ന്യൂജഴ്സി: തിരുവനന്തപുരം ടെക്നോസിറ്റിയിൽ 100 കോടി രൂപ ചെലവിൽ സെമികണ്ടക്ടർ കപ്പാസിറ്റി ബിൽഡിംഗ് ആൻഡ് സയൻസ്-ടെക്നോളജി എക്സ്പീരിയൻസ് പാർക്ക് സ്ഥാപിക്കുന്ന "എക്സ്ട്രാ ജി ക്ലബ് പ്രൈവറ്റ് ലിമിറ്റഡിന്റെ' ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായി (സിഒഒ) വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ഗുഡ്വിൽ അംബാസഡർ ജോണി കുരുവിള ചുമതലയേറ്റു.
ഐഐഐടിഎംകെയുമായി സഹകരിച്ച് 10 ഏക്കർ സ്ഥലത്താണ് ഈ ബൃഹദ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. സെമികണ്ടക്ടർ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക്സ്, ബഹിരാകാശ സാങ്കേതികവിദ്യ, ക്വാണ്ടം ടെക്നോളജി, ബയോടെക്നോളജി, ആധുനിക ഉത്പാദന മേഖലകൾ തുടങ്ങിയ അത്യാധുനിക സാങ്കേതികവിദ്യകളെ പൊതുജനങ്ങൾക്ക് പരിചയപ്പെടുത്തുന്ന ഒന്നായിരിക്കും ഈ പാർക്ക്.

കേരളത്തിൽ സാങ്കേതികവിദ്യ, നവീകരണം, പഠനം, സംരംഭകത്വം എന്നിവയുടെ പ്രധാന കേന്ദ്രമായി മാറാൻ ശേഷിയുള്ളതാണ് ഈ ദീർഘവീക്ഷണത്തോടെയുള്ള സംരംഭം.
സെമികണ്ടക്ടർ കപ്പാസിറ്റി ബിൽഡിംഗ് ആൻഡ് സയൻസ്-ടെക്നോളജി എക്സ്പീരിയൻസ് പാർക്കിന്റെ ഉദ്ഘാടനച്ചടങ്ങിൽ ഐടി വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലികുട്ടി മുഖ്യാതിഥിയായി പങ്കെടുത്തു.
കേരളത്തിന്റെ വികസന കുതിപ്പിൽ നിർണായക പങ്കുവഹിക്കുന്ന ഈ പദ്ധതിയിൽ സുപ്രധാന പദവി അലങ്കരിക്കുന്ന ജോണി കുരുവിളയ്ക്ക് അമേരിക്ക റീജിയൺ ചെയർമാൻ ജേക്കബ് കുടശനാട്, പ്രസിഡന്റ് ജിനേഷ് തമ്പി എന്നിവർ വിജയാശംസകൾ നേർന്നു.
Tags : JohnnyKuruvilla COO ExtraGClub