുശേഷം പ്രതി പിടിയിലായത്.
District News
ആലപ്പുഴ: വാടകയ്ക്ക് വീട് ആവശ്യപ്പെട്ടെത്തിയ അജ്ഞാതൻ വൃദ്ധ ദമ്പതിമാരെ മുളകുപൊടി വിതറി ആക്രമിച്ച ശേഷം 12 പവൻ സ്വർണം കവർന്നു. കൈതവന കണിയാംകുളം അപർണയിൽ കയർഫെഡ് മുൻ പർച്ചേസ് മാനേജർ കെ.ആർ. സുദർശൻ (70), ഭാര്യ രത്നകുമാരി (65) എന്നിവരെയാണ് ആക്രമിച്ച് ആഭരണങ്ങൾ കവർന്നത്. സംഭവത്തിൽ കാസർകോട് സ്വദേശിയായ പ്രതിയെ പോലീസ് പിടികൂടിയതായാണ് സൂചന. എന്നാൽ, പോലീസ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെയായിരുന്നു സംഭവം.
ദമ്പതികൾ താമസിക്കുന്ന വീടിന്റെ മുകളിലത്തെ നില വർഷങ്ങളായി വാടകയ്ക്ക് നൽകിയിരുന്നു. മുൻ വാടകക്കാർ ഒഴിഞ്ഞതിനെത്തുടർന്ന് വീണ്ടും വാടകയ്ക്ക് നൽകുന്നതിനായി പരസ്യം നൽകിയിരുന്നു. പരസ്യം കണ്ടാണ് മധ്യവയസ്കനായ പ്രതി ആദ്യം ശനിയാഴ്ച വീട്ടിലെത്തിലെത്തിയത്. തുടർന്ന് സാഹചര്യങ്ങൾ മനസിലാക്കി മടങ്ങുകയായിരുന്നു.
ഇന്നലെ രാവിലെ ഏഴോടെ വീണ്ടും വീട്ടിലെത്തിയ ഇയാൾ കാര്യങ്ങൾ സംസാരിച്ചു മടങ്ങി. തുടർന്ന് ഒരുമണിയോടെ വീണ്ടും എത്തുകയായിരുന്നു. വാടക കരാറുമായിട്ടാണ് ഇയാളെത്തിയത്. എന്നാൽ, കരാറെഴുതണമെങ്കിൽ സാക്ഷി വേണമെന്ന് സുദർശനൻ ആവശ്യപ്പെട്ടു. തുടർന്ന് കരാർ കാണിക്കാനെന്ന ഭാവേന അടുത്തേക്കെത്തി കൈയിൽ കരുതിയ മുളകുപൊടി സുദർശന്റെ മുഖത്തേക്ക് എറിയുകയായിരുന്നു. തടയാൻ ശ്രമിച്ച സുദർശനനെ തള്ളിയിടുകയും ചെയ്തു. നിലവിളി കേട്ട് അടുക്കളയിൽനിന്ന് ഓടിയെത്തിയ രത്നകുമാരിയേയും പ്രതി ആക്രമിച്ചു.
അപേക്ഷിച്ചപ്പോൾ താലി തിരികെ നൽകി
കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഇരുവരുടെയും ശരീരത്തിലുണ്ടായിരുന്ന ആഭരണങ്ങൾ പ്രതി ഊരിവാങ്ങിയത്.
തുടർന്ന് രത്നകുമാരിയെ വലിച്ചിഴച്ച് മുറിക്കുള്ളിലെ അലമാരയ്ക്കരികിലെത്തിച്ച് അവിടെ സൂക്ഷിച്ചിരുന്ന ആഭരണങ്ങളും ഭീഷണിപ്പെടുത്തി കൈക്കലാക്കി. മടങ്ങുന്നതിനിടെ രത്നകുമാരി അപേക്ഷിച്ചതിനെതുടർന്ന് താലിയും സുദർശന്റെ കഴുത്തിലുണ്ടായിരുന്ന തകിടും തിരികെ നൽകി. വീടിന് സമീപത്തെ സൂപ്പർമാർക്കറ്റിലെ സിസിടിവിയിൽ പ്രതി ബൈക്കിലെത്തുന്നതിന്റെ ദൃശ്യങ്ങൾ ലഭിച്ചതായി പോലീസ് അറിയിച്ചു. ഹൃദ്രോഗിയായ സുദർശനനെയും രത്നമ്മയെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സുദശനന്റെ കൈയ്ക്ക് പരിക്കുണ്ട്. ഫോറൻസിക് വിദഗ്ധരെ ത്തി പരിശോധന നടത്തി.
അടച്ചിട്ടിരുന്ന വീട് കുത്തിത്തുറന്ന് രണ്ടു പവനും പണവും മോഷ്ടിച്ചു
ചേര്‍ത്തല: അടച്ചിട്ടിരുന്ന വീടിന്റെ വാതില്‍ കുത്തിത്തുറന്ന് രണ്ടു പവന്റെ സ്വര്‍ണാഭരണങ്ങളും ആറായിരം രൂപയും രണ്ടായിരം രൂപയുടെ വിദേശ കറന്‍സിയും ഒരു മൊബൈല്‍ ഫോണും മിക്സിയും കവര്‍ന്നു. ചേര്‍ത്തല നഗരസഭ 14-ാം വാര്‍ഡില്‍ കാളികുളം ജംഗ്ഷന് കിഴക്കുവശം കണ്ണാട്ട് ലക്ഷമി ഭവനില്‍ സി. ഉണ്ണികൃഷ്ണന്റെ വീട്ടിലായിരുന്നു മോഷണം.
വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന മുഹമ്മ കപ്പേളവെളി കെ.ജെ. ജോസഫിന്റെ (ബോബന്) സ്വര്‍ണവും പണവുമാണ് നഷ്ടമായത്. ജോസഫും ഭാര്യയും മകനും മൂന്നുദിവസം മുമ്പ് വേളാങ്കണ്ണി തീര്‍ഥാടനത്തിനു പോയതായിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെ ഒന്നോടെ തിരിച്ച് വീട്ടിലെത്തിയപ്പോഴാണ് കിഴക്കുവശത്തെ മുറിയുടെ പുറത്ത് നിന്നുള്ള വാതില്‍ കുത്തിത്തുറന്ന നിലയില്‍ കണ്ടത്.
ട്രോളി ബാഗിനുള്ളില്‍ സൂക്ഷിച്ചിരുന്ന ഒരു പവനന്റെ രണ്ടു വളകളും അലമാരിയില്‍ സൂക്ഷിച്ചിരുന്ന ആറായിരം രൂപയും രണ്ടായിരം രൂപയുടെ വിദേശകറന്‍സിയും മൊബൈല്‍ ഫോണുമാണ് നഷ്ടപ്പെട്ടത്. അടുക്കളയിലുണ്ടായിരുന്ന മിക്സിയും നഷ്ടപ്പെട്ടു. അലമാരിയിലെയും ട്രോളിബാഗിലെയും സാധനങ്ങളെല്ലാം വലിച്ചു വാരിയിട്ടിരുന്നു. അലമാരിയിലുണ്ടായിരുന്ന റോള്‍ഡ് ഗോള്‍ഡ് ആഭരണങ്ങള്‍ പുറത്ത് ഉപേക്ഷിച്ച നിലയില്‍ കാണപ്പെട്ടു.
ചേര്‍ത്തല എസ്ഐ അതുല്‍രാജിന്റെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. തിങ്കളാഴ്ച ഉച്ചയോടെ വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. ജൂഡി എന്ന പോലീസ് നായ വീടിന് പരിസരത്ത് മണം പിടിച്ച് ഓടിയെങ്കിലും മതിലിന് പുറത്തേക്കു പോയില്ല.
സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് പരിശോധിക്കുമെന്ന് പോലീസ് അറിയിച്ചു. ജോസഫും കുടുംബവും ഏതാണ്ട് ഒരുമാസം മുമ്പാണ് ഈ വീട്ടില്‍ താമസം തുടങ്ങിയത്. ഏതാണ്ട് രണ്ടുമാസം മുമ്പ് ഈ വീട്ടില്‍ തന്നെ മോഷണം നടന്നിരുന്നു. മുന്‍വശത്തെ വാതില്‍ കുത്തിത്തുറന്ന് വീടിനകത്ത് കയറി 15,000 ത്തോളം രൂപ വിലവരുന്ന പൈപ്പ് ഫിറ്റിംഗ്സുകള്‍ മോഷ്ടിച്ചിരുന്നു.
ആ സമയത്ത് വീട് അടച്ചിട്ടിരിക്കുകയായിരുന്നു. ഇതുസംബന്ധിച്ച് വീട്ടുടമ ഉണ്ണകൃഷ്ണന് ചേര്‍ത്തല പോലീസില്‍ പരാതി നല്‍കിയിരുന്നു. ഈ സംഭവം അന്വേഷിക്കുന്നതിനിടെയാണ് ഈ വീട്ടില്‍ തന്നെ രണ്ടാമതും മോഷണം നടക്കുന്നത്. ഒരു വീട്ടില്‍ തന്നെ രണ്ടാമതും മോഷണം നടന്നത് പോലീസിനെ കുഴപ്പത്തിലാക്കിയിരിക്കുകയാണ്. മുമ്പ് നടന്ന മോഷണക്കേസ് അന്വേഷിക്കുന്നതിനിടെ വീണ്ടും മോഷണം നടന്നത് പോലീസിന് നാണക്കേടായിരിക്കുകയാണ്.
Kerala
ഹരിപ്പാട്: ആലപ്പുഴ ഹരിപ്പാട് വയോധികനെ തോട്ടിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. ആറാട്ടുപുഴ കിഴക്കേക്കര അഞ്ചാം വാർഡ് വലിയചിറ പടീറ്റതിൽ തങ്കച്ചൻ(65)ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് ആറോടെ ആയിരുന്നു തങ്കച്ചനെ തോട്ടിൽ വീണനിലയിൽ കണ്ടെത്തിയത്.
മല്ലിക്കാട്ട് കടവിന് തെക്ക് വലിയ തോടിന്റെ വശത്തെ കൽക്കെട്ടിനോട് ചേർന്നായിരുന്നു തങ്കച്ചനെ കണ്ടെത്തിയത്. ഉടൻതന്നെ തങ്കച്ചനെ കണ്ടല്ലൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കൽക്കെട്ടിന് മുകളിലൂടെ നടന്നു പോകുമ്പോൾ അബദ്ധത്തിൽ വീണതാകാമെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ്മോർട്ടത്തിന് ശേഷമേ മരണകാരണത്തിൽ കൂടുതൽ വ്യക്തത വരൂ എന്ന് പോലീസ് അറിയിച്ചു.
Kerala
ആലപ്പുഴ: ജാമ്യത്തിലിറങ്ങിയ ശേഷം പോലീസിനെ വെല്ലുവിളിച്ച് കവർച്ച നടത്തിയ സ്ഥിരം മോഷ്ടാവ് പിടിയിൽ. ആലപ്പുഴയിലെ സ്ഥിരം മോഷ്ടാവ് സുമേഷ് സുശീലനാണ് പിടിയിലായത്. ആലപ്പുഴ നോര്‍ത്ത് പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.
ആറ് മാസം മുൻപാണ് ഒരു മോഷണ കേസില്‍ ആലപ്പുഴ നോര്‍ത്ത് പോലീസ് സുമേഷിനെ പിടികൂടിയത്. പോലീസ് തന്നെ കള്ളക്കേസില്‍ കുടുക്കിയെന്നായിരുന്നു സുമേഷിന്റെ ആരോപണം. ജാമ്യം കിട്ടി പുറത്തിറങ്ങിയാല്‍ നോര്‍ത്ത് സ്റ്റേഷന് പരിധിയില്‍ വീണ്ടും മോഷണം നടത്തുമെന്നും ഇയാൾ വെല്ലുവിളിച്ചിരുന്നു.
കേസിൽ ജാമ്യത്തിലിറങ്ങിയ രണ്ടാം ദിവസം സുമേഷ് പോലീസിനെതിരെ പ്രതികാരത്തിനിറങ്ങി. തുടർന്ന് നോര്‍ത്ത് പോലീസ് സ്റ്റേഷന് പരിധിയിലെ തുമ്പോളിയിലെ ഒരു ക്ഷേത്രത്തില്‍ കാണിക്കവഞ്ചി കുത്തിത്തുറന്നു. എന്നാൽ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പോലീസ് പ്രതിയെ തിരിച്ചറിഞ്ഞു. ഇതോടെ സുമേഷ് വീണ്ടും പോലീസ് കസ്റ്റഡിയിലാകുകയായിരുന്നു.
SUNDAY DEEPIKA
1760 കളില്‍ തിരുവിതാംകൂര്‍ ദിവാനായിരുന്ന രാജാ കേശവദാസിന് ആലപ്പുഴയെ ഒരു തുറമുഖ നഗരമായി വികസിപ്പിക്കണമെന്ന ആഗ്രഹമുദിച്ചു. വിശാല കടല്‍ത്തീരമുള്ള ആലപ്പുഴ നഗരത്തെ കിഴക്കിന്റെ വെനീസ് എന്നപേരില്‍ വാണിജ്യനഗരമായി വികസിപ്പിക്കാമെന്ന സാധ്യത കണ്ടെത്തിയതും ദിവാനായിരുന്നു. തിരുവിതാംകൂറിന് സ്വന്തമായി ഒരു തുറമുഖം. അതില്‍ ഒരു വ്യവസായ സാമ്രാജ്യം കെട്ടിപ്പെടുക്കുമ്പോള്‍ രക്തത്തില്‍ കച്ചവടം അലിഞ്ഞു ചേര്‍ന്നിട്ടുള്ള ഗുജറാത്തികളെ അതിന്റെ താക്കോല്‍ ഏല്‍പ്പിക്കാമെന്നും അദ്ദേഹം തീരുമാനിച്ചു. അങ്ങനെയാണ് ഗുജറാത്തികള്‍ക്ക് ആലപ്പുഴ നഗരമധ്യത്തില്‍ ഒരു തെരുവുതന്നെ അദ്ദേഹം നിർമിച്ചത്.
വ്യവസായത്തിലും വാണിജ്യത്തിലും അഗ്രഗണ്യരായ സൗരാഷ്ട്ര, കച്ച് ഭാഗങ്ങളില്‍നിന്ന് അഞ്ചു വിഭാഗങ്ങളെയാണ് ദിവാന് ഇവിടേക്ക് ക്ഷണിച്ചത്. അങ്ങനെയാണ് വൈഷ്ണവ, ശൈവ വിഭാഗങ്ങളും പോര്‍ബന്ധറിലെ ഹലായി മേമൻ, കച്ചി മേമൻ, ബോറസ് വിഭാഗങ്ങളും ആലപ്പുഴയിലെത്തുന്നത്. അവര്‍ക്ക് താമസിക്കാനും വ്യവസായ സ്ഥാപനങ്ങള്‍ നടത്താനുമുള്ള സൗകര്യങ്ങള്‍ രാജാ കേശവദാസ ഏര്‍പ്പെടുത്തി.
നാനൂറോളം ഗുജറാത്തി കുടുംബങ്ങളാണ് പല ഘട്ടങ്ങളിലായി ആലപ്പുഴയിലേക്കു വന്നത്. വാണിജ്യ കനാലിന്റെ തെക്കുവശം കേന്ദ്രീകരിച്ച് മേമന് വിഭാഗങ്ങള്‍ കുട, തുണി ബിസിനസില്‍ കത്തിക്കയറി. ഗുജറാത്തി സ്ട്രീറ്റ് കേന്ദ്രീകരിച്ച് മറ്റു വ്യവസായങ്ങളും വളര്‍ന്നു. കയര്‍, വെളിച്ചെണ്ണ, സുഗന്ധദ്രവ്യങ്ങള്‍, കൈത്തറി എന്നിവയായിരുന്നു പ്രധാന വ്യവസായങ്ങള്‍. കൊല്ലം, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലെ പല ഉത്പന്നങ്ങളും കടല്‍ കടന്നിരുന്നത് ഗുജറാത്തി തെരുവു വഴിയായിരുന്നു.
പ്രൗഢിയുടെ ശേഷിപ്പുകള്‍
ശ്രീജൈന് ശ്വേതാംബര്‍ ക്ഷേത്രം, ശിവപാര്‍വതി ക്ഷേത്രം, ശ്രീരാമ ക്ഷേത്രം, ശ്രീകൃഷ്ണ ഹവേലി എന്നിങ്ങനെ ഗുജറാത്തി ശൈലിയില്‍ പണിത ആരാധനാലയങ്ങൾ. മറ്റു ജൈന ക്ഷേഷേത്രങ്ങളില്നിന്ന് വ്യത്യസ്തമായി ഇരുമ്പ് ഉപയോഗിക്കാത്തതും രാജസ്ഥാന് കല്ലുകളും മാര്‍ബിളുകളും ഉപയോഗിച്ച് ഒറ്റക്കല്ലില്‍ കൊത്തിയെടുത്ത പ്രതിമകളും അതുല്യമാക്കുന്ന ശ്വേതാംബര്‍ ജൈന്‍ ക്ഷേത്രം. ഇപ്പോള്‍ ആലപ്പുഴയില്‍ താമസിക്കുന്ന ഗുജറാത്തികളുടെ ആത്മീയകേന്ദ്രമായി കണക്കാക്കുന്നതും ഈ ക്ഷേത്രത്തെയാണ്. നാല് ജൈന തീര്ത്ഥങ്കരന്മാരാണ് ഇവിടത്തെ പ്രതിഷ്ഠകൾ.
ഗുജറാത്തിലെ കെട്ടിട നിര്മാണശൈലിയാൽ ശ്രദ്ധയാകര്‍ഷിച്ച തെരുവ് സൂപ്പര്‍ഹിറ്റ് ചിത്രമായ വിയറ്റ്നാം കോളനി പോലെ നിരവധി സിനികളുടെ ലൊക്കേഷനുമായിട്ടുണ്ട്.
ഗുജറാത്തികള്‍ എത്തിയതോടെ കയറും മലഞ്ചരക്കും അടക്കം നിരവധി ഉത്പന്നങ്ങള്‍ ഇവിടെനിന്ന് കടല്‍ കടന്നു. ഇവ തുറമുഖത്തേക്ക് എത്തിക്കാന്‍ വാണിജ്യ കനാല്‍ നിര്‍മിച്ചതും ദിവാനാണ്.
പുതുതലമുറയ്ക്ക് വിദ്യാഭ്യാസം നല്കാന് ഗുജറാത്തി പാഠശാലകള്‍ തുറന്നു. 1980കളുടെ മധ്യം വരെ ഗുജറാത്തി എല്‍പി സ്കൂള്‍ പ്രവര്‍ത്തിച്ചിരുന്നു. ഇപ്പോള്‍ ഗുജറാത്തികളുടെ സാംസ്കാരിക പരിപാടികള്‍ നടക്കുന്നത് ഈ പാഠശാലകളിലാണ്.
ആലപ്പുഴ തുറമുഖം തകര്‍ച്ചയിലായതോടെ കൊച്ചി വികസിക്കുകയായിരുന്നു. ഇവിടത്തെ മിക്ക വ്യവസായികളും ഗുജറാത്തി സ്ട്രീറ്റ് വിട്ട് കൊച്ചിയിലേക്കു ചേക്കേറി. ശേഷിക്കുന്നവര്‍ ചെറിയ ചെറിയ കച്ചവടങ്ങളുമായി ആലപ്പുഴയില്‍ കഴിയുന്നു.
മായാത്ത ഓര്‍മകള്‍
എന്നും ഉത്സവാന്തരീക്ഷം നിലനിന്നിരുന്ന ഗുജറാത്തി തെരുവിലെ മനോഹര ദിനങ്ങളുടെ ഒളിമങ്ങാത്ത ഓര്‍മകളില്‍ ജീവിക്കുകയാണ് എച്ച്. മഹേഷ് കുമാര്‍ എന്ന മഹേഷ് ഭായി. തലങ്ങും വിലങ്ങും നീങ്ങുന്ന ചരക്കുവള്ളങ്ങള്‍ നിറഞ്ഞ വാണിജ്യ കനാൽ. നവരാത്രി, ദീപാവലി എന്നിങ്ങനെ മധുരമുള്ള ആഘോഷങ്ങളാണ് മഹേഷ് ഭായിയുടെ ഓര്‍മകളിൽ നിറയുന്നത്.
‘ഒരിക്കലും ആലപ്പുഴ ഒരു അന്യനാടായി തോന്നിയിട്ടില്ല. മിനി ഗുജറാത്ത് എന്ന് പറയത്തക്ക ക്രമീകരണങ്ങള്‍ ആലപ്പുഴയിലെ ഗുജറാത്തി തെരുവില്‍ ഉറപ്പിക്കാന്‍ പൂര്‍വികര്‍ക്കു കഴിഞ്ഞിരുന്നു. പിതാവ് ഹരിദാസും മാതാവ് ലക്ഷ്മിഭായിയും അടങ്ങുന്നതായിരുന്നു കുടുംബം.’ ഗുജറാത്തി തെരുവില്‍ ചെറുപ്പം മുതല്‍ പരുത്തി കച്ചവടം ചെയ്തിരുന്ന മഹേഷ് ഭായിയുടെ കണ്ണുകള്‍ പഴയ ഓര്‍മകളില്‍ ഈറനണിയുന്നുണ്ടായിരുന്നു.
പുതിയ തലമുറക്കാരായ ആരുംതന്നെ ഇപ്പോള്‍ ഗുജറാത്തി സ്ട്രീറ്റിലില്ല. നാനൂറില്‍നിന്ന് മുപ്പതിലേക്കു ചുരുങ്ങിയിരിക്കുന്നു ഗുജറാത്തി കുടുംബങ്ങൾ. പുതുതലമുറക്കാരും തന്റെ മക്കളും ഉള്‍പ്പെടെ വടക്കേ ഇന്ത്യയിലും ഇന്ത്യക്ക് പുറത്തുമൊക്കെയാണെന്ന് മഹേഷ് ഭായി പറയുന്നു.
ഇദ്ദേഹത്തിന്റെ ചെറുപ്പകാലത്ത് ഗുജറാത്തി തെരുവിലുണ്ടായിരുന്ന നാല്പതിലധികം പാണ്ടികശാലകളും ഇഇക്കാലത്ത്് അപ്രത്യക്ഷമായി. നിലവില്‍ സനാധന വൈഷ്ണവ മഹാജം എന്ന അസോസിയേഷന് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന 24 കുടുംബങ്ങളും ജൈന വിഭാഗത്തില്‍പ്പെട്ട ആറു കുടുംബങ്ങളും മാത്രമാണ് ശേഷിക്കുന്നത്.
തെരഞ്ഞെടുപ്പുകാലത്ത് ചുവരെഴുത്ത് പോലും ഇവിടെ ഗുജറാത്തിയിലായിരുന്നു. ഇപ്പോഴത്തെ ഗുജറാത്തി തെരുവിനു പഴയ പകിട്ടില്ല, പ്രൗഢിയുമില്ല. ഒന്നര നൂറ്റാണ്ടിന്റെ പൗരാണികതയും പാരമ്പര്യവുമുള്ള, തകര്‍ന്നുകൊണ്ടിരിക്കുന്ന 40 കെട്ടിടങ്ങളിലേക്കൊതുങ്ങി ഗുജറാത്തി തെരുവ്. പഴയ മുപ്പാലം മുതല്‍ വടക്കോട്ട് റോഡിലൂടെ നടന്നാല്‍ പ്രതാപകാലത്തെ കാറ്റിനു സുഗന്ധദ്രവ്യങ്ങളുടെയും മലഞ്ചരക്കുകളുടെയും ഗന്ധമുണ്ടായിരുന്നു. എന്നാൽ ഇന്ന് വല്ലഭദാസ് കാഞ്ചിയുടെ സമീപത്തുമാത്രം ഒതുങ്ങുന്നു ഗൃഹാതുരത്വമുള്ള ആ ഗന്ധം. ഗുജറാത്തി തെരുവിന്റെ മഹിമയും തനിമയും നഷ്ടപ്പെടാതെ സംരക്ഷിക്കുന്നതിന് കേരള സര്‍ക്കാര്‍ പൈതൃക പദ്ധതി പ്രഖ്യാപിച്ചിട്ടുള്ളതാണ് ഏക ആശ്വാസം.
Kerala
ആലപ്പുഴ: വീട്ടിനുള്ളിൽനിന്ന് വിളിച്ചിറക്കി യുവാവിനെ ക്രൂരമായി കുത്തിക്കൊലപ്പെടുത്തി. ആര്യാട് മുരിയംവെളിയിൽ അജിയുടെ മകൻ അഖിൽ (അച്ചു- 24) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നിൽ ഗുണ്ടാ കുടിപ്പകയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
ഓട്ടോറിക്ഷയിലെത്തിയ മൂന്നംഗ സംഘമാണ് കൊലപാതകത്തിന് പിന്നിലെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ആക്രമണം നടക്കുമ്പോൾ അഖിൽ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
കൊലപാതകം നടത്തിയ ശേഷം പ്രതികൾ ഓട്ടോ ഡ്രൈവറെ ഭീഷണിപ്പെടുത്തിയാണ് രക്ഷപ്പെട്ടത്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത പോലീസ് അന്വേഷണം ഊർജിതമാക്കി.
Kerala
ചേർത്തല: ആലപ്പുഴ ചേർത്തലയിൽ ഓട്ടിസം ബാധിതനായ ഇരുപത്തിയാറുകാരനെ സമീപവാസി പട്ടിക കൊണ്ട് മർദിച്ചതായി പരാതി. ശരീരമാസകലം പരിക്കേറ്റ യുവാവിനെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചേർത്തല നഗരസഭ 19-ാം വാർഡ് ആഞ്ഞലി പാലത്തിന് സമീപം പുത്തൻതോട്ടുകയിൽ പരേതനായ അജിയുടെയും മായയുടെയും മകൻ അഭിജിത്തിനാണ് മർദനമേറ്റത്.
ഞായറാഴ്ച രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. മായ വീട്ടുജോലിക്ക് പോയ സമയത്ത് പിതാവിന്റെ സഹോദരിയുടെ വീട്ടിൽ പോയി ഭക്ഷണം കഴിച്ച് മടങ്ങിവരുമ്പോഴാണ് അഭിജിത്തിനെ വഴിയിൽ തടഞ്ഞുനിർത്തി ആക്രമിച്ചത്. സമീപവാസിയായ ജയേഷ് എന്ന വ്യക്തിക്കെതിരെയാണ് കുടുംബം പരാതി നൽകിയിരിക്കുന്നത്.
സംസാരിക്കാൻ ബുദ്ധിമുട്ടുള്ള ആളാണെന്നും ഓട്ടിസം ബാധിതനാണെന്നും വ്യക്തമായിട്ടും പ്രതി യാതൊരു ദയയും കാണിച്ചില്ലെന്ന് അഭിജിത്തിന്റെ അമ്മ മായ ആരോപിക്കുന്നു. 'ബംഗാളി' എന്ന് വിളിച്ചുകൊണ്ടായിരുന്നു ആക്രമണം. പട്ടിക കൊണ്ട് ഇടത് കൈമുട്ടിനും മുതുകിനും ക്രൂരമായി മർദിച്ചതിനെ തുടർന്ന് യുവാവിന് ശരീരമാസകലം പരിക്കേറ്റിട്ടുണ്ട്.
ആക്രമണത്തിന് ഇരയായ അഭിജിത്തിനെ ആദ്യം ചേർത്തല താലൂക്ക് ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി വണ്ടാനം മെഡിക്കൽ കോളേജിലേക്കും മാറ്റുകയുമായിരുന്നു. സംഭവത്തിൽ കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ചേർത്തല പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Kerala
ആലപ്പുഴ: ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻമാർ മർദിച്ച സംഭവത്തിൽ പ്രത്യേക അന്വേഷണസംഘത്തോട് കൂടുതൽ വിവരങ്ങൾ തേടി ഡിജിപി. റിപ്പോർട്ടിൽ വ്യക്തത വരുത്തുന്നതിന്റെ ഭാഗമാണ് നടപടി. കേസ് ഡയറി അട്ടിമറിച്ചെന്ന ആരോപണത്തിൽ ഉദ്യോഗസ്ഥർക്കെതിരെ സ്വീകരിക്കുന്ന നടപടികൾ നിയമപരമായി തിരിച്ചടിയാകരുതെന്ന് ഉറപ്പാക്കുന്നതിനായാണ് നീക്കം.
പ്രത്യേക അന്വേഷണസംഘം സമർപ്പിച്ച റിപ്പോർട്ട് ഡിജിപി ഇന്ന് ആഭ്യന്തരവകുപ്പിന് കൈമാറിയേക്കുമെന്നാണ് സൂചന. പൊലീസ് ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി കേസ് ഡയറി തിരുത്തിയ സംഭവത്തിൽ എഡിജിപി എം.ആർ.അജിത് കുമാറിനും വീഴ്ച പറ്റിയിട്ടുണ്ടെന്നാണ് ഡിജിപിയുടെ വിലയിരുത്തൽ.
റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് അജിത് കുമാറിനെതിരെ ആഭ്യന്തരവകുപ്പ് ഉചിതമായ നടപടി കൈക്കൊണ്ടേക്കും. അട്ടിമറിക്ക് ഒത്താശ ചെയ്ത അജിത് കുമാറിന്റെ ഓഫീസിലെ മറ്റ് രണ്ട് ഉദ്യോഗസ്ഥരും നിലവിൽ നടപടി നേരിടേണ്ടി വരുമെന്നാണ് വിവരം.
ഇവരുടെ നേതൃത്വത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥരെ വിളിച്ച് വരുത്തിയതും കേസ് ഡയറി തിരുത്തിയതും. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ച കേസില്‍ ഗണ്മാന് അനില്‍കുമാര്‍ ഉള്‍പ്പെടെയുള്ളവരെ എസ്ഐടി ചോദ്യം ചെയ്തിരുന്നു.
Kerala
ആലപ്പുഴ: സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിക്ക് കടുത്ത ഭാഷയിൽ മറുപടിയുമായി ജി. സുധാകരൻ എംഎൽഎ. തന്റെ നേരെ ആരെങ്കിലും വിരൽ ചൂണ്ടിയാൽ അതിനുത്തരവാദി ആർ. നാസർ ആയിരിക്കുമെന്ന് സുധാകരൻ പറഞ്ഞു. സിപിമ്മിനെ വിമർശിക്കുന്ന രീതി ജി.സുധാകരൻ അവസാനിപ്പിച്ചില്ലെങ്കിൽ കൈകാര്യം ചെയ്യുമെന്ന് ആർ. നാസർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
ഇതിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. തന്നെ കൈകാര്യം ചെയ്യുമെന്ന് പരസ്യമായി പറഞ്ഞ നാസറിനെതിരെ പോലീസ് കേസെടുക്കണം. ആലപ്പുഴ ജില്ലയിൽ പാർട്ടി തകർന്നു. അതൊന്നും ജില്ലാ സെക്രട്ടറി മനസിലാക്കുന്നില്ല.
നഷ്ടപ്പെട്ട ജനപിന്തുണ തിരിച്ചു കൊണ്ടുവരാനുള്ള ബൗദ്ധികമായ കഴിവോ ക്ഷമതയോ നാസറിനില്ലെന്നും സുധാകരൻ പരിഹസിച്ചു. ആലപ്പുഴയിൽ വിവിധ തെരഞ്ഞെടുപ്പുകളിൽ സിപിഎമ്മിനുണ്ടായ നഷ്ടങ്ങൾ എണ്ണിപ്പറഞ്ഞുകൊണ്ടായിരുന്നു സുധാകരന്റെ രൂക്ഷവിമർശനം.
എംഎൽഎ ആയിരുന്നപ്പോൾ താൻ നാട്ടിൽ വികസനം നടത്തിയതുകൊണ്ടാണ് പിന്നീടുള്ള തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് ജയിക്കാനായത്. തന്റെ വികസനത്തിനുള്ള വോട്ടാണ് അന്ന് എൽഡിഎഫിന് ലഭിച്ചത്. ഇങ്ങനെയുള്ള പോക്കാണ് തുടരുന്നതെങ്കിൽ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് ജില്ലയിൽ ഒറ്റ സീറ്റ് പോലും കിട്ടില്ലെന്നും ജി. സുധാകരൻ കൂട്ടിച്ചേർത്തു.
National
ന്യൂഡൽഹി: രാജ്യത്തെ മെഡിക്കൽ കോളജുകൾക്ക് അന്ത്യശാസനവുമായി നാഷണൽ മെഡിക്കൽ കമ്മീഷൻ. കേന്ദ്ര നെറ്റ്വർക്കുമായി സിസിടിവികൾ ബന്ധിപ്പിക്കാൻ ഇനിയും ബാക്കിയുള്ള മെഡിക്കൽ കോളജുകൾ ഉടൻ പൂർത്തിയാക്കണമെന്നാണ് നിർദേശം.
രാജ്യത്തെ 70 മെഡിക്കൽ കോളജുകൾക്കാണ് ഇതുസംബന്ധിച്ച് നാഷണൽ മെഡിക്കൽ കമ്മീഷൻ കർശന നിർദേശം നൽകിയിരിക്കുന്നത്. സിസിടിവി സംവിധാനങ്ങൾ നാഷണൽ മെഡിക്കൽ കമ്മീഷന്റെ കേന്ദ്രീകൃത നിരീക്ഷണ ശൃംഖലയുമായി അടിയന്തരമായി ബന്ധിപ്പിക്കണമെന്നാണ് നിർദേശം.
നിർദേശം ലംഘിക്കുന്ന മെഡിക്കൽ കോളജുകൾക്കെതിരെ കർശനമായ അച്ചടക്ക നടപടികൾ സ്വീകരിക്കുമെന്നും കമ്മീഷന്റെ മുന്നറിയിപ്പുണ്ട്. ആലപ്പുഴയിലെ ടി.ഡി. മെഡിക്കൽ കോളജും , കാസർഗോഡ് ഗവൺമെന്റ് മെഡിക്കൽ കോളജും പട്ടികയിലുണ്ട്.
Kerala
ആലപ്പുഴ: അരൂരില്‍ മത്സ്യത്തൊഴിലാളി ജീവനൊടുക്കിയ നിലയില്‍. അരൂര്‍ പളളിയോടപ്പുരയ്ക്കല്‍ സുബ്രമണ്യന്‍(71)ആണ് മരിച്ചത്.
ലൈഫ് പദ്ധതിയില്‍ നിര്‍മ്മിച്ച വീടിന് പഞ്ചായത്ത് നമ്പര്‍ കിട്ടാന്‍ വൈകുന്നതിന്റെ വിഷമത്തിലായിരുന്നു സുബ്രമണ്യന്‍ എന്നാണ് ബന്ധുക്കള്‍ പറയുന്നത്. തീരദേശ പരിപാലന നിയമത്തിന്റെ പരിധിയിലാണ് വീട്. ഇതുമൂലം വീട്ടുനമ്പര്‍ കിട്ടാന്‍ തടസങ്ങളുണ്ട് എന്നാണ് പഞ്ചായത്ത് അറിയിച്ചത്.
വീടിന് നമ്പര്‍ ഇല്ലാത്തതിനാല്‍ അവസാന ഗഡു തുക ലഭിച്ചില്ല. രോഗവും ഭാര്യയ്ക്കുണ്ടായ അപകടവും മൂലം മാനസിക ബുദ്ധിമുട്ടിലായിരുന്നു സുബ്രമണ്യന്‍.
ലൈഫ് പദ്ധതി പ്രകാരം വീട് പണി പൂര്‍ത്തീകരിച്ചിരുന്നു. എന്നാല്‍ അവസാന ഗഡുവായ ഒരുലക്ഷം രൂപയ്ക്കായി ഒരുപാട് തവണ പഞ്ചായത്ത് കയറിയിറങ്ങിയെങ്കിലും ലഭിച്ചില്ല. ത്വക്ക് സംബന്ധമായ അസുഖം സുബ്രമണ്യനുണ്ടായിരുന്നു. രണ്ടാഴ്ച്ച മുന്‍പ് അത് മൂര്‍ച്ഛിച്ചു.
തുടര്‍ന്ന് മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച ആശുപത്രിയില്‍ പോകാനിരിക്കുകയായിരുന്നു. എന്നാല്‍ സുബ്രമണ്യനെ കാണാതായി. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സമീപത്തെ കെട്ടിടത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പോസ്റ്റ്മോര്‍ട്ടത്തിനായി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)
NRI
കുവൈറ്റ് സിറ്റി: ഒഐസിസി കുവൈറ്റ് ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ രണ്ടാംഘട്ട മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കമായി. അബ്ബാസിയയിലെ സംസം ഓഡിറ്റോറിയത്തിൽ വ്യാഴാഴ്ച നടന്ന ജില്ലാ എക്സിക്യൂട്ടീവ് യോഗത്തിൽ ഒഐസിസി ഗ്ലോബൽ കമ്മിറ്റി അംഗം വർഗീസ് പുതുക്കുളങ്ങര ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു.
കേരളത്തിൽ യുഡിഎഫ് സർക്കാർ ജനക്ഷേമ പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകി മുന്നേറുകയാണെന്നും പ്രവാസി സമൂഹത്തിന് കൂടുതൽ ആശ്വാസകരമായ പദ്ധതികളും നടപടികളും സർക്കാർ നടപ്പിലാക്കുമെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ജില്ലാ പ്രസിഡന്റ് മനോജ് റോയ് അധ്യക്ഷത വഹിച്ചു.
ഒഐസിസി കുവൈറ്റ് ആക്ടിംഗ് പ്രസിഡന്റ് ബിനു ചെമ്പാലയം മുഖ്യപ്രഭാഷണം നടത്തി. കെപിസിസിയുടെ അംഗീകൃത സംഘടന എന്ന നിലയിൽ കുവൈറ്റിലെ കോൺഗ്രസ് പ്രവർത്തകർക്ക് ഔദ്യോഗികമായി പ്രവർത്തിക്കാനുള്ള ഏക വേദിയാണ് ഒഐസിസി കുവൈറ്റെന്നും കുവൈറ്റിലെ ഓരോ കോൺഗ്രസ് പ്രവർത്തകനും സംഘടനയുടെ ഭാഗമാകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
യോഗത്തിൽ ഒഐസിസി നാഷണൽ വൈസ് പ്രസിഡന്റ് വിപിൻ മങ്ങാട്ട്, നാഷണൽ ജനറൽ സെക്രട്ടറി ബിനോയ് ചന്ദ്രൻ, ജില്ലയുടെ ചുമതലയുള്ള സെക്രട്ടറി രവി ചന്ദ്രൻ ചുഴലി, ജില്ലാ വൈസ് പ്രസിഡന്റ് ജോൺസി സാമുവൽ, സെക്രട്ടറിമാരായ ബിജു പാറയിൽ, റോഷൻ ജേക്കബ്, യൂത്ത് വിംഗ് നാഷണൽ വൈസ് പ്രസിഡന്റ് സാം മാത്യു, ജോൺ വർഗീസ്, അലക്സാണ്ടർ ദാസ്, നഹാസ് സൈനുദ്ദീൻ, ശ്രീജിത്ത് ശ്രീധരൻ, ഹരിലാൽ, പ്രദീപ് കുമാർ, ജോമോൻ കോട്ടവിള, സാബു തോമസ്, എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.
ജില്ലാ ജനറൽ സെക്രട്ടറി കലേഷ് ബി. പിള്ള സ്വാഗതവും ട്രഷറർ വിജോ പി. തോമസ് നന്ദിയും രേഖപ്പെടുത്തി. മെമ്പർഷിപ്പ് ക്യാമ്പയിന്റെ ഭാഗമായി കുവൈറ്റിലെ വിവിധ മേഖലകളിൽ പ്രത്യേക അംഗത്വ രജിസ്ട്രേഷൻ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ജില്ലാ നേതൃത്വം അറിയിച്ചു.
Kerala
ആലപ്പുഴ: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ഹരിപ്പാട്ട് പോലീസ് നടത്തിയ പരിശോധനയിൽ ലഹരിവസ്തുക്കൾ പിടിച്ചെടുത്തു. ആർ.കെ.ജംഗ്ഷന് സമീപം കടയും വീടും കേന്ദ്രീകരിച്ച് നിരോധിത പുകയില ഉൽപന്നങ്ങളുടെ വിൽപ്പന നടത്തിയ താമരശ്ശേരി കിഴക്കതിൽ ജോൺസൺ (60), മകൻ മോൻസി ജോൺ (24) എന്നിവരെ ഹരിപ്പാട് പോലീസ് അറസ്റ്റ് ചെയ്തതു.
ഇവരിൽ നിന്ന് 210 പാക്കറ്റ് ഹാൻസും ലഹരി വിൽപനയിലൂടെ സമ്പാദിച്ചതെന്ന് കരുതുന്ന എട്ടര ലക്ഷം രൂപയും കണ്ടെത്തി. കടയ്ക്കുള്ളിലെ രഹസ്യ അറകളിലാണ് പ്രതികൾ ഇവ സൂക്ഷിച്ചിരുന്നത്. പ്രദേശത്തെ സ്കൂൾ-കോളജ് വിദ്യാർഥികളെയും ഇതരസംസ്ഥാന തൊഴിലാളികളെയും ലക്ഷ്യമിട്ടായിരുന്നു ഇവരുടെ പ്രധാന വിൽപന.
പിടിയിലായവർ പ്രദേശത്തെ സ്ഥിരം കുറ്റവാളികളാണെന്ന് പോലീസ് വ്യക്തമാക്കി. ലഹരി വിൽപനയുമായി ബന്ധപ്പെട്ട് മാത്രം ഇവർക്കെതിരെ നിലവിൽ നാൽപ്പതോളം കേസുകളുണ്ട്. മുൻപ് ഇതേ കടയിൽ പരിശോധനയ്ക്കെത്തിയ ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡ് അംഗങ്ങളെ മുറിക്കുള്ളിലിട്ട് പൂട്ടിയിട്ട് ആക്രമിക്കാൻ ശ്രമിച്ച കേസിലും ഇവർ പ്രതികളാണ്.
Kerala
ചേർത്തല: ആലപ്പുഴ ചേർത്തലയിൽ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വച്ച് നാല് ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ മുഖ്യ പ്രതികൾ പിടിയിൽ. മുക്കുപണ്ടം നിർമിച്ച് നൽകുന്ന സംഘമാണ് പിടിയിലായത്.
കണ്ണൂർ ധർമോദയം പെരിങ്ങോളി പഞ്ചായത്തിൽ ഉഷസ് നിവാസിൽ സന്തോഷ് കുമാർ (55), കണ്ണൂർ ജില്ലയിലെ കോട്ടഞ്ചേരി ചെലിക്കണ്ടി വീട്ടിൽ ( 52) മുസ്തഫ എന്നിവരാണ് പിടിയിലായത്. ഇരുവരെയും കണ്ണൂരിൽ നിന്നാണ് ചേർത്തല പോലീസ് പിടികൂടിയത്.
സമാന കേസിൽ നേരത്തെ പിടിയിലായ മൂന്ന് പേരിൽ നിന്നാണ് നിർമാണ സംഘത്തെ കുറിച്ചുള്ള വിവരം പോലീസിന് ലഭിച്ചത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Kerala
ആലപ്പുഴ: ജില്ലയിൽ നിർമാണത്തിലിരിക്കുന്ന ദേശീയപാത 66ൽ വൻ സുരക്ഷാ വീഴ്ച. ചേർത്തല പതിനൊന്നാം മൈലിൽ നിർമാണം പുരോഗമിക്കുന്ന മേൽപ്പാലത്തിന് നടുവിലാണ് വലിയ ഗർത്തം രൂപപ്പെട്ടത്. കോൺക്രീറ്റിംഗ് ഉൾപ്പെടെയുള്ള ഭൂരിഭാഗം നിർമാണ പ്രവർത്തനങ്ങളും പൂർത്തിയായി, ഉദ്ഘാടനത്തിലേക്ക് അടുക്കുന്ന ഫ്ലൈ ഓവറിലാണ് ഈ അപകടകരമായ സാഹചര്യം ഉണ്ടായിരിക്കുന്നത് എന്നത് വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.
പാലത്തിന്റെ സ്ലാബുകൾ തമ്മിൽ ബന്ധിപ്പിക്കുന്ന ഭാഗത്താണ് കോൺക്രീറ്റ് അടർന്നുമാറി താഴേക്ക് വലിയ കുഴി രൂപപ്പെട്ടത്. മേൽപ്പാലത്തിന്റെ നിർമാണ നിലവാരത്തെക്കുറിച്ച് വലിയ രീതിയിലുള്ള സംശയങ്ങളും ജനരോഷവും ഉയർത്തുന്നതാണ് ഈ സംഭവം. ദേശീയപാത വികസനത്തിന്റെ ഭാഗമായി അതിവേഗം നടക്കുന്ന നിർമാണ പ്രവർത്തനങ്ങളിലെ അപാകതയാണ് ഇതിലൂടെ പുറത്തുവരുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു.
വിവരം അറിഞ്ഞതിനെ തുടർന്ന് ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരും നിർമാണ കമ്പനി പ്രതിനിധികളും സ്ഥലത്തെത്തി പരിശോധന നടത്തി. ഗർത്തം രൂപപ്പെട്ട ഭാഗത്ത് താത്കാലികമായി ബാരിക്കേഡുകൾ സ്ഥാപിച്ച് സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്. അടിയന്തിരമായി അറ്റകുറ്റപ്പണികൾ നടത്തി പാലത്തിന്റെ ഘടന സുരക്ഷിതമാക്കാനുള്ള നടപടികൾ ആരംഭിച്ചതായി അധികൃതർ അറിയിച്ചു.
Kerala
ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിഞ്ഞ അഞ്ചു വർഷം രണ്ടു ലക്ഷം രൂപ വീതം കൈക്കൂലി വാങ്ങി താത്കാലിക നിയമനം നടത്തിയെന്ന ആരോപണം ഉന്നയിച്ച് ജി. സുധാകരൻ എംഎൽഎ.
പൈസ വാങ്ങിയ ആളുടെ പേര് താൻ പറയുന്നില്ലെന്നും സുധാകരൻ പറഞ്ഞു. സർക്കാരിന്റെ 100 ദിന കർമ പരിപാടിയുടെ ഭാഗമായി മെഡിക്കൽ കോളജ് ആശുപത്രിയിൽ നടന്ന വിവിധ പദ്ധതികളുടെ പ്രഖ്യാപനം നിർവഹിക്കുകയായിരുന്നു ജി. സുധാകരൻ.
നൂറിലേറെ ആളുകളെയാണ് രണ്ട് ലക്ഷം രൂപാ വീതം വാങ്ങി താത്കാലികമായി നിയമിച്ചത്. ആരുടെ അനുവാദത്തോടെയാണ് ഈ നിയമനം നടത്തിയത്. എല്ലാവർക്കുമറിയാം ഇവിടെ എന്താണ് നടന്നതെന്ന്. എംപ്ളോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്ത് കാത്തിരിക്കുമ്പോഴാണ് കുടുംബശ്രീ വഴി നിയമനം നടത്തിയത്.
എന്ത് ആധികാരികതയാണ് കുടുംബശ്രീക്കുള്ളത്. കുടുംബശ്രീ സ്റ്റാറ്റ്യൂട്ടറി ബോഡിയാണോ. രാഷ്ട്രീയക്കാരുടെ കള്ളക്കളിയാണ് കുടുംബശ്രീയിൽ നടക്കുന്നത്. എന്ത് അധികാരത്തിലാണ് കുടുംബശ്രീ മെഡിക്കൽ കോളജിൽ സ്റ്റാഫിനെ നിയമിക്കുന്നത്.
മെഡിക്കൽ കോളജിലെ നിയമനങ്ങളെല്ലാം പിഎസ്സി വഴിയും എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും വഴി നടത്തണം. രാഷ്ട്രീയക്കാരെന്ന് പറഞ്ഞ് മേനി നടിച്ച് നടക്കുന്നവർ തന്നിഷ്ടം കാണിച്ച് അഴിമതി നടത്തുകയാണ്. രാഷ്ട്രീയമായ യാതൊരു ഇടപെടലും മെഡിക്കൽ കോളജിൽ അനുവദിച്ചു കൂടെന്നും ജി. സുധാകരൻ പറഞ്ഞു.
Kerala
ആലപ്പുഴ: ഓട്ടോയ്ക്ക് മുകളിലേക്ക് മരം കടപുഴകി വീണ് രണ്ട് പേർക്ക് പരിക്ക്. ആലപ്പുഴ കളക്ട്രേറ്റ് കവാടത്തിൽനിന്ന വാകമരമാണ് കടപുഴകി വീണത്.
വയോധികയ്ക്കും ഇവർക്കൊപ്പം ഉണ്ടായിരുന്ന യുവതിക്കുമാണ് പരിക്കേറ്റത്. ഇവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.
മഴയോ കാറ്റോ ഒന്നും ഇല്ലാത്ത സമയത്താണ് മരം മറിഞ്ഞുവീണതെന്നാണ് വിവരം. ഏറെ കാലപ്പഴക്കമുള്ള മരമാണ് ഇതെന്ന് നാട്ടുകാർ പറഞ്ഞു.
Kerala
കൊച്ചി: 2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ആലപ്പുഴ മണ്ഡലത്തിൽ നിന്നുള്ള കോൺഗ്രസ് എം.പി കെ.സി. വേണുഗോപാലിന്റെ വിജയം ചോദ്യം ചെയ്ത് മുൻ എംപി എ.എം. ആരിഫ് സമർപ്പിച്ച തെരഞ്ഞെടുപ്പ് ഹർജി കേരള ഹൈക്കോടതി തള്ളി. ജസ്റ്റിസ് ജി. ഗിരീഷ് അടങ്ങിയ ബെഞ്ചാണ് ഹർജി നിരസിച്ചുകൊണ്ട് ഉത്തരവിട്ടത്.
'സിവിൽ നടപടി ചട്ട പ്രകാരമാണ് ഹൈക്കോടതി ഹർജി തള്ളിയത്. ഹർജി ഫയൽ ചെയ്തതിലുണ്ടായ ചില സാങ്കേതിക പിഴവുകൾ മൂലം ഇത് നമ്പർ പോലും ചെയ്യപ്പെടാത്ത അവസ്ഥയിലായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട വിശദമായ കോടതി ഉത്തരവ് പിന്നീട് പുറപ്പെടുവിക്കും.
സിപിഎം നേതാവായ എ.എം. ആരിഫ്, ആലപ്പുഴയിലെ മുൻ എം.പിയും അരൂർ മണ്ഡലത്തിലെ മുൻ എംഎൽഎയുമാണ്. 2024-ലെ പൊതുതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച ആരിഫ്, എഐസിസി ജനറൽ സെക്രട്ടറി കൂടിയായ കെ.സി. വേണുഗോപാലിനോട് പരാജയപ്പെട്ടിരുന്നു. ഇതിനെതിരെയാണ് അദ്ദേഹം കോടതിയെ സമീപിച്ചത്.
Kerala
കൊച്ചി: നവകേരള യാത്രയ്ക്കിടെ മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച കേസിൽ പ്രതികളുടെ മുൻകൂർ ജാമ്യത്തിനെതിരെ എസ്ഐടി ഹൈക്കോടതിയിൽ അപ്പീൽ നൽകി. ജില്ലാ സെഷൻസ് കോടതിയുടെ തീരുമാനത്തെ ചോദ്യം ചെയ്താണ് എസ്ഐടി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻ അനിൽ കല്ലിയൂർ, സുരക്ഷാ സേനയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരായ എസ്. സന്ദീപ്, ആർ. അരുണ്‍, വി.വി. വിപിൻ, വി.കെ. ഷൈജു എന്നിവരാണ് കേസിലെ പ്രധാന പ്രതികൾ. ഇവരുടെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ ആവശ്യം.
2023 ഡിസംബറിലാണ് സംഭവമുണ്ടായത്. ഇതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. ക്രമസമാധാന പാലനത്തിന്റെ ഭാഗമായല്ല മറിച്ച് പ്രതികൾ നിയമം കൈയ്യിലെടുക്കുകയായിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.
Kerala
ആലപ്പുഴ: ആലപ്പുഴയിൽ തെരുവുനായ ആക്രമണത്തിൽ അഞ്ചുവയസുകാരന് ഗുരുതര പരിക്ക്. ഹരിപ്പാട് കുമാരപുരം ആറാം വാർഡ് താമല്ലാക്കൽ പുത്തൻപറമ്പിൽ അഖിൽവിശ്വം - ദിവ്യ ദമ്പതികളുടെ മകൻ അദ്വിക്കിനാണ് ആക്രമണത്തിൽ പരിക്കേറ്റത്.
കരുവാറ്റ എംജിഎം സ്കൂളിലെ യുകെജി വിദ്യാർഥിയാണ് അദ്വിക്. വെള്ളിയാഴ്ച വൈകുന്നേരം സ്കൂളിൽ നിന്നും വീട്ടിലെത്തിയ ശേഷം മുറ്റത്ത് സൈക്കിൾ ചവിട്ടിക്കളിക്കുമ്പോഴാണ് തെരുവുനായ ആക്രമിച്ചത്. കുട്ടിയുടെ നേരെ ഓടിയെത്തിയ ആക്രമിക്കുകയായിരുന്നു.
ആക്രമണത്തിൽ കുട്ടിയുടെ മുഖത്തും ദേഹത്തും കടിയേറ്റിട്ടുണ്ട്. കുട്ടിയെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ വിദഗ്ധ ചികിത്സയ്ക്കായി ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
Kerala
ആലപ്പുഴ: ആലപ്പുഴയിൽ നവകേരള യാത്രയ്ക്കിടെ കോൺഗ്രസ് പ്രവർത്തകർക്ക് ക്രൂരമർദനമേറ്റ സംഭവത്തിൽ തിരിച്ചറിയൽ പരേഡ് പൂർത്തിയായി. അഞ്ച് പ്രതികളെയും തിരിച്ചറിഞ്ഞുവെന്ന് മർദനമേറ്റ യൂത്ത് കോൺഗ്രസ് നേതാക്കളായ എ.ഡി. തോമസ് എംഎൽഎയും അജയ് ജുവൽ കുര്യാക്കോസും അറിയിച്ചു.
മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാ ഉദ്യോഗസ്ഥർ ഉൾപ്പെടെ അഞ്ച് പേരെയാണ് തിരിച്ചറിഞ്ഞിട്ടുള്ളത്. മർദനത്തിന്റെ ദൃശ്യങ്ങൾ പകർത്തിയ ജോജി മോൻ ജോസഫ് ആണ് കേസിൽ ഒന്നാം സാക്ഷി. ജോജി മോൻ ജോസഫും സംഭവ സമയം ഡ്യൂട്ടിയിലുണ്ടായിരുന്ന മൂന്ന് ലോക്കൽ പോലീസ് ഉദ്യോഗസ്ഥരും പ്രതികളെ തിരിച്ചറിഞ്ഞു.
എന്നാൽ ഇതുവരെ മർദനത്തിന് ഉപയോഗിച്ച ലാത്തി കണ്ടെത്താനായിട്ടില്ലെന്നും ലാത്തി സറണ്ടർ ചെയ്തുവെന്ന പ്രതിഭാഗത്തിന്റെ കള്ളമാണെന്നും എ.ഡി.തോമസ് പറഞ്ഞു. പ്രതികൾ നിരന്തരം കള്ളം പറഞ്ഞ് കേസ് അന്വേഷണം മറ്റൊരു തലത്തിലേക്ക് എത്തിക്കാൻ ശ്രമിക്കുകയാണെന്നും എ.ഡി.തോമസ് കൂട്ടിച്ചേർത്തു.
Kerala
ഹരിപ്പാട്: ഭിക്ഷാടന മാഫിയയിൽ നിന്ന് രക്ഷപ്പെട്ട തമിഴ്നാട് സ്വദേശിയായ 14കാരന്റെ പിതൃസഹോദരൻ പിടിയിൽ. തമിഴ്നാട് തൂത്തുക്കുടി കാമരാജ് നഗർ സ്വദേശി അന്തോണി ആണ് പിടിയിലായത്. ഹരിപ്പാട് പോലീസ് ആണ് പ്രതിയെ പിടികൂടിയത്.
അന്തോണിയുടെ സഹോദരന്റെ മക്കളായ മഹാരാജ (14), ചിലമ്പരശൻ (11) എന്നിവരെ തൂത്തുക്കുടിയിൽ നിന്നും ഹരിപ്പാട് എത്തിച്ചാണ് ഭിക്ഷാടനത്തിന് അയച്ചിരുന്നത്. സംഘം ആവശ്യപ്പെടുന്ന തുക ഭിക്ഷയെടുത്തു നൽകിയില്ലെങ്കിൽ കുട്ടികളെ ക്രൂരമായി മർദിച്ചിരുന്നു.
കുട്ടികൾക്ക് കൃത്യമായി ഭക്ഷണം പോലും നൽകിയിരുന്നില്ലെന്നാണ് വിവരം. ക്രൂര പീഡനങ്ങൾ സഹിക്കാനാകാതെ മഹാരാജ ഇവരുടെ സംഘത്തിൽനിന്നും ഓടി രക്ഷപ്പെട്ട് ഹരിപ്പാട് റെയിൽവേ സ്റ്റേഷനിൽ എത്തിപ്പെടുകയായിരുന്നു.
തുടർന്ന് നാട്ടുകാരാണ് കുട്ടിയെ കണ്ടെത്തി പോലീസ് സ്റ്റേഷനിൽ എത്തിച്ചത്. തുടർന്ന് ചൈൽഡ് ലൈൻ പ്രവർത്തകരുടെ നിർദേശപ്രകാരം കുട്ടിയെ ബാലഭവനിൽ താത്കാലികമായി താമസിപ്പിച്ചു വരികയാണ്.
വിവരമറിഞ്ഞ് ഒളിവിൽ പോയ അന്തോണിയെ തട്ടാരമ്പലം ഭാഗത്തുനിന്നാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റിലാകുമ്പോൾ ഇയാളോടൊപ്പം ചിലമ്പരശനും ഉണ്ടായിരുന്നു. പ്രതിക്കെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്തതായി പോലീസ് വ്യക്തമാക്കി.
District News
ആലപ്പുഴ: ജില്ലയിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കേരളത്തിലെ എല്ലാ ജില്ലകളിലും 24 മണിക്കൂർ പ്രവർത്തിക്കുന്ന താലൂക്ക്, ജില്ലാ കൺട്രോൾ റൂമുകളുണ്ട്. അപകടസാധ്യത മുന്നിൽ കാണുന്ന ഘട്ടത്തിലും സഹായങ്ങൾക്കുമായി 1077, 1070 എന്നീ ടോൾ ഫ്രീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതണ്.
District News
അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിൽ വിവിധ വിഭാഗങ്ങളിൽ അഴിച്ചുപണി. പുതിയ സര്‍ക്കാര്‍ അധികാരമേറ്റതിനുശേഷം ആരോഗ്യവകുപ്പില്‍ വരുത്തിയ അഴിച്ചുപണിയുടെ ഭാഗമായാണ് ആലപ്പുഴ ടിഡി. മെഡിക്കല്‍ കോളജ് ആശുപത്രിയിലും മാറ്റങ്ങള്‍ വരുത്തിയത്.
ആശുപത്രി സൂപ്രണ്ടായിരുന്ന അനസ്ത്യേഷ്യാ വിഭാഗം അസോ. പ്രഫ.ഡോ. എ. ഹരികുമാറിനെ തല്‍സ്ഥാനത്തുനിന്നും മാറ്റി പകരം ആര്എംഒയായിരുന്ന ഡോ. പി.എല്‍. ലക്ഷ്മിയെ സൂപ്രണ്ടായി നിയമിച്ചു. ഡോ.പി.എല്‍. ലക്ഷ്മി ജനറല്‍ സര്‍ജറി വിഭാഗം അസി. പ്രഫസറാണ്. 2025 ഏപ്രില്‍ മുതലാണ് സൂപ്രണ്ടായി ഡോ. ഹരികുമാര്‍ ചുമതലവഹിച്ചിരുന്നത്.
നിലവിലെ സൂപ്രണ്ടായിരുന്ന ഡോ. ഹരികുമാറിനെ എപ്പോൾ വിളിച്ചാലും ഫോൺ എടുക്കുന്നില്ലെന്ന വ്യാപക പരാതി ഉയർന്നിരുന്നു. കൂടാതെ ആശുപത്രി വളപ്പിലെ കോഫിസ്റ്റാളുകള് ലേലം ചെയ്ത് നല്‍കിയശേഷം മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് പ്രവർത്തിക്കുന്നതെന്നും ഉടമകള്‍ അനധികൃത നിർമാണ പ്രവർത്തനങ്ങൾ നടത്തിയെന്ന പരാതി ഉയര്‍ന്നിട്ടും ഇതിനെതിരേ നടപടി സ്വീകരിച്ചിരുന്നില്ല. ഇതും സൂപ്രണ്ടിനെ തൽസ്ഥാനത്തുനിന്ന് മാറ്റാൻ കാരണമായിട്ടുണ്ട്.
ഡെപ്യൂട്ടി സൂപ്രണ്ടായി ജനറല്‍ വിഭാഗത്തിലെ ഓര്‍ത്തോ പീഡിക്സ് വിഭാഗം അസി. പ്രഫ.ഡോ. തോമസ് കോശിയേയും അത്യാഹിത വിഭാഗത്തില്‍ ജനറല്‍ മെഡിസിന് വിഭാഗം അസി.പ്രഫ.ഡോ. സജ്ജാദിനെയും നിയമിച്ചു. എമര്‍ജന്‍സി മെഡിസിന് വിഭാഗം അസി. പ്രഫ.ഡോ. നിധി കെ. മോഹനനാണ് പുതിയ ട്രോമ നോഡല്‍ ഓഫീസര്‍.
പൊതുമരാമത്ത് വകുപ്പ് റിട്ട. സൂപ്രണ്ടിംഗ് ഓഫീസര്‍ പി.വി. പുരുഷോത്തമന്റെയും റിട്ട. ചീഫ് എൻജിനിയര്‍ എം. പെണ്ണമ്മയുടെയും മകളാണ് പി.എല്‍. ലക്ഷ്മി. ചെട്ടിക്കാട് നഗരാരോഗ്യപരിശീലന കേന്ദ്രം പീഡിയാട്രീഷന്‍ അസി. സര്ജന് ഡോ. ഡി. ജയദേവാണ് ഭര്‍ത്താവ്.
Kerala
കായംകുളം: ജനങ്ങളെ ഭീതിയിലാഴ്ത്തി കായംകുളത്ത് വീണ്ടും തെരുവ് നായ ആക്രമണം. സ്കൂൾ വിദ്യാർഥിനികൾ ഉൾപ്പടെ എട്ടുപേർക്ക് കടിയേറ്റു. കായംകുളം ഐക്യ ജംഗ്ഷന് സമീപം ഇന്നലെ രാവിലെ ഒൻപതോടെയാണ് സംഭവം.
ഗുരുതരമായി പരിക്കേറ്റ മൂന്ന് പേരെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം പുല്ലുകുളങ്ങരയിൽ മുത്തശിയുടെ കൈയിലിരുന്ന നാലുമാസം പ്രായമായ കുഞ്ഞിനെ ഉൾപ്പടെ നാലുപേർക്ക് തെരുവ് നായ ആക്രമണത്തിൽ പരിക്കേറ്റിരുന്നു.
പിന്നാലെയാണ് ഇന്നലെ കായംകുളം ഐക്യ ജംഗ്ഷനിൽ വീണ്ടും തെരുവ് നായ ആക്രമണം ഉണ്ടായത്. സ്കൂൾ വിദ്യാർഥിനികളായ ഐക്യ ജംഗ്ഷൻ ഇല്ലിക്കുളത്ത് നൗഷാദിന്റെ മകൾ നെഹ്റ ഫാത്തിമ, ഐക്യ ജംഗ്ഷൻ കൊപ്രാപുരയിൽ സുനീറിന്റെ മകൾ ഫൈസ ഫാത്തിമ എന്നിവർക്കാണ് പരിക്കേറ്റത്.
കൂടാതെ മുരുകൻ (52), വലിയഴീക്കൽ സ്വദേശി സുരേഷ് (59), ഐക്യ തെക്കേത്തലയ്ക്കൽ സരസൻ (65), ശംഭു (28),മുണ്ടകത്തിൽ നസീർ (60) ഐക്യജംഗ്ഷൻ കീരിക്കാട് തെക്ക് കോട്ടയ്ക്കാട്ട് പടീറ്റതിൽ ബിനു (47) എന്നിവരും തെരുവ് നായ ആക്രമണത്തിനിരയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ അന്യസംസ്ഥാന തൊഴിലാളികളായ മുരുകൻ, ശംഭു, എന്നിവരെയും ഐക്യ ജംഗ്ഷൻ സ്വദേശി നസീറിനെയും മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.മറ്റുള്ളവരെ കായംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Kerala
ആലപ്പുഴ: കായംകുളത്ത് നാല് മാസം മാത്രം പ്രായമുള്ള കുഞ്ഞിന് തെരുവുനായയുടെ ആക്രമണം. കായംകുളം പത്തിയൂര്‍ പഞ്ചായത്ത് 17ാം വാർഡിലാണ് സംഭവം നടന്നത്. ശ്രീസധനത്തില്‍ രാജമ്മയേയും നാല് മാസം പ്രായമുള്ള പേരക്കുട്ടിയെയുമാണ് തെരുവ് നായ ആക്രമിച്ചത്.
കുഞ്ഞ് രാജമ്മയുടെ കൈയിലിരിക്കുമ്പോഴാണ് തെരുവുനായയുടെ ആക്രമണമുണ്ടായത്. കുഞ്ഞിന്റെ കാലിന് നായയുടെ ആക്രമണത്തിൽ പരിക്കേറ്റു. പുല്ലുകുളങ്ങരയില്‍ നിരവധിപേര്‍ക്ക് തെരുവുനായയുടെ ആക്രമണം ഏറ്റതായി നാട്ടുകാര്‍ പറഞ്ഞു. പരിക്കേറ്റവരെ കായംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Kerala
ആലപ്പുഴ: ആശുപത്രിയിലെ ശുചിമുറിയിലൂടെ നവജാത ശിശുവിനെ വലിച്ചെറിഞ്ഞ പെൺകുട്ടിയ്ക്ക് കുഞ്ഞിനെ തിരികെ വേണമെന്ന് ആവശ്യം. കുഞ്ഞിനെ തനിക്ക് തിരികെ വേണമെന്ന് പെണ്‍കുട്ടി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അധികൃതരോട് ആവശ്യപ്പെട്ടു.
ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അധികൃതർ കുട്ടിയെ ഏറ്റെടുക്കുന്നതിനായി വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിയപ്പോഴാണ് പെൺകുട്ടി ആവശ്യവുമായെത്തിയത്. പ്രസവിച്ച ആദ്യ ദിനങ്ങളില്‍ കുഞ്ഞിനെ വേണ്ട എന്ന നിലപാടിലായിരുന്നു പെൺകുട്ടി.
കുഞ്ഞിനെ കൊലപ്പെടുത്താൻ ശ്രമിച്ച അമ്മയ്ക്കൊപ്പം കുഞ്ഞിനെ വിടുന്നതില്‍ സാങ്കേതിക തടസങ്ങളുണ്ടെന്നാണ് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അറിയിച്ചത്. തുടർന്ന് കുഞ്ഞിനെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ ദത്തെടുക്കല്‍ കേന്ദ്രമായ മണ്ണഞ്ചേരി ശിശുവികാസം ഭവനിലേക്ക് മാറ്റിയിട്ടുണ്ട്.
ആദ്യ ദിവസങ്ങളില്‍ ചൈല്‍ഡ് ലൈന്‍ കൗണ്‍സിലര്‍മാരോട് പെണ്‍കുട്ടി സഹകരിച്ചിരുന്നില്ല. എന്നാല്‍ തുടര്‍ച്ചയായ കൗണ്‍സലിംഗിന് ഒടുവില്‍ കാര്യങ്ങള്‍ വിശദമായി സംസാരിക്കുകയും കുഞ്ഞിനെ തിരികെ വേണമെന്ന നിലപാടിലേക്ക് എത്തുകയുമായിരുന്നു.
Kerala
ആലപ്പുഴ: നവജാത ശിശുവിനെ ശുചിമുറിയിലൂടെ പുറത്തെറിഞ്ഞ സംഭവത്തിൽ അമ്മയുടെ മൊഴിയെടുത്ത് പോലീസ്. ഹരിപ്പാട് താലൂക്ക് ആശുപത്രിയിലാണ് പ്രസവിച്ച ഉടനെ 19കാരി കുഞ്ഞിനെ ജനാലയിലൂടെ പുറത്തെറിഞ്ഞത്.
സംഭവത്തിൽ പെൺകുട്ടിക്കെതിരെ പോലീസ് വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. കാമുകനിൽ നിന്നാണ് ഗര്‍ണിയായതെന്നും പിന്നീട് കാമുകനുമായി അകന്നുവെന്നും പെൺകുട്ടി പോലീസിന് മൊഴിനൽകിയിട്ടുണ്ട്. അവിവാഹിതയായ പെൺകുട്ടി മാനഹാനി ഭയന്ന് കുട്ടിയെ കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് എഫ്ഐആർ.
എറണാകുളത്ത് സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്നു പെൺകുട്ടി. അവധിക്ക് വീട്ടിൽ എത്തും. മകൾ ഗർഭിണിയാണെന്ന കാര്യം അച്ഛനും അമ്മയും അറിഞ്ഞിരുന്നില്ല. തിങ്കളാഴ്ച രാത്രി ഒൻപതോടെ കടുത്ത വയറുവേദനയെ തുടർന്നാണ് പെൺകുട്ടി ആശുപത്രിയിലെത്തിയത്.
ആശുപത്രിയിൽ നിരീക്ഷണത്തിൽ ഇരിക്കെ പുലർച്ചെയോടെ ശുചിമുറിയിൽ കയറി യുവതി പ്രസവിച്ചു. കുഞ്ഞിന്റെ പൊക്കിൾ കൊടി സ്വയം കൈകൊണ്ട് മുറിച്ചു മാറ്റി. ശുചിമുറിയുടെ ജനലിലൂടെ കുഞ്ഞിനെ പുറത്തേക്ക് എറിഞ്ഞു. കരച്ചിൽ കേട്ടെത്തിയ ആശുപത്രി ജീവനക്കാരാണ് കുഞ്ഞിനെ രക്ഷിച്ചത്.
തുടർന്ന് അമ്മയെയും കുഞ്ഞിനെയും വണ്ടാനം മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. നിലവിൽ അമ്മയും കുഞ്ഞും വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.
Kerala
ആലപ്പുഴ: നവജാത ശിശുവിനെ ആശുപത്രി ശുചിമുറിയുടെ ജനാലയിലൂടെ പുറത്തെറിഞ്ഞ സംഭവത്തിൽ അമ്മയ്ക്കെതിരെ വധശ്രമത്തിന് കേസെടുത്ത് പോലീസ്. ഹരിപ്പാട് താലൂക്ക് ആശുപത്രി ശുചിമുറിയിലാണ് സംഭവം.
കടുത്ത വയറുവേദനയെ തുടർന്നാണ് 19കാരി ബന്ധുക്കൾക്കൊപ്പം ആശുപത്രിയിലെത്തിയത്. പരിശോധനയിൽ വിദ്യാർത്ഥിനി ഗർഭിണിയാണോ എന്ന് ഡോക്ടർമാർക്ക് സംശയം തോന്നിയിരുന്നു. ഇക്കാര്യം നിഷേധിച്ച പെൺകുട്ടി പരിശോധനയുമായി സഹകരിച്ചില്ല.
തുടർന്ന് വേദന സംഹാരി നൽകിയിട്ടും വേദന മാറാത്തതിനാൽ നിരീക്ഷണത്തിൽ തുടരാൻ നിർദേശം നൽകി. പിന്നാലെ പെൺകുട്ടി ശുചിമുറിക്കുള്ളിൽ പ്രസവിച്ചു. പൊക്കിൾ കൊടി സ്വയം മുറിച്ച് മാറ്റി കുട്ടിയെ ജനാലയിലൂടെ പുറത്തേക്ക് എറിയുകയായിരുന്നു.
നിലവിൽ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലെ ന്യൂ ബോൺ ഐസിയുവിൽ ചികിത്സയിലാണ് കുട്ടി. അമ്മയും വണ്ടാനത്ത് ചികിത്സയിലാണ്. സംഭവത്തിൽ വീയപുരം പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
Kerala
ആലപ്പുഴ: ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ നവജാത ശിശുവിനെ ജനലിലൂടെയെറിഞ്ഞ സംഭവത്തിൽ പത്തൊൻപതുകാരിക്കെതിരേ കേസ്. തിങ്കളാഴ്ച രാത്രി 12നാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. പുറത്ത് സെപ്റ്റിക് ടാങ്കിന്റെ കോൺക്രീറ്റ് സ്ലാബുകൾക്കും പൈപ്പുകൾക്കും ഇടയിലേക്ക് വീണ പെൺകുഞ്ഞ് അദ്ഭുതകരമായ3ണ് രക്ഷപ്പെട്ടത്.
സംഭവത്തിൽ ക്രൂരത കാട്ടിയ വീയപുരം വെള്ളംകുളങ്ങര സ്വദേശിനിയായ 19കാരിക്കെതിരേ പോലീസ് കേസെടുത്തു. നിലവിൽ പോലീസ് സംരക്ഷണയിൽ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുന്ന കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ലഭിക്കുന്ന വിവരം.
തിങ്കളാഴ്ച രാത്രി ഒൻപതരയോടെയാണ് യുവതിയെ ശക്തമായ വയറുവേദനയെത്തുടർന്ന് പിതാവിനും സഹോദരങ്ങൾക്കുമൊപ്പം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആർത്തവ സംബന്ധമായ നടുവേദനയും വയറുവേദനയുമാണെന്നാണ് യുവതിയും വീട്ടുകാരും ഡോക്ടർമാരോട് പറഞ്ഞിരുന്നത്. യുവതി പൂർണഗർഭിണിയാണെന്ന വിവരം ഒപ്പമുണ്ടായിരുന്ന വീട്ടുകാർക്ക് അറിയില്ലായിരുന്നുവെന്നാണ് ലഭിക്കുന്ന സൂചന. ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയവെ രാത്രി 12ന് യുവതി ശുചിമുറിയിൽ കയറി.
ഏറെ നേരം കഴിഞ്ഞിട്ടും പുറത്തിറങ്ങാത്തതിനെ തുടർന്ന് സംശയം തോന്നിയ ഡ്യൂട്ടിയിലുണ്ടായിരുന്ന സിസ്റ്റർമാരും ഡോക്ടർമാരും അന്വേഷിച്ചെത്തിയപ്പോഴാണ് ശുചിമുറിയിൽ രക്തം കണ്ടത്. ഇതേസമയം ആശുപത്രി കെട്ടിടത്തിന് പുറകിൽനിന്നു കുഞ്ഞിന്റെ കരച്ചിലും കേൾക്കുന്നുണ്ടായിരുന്നു.
ശുചിമുറിയുടെ വെന്റിലേറ്റർ ജനലിലൂടെ കുഞ്ഞിനെ യുവതി പുറത്തേക്കെറിയുകയായിരുന്നുവെന്നാണ് കണ്ടെത്തൽ. വീണ സ്ഥലത്തിന് തൊട്ടടുത്ത് സെപ്റ്റിക് ടാങ്കിന്റെ വലിയ കോൺക്രീറ്റ് സ്ലാബും പിവിസി പൈപ്പുകളുമൊക്കെ ഉണ്ടായിരുന്നെങ്കിലും കുഞ്ഞ് കൃത്യമായി അതിന്റെ നടുവിലുള്ള മണ്ണിലേക്കാണ് വീണത്. പ്രസവത്തിന് ശേഷം കുഞ്ഞിന് മുലപ്പാൽ നൽകാൻ പോലും അമ്മ തയാറായില്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
ആശുപത്രിയിലെ കാഷ്വാലിറ്റിയും നഴ്സസ് റൂമും മുൻഭാഗത്തായതിനാലും കുഞ്ഞിനെ എറിഞ്ഞ ശുചിമുറിയുടെ ജനൽ കാഷ്വാലിറ്റിയുടെ തൊട്ടുപിറകിലായതിനാലും സാധാരണ നിലയിൽ അവിടെ ഡ്യൂട്ടിയിലുള്ളവർക്ക് കുഞ്ഞിന്റെ ശബ്ദം കേൾക്കാൻ സാധ്യത വളരെ കുറവായിരുന്നു. എന്നാൽ കുഞ്ഞിനെ പുറത്തെറിഞ്ഞ ആ നിർണായക നിമിഷത്തിൽ തന്നെ ജീവനക്കാരുടെ കാതുകളിൽ ആ കരച്ചിൽ എത്തിയത് വലിയൊരു ഭാഗ്യമായി. ശബ്ദം കേട്ടയുടൻ ഒട്ടും സമയം കളയതെ ജീവനക്കാർ ഓടിയെത്തുകയായിരുന്നു.
ചോരയിൽ കുളിച്ചുകിടന്ന കുഞ്ഞിനെ കൈകളിൽ കോരിയെടുത്ത് അടിയന്തര ശുശ്രൂഷകൾക്കായി കാഷ്വാലിറ്റിയിലേക്കെത്തിച്ചത് അറ്റൻഡർ അനിൽ ആയിരുന്നു. ഹരിപ്പാട് താലൂക്ക് ആശുപത്രി വളപ്പിൽ തെരുവ് നായ ശല്യം രൂക്ഷമായതിനാൽ അറ്റൻഡർ അനിലിന്റെയും മറ്റ് ജീവനക്കാരുടെയും വേഗമേറിയ ഇടപെടൽ കുഞ്ഞിന്റെ ജീവൻ രക്ഷിക്കുന്നതിൽ നിർണായകമായി.
ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ തിഷ്യ, നഴ്സിംഗ് ഓഫീസർ നിഷ എന്നിവരുടെ നേതൃത്വത്തിലാണ് കാഷ്വാലിറ്റിയിലെ മറ്റ് ജീവനക്കാരും ചേർന്ന് കുഞ്ഞിനെ രക്ഷപ്പെടുത്താനുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. 3.200 കിലോ തൂക്കമുള്ള ആരോഗ്യവതിയായ കുഞ്ഞാണിത്.
ആശുപത്രി അധികൃതർ ഉടൻ ഹരിപ്പാട് പോലീസിനെയും ചൈൽഡ് വെൽഫെയർ കമ്മിറ്റിയെയും വിവരമറിയിച്ചു. തുടർന്ന് പോലീസ് സംരക്ഷണത്തിൽ അമ്മയെയും കുഞ്ഞിനെയും വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Kerala
ആലപ്പുഴ: നവകേരള യാത്രയിൽ ആലപ്പുഴയിലെ രക്ഷാപ്രവർത്തന കേസിൽ ഗൺമാൻമാരുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവേ പ്രോസിക്യൂഷനും അന്വേഷണ സംഘത്തിനും ആലപ്പുഴ ജില്ലാ സെഷൻസ് കോടതിയുടെ രൂക്ഷ വിമർശനം.
ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയ റിപ്പോർട്ട് എവിടെ എന്ന് അന്വേഷണ സംഘത്തോട് കോടതി ചോദിച്ചു. വാർത്ത ഉണ്ടാക്കിയിട്ട് കാര്യമില്ല, കോടതിക്ക് വേണ്ടത് വസ്തുതാപരമായ റിപ്പോർട്ടാണെന്നും കേസ് പരിഗണിച്ച ജഡ്ജി ഹണി എം. വർഗീസ് വിമർശിച്ചു.
വകുപ്പ് ചുമത്തിയുള്ള റിപ്പോർട്ട് സമർപ്പിക്കാതെ എങ്ങനെ ജാമ്യം ലഭിക്കുന്നതാണെന്നോ, ജാമ്യമില്ലാത്തതാണെന്നോ പറയുമെന്നാണ് കോടതിയുടെ ചോദ്യം. നിലവിൽ ജാമ്യം നിഷേധിക്കാൻ വകുപ്പുകളില്ലെന്ന് പറഞ്ഞ കോടതി, റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ പോലീസിന് നിർദ്ദേശം നൽകി. റിപ്പോർട്ട് നൽകിയശേഷം മുൻകൂർ ജാമ്യ ഹർജി വീണ്ടും പരിഗണിക്കും.
Kerala
ആലപ്പുഴ: നവകേരള സദസിനിടെ പ്രതിഷേധിച്ചവരെ മർദിച്ച സംഭവത്തിൽ ഗൺമാൻമാരുടെ മുൻകൂർ ജാമ്യാപേക്ഷയിൽ കക്ഷി ചേരാൻ ഒരുങ്ങി മർദനമേറ്റവർ. മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുമ്പോൾ കേസിൽ മർദനമേറ്റവർ കക്ഷിചേരാൻ അപേക്ഷ നൽകും.
പ്രതിഷേധത്തിനിടെ ക്രൂരമർദനത്തിനിരയായ എ.ഡി. തോമസ് എംഎൽഎ, അഡ്വ. അജയ് ജ്യൂവൽ കുര്യാക്കോസ് എന്നിവരാണ് കേസിൽ കക്ഷിചേരുക. ചൊവ്വാഴ്ചയാണ് കേസിലെ ഒന്നും രണ്ടും പ്രതികളായ അനിൽകുമാർ, സന്ദീപ് എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷ ആലപ്പുഴ ജില്ലാ സെഷൻസ് കോടതി പരിഗണിക്കുന്നത്.
2023 ഡിസംബറിലാണ് കേസിന് ആസ്പദമായ സംഭവം. ഇതിന്റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു. മുഖ്യമന്ത്രിയുടെ അകമ്പടി വാഹനത്തിൽ നിന്നിറങ്ങിവന്നാണ് ഗൺമാൻമാർ പ്രതിഷേധക്കാരെ മർദിച്ചത്. അതേസമയം ചൊവ്വാഴ്ച ഗൺമാൻമാർക്കെതിരായ അച്ചടക്ക നടപടിയുണ്ടായേക്കും.
Kerala
ആലപ്പുഴ : കടലിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. ആലപ്പുഴ വികസനം ജംഗ്ഷന് പടിഞ്ഞാറ് വൈക്കത്ത് വീട്ടിൽ ഷിബുവിന്റെ മകൻ ഷിജിൻ(24) ആണ് മരിച്ചത്
ഇന്ന് വൈകുന്നേരം 3.30 ഓടെ കടലിൽ കുളിക്കാനിറങ്ങിയപ്പോൾ തിരയിൽപ്പെടുകയായിരുന്നു.
നാട്ടുകാർ രക്ഷിച്ച് ചെട്ടികാട് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു.
Kerala
ആലപ്പുഴ: ആലപ്പുഴയിൽ 149.732 ഗ്രാം എംഡിഎംഎയുമായി രണ്ടുപേർ എക്സൈസ് പിടിയിൽ. ആലപ്പുഴ ആറാട്ടുവഴി സ്വദേശി അൻഷാദ്, പുന്നമട സ്വദേശി അർഷാദ് എന്നിവരാണ് പിടിയിലായത്.
ഇവർ വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ നിന്നാണ് പിടികൂടിയത്. ഇവരിൽ നിന്ന് 4.67 ലക്ഷം രൂപയും മഴുവും പിടിച്ചെടുത്തു. അൻഷാദ് നാല് കേസുകളിലെ പ്രതിയാണ്.
ടൂറിസം മേഖല കേന്ദ്രീകരിച്ച് വിൽപ്പനയ്ക്ക് എത്തിച്ചതാണ് എംഡിഎംഎ. ജില്ലയിൽ എക്സൈസിന്റെ വലിയ എംഡിഎംഎ വേട്ടയാണിത്. ഇവരെ കേന്ദ്രീകരിച്ച് അന്വേഷണവും നടന്നുവരുന്നു. ഇതിന്റെ പിന്നിലെ പ്രധാന കണ്ണികളിലേക്ക് എത്തുകയെന്ന ലക്ഷ്യത്തിലാണ് എക്സൈസിന്റെ അന്വേഷണം പുരോഗമിക്കുന്നത്.
District News
ആലപ്പുഴ: ഷാജി വി. നായർ ഐഎഎസ് ആലപ്പുഴയുടെ പുതിയ ജില്ലാ കളക്ടറായി നിയമിതനായി. കേരള കേഡർ 2018 ബാച്ചിലെ ഐഎഎസ് ഉദ്യോഗസ്ഥനാണ്. കൊച്ചി സ്മാർട്ട് മിഷൻ ലിമിറ്റഡിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി അധിക ചുമതല വഹിക്കുകായിരുന്നു.
ആലപ്പുഴയിൽ ജലഗതാഗതവകുപ്പ് ഡയറക്ടറായി 10 വർഷത്തലധികം പ്രവർത്തിച്ചതിന്റെ പരിചയസമ്പത്തുണ്ട്. കോട്ടയം സ്വദേശിയാണ്. മുൻ ജില്ലാ കളക്ടർ കെ. ഇമ്പശേഖർ വാട്ടർ അഥോറിറ്റി എംഡിയാകും.
Kerala
ആലപ്പുഴ: ഫിഷറീസ് വകുപ്പ് ലത്തീൻ കത്തോലിക്കാ സമൂഹത്തിനും തീരദേശ വാസികൾക്കും അർഹതപ്പെട്ടതാണെന്ന് ആലപ്പുഴ രൂപത പിആർഒയും രാഷ്ട്രീയ കാര്യസമിതി ചെയർമാനുമായ ഫാ. സേവ്യർ കുടിയാംശേരി. ഫിഷറീസ് വകുപ്പിന്റെ സേവനമേഖല ലത്തീൻ കത്തോലിക്ക സമൂഹത്തിനു തുറന്നു തരണമെന്നു സർക്കാരിനെ അറിയിച്ചിരുന്നു.
എന്നാൽ, അതിനു അനുകൂലമായ ഒരു തീരുമാനം ഉണ്ടായില്ല. ഏറ്റവും കൂടുതൽ കടലോരവാസികളും മീൻപിടിത്തക്കാരും ലത്തീൻ സമൂഹത്തിൽ പെടുന്ന ആളുകളാണ്. തീരദേശത്തു നിരവധി പ്രശ്നങ്ങളുണ്ട്. ഞങ്ങളെ മനസിലാക്കുന്ന, ഞങ്ങളുടെ പ്രശ്നങ്ങൾ പരിഗണിക്കുന്ന, തീരത്തിന്റെ ശബ്ദം മനസിലാക്കുന്ന ആളുകൾ ഈ മേഖലയ്ക്കു നേതൃത്വം കൊടുക്കണം.
കടലിൽ ഒരു അപകടം ഉണ്ടായാൽ രക്ഷാപ്രവർത്തനത്തിന് എന്ത് സംവിധാനമാണ് ഈ ആലപ്പുഴയിലുള്ളത്. കഴിഞ്ഞകൊല്ലം 60ലേറെ ആളുകളാണ് മീൻ പിടിക്കുന്നതിനിടയിൽ കടലിൽ മരിച്ചത്. മീൻപിടിത്തക്കാരിൽനിന്നുതന്നെ ചെറുപ്പക്കാരെ തെരഞ്ഞെടുത്തു സ്കൂബ ഡൈവിംഗ് പഠിപ്പിച്ച് പ്രാദേശിക രക്ഷാപ്രവർത്തന സംഘത്തെ രൂപീകരിക്കണം. അപകടമുണ്ടായാൽ ഹെലികോപ്റ്ററും ഷിപ്പും തിരക്കി പോകേണ്ട അവസ്ഥയാണ് നിലവിലുള്ളത്.
യുഡിഎഫിൽ ലത്തിൻ സമുദായത്തെ പ്രതിനിധീകരിച്ച് എം.വിൻസന്റ്, ഷിബു ബേബി ജോൺ, എ.ഡി. തോമസ് എന്നിങ്ങനെ എംഎൽഎമാരും ഉണ്ട്. ലത്തീൻ സമുദായത്തെ അവഗണിക്കുന്ന തീരുമാനത്തിൽനിന്നു സർക്കാർ പിന്മാറണം.
ഇത് അഭ്യർഥനയാണ്. ആശാവർക്കർമാരുടെ വേദന വർധന ഉൾപ്പെടെ സർക്കാർ പ്രഖ്യാപിച്ച നല്ല കാര്യങ്ങളെ സ്വാഗതം ചെയ്യുന്നു. ഇത്തരം പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകാൻ ഈ സർക്കാരിനു സാധിക്കട്ടെയെന്ന് ആശംസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.