അശുതോഷ് ദീക്ഷിത്
ന്യൂഡൽഹി: എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ ഇന്ത്യൻ വ്യോമസേനയുടെ മേധാവിയായി നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ അമർ പ്രീത് സിംഗ് ഒക്ടോബർ 31ന് വിരമിക്കുന്ന ഒഴിവിലേക്കാണ് അശുതോഷ് ദീക്ഷിതിനെ നിയമിച്ചത്.
ഒക്ടോബർ 31ന് ഉച്ചകഴിഞ്ഞ് എയർ ചീഫ് മാർഷൽ പദവിയിൽ അശുതോഷ് ദീക്ഷിത് ചുമതലയേൽക്കും. അശുതോഷ് ദീക്ഷിത് 3,500 മണിക്കൂറിലധികം യുദ്ധവിമാനം പറത്തി പരിചയസമ്പത്തുള്ള പൈലറ്റാണ്. നിലവിൽ വ്യോമസേനയുടെ ഉപമേധാവിയായി സേവനമനുഷ്ഠിച്ചു വരികയാണ് എയർ മാർഷൽ അശുതോഷ് ദീക്ഷിത്.
ഓപറേഷൻ സഫേദ് സാഗർ, ഓപറേഷൻ രക്ഷക് തുടങ്ങിയ സുപ്രധാന സൈനിക നീക്കങ്ങളിൽ അശുതോഷ് ദീക്ഷിത് പങ്കാളിയായിട്ടുണ്ട്. ഇദ്ദേഹം 1986 ഡിസംബർ 6ന് ആണ് വ്യോമസേനയുടെ ഫൈറ്റർ സ്ട്രീമിലേക്ക് കമ്മിഷൻ ചെയ്യപ്പെട്ടത്.
വായുസേനാ മെഡൽ, വിശിഷ്ട സേവാ മെഡൽ, അതിവിശിഷ്ട സേവാ മെഡൽ, പരമ വിശിഷ്ട സേവാ മെഡൽ എന്നീ സൈനിക ബഹുമതികൾ നൽകി രാജ്യം ഇദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.
Tags : AshutoshDixit IndianAirForce NewsUpdate Headlines Deepika