കുവൈറ്റ് സിറ്റി: ഒഐസിസി കുവൈറ്റ് ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ രണ്ടാംഘട്ട മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കമായി. അബ്ബാസിയയിലെ സംസം ഓഡിറ്റോറിയത്തിൽ വ്യാഴാഴ്ച നടന്ന ജില്ലാ എക്സിക്യൂട്ടീവ് യോഗത്തിൽ ഒഐസിസി ഗ്ലോബൽ കമ്മിറ്റി അംഗം വർഗീസ് പുതുക്കുളങ്ങര ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു.
കേരളത്തിൽ യുഡിഎഫ് സർക്കാർ ജനക്ഷേമ പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകി മുന്നേറുകയാണെന്നും പ്രവാസി സമൂഹത്തിന് കൂടുതൽ ആശ്വാസകരമായ പദ്ധതികളും നടപടികളും സർക്കാർ നടപ്പിലാക്കുമെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ജില്ലാ പ്രസിഡന്റ് മനോജ് റോയ് അധ്യക്ഷത വഹിച്ചു.
ഒഐസിസി കുവൈറ്റ് ആക്ടിംഗ് പ്രസിഡന്റ് ബിനു ചെമ്പാലയം മുഖ്യപ്രഭാഷണം നടത്തി. കെപിസിസിയുടെ അംഗീകൃത സംഘടന എന്ന നിലയിൽ കുവൈറ്റിലെ കോൺഗ്രസ് പ്രവർത്തകർക്ക് ഔദ്യോഗികമായി പ്രവർത്തിക്കാനുള്ള ഏക വേദിയാണ് ഒഐസിസി കുവൈറ്റെന്നും കുവൈറ്റിലെ ഓരോ കോൺഗ്രസ് പ്രവർത്തകനും സംഘടനയുടെ ഭാഗമാകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
യോഗത്തിൽ ഒഐസിസി നാഷണൽ വൈസ് പ്രസിഡന്റ് വിപിൻ മങ്ങാട്ട്, നാഷണൽ ജനറൽ സെക്രട്ടറി ബിനോയ് ചന്ദ്രൻ, ജില്ലയുടെ ചുമതലയുള്ള സെക്രട്ടറി രവി ചന്ദ്രൻ ചുഴലി, ജില്ലാ വൈസ് പ്രസിഡന്റ് ജോൺസി സാമുവൽ, സെക്രട്ടറിമാരായ ബിജു പാറയിൽ, റോഷൻ ജേക്കബ്, യൂത്ത് വിംഗ് നാഷണൽ വൈസ് പ്രസിഡന്റ് സാം മാത്യു, ജോൺ വർഗീസ്, അലക്സാണ്ടർ ദാസ്, നഹാസ് സൈനുദ്ദീൻ, ശ്രീജിത്ത് ശ്രീധരൻ, ഹരിലാൽ, പ്രദീപ് കുമാർ, ജോമോൻ കോട്ടവിള, സാബു തോമസ്, എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.
ജില്ലാ ജനറൽ സെക്രട്ടറി കലേഷ് ബി. പിള്ള സ്വാഗതവും ട്രഷറർ വിജോ പി. തോമസ് നന്ദിയും രേഖപ്പെടുത്തി. മെമ്പർഷിപ്പ് ക്യാമ്പയിന്റെ ഭാഗമായി കുവൈറ്റിലെ വിവിധ മേഖലകളിൽ പ്രത്യേക അംഗത്വ രജിസ്ട്രേഷൻ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ജില്ലാ നേതൃത്വം അറിയിച്ചു.
Tags : OICCKuwait Alappuzha MembershipCampaign